26 April Friday
കേരള ബാങ്ക് നാലാം വർഷത്തിലേക്ക്

ഭദ്രമായ മൂലധന അടിത്തറ സാമ്പത്തികസ്ഥിരത

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കേരള ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട്‌  ചൊവ്വാഴ്ച മൂന്നുവർഷം പൂർത്തിയായി. രാജ്യത്തെ സഹകരണ ബാങ്കിങ്‌ ചരിത്രത്തിൽ പുതിയ അധ്യായം തുറന്നായിരുന്നു 2019 നവംബർ 29ന് കേരള ബാങ്ക് രൂപീകരണം. ആദ്യവർഷം ഉദ്യോഗസ്ഥ നേതൃത്വത്തിൽ ഇടക്കാല ഭരണസമിതിയും തുടർന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ജനാധിപത്യ ഭരണസമിതിയും നടത്തിയ പ്രവർത്തനങ്ങൾ, ബാങ്കിന്റെ നിലവിലെ സ്ഥിതി, ഭാവി പ്രവർത്തന മുൻഗണനകൾ എന്നിവ  അവതരിപ്പിക്കുന്നതിനാണ് ഈ കുറിപ്പ്.

എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായാണ് ഒന്നാം പിണറായി സർക്കാർ കാലയളവിൽ കേരള ബാങ്ക് രൂപീകരണമെന്ന വലിയ ദൗത്യം സാധ്യമായത്.  മലപ്പുറം ജില്ലാ ബാങ്ക് ഒഴികെ 13 ജില്ലാ സഹകരണ ബാങ്കുകൾ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് കേരള ബാങ്കായി. പുതിയ ബാങ്കിന് റിസർവ് ബാങ്ക് ലൈസൻസ് ലഭിക്കുമോ, ബ്രാഞ്ചുകൾക്ക് ലൈസൻസ് അനുവദിക്കുമോ, ബ്രാഞ്ചുകളുടെ എണ്ണത്തിൽ വെട്ടിക്കുറവ് വരുത്തുമോ, സാമ്പത്തിക സ്ഥിരതയും മാനദണ്ഡ പ്രകാരമുള്ള മൂലധന പര്യാപ്‌തതയും ആർജിക്കാൻ കഴിയുമോ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു. ജീവനക്കാരുടെ സംയോജനം , ഏകീകൃത കോർ ബാങ്കിങ് സോഫ്റ്റ്‌വെയർ,  നൽകിയ സേവനങ്ങളത്രയും നൽകാൻ കഴിയുമോ, പ്രാദേശിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുമോ തുടങ്ങി നിരവധി ആശങ്കകളും വന്നു. 

ഈ ആശങ്കകളെ അഭിസംബോധന ചെയ്യുകയും അതോടൊപ്പം കേരള ബാങ്കിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്വമാണ് ഭരണസമിതിക്ക് ഏറ്റെടുക്കേണ്ടി വന്നത്. ഒറ്റക്കെട്ടായി നടത്തിയ പരിശ്രമഫലമായി കേരള ബാങ്കിനും ബാങ്കിന്റെ 769 ബ്രാഞ്ചിനും റിസർവ് ബാങ്ക് പുതിയ ബാങ്കിങ്‌ ലൈസൻസ് അനുവദിച്ചു. ബ്രാഞ്ചുകളുടെ എണ്ണത്തിൽ കുറവും വന്നില്ല. 10 വർഷത്തിനിടയിൽ റിസർവ് ബാങ്ക് നടത്തിയ ഏറ്റവും വലിയ ലൈസൻസിങ് നടപടികളായിരുന്നു കേരള ബാങ്കിന്റേത്‌. കോവിഡ് മഹാമാരി മൂലം നാട്‌ നേരിട്ട കടുത്ത പ്രതിസന്ധികൾക്കിടയിലും ബാങ്കിന് സാമ്പത്തിക സ്ഥിരതയും മികച്ച മൂലധന അടിത്തറയും കൈവരിക്കാനായി.

കേരള ബാങ്ക് രൂപീകരിക്കുമ്പോൾ  അറ്റനഷ്ടം 1151 കോടി രൂപയായിരുന്നു. നിഷ്ക്രിയ ആസ്തി 8834 കോടിയും (23.39%). ആദ്യ സാമ്പത്തിക വർഷത്തിൽ നാലുമാസവും തുടർന്ന് രണ്ട്‌ പൂർണ സാമ്പത്തിക വർഷവും പൂർത്തീകരിച്ചപ്പോൾ നേടിയ സാമ്പത്തിക പുരോഗതിയുടെ പട്ടികയാണ് ഇവിടെ ചേർത്തിട്ടുള്ളത്.

 

മേൽക്കണക്കുകൾ പ്രകാരം ബാങ്കിന്റെ തനതുഫണ്ടിലും നിക്ഷേപത്തിലും വായ്‌പയിലും മൊത്തം ബിസിനസിലും ക്രമാനുഗതമായ വളർച്ചയുണ്ടായി എന്നു കാണാം. 1,10,857 കോടിയുടെ മൊത്തം ബിസിനസ് ബാങ്കിന് നേടാൻ കഴിഞ്ഞു. നബാർഡിൽനിന്നുമുള്ള കാർഷിക പുനർവായ്‌പയാണ് ബാങ്കിന്റെ പ്രധാന കടമെടുപ്പ്.  2022 മാർച്ച് 31 പ്രകാരം 8982 കോടി ഈയിനത്തിലുണ്ട്. കേരള ബാങ്ക് രൂപീകരണത്തിനു മുമ്പ്‌ കേരളത്തിന് ഈയിനത്തിൽ ലഭിക്കുമായിരുന്നത് 3000 കോടിയിൽ താഴെയാണ്. ഇതാണ് രണ്ടുവർഷം കൊണ്ട് മൂന്നുമടങ്ങായത്. കേരളത്തിലെ കർഷകരിലേക്ക് അത്രയും പണം ചുരുങ്ങിയ പലിശയ്‌ക്ക് കൂടുതലായി എത്തിച്ചേർന്നു എന്നതാണ് നേട്ടം.  ബാങ്കിന്റെ നിഷ് ക്രിയ ആസ്തിയിൽ വലിയ കുറവ് വന്നു. രൂപീകരണശേഷമുള്ള മൂന്ന്‌ സാമ്പത്തിക വർഷത്തിലും പ്രവർത്തനലാഭം നേടി.

സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷൻ (NAFSCOB) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളുടെ  മൊത്തം ബിസിനസ് 3.83 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.10 ലക്ഷം കോടി (28.72%) രൂപയുടെ ബിസിനസ്‌ കേരള ബാങ്കിന്റേതാണ്‌. രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കായി മാറുന്നതിന് കേരള ബാങ്കിനു കഴിഞ്ഞു. സഹകരണ ബാങ്കിങ്‌ മേഖലയിൽ നടത്തിയ മികച്ച പ്രവർത്തനത്തിന് ദേശീയ ഫെഡറേഷൻ (NAFSCOB)  ഏർപ്പെടുത്തിയ അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു.
ബാങ്ക് രൂപീകരണശേഷം രണ്ടുതട്ടിലായി നിന്നിരുന്ന ജീവനക്കാരുടെ കേഡറുകൾ ഏകീകരിച്ചു നടപ്പാക്കി.  താമസം കൂടാതെ പുതിയ നിയമനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നത്.  14 ബാങ്കിനെ ഏകീകൃത സോഫ്റ്റ് വെയറിലേക്ക് മാറ്റുന്നതിന്റെയും  ആധുനിക ബാങ്കിങ്‌ സേവനങ്ങൾക്കായുള്ള ഓമ്‌നി ചാനൽ പ്രവർത്തനക്ഷമമാക്കുന്നതിന്റെയും നടപടി അന്തിമഘട്ടത്തിലാണ്.

ചുരുങ്ങിയ കാലത്തിനുള്ളിൽ അനവധിയായ നേട്ടങ്ങളാണ് കേരള ബാങ്കിലൂടെ സംസ്ഥാനത്തുണ്ടായിട്ടുള്ളത്. കാർഷിക മേഖലയിൽ വലിയ ഇടപെടൽതന്നെ ബാങ്ക് നടത്തുകയുണ്ടായി. ബാങ്ക് രൂപീകരണത്തിനു മുമ്പ്‌ നാലുശതമാനം പലിശ നിരക്കിലാണ് കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്‌പ അനുവദിച്ചിരുന്നത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകൾ പ്രകാരം ബാങ്കുകൾ 24.55 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡിലായി അനുവദിച്ചുനൽകിയത് 32,716 കോടിയുടെ കാർഷിക വായ്പയാണ്. ഇതിൽ 25 ശതമാനം കാർഡുകളും 20 ശതമാനത്തോളം തുകയും അനുവദിച്ചത് കേരള ബാങ്കാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ചില പുതിയ നീക്കങ്ങൾ കാർഷിക വായ്പാമേഖലയിൽനിന്ന്‌ സഹകരണ ബാങ്കുകളെ പടിപടിയായി ഒഴിവാക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കാർഷിക അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് നബാർഡ് പിന്തുണയോടെ ഒരു ശതമാനം പലിശ നിരക്കിലാണ് കേരള ബാങ്ക് വായ്‌പ നൽകുന്നത്. കൂടാതെ, നബാർഡ് പിന്തുണയോടെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് പ്രത്യേക വായ്പാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ദുർബലമായ കാർഷികവായ്പാ സംഘങ്ങളുടെ പുനരുദ്ധാരണ പദ്ധതി, മികച്ച കാർഷിക വായ്പാ സംഘങ്ങൾക്ക് അവാർഡ്, സംസ്ഥാനത്തെ മികച്ച കർഷകർക്ക് അവാർഡ് തുടങ്ങിയ പദ്ധതികളും ആരംഭിച്ചു.

അടുത്ത വർഷം  പ്രാധാന്യം നൽകുന്നത് സഞ്ചിതനഷ്ടം പൂർണമായും നികത്തി അറ്റലാഭത്തിൽ എത്തുന്നതിനാണ്. എന്നാൽ, മാത്രമേ ഓഹരി ഉടമകളായ സംഘങ്ങൾക്ക് ഡിവിഡന്റ്‌ നൽകാനാകൂ.  ‘മിഷൻ 100 ഡേയ്‌സ്' പദ്ധതിയിലൂടെ 100 ദിവസം കൊണ്ട് 253 കോടി രൂപയുടെ വായ്പാ കുടിശ്ശിക പിരിച്ചെടുത്തു.  14 ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരണം സാധ്യമാക്കാനാണ് സർക്കാർ വിഭാവനം ചെയ്തത്. ഇതിനുള്ള തത്വത്തിലുള്ള അനുമതിയും റിസർവ് ബാങ്കിൽനിന്നു ലഭിക്കുകയുണ്ടായി. എന്നാൽ, ചില രാഷ്ട്രീയ കാരണങ്ങളാൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വിട്ടുനിന്നു. ഇതുമൂലം  മലപ്പുറം ജില്ലയ്‌ക്കു ലഭിക്കുമായിരുന്ന കർഷകർക്കുള്ള സബ്‌സിഡി വായ്‌പ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണ്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ഈ പ്രശ്നവും  പരിഹരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു.

നിക്ഷിപ്‌ത താൽപ്പര്യങ്ങളാൽ കേരള ബാങ്ക് രൂപീകരണം തടസ്സപ്പെടുത്താൻ തുടക്കം മുതൽ വലിയ ശ്രമങ്ങളാണ് നടന്നത്.  ജില്ലാ ബാങ്കുകൾ ഇല്ലാതായതുമൂലം  സഹകരണ മേഖല വലിയ പ്രയാസം നേരിടുന്നു എന്ന തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. കേരള ബാങ്ക് രൂപീകരിച്ചില്ലായിരുന്നുവെങ്കിൽ ചില ജില്ലാ ബാങ്കുകൾ റിസർവ് ബാങ്ക് ലൈസൻസ് നഷ്ടപ്പെട്ട് തകർച്ച നേരിടുമായിരുന്നു.  കേരളത്തിലെ ജനകീയ ബാങ്കിങ്‌  മേഖല തകരാതെ മുന്നോട്ടുപോകാൻ കേരള ബാങ്ക് രൂപീകരണം ഇടയാക്കി എന്നതാണ് യാഥാർഥ്യം.

(കേരള ബാങ്ക് പ്രസിഡന്റാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top