25 April Thursday

നിയമനിർമാണത്തിലൂന്നിയ മൂന്നാം സമ്മേളനം

കെ രാധാകൃഷ്‌ണൻUpdated: Monday Nov 15, 2021

മനുഷ്യന്റെ ക്ലേശങ്ങൾ ലഘൂകരിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തി സമൂഹത്തിന്റെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിനുവേണ്ടി വിഭാവനം ചെയ്യപ്പെട്ട ജനാധിപത്യപരമായ ഉപകരണങ്ങളാണ് നിയമനിർമാണസഭകൾ. ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ പുരോഗമനപരമായ നിരവധി നിയമനിർമാണങ്ങളിലൂടെ കേരള നിയമസഭ രാജ്യത്തിനാകെ മാതൃകയാണ്. സാമൂഹ്യ – രാഷ്ട്രീയ – സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ നിരവധി നേട്ടം സ്വായത്തമാക്കാൻ ഇത്തരം നിയമനിർമാണങ്ങൾ കേരളത്തെ സഹായിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ നിയമനിർമാണചരിത്രത്തിലെ വികാസ പരിണാമങ്ങൾ വഴിയുണ്ടായ മാറ്റത്തിന്റെ കാറ്റ് ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സാധിതപ്രായമാക്കുന്നതിൽ അർഥപൂർണമായ പങ്കുവഹിച്ചിട്ടുണ്ട്. 1957 മുതൽ നാളിതുവരെ കേരള നിയമസഭ ഭൂപരിഷ്കരണം, തൊഴിലാളിക്ഷേമം, വിദ്യാഭ്യാസം, അധികാരവികേന്ദ്രീകരണം, സാമൂഹ്യക്ഷേമം, പൊതുജനാരോഗ്യം തുടങ്ങിയ വിവിധ മേഖലയിൽ പാസാക്കിയ നിയമങ്ങൾ അക്ഷരാർഥത്തിൽ സംസ്ഥാനത്തിന്റെ നാഴികക്കല്ലുകളാണ്.

ആശയ വ്യക്തതയോടെ, ഉദ്ദേശ്യലക്ഷ്യങ്ങൾ സംബന്ധിച്ച ഉത്തമബോധ്യത്തോടെ കൊണ്ടുവരുന്ന ഓരോ നിയമവും സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന ദീർഘവീക്ഷണം കാര്യക്ഷമവും ക്രിയാത്മകവുമായ ചർച്ചകൾക്ക് കളമൊരുക്കും. ബില്ലുകൾ ഇപ്രകാരം ചർച്ചയ്ക്ക് വിധേയമാക്കി നിയമം പ്രാബല്യത്തിൽ‍ വരുമ്പോൾ സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് മുൻകൂട്ടി കാണുകയും തദനുസരണമായി മാറ്റങ്ങൾ വരുത്തുകയും വേണം. രാഷ്ട്രീയമായ കാഴ്ചപ്പാടിനപ്പുറം ജനതയുടെ ക്ഷേമവും നന്മയും ഉറപ്പുവരുത്തുന്നതാകണം ഓരോ നിയമവും. 15-–-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം മുഖ്യമായും നിയമനിർമാണ കാര്യങ്ങൾക്കുവേണ്ടി മാത്രമായാണ് ചേരാൻ തീരുമാനിച്ചത്. 2021 ഒക്ടോബർ നാലുമുതൽ നവംബർ 11 വരെ നീണ്ടുനിന്ന സഭയുടെ മൂന്നാം സമ്മേളനം നിയമനിർമാണ മേഖലയിൽ കേരള നിയമസഭയ്ക്ക് എക്കാലവുമുള്ള മേൽക്കൈ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതായി മാറി. ജനാധിപത്യത്തിന്റെ സൗന്ദര്യം സംവാദത്തിൽ അധിഷ്ഠിതമാണെന്ന കാര്യം സഭയുടെ മുമ്പാകെ വന്ന ബില്ലുകളുടെ ചർച്ചയിൽ പങ്കെടുത്ത സാമാജികരുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഓർഡിനൻസുകൾക്ക് പകരമായുള്ള 2021-ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബിൽ, 2021-ലെ കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി ബിൽ, സ്വാശ്രയ കോളേജ് അധ്യാപക– അനധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ, മത്സ്യസംഭരണവും ഗുണനിലവാര പരിപാലനവും ബിൽ, കള്ളുവ്യവസായ വികസന ബോർഡ് ബിൽ, പബ്ലിക് ഹെൽത്ത് ബിൽ, മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ, പബ്ലിക് സർവീസ് കമീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതല) ബിൽ, ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ, സർവകലാശാലാ നിയമങ്ങൾ ബിൽ എന്നീ സുപ്രധാന ബില്ലുകളും മറ്റു ഭേദഗതി ബില്ലുകളും ഉൾപ്പെടെ ആകെ 36 ബിൽ ഈ സമ്മേളന കാലയളവിൽ സഭ പരിഗണിച്ചു. അവയിൽ 35 ബിൽ പാസാക്കുകയും 2021-ലെ കേരള പബ്ലിക് ഹെൽത്ത് ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ബില്ലുകളിന്മേലുള്ള ചർച്ചയിൽ 255 പേർ സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ബില്ലിന്റെ പരിധിയിൽനിന്ന് സംസാരിക്കാൻ പരമാവധി ശ്രമിച്ചത് ശുഭോദർക്കമായ കാര്യമാണ്.

കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ചിനുശേഷം സഭാസമ്മേളനങ്ങൾ പൂർണതോതിൽ നടത്തുന്നതിനുള്ള പരിമിതികൾ മൂലം ഓർഡിനൻസുകൾ നിയമമാക്കുന്നതിൽ നേരിട്ട പ്രതിസന്ധികൾ ഏറെക്കുറെ പരിഹരിക്കുന്നതിന് ഇതുവഴി സാധ്യമായി. മൂന്നാം സമ്മേളനത്തിന്റെ സിംഹഭാഗവും നിയമനിർമാണ കാര്യങ്ങൾക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചതുതന്നെ ഈ ഓർഡിനൻസുകൾക്ക് പകരമായി ബില്ലുകൾ കൊണ്ടുവന്ന് സാർഥകമായ ചർച്ചയിലൂടെ പാസാക്കുന്നതിനുവേണ്ടിയാണ്. അവസാന ദിവസം സഭാ നടപടികളിൽ നിന്നും പ്രതിപക്ഷം വിട്ടുനിൽക്കുകയും ചില ബില്ലുകളെ‍ എതിർക്കുകയും ചെയ്തെങ്കിലും പൊതുവെ ബില്ലുകളെല്ലാം സഭ ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. തുടക്കത്തിൽ ഒക്ടോബർ നാലുമുതൽ നവംബർ 12 വരെ ചേരാൻ വേണ്ടി ഷെഡ്യൂൾ ചെയ്തിരുന്ന മൂന്നാം സമ്മേളനം പുനഃക്രമീകരിച്ച് ആകെ 21 ദിവസം ചേർന്ന് നവംബർ 11നു പിരിയുകയായിരുന്നു. ഈ സമ്മേളനത്തിൽ ആകെ 600 നക്ഷത്ര ചിഹ്നമിട്ട ചോദ്യവും 6770 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യവും ഒരു അടിയന്തര ചോദ്യവും 39 ശ്രദ്ധക്ഷണിക്കലും 199 സബ്മിഷനും 19 അടിയന്തരപ്രമേയവും സഭയുടെ മുമ്പാകെ വന്നു. അവയിൽ നക്ഷത്ര ചിഹ്നമിട്ട മുഴുവൻ ചോദ്യത്തിനും നക്ഷത്ര ചിഹ്നമിടാത്ത 6620 ചോദ്യത്തിനും അടിയന്തര ചോദ്യത്തിനും മുഴുവൻ ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകൾക്കും ബന്ധപ്പെട്ട മന്ത്രിമാർ മറുപടി പറഞ്ഞു. അടിയന്തര പ്രമേയങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടികളുടെ അടിസ്ഥാനത്തിൽ അവതരണാനുമതി നിഷേധിക്കപ്പെടുകയും ചെയ്തു.

2021–--22ലെ ബജറ്റിലേക്കുള്ള ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്ന ചർച്ചയും വോട്ടെടുപ്പും തുടർന്ന് 2021-ലെ കേരള ധനവിനിയോഗ (നാലാം- നമ്പർ) ബില്ലും‍ ഈ സമ്മേളനത്തിൽ പാസാക്കി. രണ്ടാം സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്ത കേരള ഡിജിറ്റൽ ശാസ്ത്രസാങ്കേതിക നൂതനവിദ്യാ സർവകലാശാലയുടെ രൂപീകരണവും ഭരണകാര്യങ്ങളും സംബന്ധിച്ച ബില്ലും ഈ സമ്മേളനം പാസാക്കി. 15–--ാം കേരള നിയമസഭയിൽ ആദ്യമായി സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുന്ന ബില്ലായി മാറി 2021ലെ കേരള പബ്ലിക് ഹെൽത്ത് ബിൽ. ഈ സമ്മേളന കാലയളവിൽ അംഗങ്ങളുടെ അഞ്ച്‌ അനൗദ്യോഗിക ബിൽ ചർച്ചയ്ക്കും മൂന്ന്‌ അനൗദ്യോഗിക ബിൽ തുടർ ചർച്ചയ്ക്കുമായി വന്നു. അവയിൽ ചർച്ചയെത്തുടർന്ന് ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ രണ്ട് അനൗദ്യോഗിക ബിൽ സഭയുടെ അനുമതിയോടെ പിൻവലിച്ചു. ബാക്കിയുള്ളവ തുടർ ചർച്ചയ്ക്കായി മാറ്റിവച്ചു.

സമ്മേളനം പാതിവഴി പിന്നിട്ട വേളയിലാണ് മഴക്കെടുതികളും പ്രകൃതിക്ഷോഭവും കേരളത്തെ നടുക്കിയത്. നിരവധി പേർക്ക് ജീവഹാനിയും വീടുകൾക്കും കൃഷിക്കും നാശനഷ്ടവും വിതച്ച ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മരണമടഞ്ഞവർക്ക് ഒക്ടോബർ 20ന് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് സഭ മറ്റു നടപടികളിലേക്ക് കടക്കാതെ ഒക്ടോബർ 21നും 22നും സമ്മേളനം ഒഴിവാക്കി അംഗങ്ങൾക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ വേണ്ടി പിരിഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിൽ നാശം വിതച്ച പേമാരിയും പ്രകൃതിക്ഷോഭവുംമൂലം ബുദ്ധിമുട്ടിയ ജനങ്ങൾക്ക് ആശ്വാസമേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിരവധി നടപടി സ്വീകരിച്ചു. നിരവധി ദുരിതാശ്വാസ ക്യാമ്പ്‌ കുറ്റമറ്റ രീതിയിൽ ആ പ്രദേശങ്ങളിൽ പ്രവർത്തനക്ഷമമാക്കുകയും ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അതിനിർണായകമായി സ്വാധീനിക്കാൻ പോന്ന നോട്ട് നിരോധനമെന്ന തുഗ്ലക്ക് പരിഷ്കാരത്തിന്റെ അഞ്ചാം വാർഷികംകൂടിയായിരുന്നു നവംബർ എട്ട്‌. ജനങ്ങളുടെ താറുമാറായ ജീവിതനിലവാരവും നിരവധി ചെറുകിട സംരംഭവും തകർച്ചയും ഇതിന്റെ പ്രത്യാഘാതങ്ങളായി ഇക്കാലയളവിൽ നമുക്ക് കാണാൻ കഴിഞ്ഞു. ഇതുമൂലം 13 ലക്ഷം കോടി രൂപയുടെ ദേശീയ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. ദരിദ്രരുടെ എണ്ണത്തിൽ എട്ട്‌ കോടിയുടെ വർധന ഇക്കാലയളവിൽ ഇന്ത്യയിലുണ്ടായി.

ആഗോള പട്ടിണിസൂചികയിൽ രാജ്യം 101-–-ാം സ്ഥാനത്തേക്ക് പിറകോട്ടു പോയ ഇക്കാലയളവിൽത്തന്നെയാണ് കേരളം ഭരണമികവിൽ രാജ്യത്ത്‌ വീണ്ടും ഒന്നാമതായിരിക്കുന്നത്. പബ്ലിക്‌ അഫയേഴ്‌സ്‌ സെന്റർ പ്രസിദ്ധീകരിച്ച പൊതുകാര്യ സൂചിക 2021ൽ 18 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതെത്തിയത്‌. കോവിഡിന്റെ രണ്ടാംതരംഗ തീവ്രതയിൽ അയവുവരുന്ന കാലയളവിൽ ചേർന്ന മൂന്നാം സമ്മേളനം, തുടർഭരണത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ വ്യക്തമായ ചുവടുവയ്‌പുകൾ മുന്നോട്ടുവയ്ക്കുന്നതിനു സഹായകമായി. പാസാക്കിയ സുപ്രധാന നിയമനിർമാണങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ പ്രേരകമാകും. വിലക്കയറ്റവും പൊതുമേഖലയുടെ വിറ്റുതുലയ്ക്കലും എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കലുംവഴി കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങളെ നിരന്തരം പരീക്ഷിക്കുമ്പോൾ ചെറുത്തുനിൽപ്പിന്റെ ഒരു കൊച്ചുതുരുത്തായി ഇടതുപക്ഷ ബദൽ നയങ്ങളുടെ വേദിയായി നമ്മുടെ കേരളം നേർക്കുനേർ നിൽക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്താലുള്ള പേമാരിയും പ്രകൃതിക്ഷോഭങ്ങളും അതിജീവിച്ച് ജനാഭിലാഷങ്ങൾക്ക്‌ അനുസരിച്ച് പ്രവർത്തിക്കാനുള്ള ആത്മവിശ്വാസവും ദിശാബോധവും പകരുന്നതിൽ 15–--ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഉൽപ്രേരകമായി മാറുകയെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top