25 April Thursday

നവകേരള നിർമിതിയും കാർഷിക സർവകലാശാലയും

ഡോ. പി കെ സുരേഷ് കുമാർUpdated: Saturday Jul 9, 2022

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടിൽ രൂപീകൃതമായതാണ് കേരള കാർഷിക സർവകലാശാല.  സർവകലാശാലയുടെ സുവർണ ജൂബിലി വർഷമാണ് 2022.  കേരളത്തിന്റെ വികസനമേഖലയിൽ  പ്രത്യേകിച്ച് കൃഷി, മൃഗസംരക്ഷണം, മൽസ്യവികസനം, കാർഷിക എൻജിനിയറിങ്, സഹകരണം എന്നി മേഖലകളിൽ ഒട്ടേറെ സംഭാവന  ഇക്കാലയളവിൽ സ്ഥാപനം നാടിന്‌ നൽകിയിട്ടുണ്ട്.  പഠനഗവേഷണ പ്രവർത്തനങ്ങളോടൊപ്പം വിജ്ഞാനവ്യാപനവും അടിസ്ഥാനലക്ഷ്യമായി അംഗീകരിച്ച സർവകലാശാലയാണ് ഇത്. കേരളത്തിനിണങ്ങുന്ന വിത്തുകളും കൃഷിമുറകളും വികസിപ്പിക്കുന്നതിൽ സർവകലാശാല ചെറുതല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. കർഷകരുടെ ഇടയിൽ വൻ സ്വീകാര്യതയുള്ള ജ്യോതി, ഉമ, മനുരത്ന നെല്ലിനങ്ങളും  പന്നിയൂർ കുരുമുളകും പച്ചക്കറി ഗ്രാഫ്റ്റ് സാങ്കേതികവിദ്യയും എടുത്തുപറയേണ്ടവയാണ്.  

സർവകലാശാലയിൽ നിലനിന്ന ജനാധിപത്യപരമായ പ്രവർത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് അടിസ്ഥാനമായി തീർന്നത്. എന്നാൽ, ആ സ്ഥിതിവിശേഷത്തിന് ഇപ്പോൾ തിരിച്ചടിയേറ്റിട്ടുണ്ട്. സർവകലാശാലാ ഭരണത്തിന് ഫലപ്രദമായി നേതൃത്വം നൽകേണ്ട എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ കൗൺസിൽ എന്നിവ കഴിഞ്ഞ രണ്ടുവർഷമായിട്ടും പൂർണമായി പുനഃസംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ജനറൽ കൗൺസിലിലേക്കുള്ള അധ്യാപകർ, വിദ്യാർഥികൾ, തൊഴിലാളികൾ, ജീവനക്കാർ, നിയമസഭാ സാമാജികർ തുടങ്ങിയ മണ്ഡലങ്ങളിൽനിന്നും തെരഞ്ഞെടുപ്പ് പൂർത്തിയായി. എന്നാൽ, നാമനിർദേശം ചെയ്യപ്പെടേണ്ടതായ വിഭാഗങ്ങളായ കർഷകർ, തോട്ടവിള കർഷകർ, പ്രഗത്ഭ ശാസ്‌ത്രജ്ഞർ എന്നിങ്ങനെ ഉള്ളവരിൽനിന്നുള്ള നാമനിർദേശം  പൂർത്തിയായിട്ടില്ല. ഇതുമൂലം ഭരണനിർവഹണ സഭയായ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.

തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ  ഒരു വർഷമേ ബാക്കിയുള്ളൂ. ഒരേയൊരു ജനാധിപത്യവേദിയായ ജനറൽ കൗൺസിലിലാകട്ടെ, അധ്യക്ഷൻ എന്നനിലയിൽ അംഗങ്ങളുടെ അവകാശങ്ങൾ മാനിക്കുന്നതിനോ സഭയിൽ എടുക്കുന്ന തീരുമാനങ്ങൾ യഥാവിധി നടപ്പാക്കാനോ വിസി തയ്യാറാകുന്നില്ലെന്ന പ്രശ്നം ഇപ്പോഴും സജീവമാണ്. എല്ലാ ജനാധിപത്യ വേദികളെയും ശക്തിപ്പെടുത്തുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാട് ഇവിടെ പ്രാവർത്തികമാകാത്ത സ്ഥിതിയാണ്‌ ഉള്ളത്.


 

സർവകലാശാലാ ഭരണത്തിന്റെ നട്ടെല്ലായ ഉന്നത സ്റ്റാറ്റ്യൂട്ടറി തസ്തികകളിലൊന്നും സ്ഥിരംനിയമനം നടക്കുന്നില്ല. ഇത്തരത്തിൽ പ്രവർത്തനോന്മുഖമായ , തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ സുതാര്യമായ നിയമന പ്രക്രിയയിലൂടെ നിയമിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോ ഇല്ലാത്തതു കാരണം സർവകലാശാലയ്ക്ക് നേരത്തേ ഉണ്ടായിരുന്ന അവസ്ഥയിലേക്കുപോലും എത്തിച്ചേരാനാകുന്നില്ല.

സർവകലാശാലയ്ക്ക് ലഭിക്കുന്ന വികസന ഗ്രാന്റും കുറഞ്ഞുവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 2017–-18ൽ എട്ടു കോടിയായിരുന്നു വികസന ഗ്രാന്റ്. ഇപ്പോഴത് 2.3 കോടി രൂപയായി കുറയുന്ന സാഹചര്യം ഇത്തരം നടപടികളിലൂടെ ഉണ്ടായിരിക്കുകയാണ്. റാങ്കിങ്ങിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തുനിന്ന  സർവകലാശാല ഇപ്പോൾ 28–-ാം സ്ഥാനത്തായി മാറിയത് സർക്കാരിന്റെ പൊതുനയം നടപ്പാക്കുന്നതിൽ സംഭവിച്ച വീഴ്‌ചയാണ്. 23 കോടി രൂപ വരെ ആഭ്യന്തര വരുമാനം ഉണ്ടായിരുന്ന സ്ഥാപനം ഇപ്പോൾ വെറും 13 കോടി രൂപ വരുമാനമുള്ള ഒന്നായി മാറിയിരിക്കുകയാണ്. സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലിന്റെ അഭിപ്രായത്തെപ്പോലും മറികടന്ന് അപ്പീലുകൾ നൽകുന്നരീതിയും വിസി സ്വീകരിച്ചുവരികയാണ്.

സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കേരള സർക്കാർ അശ്രാന്ത പരിശ്രമം നടത്തിവരികയാണ്. നവകേരള നിർമിതിക്കായുള്ള  വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയെന്ന നയം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടും അതിൽനിന്ന്‌ പിന്തിരിഞ്ഞുനിൽക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നത്. കേരളത്തിലെ മറ്റെല്ലാ സർവകലാശാലയും ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണ്. കേരളത്തിലെ മറ്റേതു സർവകലാശാലകളേക്കാളും വിഭവശേഷിയിൽ മുന്നിട്ടുനിൽക്കുന്ന കാർഷിക സർവകലാശാല നവകേരള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർവകലാശാലാ സമൂഹത്തെ ഉൾച്ചേർത്തുകൊണ്ട്  സമഗ്ര കർമപദ്ധതി രൂപീകരിച്ച് മുന്നോട്ടുപോകുന്നതിനു കഴിയണം.

കാർഷികോൽപ്പാദനം, വിപണനം, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, ആധുനിക ശാസ്‌ത്രസങ്കേതങ്ങൾ ഉപയോഗിച്ചുള്ള നൂതന കൃഷിരീതികൾ, കൃഷിയധിഷ്ഠിത തൊഴിൽ മേഖലയുടെ വികാസം എന്നീ മേഖലകളിൽ മികച്ച സംഭാവന നൽകാൻ സർവകലാശാലയ്ക്ക് കഴിയുന്നതാണ്.
സർവകലാശാലയിലെ മാനവശേഷിയും ഭൂവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ സർവകലാശാലയ്ക്ക് കഴിയേണ്ടതുണ്ട്. അതിന് ഉതകുംവിധം ജനാധിപത്യസ്വഭാവം വീണ്ടെടുക്കാനുമാകണം. സർക്കാരിന്റെ ഈ കാഴ്ചപ്പാട് സർവകലാശാല നടപ്പാക്കേണ്ടതുണ്ട്. അതിനായി സർവകലാശാലയിലെ അധ്യാപക, വിദ്യാർഥി, അനധ്യാപക, തൊഴിലാളിസമൂഹം സർവകലാശാലാ സംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയാണ്.

സർവകലാശാല കേരളത്തിന്റെ കാർഷികമേഖലയിൽ വലിയ സംഭാവന ചെയ്യുന്നവിധം വികസിപ്പിക്കുക എന്നതാണ് സർക്കാർ കാഴ്ചപ്പാട്. ജനാധിപത്യപരമായ പ്രവർത്തനങ്ങളും അവിടെ നടക്കേണ്ടതുണ്ട്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി മഞ്ചേശ്വരംമുതൽ ബാലരാമപുരംവരെ സംസ്ഥാനത്തൊട്ടാകെ വാഹനപ്രചാരണ ജാഥ  സംയുക്ത സമരസമിതി നേതൃത്വത്തിൽ നടക്കുകയാണ്‌.   സർവകലാശാലയെ സംരക്ഷിക്കാനും സർക്കാരിന്റെ പൊതുവായ വികസന കാഴ്ചപ്പാടിനൊപ്പം സർവകലാശാലയെ രൂപപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഈ പ്രക്ഷോഭം.

(ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള 
അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി  
ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top