25 April Thursday

ഇച്ഛാശക്തിയുടെ വിജയം

കെ ശ്രീകണ്ഠൻUpdated: Saturday Oct 9, 2021

ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന്‌ കരുതി അരനൂറ്റാണ്ടിലേറെ പരണത്തുവച്ച ഒന്നാണ്‌ ഇപ്പോൾ യാഥാർഥ്യമാകുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌. സുപ്രീംകോടതിവരെ നീണ്ട നിയമവ്യവഹാരവും വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുമൊക്കെ മറികടന്നാണ്‌ കെഎഎസ്‌ ട്രാക്കിലായത്‌. ‘നടപ്പാക്കാൻ കഴിയുന്നതേ പറയൂ. പറയുന്നത്‌ നടപ്പാക്കും’ എന്നത്‌ ഇക്കാര്യത്തിലും അന്വർഥം. ആർക്കും ചരിത്രമെഴുതാം. പക്ഷേ, ചരിത്രം സൃഷ്‌ടിക്കുകയെന്നതാണ്‌ മുഖ്യം. എൽഡിഎഫ്‌ സർക്കാരിന്റെ അത്തരമൊരു ചരിത്രസൃഷ്‌ടിയാണ്‌ കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന കെഎഎസ്‌.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മുന്നോട്ടുവച്ച പ്രകടനപത്രികയിലെ ഏറെ ശ്രദ്ധയാകർഷിച്ച പ്രഖ്യാപനങ്ങളിലൊന്നാണ്‌ കെഎഎസ്‌. നിസ്സംശയം പറയാം. സർക്കാർ അധികാരമേറ്റയുടനെ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ഇക്കാര്യം ആവർത്തിച്ചു. തൊട്ടാൽ പൊള്ളുന്ന ഈ വിഷയം പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നാണ്‌ പലരും കണക്കുകൂട്ടിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർന്ന്‌ കൈക്കൊണ്ട ഓരോ നടപടിയും ഈ ധാരണയെ കാറ്റിൽപ്പറത്തി. സർവീസ്‌ സംഘടനകളുമായി നിരന്തര ചർച്ച. ജീവനക്കാരുടെ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പരിഹരിക്കാൻ മുഖ്യമന്ത്രി സെൻട്രൽ സ്‌റ്റേഡിയത്തിൽ അവരുടെ യോഗം വിളിച്ച്‌ നേരിട്ട്‌ സംസാരിച്ചു. നിയമക്കുരുക്കുകൾ ഒന്നൊന്നായി അഴിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സർക്കാർ വാദമുഖങ്ങൾ നിരത്തി.

കെഎഎസിനെതിരായ ഇരുനൂറിലേറെ കേസിലാണ്‌ സർക്കാർ നിയമയുദ്ധം നേരിട്ടത്‌. സംവരണ വിഷയത്തിൽ മുന്നാക്ക, പിന്നാക്ക സമുദായ ഭേദമില്ലാതെ കേസുകൾ. സർക്കാരിനെ പിന്തിരിപ്പിക്കാൻ കുത്തിത്തിരിപ്പുമായി രാഷ്‌ട്രീയകേന്ദ്രങ്ങളും അണിയറയിൽ ചരടുവലിച്ചു. ഏത്‌ പുതിയ പദ്ധതി പ്രഖ്യാപിച്ചാലും എതിർക്കുകയെന്നത്‌ മുഖമുദ്രയാക്കിയവരെല്ലാം കൈകോർത്തു. ഒരേ ലക്ഷ്യത്തോടെ പല ലോബികളും നടത്തിയ കരുനീക്കങ്ങളെയെല്ലാം അതിജീവിക്കാൻ സർക്കാരിനായി. ഒരുപക്ഷേ, എൽഡിഎഫ്‌ സർക്കാരിന്റെ സ്ഥാനത്ത്‌ മറ്റൊരു സംവിധാനമായിരുന്നെങ്കിൽ കെഎഎസ്‌ എന്നത്‌ വിദൂരതയിൽത്തന്നെ നിൽക്കുമായിരുന്നു. 

ഭരണനിർവഹണത്തിൽ കാതലായ മാറ്റം ലക്ഷ്യമിട്ടാണ്‌ സ്‌റ്റേറ്റ്‌ സിവിൽ സർവീസ്‌ കേഡർ രൂപീകരിക്കണമെന്ന ആശയം ഉടലെടുത്തത്‌. 1997ൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ അധ്യക്ഷനും മുൻമന്ത്രി വി ജെ തങ്കപ്പൻ ഉപാധ്യക്ഷനുമായ ഭരണപരിഷ്‌കാര കമീഷന്റെ പ്രധാന ശുപാർശയാണിത്‌. ഈ നിർദേശം മുന്നോട്ടുവച്ച സമയത്തുതന്നെ എതിർപ്പുയർന്നു. ഇക്കാരണത്താൽത്തന്നെ അന്ന്‌ മറ്റു നടപടികളിലേക്ക്‌ കടന്നില്ല. 2016ൽ എൽഡിഎഫ്‌ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയപ്പോഴും നടക്കാത്ത സ്വപ്‌നം എന്നായിരുന്നു യുഡിഎഫ്‌ പരിഹാസം. കെഎഎസിനെ തടയാൻ തക്കം പാർത്തിരുന്നവരെല്ലാം ഇപ്പോൾ ശരിക്കും അന്ധാളിപ്പിലാണ്‌.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇത്രയേറെ കേസുകൾ നേരിട്ട അപൂർവം അനുഭവങ്ങളേ സർവീസ്‌ രംഗത്ത്‌ കാണാൻ കഴിയൂ. രണ്ട്‌, മൂന്ന്‌ സ്‌ട്രീമുകളിൽ സംവരണം വേണമെന്ന്‌ ഒരുവശത്തും പാടില്ലെന്ന്‌ മറുവശത്തും വാദമുയർന്നു. പക്ഷേ, അതിനെയെല്ലാം സർക്കാർ തികഞ്ഞ ജാഗരൂകമായാണ്‌ കണ്ടത്. സംവരണകാര്യത്തിൽ ഒരു ആശയക്കുഴപ്പത്തിനും ഇടനൽകാതെയുള്ള സർക്കാരിന്റെ വാദമുഖങ്ങൾ ഹൈക്കോടതി സിംഗിൾ ബഞ്ച്‌മുതൽ സുപ്രീംകോടതിവരെ അംഗീകരിച്ചു. കേസു കെട്ടുമായി രംഗത്തിറങ്ങിയവർക്കും പിന്തുണച്ച ലോബികൾക്കും തുടരെ തിരിച്ചടികളാണ്‌ കിട്ടിയത്‌. സുപ്രീംകോടതിയിൽ ഇപ്പോഴും കേസുകൾ തീരാൻ ബാക്കിയാണ്‌.

സർക്കാരിന്റെയും പിഎസ്‌സിയുടെയും അഞ്ചു വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലംകൂടിയാണ്‌ കെഎഎസ്‌ എന്ന സ്വപ്‌ന സാക്ഷാൽക്കാരം. പ്രതിബന്ധം എത്ര ശക്തമാണെങ്കിലും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകാനുള്ള മുഖ്യമന്ത്രിയുടെ പിന്തുണ പിഎസ്‌സിക്കും കരുത്തേകി. 2019ൽ വിജ്ഞാപനം പുറത്തിറങ്ങിയതുമുതൽ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ പിഎസ്‌സി കരുതലോടെയാണ്‌ നടപടികളെടുത്തത്‌.

സർവീസ്‌ രംഗത്തെ നാഴികക്കല്ല്‌ എന്ന നിലയിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കെഎഎസിനെ സമീപിച്ചത്. വെള്ളിയാഴ്‌ച റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌ ആ ഇച്ഛാശക്തിയുടെ വിജയംകൂടിയാണ്‌. കേരളത്തിന്‌ സ്വന്തം സിവിൽ സർവീസ്‌ കേഡർ രൂപീകരിക്കുമെന്ന്‌ പ്രഖ്യാപിക്കുക മാത്രമായിരുന്നില്ല. അനന്തര ഘട്ടങ്ങളിലെല്ലാം സൂക്ഷ്‌മതയോടെ അദ്ദേഹം നേതൃത്വം നൽകി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‌ പിന്നാലെ അഡീഷണൽ ചീഫ്‌ സെക്രട്ടറി തലത്തിൽ കമീഷൻ നിലവിൽ വന്നു. 2017ൽ കെഎഎസ് സർക്കാർ തത്വത്തിൽ അംഗീകരിച്ചു. തസ്‌തികമാറ്റ നിയമനങ്ങൾക്ക്‌ സംവരണം ബാധകമാക്കുക എന്നതായിരുന്നു കീറാമുട്ടിയായത്‌. ചട്ടത്തിൽ ഭേദഗതി വരുത്തി അത്‌ പരിഹരിച്ചതോടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ വഴിയൊരുങ്ങി. കോൾഡ്‌ സ്‌റ്റോറേജിൽ തള്ളിപ്പോകുമായിരുന്ന ഭരണപരിഷ്‌കാര കമീഷന്റെ ശുപാർശയാണ്‌ കാൽനൂറ്റാണ്ടിനുശേഷം യാഥാർഥ്യമാകുന്നത്‌. കേരളത്തിലെ ഭരണനിർവഹണരംഗത്ത്‌ കാതലായ പൊളിച്ചെഴുത്ത്‌ ആസന്നമായെന്ന്‌ നിസ്സംശയം പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top