27 April Saturday

അമ്പതിന്റെ നിറവിൽ കെൽട്രോൺ - 
 വ്യവസായ മന്ത്രി പി രാജീവ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്സ് മേഖലയിൽ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ ആരംഭിച്ച ആദ്യ  പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഗുണമേന്മയുടെ പര്യായമായി രാജ്യം കാണുന്ന നിരവധി ഉപകരണങ്ങൾ നിർമിച്ചുനൽകിയിട്ടുള്ള കെൽട്രോൺ 50–-ാം വയസ്സിലേക്ക് കടക്കുകയാണ്. 1973ൽ കേരളത്തിന്റെ വ്യവസായമേഖലയുടെ പുത്തനുണർവ്‌ ലക്ഷ്യമിട്ടാണ് കെൽട്രോൺ പ്രവർത്തനം ആരംഭിക്കുന്നത്. 1973 ആഗസ്‌ത്‌ 30ന് തിരുവനന്തപുരത്ത്‌ വിജെടി ഹാളിൽ  അറ്റോമിക് എനർജി കമീഷൻ ചെയർമാൻ ഡോ. എച്ച് എൻ സെത്നയാണ് കെൽട്രോണിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനുവേണ്ടി 5000 ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ സെറ്റ് നിർമിച്ചുനൽകുന്നതിനുള്ള കരാർ ഒപ്പിട്ട്‌ ഇലക്ട്രോണിക്സ് മേഖലയിലെ അതികായർക്കൊപ്പമുള്ള മത്സരത്തിന് കെൽട്രോൺ തുടക്കമിട്ടു.

ഇലക്ട്രോണിക് സാങ്കേതികവിദ്യയെ ജനങ്ങൾക്ക് ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് രാജ്യത്തെ പഠിപ്പിച്ചതിൽ കെൽട്രോണിന്റെ പങ്ക് വലുതാണ്. ഓരോ വീട്ടിലും ഒരു കെൽട്രോൺ ബ്രാൻഡ് എന്നതായിരുന്നു ലക്ഷ്യം. ടെലിവിഷൻ, റേഡിയോ, ട്രാൻസിസ്റ്റർ,  ടേപ്‌ റെക്കോർഡർ, ടെലിഫോൺ, കാൽക്കുലേറ്റർ, ക്ലോക്ക്, വാച്ച് തുടങ്ങിയവയിലൂടെ കെൽട്രോൺ യുഗം ആരംഭിക്കുകയായിരുന്നു.1970–- -80 കാലഘട്ടങ്ങളിൽ രാജ്യം അഭിമാനത്തോടെ ഉപയോഗിച്ചിരുന്ന ബ്രാൻഡ്‌ ആയിരുന്നു കെൽട്രോൺ.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിലൂടെയാണ് പ്രശസ്തി നേടിയതെങ്കിലും വ്യാവസായിക ഉൽപ്പന്നമേഖലയിലും കെൽട്രോണിന്റെ അടിത്തറ ശക്തമായിരുന്നു. രാജ്യത്ത് നിർമിച്ചിട്ടുള്ള ഒട്ടനവധി കൺസ്യൂമർ, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ആദ്യമായി പിറന്നത് കെൽട്രോൺ ബ്രാൻഡിൽത്തന്നെയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഇലക്ട്രോണിക്സ് വിപ്ലവം നടത്തുകയായിരുന്നു കെൽട്രോൺ എന്ന് നിസ്സംശയം പറയാം.

1974ൽ കെൽട്രോൺ ഇലക്ട്രോണിക് റിസർച്ച് ഡെവലപ്മെന്റ്‌ സെന്റർ ആരംഭിച്ചു. ആ വർഷംതന്നെ  ബൽജിയം ആസ്ഥാനമായി സ്പ്രേഗ് ഇലക്ട്രോമാഗ് എന്ന കമ്പനിയുമായി സഹകരിച്ച് അലൂമിനിയം ഇലക്ട്രോണിക് കപ്പാസിറ്റർ കേരളത്തിൽ നിർമിച്ചു. ഇതിനായി കണ്ണൂരിൽ സ്ഥാപിച്ച കെൽട്രോൺ കംപോണന്റ്‌ കോംപ്ലക്സ് ലിമിറ്റഡ് ഇന്നും ഇലക്ട്രോണിക് കംപോണന്റ്‌സ് മേഖലയിലെ പ്രമുഖ സ്ഥാപനമാണ്.

കെൽട്രോണിന്റെ പ്രധാന ഫാക്ടറികളിൽ ഒന്നായ തിരുവനന്തപുരത്തെ കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ്‌ കോംപ്ലക്സ് 1977 ലാണ് ആരംഭിക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഭ്യന്തരമായി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള നാഴികക്കല്ലായിരുന്നു ഈ യൂണിറ്റ്‌. ബോംബെ എയർപോർട്ടിൽ സിസിടിവി സ്ഥാപിച്ച് ആ വർഷംതന്നെ  ശ്രദ്ധാകേന്ദ്രമായി. തുടർന്ന് 1979 ൽ മദ്രാസ്, കൽക്കത്ത വിമാനത്താവളങ്ങളിലും സിസിടിവി സ്ഥാപിച്ചു. കരകുളം യൂണിറ്റിൽനിന്ന്‌  സ്വന്തം ബ്രാൻഡിൽ ടിവി ഉൽപ്പാദനം ആരംഭിച്ചതും 1979 ലാണ്. 1982ൽ ആലപ്പുഴയിലെ അരൂരിൽ കെൽട്രോൺ കൺട്രോൾസ് എന്ന യൂണിറ്റ് സ്ഥാപിച്ച് ഫ്രാൻസിലുള്ള കൺട്രോൾ ബെയിലി സ്ഥാപനവുമായി സഹകരിച്ച് കൺട്രോൾ ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ കടന്നു.

വ്യവസായശാലകൾ ഒന്നും ഇല്ലാതിരുന്ന വയനാട്ടിൽ ഇലക്ട്രോണിക് വാച്ച് നിർമാണപദ്ധതി 1982ൽ നടപ്പാക്കി. വനിതകൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതിനായി വനിതാ സഹകരണ സംഘങ്ങൾക്ക് കെൽട്രോൺ നേതൃത്വം നൽകി. ഇത്തരം സംഘങ്ങൾക്ക് കീഴിൽ റേഡിയോ, കാൽക്കുലേറ്റർ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിച്ചു.കെൽട്രോണിന്റെ വികസനത്തിന് കുതിപ്പേകുന്ന പ്രധാന പദ്ധതിയായ പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ നിർമാണം 1983ൽ തിരുവനന്തപുരത്ത് കുളത്തൂരിലാണ് ആരംഭിക്കുന്നത്. അതുപോലെ പവർ ഇലക്ട്രോണിക്സ് മേഖലയിൽ യുപിഎസ് സിസ്റ്റത്തിന്റെ നിർമാണം 1984ൽ തുടങ്ങി. അതേവർഷംതന്നെ ടെലികമ്യൂണിക്കേഷൻ എക്യുപ്മെന്റുകളുടെ നിർമാണത്തിനായി ടാറ്റ ഇൻഡസ്ട്രീസുമായി സഹകരണം ഉറപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിലും ഇലക്ട്രോണിക്സ് വികസന സ്ഥാപനങ്ങൾ ആരംഭിച്ചെങ്കിലും 1990കളിൽ  വിപണിനയങ്ങളിൽ വന്ന മാറ്റം അവയെ പ്രതികൂലമായി ബാധിക്കുകയും പ്രവർത്തനം അവസാനിപ്പിക്കേണ്ടതായും വന്നു.

1990കളിൽ കെൽട്രോണിന്റെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. എന്നാൽ, സർക്കാരിന്റെ കൈത്താങ്ങും ഇലക്ട്രോണിക്സ് എൻജിനിയറിങ് മേഖലയിലെ കെൽട്രോണിന്റെ പ്രവൃത്തിപരിചയവും പുതിയ മേഖലകളിലേക്ക് വിപുലീകരിക്കാൻ സഹായകമായി.  പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയാണ് കെൽട്രോണിന്റെ മുഖ്യമായ കരുത്ത്. നാവികസേനയ്ക്കുവേണ്ടി ഒട്ടനവധി ഉൽപ്പന്നങ്ങൾ കെൽട്രോൺ വർഷങ്ങളായി നിർമിക്കുന്നുണ്ട്. സി- ഡാക്കിന്റെയും എൻപിഒഎല്ലിന്റെയും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ  തദ്ദേശീയമായി നിർമിച്ച്‌ നാവികസേനയ്‌ക്ക് നൽകുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി അടുത്തിടെ വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ ഉൾപ്പെടെ കെൽട്രോൺ വിവിധ  ഉപകരണങ്ങൾ നൽകിയിട്ടുണ്ട്.  ഐഎസ്ആർഒ, വിഎസ്എസ്‌സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച്  ഉപകരണങ്ങൾ നിർമിക്കുന്നു.

ഇന്ത്യയിൽ വളരെയേറെ സാധ്യതയുള്ള റോഡ് സുരക്ഷാമേഖലയിൽ ഒട്ടേറെ പദ്ധതികൾ കെൽട്രോൺ നിർവഹിച്ചുവരികയാണ്.  ട്രാഫിക് സംവിധാനം,  സർവൈലൻസ് കാമറകൾ, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീഡ് ഡിറ്റക്‌ഷൻ, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ കാമറകൾ തുടങ്ങിയ റോഡ് സുരക്ഷയ്ക്കുള്ള എൻഫോഴ്സ്മെന്റ് സംവിധാനം എന്നിവ കെൽട്രോൺ നൽകുന്നുണ്ട്.  വൻനഗരങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ കെൽട്രോൺ സ്ഥാപിക്കുന്നുണ്ട്.


 

ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് തുടക്കകാലംമുതലേ കെൽട്രോൺ ഒഴിച്ചുകൂടാനാകാത്തതാണ്. കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ  വിവിധ സർക്കാർ വകുപ്പുകൾക്കും സ്‌കൂളുകൾക്കും നൽകിവരുന്നു. കോവിഡ് കാലത്ത് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ വീഡിയോ കോൺഫറൻസിങ്‌ സിസ്റ്റം, ഡാറ്റ സെന്ററുകൾ, ക്ലൗഡ് ഡാറ്റ സെർവറുകൾ തുടങ്ങിയ ഐടി ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ, വിവിധതരം സോഫ്റ്റ്‌വെയർ സൊലൂഷനുകൾ തുടങ്ങിയവ  നൽകുന്നു.  ജനുവരി 19ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന ആമസോൺ വെബ്സർവീസ് ഔട്ട് പോസ്റ്റ് എന്ന ക്ലൗഡ് സെർവർ സേവനം പൊതുമേഖലാ കമ്പനിയെന്നനിലയിൽ കേരളത്തിൽ കെൽട്രോൺ മാത്രമേ നൽകുന്നുള്ളൂ. അതുപോലെതന്നെ സൈബർ സെക്യൂരിറ്റി പരിശോധിച്ച്‌ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സർട്ട് ഇൻ അംഗീകാരവും കെൽട്രോൺ നേടിയിട്ടുണ്ട്. അതോടൊപ്പം കുറഞ്ഞ ചെലവിൽ നൈപുണ്യവികസന കോഴ്സുകൾ 2010 മുതൽ  നൽകിവരുന്നുണ്ട്.

കക്രപുർ, കൈഗ, താരാപ്പുർ, കൂടംകുളം തുടങ്ങിയ വിവിധ ന്യൂക്ലിയർ പവർ സ്റ്റേഷനുകളിൽ കെൽട്രോണിന്റെ ഇൻഡസ്ട്രിയൽ ഗ്രേഡ് യുപിഎസ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്.  കേരളത്തിലെ വിവിധ ഡാം സൈറ്റുകളിലും മറ്റു സ്ഥാപനങ്ങളിലും കെൽട്രോൺ ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ് ടൈപ് സോളാർ പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ട്. സോളാർ പമ്പ് കൺട്രോളറുകൾ കെൽട്രോൺ വികസിപ്പിച്ചിട്ടുണ്ട്.

വ്യാവസായിക ഇലക്ട്രോണിക്സ് രംഗത്ത് ശക്തമായി മുന്നോട്ടുപോകുന്നതിനോടൊപ്പം പൊതുജനങ്ങൾക്ക് നേരിട്ട് ഉപകാരപ്പെടുന്ന ഉൽപ്പന്നങ്ങൾ കുറഞ്ഞനിരക്കിൽ വിപണിയിൽ എത്തിക്കാൻ കെൽട്രോൺ പ്രതിജ്ഞാബദ്ധമാണ്. ഹിയറിങ് എയ്ഡ് വിപണിയിൽ മൾട്ടിനാഷണൽ കമ്പനികളോട്  കിടപിടിക്കുന്ന രീതിയിൽ ഗുണമേന്മയുള്ള ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡ് - ശ്രവൺ, സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ  പുറത്തിറക്കുന്നുണ്ട്. രാജ്യത്തെ കപ്പാസിറ്റർ വിപണിയിൽ ഇന്നും മുൻപന്തിയിലാണ് കണ്ണൂർ കെൽട്രോൺ കംപോണന്റ്‌ കോംപ്ലക്സ് നിർമിക്കുന്ന കപ്പാസിറ്ററുകൾ.  ഇന്നും ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏറ്റവും വലിയ ഇലക്രോണിക്സ് സ്ഥാപനമാണ് കെൽട്രോൺ.
എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമായ ഇലക്ട്രോണിക് ഇക്കോ സിസ്റ്റം കേരളത്തിൽ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. അതോടൊപ്പം  യൂണിറ്റുകളിലെ നിർമാണ സംവിധാനങ്ങളും യന്ത്ര ഉപകരണങ്ങളും ആധുനികവൽക്കരിക്കാനും നവീകരിക്കാനും സർക്കാർ സഹായത്തോടെ പദ്ധതിനടന്നുവരികയാണ്. കേരളത്തിൽ സെമികണ്ടക്ടർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പഠനങ്ങൾ നടക്കുകയാണ്. 2024ൽ 1000 കോടി വിറ്റുവരവ്  ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top