24 April Wednesday

കസാഖ് സംഘർഷത്തിന്റെ മാനങ്ങൾ

വി ബി പരമേശ്വരൻUpdated: Saturday Jan 15, 2022

videograbbed image



മധ്യേഷ്യയിലെ ഏറ്റവും വലിയ രാജ്യമായ കസാഖിസ്ഥാനിൽ പുതുവർഷം പിറന്നതും ജനരോഷം ഇരമ്പിമറിഞ്ഞു. ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എൽപിജി) വില ഇരട്ടിയിലധികം വർധിപ്പിച്ചതാണ്‌ ഇതിന്‌ കാരണം. പശ്‌ചിമ കസാഖ്സ്ഥാനിലെ സാനോസനിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയെയാണ്‌ പ്രധാനമായും പിടിച്ചുലച്ചത്‌. ഇതിനകം 167 പേർ മരിച്ചു. ഇതിൽ 103 പേരും അൽമാട്ടിയിലാണ്‌ മരിച്ചത്‌. 2300 പേർക്ക്‌ പരിക്കേറ്റു. ആറായിരത്തിലധികം പേർ അറസ്‌റ്റിലായിട്ടുണ്ട്‌. പ്രസിഡന്റ്‌ കാസിം ജൊമാർട്ട്‌ ടൊക്കയേവ്‌ രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സോവിയറ്റ്‌ യൂണിയൻ തകർന്നശേഷം 1991ലാണ്‌ കസാഖ്സ്ഥാൻ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാകുന്നത്‌. അന്നു മുതൽ 2019വരെയും രാജ്യം ഭരിച്ചത്‌ നൂർസുൽത്താൻ നസർബയേവ്‌ ആണ്‌. റഷ്യയുമായും പാശ്ചാത്യശക്തികളുമായും സമദൂര സിദ്ധാന്തം പ്രഖ്യാപിച്ച നസർബയേവ്‌ നവ ഉദാരവൽക്കരണനയം നടപ്പാക്കാൻ അത്യുൽസാഹംതന്നെ കാട്ടി. ഇക്കാരണത്താൽ അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ ലോകം നൂർസുൽത്താനെ പിന്തുണയ്‌ക്കുകയും ചെയ്‌തു.

ഊ‍ര്‍ജസമ്പന്നമാണ്‌ കസാഖ്സ്ഥാൻ. മധ്യേഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാഷ്ട്രമാണിത്‌. ദിനംപ്രതി 17 ലക്ഷം വീപ്പ എണ്ണയാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. ഒപെക്‌ പ്ലസിൽ അംഗമാണ്‌. 30 ബില്യൺ ബാരൽ എണ്ണയുടെ 12 ശേഖരം കണ്ടെത്തിയിട്ടുമുണ്ട്‌. അതോടൊപ്പം ലോകത്തിലെ നാൽപ്പത്‌ ശതമാനം യുറേനിയം ശേഖരവും കസാഖ്ലാണുള്ളത്‌. കൽക്കരിയുടെ വലിയ ശേഖരവുമുണ്ട്‌. ഏറ്റവും കൂടുതൽ വിദേശനിക്ഷേപം പെട്രോളിയം മേഖലയിലാണുള്ളത്‌. അമേരിക്കയിലെ ചെവ്‌റോൺ, എക്സൺ മോബിൽ, ഫ്രാൻസിലെ  ടോട്ടൽ, യുകെ–-ഡച്ച്‌ ഷെൽ തുടങ്ങിയ കമ്പനികളാണ്‌ ഈ മേഖലയിൽ വൻ നിക്ഷേപം നടത്തിയിട്ടുള്ളത്‌. അതുകൊണ്ടുതന്നെ, കസാഖ്സ്ഥാനിലെ റഷ്യൻ സ്വാധീനം ഇവരൊന്നും ആഗ്രഹിക്കുന്നില്ല. ഉക്രയ്‌നും ജോർജിയയുംപോലെ കസാഖ്സ്ഥാനെയും നാറ്റോയിൽ അംഗമാക്കാനാണ്‌ അമേരിക്കയുടെ ശ്രമം. 1994 മുതൽ നാറ്റോയുടെ പാർട്‌ണർഷിപ് ഫോർ പീസിൽ അംഗമാണ്‌ കസാഖ്സ്ഥാൻ. പൂർണ അംഗത്വത്തിലേക്ക്‌ ഊർജസമ്പന്നമായ കസാഖിസ്ഥാനെയും നയിക്കുകയെന്നത്‌ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ആവശ്യമായിരുന്നു. എന്നാൽ, അവർക്ക്‌ പൂർണമായും വഴങ്ങാത്ത നേതൃത്വമാണ്‌ ഇപ്പോൾ കസാഖിലേത്‌.

കസാഖ്സ്ഥാൻ ഭരണാധികാരികൾ സ്വീകരിച്ച നവ ഉദാരവൽക്കരണ നയത്തിന്റെ ഭാഗമായാണ്‌ വിലനിയന്ത്രണം എടുത്തുകളഞ്ഞതും എൽപിജി വില കുത്തനെ ഉയർന്നതും. ഇതിനെതിരെ ജനകീയരോഷം സ്വാഭാവികവുമാണ്‌. എന്നാൽ, ഈ ജനകീയ പ്രതിഷേധത്തെ ഉക്രയ്‌നിലേതുപോലെ(2014ൽ)ഒരു അട്ടിമറിയിലേക്ക്‌ (വർണ വിപ്ലവത്തിലേക്ക്‌) നയിക്കാൻ ചില ശക്തികൾ ശ്രമിച്ചുവോ എന്ന സംശയമാണ്‌ ഇപ്പോൾ ഉയരുന്നത്‌. കസാഖ്‌ പ്രസിഡന്റ്‌ തുടക്കംമുതൽ പറയുന്ന കാര്യം വിദേശ പരിശീലനം ലഭിച്ച ഭീകരരാണ്‌ അട്ടിമറിക്ക്‌ ശ്രമിച്ചത്‌ എന്നാണ്‌. ഇത്‌ തടയാനാണ്‌ പ്രാദേശിക കൂട്ടുകെട്ടായ കലക്ടീവ്‌ സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ (സിഎസ്‌ടിഒ) സേനയെ കസാഖിസ്ഥാൻ ക്ഷണിച്ചത്‌. ഈ സംഘടനയുടെ തീരുമാനപ്രകാരമാണ്‌ റഷ്യയിൽനിന്ന്‌ 2500 അംഗ സൈന്യം കസാഖ്സ്ഥാനിലെത്തിയത്‌. ഇതോടെതന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കസാഖ്‌ ഭരണകൂടത്തിനായി. റഷ്യൻ സേനയെ വിളിച്ചത്‌ അമേരിക്കയെ പ്രകോപിപ്പിച്ചു. അമേരിക്കൻ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌ ആന്റണി ബ്ലിങ്കൻ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. ആഭ്യന്തരപ്രതിഷേധത്തെ നേരിടാൻ റഷ്യൻ നേതൃത്വത്തിലുള്ള സേനയെ വിളിക്കുന്നത്‌ എന്തിനായിരുന്നുവെന്ന്‌ അദ്ദേഹം ചോദിച്ചു. റഷ്യ വീട്ടിൽ കയറിയാൽ പുറത്താക്കുക വിഷമമായിരിക്കുമെന്നും ബ്ലിങ്കൻ ഓർമിപ്പിച്ചു. ‘എന്നാൽ, അമേരിക്കക്കാർ വീട്ടിൽ കയറിയാൽ ജീവൻ നിലനിർത്തുക വിഷമമായിരിക്കുമെന്ന്‌’കൊറിയക്കാരുടെയും വിയത്‌നാംകാരുടെയും ഇറാഖികളുടെയും പനാമക്കാരുടെയും മറ്റും അനുഭവം സൂചിപ്പിച്ചുകൊണ്ട്‌ റഷ്യൻ വിദേശമന്ത്രാലയം തിരിച്ചടിച്ചു.

എന്നാൽ, പ്രതിഷേധത്തിൽ ജിഹാദികൾ നുഴഞ്ഞുകയറിയതായി അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോളി അന്റോനോവ്‌ വെളിപ്പെടുത്തി. മനുഷ്യവിരോധത്തിൽ അധിഷ്‌ഠിതമായ പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കുന്ന ഭീകരവാദികളാണിവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിദേശ തോക്കുധാരികളാണ്‌, പ്രത്യേകിച്ചും മധ്യേഷ്യയിൽ നിന്നുള്ളവരാണ്‌ കസാഖ്സ്ഥാനെതിരെയുള്ള ഈ ആക്രമണം സംഘടിപ്പിച്ചത്‌. മധ്യപൗരസ്‌ത്യ ദേശത്തുനിന്നും അഫ്‌ഗാനിസ്ഥാനിൽനിന്നുള്ളവരും ഇതിലുണ്ട്‌’ എന്നും അന്റോനോവ്‌ വെളിപ്പെടുത്തുകയുണ്ടായി. കസാഖ്സ്ഥാൻ അറസ്‌റ്റ്‌ ചെയ്‌തവരിൽ ഇത്തരം വിദേശികളും ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്‌. സിറിയയിൽനിന്ന്‌ കിർഗിസ്ഥാൻ വഴിയാണ്‌ ഈ ഭീകരവാദികൾ കസാഖ്ലെത്തിയതത്രെ. ഈ റിപ്പോർട്ടിനെത്തുടർന്ന്‌ കിർഗിസ്ഥാനുമായുള്ള ഏഴ്‌ അതിർത്തി പോസ്‌റ്റിൽ അഞ്ചും കസാഖ്സ്ഥാൻ അടച്ചിട്ടു. തുർക്കിയിൽനിന്നുള്ള മതഭീകരവാദികളും ഇക്കുട്ടത്തിൽ ഉണ്ടെന്ന ചില യൂറോപ്യൻ സെക്യൂരിറ്റി ഏജൻസികളും റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. പാർലമെന്റ്‌ അംഗങ്ങളോട്‌ സംസാരിക്കവെ ടൊക്കയേവ്‌ പറഞ്ഞത്‌ ഭരണവിഭാഗത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്ന പാശ്ചാത്യ ആഭിമുഖ്യമുള്ളവരും ചില സെക്യൂരിറ്റി ഉദ്യോഗസ്ഥരും അമേരിക്കയും ചേർന്നാണ്‌ അട്ടിമറിക്ക്‌ ശ്രമിച്ചത്‌ എന്നാണ്‌. മുൻ ഇന്റലിജൻസ്‌ ചീഫ്‌ കരിം മാസിമോവിനെ അറസ്‌റ്റ്‌ ചെയ്യാനും നാഷണൽ സെക്യൂരിറ്റി തലവൻ സ്ഥാനത്തുനിന്ന്‌ മുൻ പ്രസിഡന്റ്‌ നൂർസുൽത്താനെ നീക്കി ആ സ്ഥാനം ഏറ്റെടുക്കാനും ടൊക്കയേവ്‌ തയ്യാറാകുകയും ചെയ്‌തു. ഏതായാലും വിദേശ ജിഹാദികളാണ്‌ ജനകീയ പ്രതിഷേധം മറയാക്കി അട്ടിമറിക്ക്‌ ശ്രമിച്ചതെന്ന ടൊക്കയേവിന്റെയും റഷ്യയുടെയും നിരീക്ഷണത്തെ ചൈനയും അർമീനിയയും സെർബിയയും ബെലാറൂസും അംഗീകരിച്ചിരിക്കുകയാണ്‌.

ചൈനയെയും റഷ്യയെയും ഒറ്റപ്പെടുത്തുകയെന്ന അമേരിക്കൻ നയത്തിന്‌ കനത്ത തിരിച്ചടിയാണ്‌ ലഭിച്ചിരിക്കുന്നത്‌. ഉക്രയ്‌നും ജോർജിയക്കും നാറ്റോ അംഗത്വം നൽകി പതുക്കെ കസാഖ്സ്ഥാനെയും അംഗമാക്കാനുള്ള അമേരിക്കൻ പദ്ധതിക്കാണ്‌ തിരിച്ചടിയേറ്റത്‌. ഉക്രയ്‌ൻ വിഷയത്തിൽ അമേരിക്കയുമായി ഇടഞ്ഞുനിൽക്കുന്ന റഷ്യക്ക്‌ കസാഖ്ലേക്ക്‌ കടക്കാൻ അവസരം ലഭിച്ചതിലൂടെ മേഖലയിലെ പ്രധാനശക്തി തങ്ങൾതന്നെയാണെന്ന വിളംബരമാണ്‌ റഷ്യ നടത്തിയത്‌. കഴിഞ്ഞ വർഷം ബെലാറൂസിലെ പ്രസിഡന്റ്‌ അലക്‌സാണ്ടർ ലുകാഷെങ്കോയ്‌ക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തെ തണുപ്പിക്കുന്നതിലും റഷ്യക്ക്‌ നല്ല പങ്കുണ്ടായിരുന്നു. കസാഖ്സ്ഥാൻ ഇതുവരെ കൈക്കൊണ്ട നടപടികളെ ചൈന സ്വാഗതം ചെയ്‌തുവെന്ന്‌ മാത്രമല്ല, ഫലപ്രദമായ നടപടിയിലൂടെ സ്ഥിതിഗതികൾ പെട്ടെന്ന്‌ ശാന്തമാക്കിയ കസാഖ്‌ പ്രസിഡന്റിനെ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻ പിങ് അഭിനന്ദിക്കുകയും ചെയ്‌തു. കസാഖുമായി അതിർത്തിതീർക്കുന്ന ചൈനയുടെ സിൻജിയാങ് പ്രവിശ്യയിലേക്ക്‌ ജിഹാദികൾ എത്താനുള്ള സാധ്യത ചൈന മുൻകൂട്ടി കാണുന്നതിനാലാണിത്‌. കസാഖ്‌ അശാന്തമായാൽ അത്‌ ചൈനയ്‌ക്കും പ്രശ്‌നമാകും.

സിൻജിയാങ്ങിനെ അസ്ഥിരീകരിക്കുകയെന്നത്‌ അമേരിക്കയുടെ ലക്ഷ്യവുമാണ്‌. ഇതിനായി പാശ്‌ചാത്യലോകം തുർക്കിയെയും ഉപയോഗിക്കുന്നുവെന്നതാണ്‌ ഏറ്റവും അവസാനത്തെ വാർത്ത. യുറേഷ്യൻ ഭൗമരാഷ്‌ട്രീയത്തിൽ റഷ്യക്കും ചൈനയ്‌ക്കുമുള്ള അപ്രമാദിത്വം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ്‌ കസാഖ്സ്ഥാനിലെ സംഭവവികാസങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top