26 April Friday
ഇന്ന് കയ്യൂർ ദിനം

കയ്യൂരിന്റെ ചിരസ്‌മരണ - പി കരുണാകരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

തൂക്കുകയർ വരിഞ്ഞുമുറുകി കണ്‌ഠനാളം ഇടറുമ്പോഴും ജന്മി–- നാടുവാഴിത്തത്തെയും സാമ്രാജ്യത്വത്തെയും വിറപ്പിച്ച്‌ ഇൻക്വിലാബ്‌ വിളിച്ച രണധീരർ. സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ... കയ്യൂർ സഖാക്കൾ... 1943 മാർച്ച് 29ന്റെ പുലരിയെ ഹൃദയരക്തംകൊണ്ട്‌ ചുവപ്പിച്ച്‌ ചരിത്രമായ അനശ്വരന്മാർ. കയ്യൂർ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് 80 വർഷം തികയുന്നു.

അടിമത്തനുകത്തിൽനിന്ന്‌ സഹജീവികളെ മോചിപ്പിച്ച്‌ അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്ന ലോകമായിരുന്നു കയ്യൂർ സഖാക്കളുടെ സ്വപ്‌നം. അതിനുവേണ്ടിയാണ്‌ അവർ പ്രവർത്തിച്ചത്‌. ജന്മിമാരുടെയും നാടുവാഴികളുടെയും അവസാനം കുറിക്കാനുള്ള ആ യാത്രയിലേക്കുള്ള പാതിവഴിയിലാണ്‌ മഹത്തായ ഉദ്യമം പിന്മുറക്കാരെ ഏൽപ്പിച്ച്‌ പ്രിയസഖാക്കൾ രക്തസാക്ഷികളായത്‌. ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌–- കർഷകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഏടാണ്‌ കയ്യൂർ. പോർമുഖങ്ങളെ ത്രസിപ്പിക്കുന്ന, സമരപഥങ്ങളെ ചുവപ്പണിയിക്കുന്ന ചിരസ്‌മരണ.  

1934 മുതൽ കർഷകപ്രസ്ഥാനം ജന്മിത്തത്തിനെതിരെ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങി. മറ്റു സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ്‌തികളെയും ചോദ്യംചെയ്‌തു. ഒരുദിവസം ഹോസ്ദുർഗ് റവന്യൂ ഇൻസ്‌പെക്ടർ കയ്യൂരിൽ വന്നപ്പോൾ വളന്റിയർ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരിൽക്കണ്ട് വഴിമാറി പോകേണ്ടിവന്നു. കയ്യൂരിൽ കൃഷിക്കാർ സംഘടിക്കുന്നുവെന്ന് അവർ മേലധികാരികൾക്ക് റിപ്പോർട്ട്‌ ചെയ്‌തു. ഈ അവസരത്തിൽത്തന്നെയാണ് കർഷകസംഘം യോഗം ചേർന്ന് നീലേശ്വരം രാജാവിന് നിവേദനം നൽകാൻ തീരുമാനിച്ചത്. 1941 മാർച്ച് 30ന്   ജാഥയായി പോയി നിവേദനം നൽകാനായിരുന്നു തീരുമാനം. ജന്മിയും പൊലീസുകാരും ചേർന്ന് ജാഥ പൊളിക്കാൻ പദ്ധതി തയ്യാറാക്കി.

മാർച്ച് 26ന് രാവിലെ പൊലീസുകാർ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചർച്ച നടത്തി. ഇവരുടെ നീക്കം മനസ്സിലാക്കാൻ പ്രാദേശിക കമ്മിറ്റി (സെൽ) ജാഗ്രതയോടെ പ്രവർത്തിച്ചു. അന്ന്‌ രാത്രി ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ നിക്കോളാസും സംഘവും കയ്യൂരിലെത്തി കൊടിയ അതിക്രമങ്ങൾ നടത്തി. ടി വി കുഞ്ഞിരാമൻ, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റ് ചെയ്‌തു. മർദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടന്നു. തലേദിവസത്തെ മർദനത്തിൽ പ്രധാനിയായ സുബ്ബരായൻ എന്ന പൊലീസുകാരൻ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നു. മൂക്കറ്റം മദ്യപിച്ച സുബ്ബരായൻ ജാഥ നീങ്ങവെ പ്രകോപനം സൃഷ്ടിച്ചു. പ്രകടനത്തിൽ പങ്കെടുത്ത സഖാക്കളുടെ വികാരം ആളിക്കത്തി. സംഘാടകർ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടർന്ന്, സുബ്ബരായൻ ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാൻ നിർബന്ധിതനായി. കുറെ നടന്നപ്പോൾ കൊടിയുടെ വടി പൊട്ടിച്ച് ജാഥയ്‌ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എതിർഭാഗത്ത് ക്ലായിക്കോട്ടുനിന്ന് പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകൾ പിന്തുടരുകയാണെന്ന ധാരണയിൽ സുബ്ബരായൻ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാൾ മുങ്ങിമരിച്ചു. ഈ സംഭവത്തെതുടർന്ന് കയ്യൂരിലും പരിസരപ്രദേശത്തും ഭീകരമായ പൊലീസ് വേട്ടയാണ് അരങ്ങേറിയത്. ഇ കെ നായനാർ, വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്‌തു. മംഗലാപുരം സെഷൻസ് കോടതിയിൽ കേസ് ഒരു വർഷത്തിലേറെ നടന്നു. തെളിവുകൾ ഭരണാധികാരികൾക്കെതിരായിരുന്നു. എന്നാൽ, വിധി അപ്രതീക്ഷിതവും.


 

അഞ്ചു സഖാക്കൾക്ക് വധശിക്ഷ വിധിച്ചു. ചൂരിക്കാടൻ കൃഷ്ണൻനായർ മൈനറായതിനാൽ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. സഖാക്കളുടെ ജീവൻ രക്ഷിക്കാൻ ഇംഗ്ലണ്ടിൽ പ്രിവി കൗൺസിൽമുമ്പാകെ അപ്പീൽ സമർപ്പിച്ചു. എന്നാൽ, തീരുമാനം മാറ്റാൻ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാർച്ച് 29ന് പുലർച്ചെ അഞ്ചിന് കയ്യൂർ സഖാക്കളെ തൂക്കിലേറ്റി. അവർ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്‌ അവർ കൊലക്കയറണിഞ്ഞത്‌.

കയ്യൂർ സഖാക്കൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഹൃദയത്തിൽ പേറി ഇടതുപക്ഷ പ്രസ്ഥാനം ഇന്ന്‌ ഏറെ മുന്നോട്ടു പോയിരിക്കുന്നു. എൽഡിഎഫ്‌ കൂടുതൽ ജനപിന്തുണയാർജിച്ചു. കേരളത്തിൽ ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ്‌ രണ്ടാം പിണറായി സർക്കാർ നടപ്പാക്കുന്നത്‌. വികസനരംഗത്ത്‌ പതിറ്റാണ്ടുകൾ മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ്‌ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നത്‌. സാമൂഹ്യരംഗത്തും മികച്ച മുന്നേറ്റം കൈവരിക്കാൻ നമുക്കായി. ‘അതിദരിദ്രരില്ലാത്ത കേരളം’ പോലുള്ള പദ്ധതികൾ സാമൂഹ്യമുന്നേറ്റത്തിൽ നിർണായകമാകുമെന്നുറപ്പാണ്‌. അതേസമയം, ഏറ്റവും ജനവിരുദ്ധ തീരുമാനങ്ങളുമായാണ്‌ കേന്ദ്ര സർക്കാർ ഭരണം നടത്തുന്നത്‌. ജനാധിപത്യംതന്നെ ഇല്ലാതാക്കി ഏകാധിപത്യം കൊണ്ടുവരാനുള്ള നീക്കത്തിലാണ്‌ മോദി സർക്കാർ. അതിന്റെ നേരിട്ടുള്ള തുടക്കമാണ്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി. ബ്രിട്ടീഷ്‌ ഭരണത്തെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ്‌ കേന്ദ്ര സർക്കാർ സ്വന്തം ജനതയോട്‌ പെരുമാറുന്നത്‌. കോർപറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്ന മോദി സർക്കാരിനെ പുറത്താക്കി ജനാധിപത്യം ശാക്തീകരിക്കുന്നതിനുള്ള പോരാട്ടമാണ്‌ കാലം ആവശ്യപ്പെടുന്നത്‌. അതിന്‌ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച കയ്യൂർ സഖാക്കളുടെ സ്‌മരണ എന്നും ഊർജവും ആവേശവും പകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top