28 March Thursday
കാവുമ്പായി രക്തസാക്ഷിത്വത്തിന്‌ 75

അമര സ്‌മരണയായി കാവുമ്പായി

പയ്യന്നൂര്‍ കുഞ്ഞിരാമന്‍Updated: Thursday Dec 30, 2021


ലോകയുദ്ധാനന്തരം ഇന്ത്യയില്‍ പ്രക്ഷോഭങ്ങള്‍ തുടര്‍ക്കഥകളായിരുന്നു. സഹനത്തിന്റെ പാതവിട്ട് സമരത്തിന്റെ തീക്ഷ്ണതകളിലേക്ക് ജനത കരളുറച്ച് കൈകള്‍ ചേര്‍ത്ത് ഇരമ്പിക്കൊണ്ടിരുന്നു. നാടുവാഴിത്തത്തിന്റെ ഭീകരതയോടൊപ്പം കാക്കി ഉടുപ്പിട്ടവരുടെ താണ്ഡവവും ഗ്രാമങ്ങളെ വിറകൊള്ളിച്ചു. ജീവിത പരിസരങ്ങളാകെ ഇരുണ്ടു. ഓലക്കുടിലിലിരുന്ന്‌ നെടുവീര്‍പ്പിട്ട് കഴിഞ്ഞിരുന്നവരില്‍ പ്രതീക്ഷകളുടെ തിരിനാളം കൊളുത്തി കര്‍ഷക സംഘവും കമ്യൂണിസ്റ്റ് പാര്‍ടിയും രംഗത്തിറങ്ങി. കര്‍ഷക സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്‌ കാവുമ്പായി. 1946 ഡിസംബര്‍ 30നായിരുന്നു കാവുമ്പായി സഖാക്കൾ നാടിനുവേണ്ടി രക്‌തസാക്ഷികളായത്‌.

കാവുമ്പായി സമരത്തിന്‌ 75 വയസ്സ്‌. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തിന് അടുത്തുള്ള ഗ്രാമമാണ് കാവുമ്പായി. നാടിന്റെ മുന്നേറ്റം അടയാളപ്പെടുത്താന്‍ പോയകാല പോരാളികള്‍ ജീവന്‍ ബലിയര്‍പ്പിച്ചപ്പോഴാണ് നാടിന് പുതിയ ചരിത്രം പിറന്നത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ നാട് പട്ടിണിയിലായി.

കര്‍ഷകരെ ചൂഷണം ചെയ്യുന്നതിനായി പലതരം വ്യവസ്ഥകള്‍ ജന്മിമാര്‍ നടപ്പാക്കിയിരുന്നു. വാശി, നുരി, മുക്കാല്‍, ശീലക്കാശ്, കുറ്റിപ്പണം, തീപ്പണം, കത്ത്യാള്‍പണം, അടിയന്തിരപണം എന്നു തുടങ്ങി കര്‍ഷകരെ പിഴിഞ്ഞെടുക്കുന്നതിന് പലതരം നീതിനിയമങ്ങള്‍ ഉണ്ടായിരുന്നു. ശിക്ഷകളും വിചിത്രമായിരുന്നു. ഇതിനൊക്കെ പുറമെയായി കള്ളക്കേസുകള്‍ ഉണ്ടാക്കി ജയിലില്‍ അടയ്‌ക്കുകയും ചെയ്യും.

1946 ഡിസംബര്‍ മലബാറിനെ സംബന്ധിച്ചിടത്തോളം തീപിടിച്ച മാസമായിരുന്നു. ആ വര്‍ഷം നവംബറിലാണ് ഇ എം എസിന്റെ അധ്യക്ഷതയില്‍ കോഴിക്കോട്ട്‌ യോഗം നടന്നത്. പി കൃഷ്ണപിള്ള യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭക്ഷ്യോല്‍പ്പാദനം നടത്താനും തരിശ്‌ ഭൂമി കൈയേറി കൃഷിയിറക്കാനുമുള്ള ആഹ്വാനം ആ യോഗത്തിലുണ്ടായി. കാവുമ്പായിയിലെ കര്‍ഷകര്‍ ഈ ആഹ്വാനം നെഞ്ചേറ്റാന്‍ പുനംകൃഷി സ്ഥലങ്ങളില്‍ സംഘടിക്കണമെന്ന് നിശ്ചയിച്ചു. അവിടെ രാത്രികാലങ്ങളില്‍ പുരുഷന്മാര്‍ ജാഗ്രതയോടെയാണ് കഴിഞ്ഞത്‌. ഡിസംബര്‍ മധ്യത്തോടെ വളന്റിയര്‍ ക്യാമ്പ് പൊലീസ് ആക്രമിച്ചു. ഈ സമയത്താണ് കരിവെള്ളൂര്‍ വെടിവയ്‌പ്‌ നടന്നത്. കരിവെള്ളൂരില്‍ രണ്ടുപേര്‍ രക്തസാക്ഷികളായതോടെ കാവുമ്പായിക്കാര്‍ കൂടുതല്‍ ജാഗ്രതയിലായി.

കാവുമ്പായി കുന്നില്‍ കര്‍ഷക വളന്റിയര്‍മാര്‍ സംഘടിച്ച വാര്‍ത്ത പൊലീസ് മണത്തറിഞ്ഞു.  വീടുകളില്‍ പരിശോധന നടത്തി. അവിടെയുള്ളവരെ മര്‍ദിച്ചു. നിലവിളി കാവുമ്പായി കുന്നില്‍ പ്രതിധ്വനിച്ചു. കര്‍ഷക ഭടന്മാര്‍ ജാഗരൂകരായി. ഇങ്ക്വിലാബ് സിന്ദാബാദ് ഉയര്‍ന്നു. അനേകം പേര്‍ അത് ഏറ്റുവിളിച്ചു. ആ ശബ്ദം നാടാകെ പരന്നൊഴുകി. മനുഷ്യമാംസവും യന്ത്രത്തോക്കും ഏറ്റുമുട്ടി. പുളുക്കൂല്‍ കുഞ്ഞിരാമന്‍, പി കുമാരന്‍, മഞ്ഞേരി ഗോവിന്ദന്‍ നമ്പ്യാര്‍, തെങ്ങില്‍ അപ്പ നമ്പ്യാര്‍, ആലോറമ്പന്‍ കണ്ടി കൃഷ്ണന്‍ എന്നിവര്‍ രക്തസാക്ഷികളായി. പിടികൂടിയവരില്‍ തളിയന്‍ രാമന്‍ നമ്പ്യാര്‍, ഒ പി അനന്തന്‍ മാസ്റ്റര്‍ എന്നിവര്‍ സേലം വെടിവയ്‌പില്‍ രക്തസാക്ഷിത്വം വരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top