29 March Friday

ഹിന്ദുത്വ തിരക്കഥക്കൊത്ത് തുറക്കപ്പെടുന്ന വിവാദങ്ങൾ; കാസിം ഇരിക്കൂർ എഴുതുന്നു

കാസിം ഇരിക്കൂർUpdated: Monday May 23, 2022

ചരിത്രം അപകടകരമാം വിധം ആവർത്തിക്കപ്പെടുകയാണ് നമ്മുടെ രാജ്യത്ത്. 1985ന് ശേഷം, രാമജന്മഭൂമിയുടെ പേരിൽ നടത്തിയ രക്തപങ്കില പ്രക്ഷോഭങ്ങളിലൂടെ കോൺഗ്രസിൽനിന്ന് രാജ്യാധികാരം പിടിച്ചെടുത്ത ആർഎസ്എസ് അത് നിലനിർത്താനും 2024ലെ തെരഞ്ഞെടുപ്പോടെ ഹിന്ദുരാഷട്രമെന്ന ചിരകാല അജണ്ട നടപ്പാക്കാനും ഹിന്ദു–മുസ്​ലിം ഭിന്നിപ്പ് രൂക്ഷമാക്കാനുള്ള യത്നത്തിലാണ്.

രാജ്യമൊന്നടങ്കം പ്രക്ഷുബ്‌ധ‌തയുടെ പടനിലമാക്കി മാറ്റി മതസമൂഹങ്ങളുടെ ധ്രുവീകരണം പൂർത്തീകരിക്കുകയാണ് അതിനു തെരഞ്ഞെടുത്ത വഴി. അതിെൻറ ആരവമാണ് കാശിയിൽനിന്നും മഥുരയിൽനിന്നും ആഗ്രയിൽനിന്നും ഡൽഹിയിൽനിന്നുമൊക്കെ മുഴങ്ങിക്കേൾക്കുന്നത്. വാരാണസിയിലെ ഗ്യാൻവാപി മസ്​ജിദ്, മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്​ജിദ്, ഡൽഹിയിലെ കുത്തബ് മീനാർ, മധ്യപ്രദേശിലെ കമാലുദ്ദീൻ മസ്​ജിദ് തുടങ്ങി ഒട്ടനവധി മുസ്​ലിം ആരാധനാലയങ്ങളുടെയും ചരിത്ര നിർമിതികളുടെയും പേരിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾ കൃത്യമായ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ഈ അജണ്ടകൾ ആവിഷ്ക്കരിക്കുന്നതാവട്ടെ ആർഎസ്എസ്​ ആസ്​ഥാനമായ നാഗ്‌പൂരിലെ ഹെഡ്ഗേവാർ ഭവനിൽനിന്നും.

1990കളിൽ അയോധ്യയിൽ വർഗീയ രാഷ്ട്രീയത്തിെൻറ രുചി അറിഞ്ഞ സംഘ്പരിവാർ, ഇന്ത്യയൊട്ടാകെ സംഘർഷത്തിെൻറ അയോധ്യകൾ സൃഷ്​ടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളിലാണേർപ്പെട്ടിരിക്കുന്നത്. അതിൽ അവർ ഉദ്ദേശിക്കുംവിധം വിജയിക്കുകയാണെങ്കിൽ രാജ്യത്തിെൻറ പോക്ക് കൂരിരുട്ടിലേക്കാണെന്ന കാര്യത്തിൽ തർക്കമില്ല. മതേതര ഇന്ത്യ നിലനിൽക്കണമോ വേണ്ടയോ എന്ന കാതലായ ചോദ്യമാണ് ഇന്ന് 138കോടി ജനങ്ങളെ തുറിച്ചുനോക്കുന്നത്.1920കൾക്ക് ശേഷമുള്ള ഫാഷിസ്​റ്റ് ഇറ്റലിയും നാസി ജർമനിയുമാണ് ആർ.എസ്​.എസിെൻറ മനോമുകുരത്തിൽ കുടിൽകെട്ടിയ രാഷ്ട്രീയ സ്വപ്നമെന്ന് തിരിച്ചറിയുമ്പോൾ ഉത്ക്കണ്ഠകൾ പെരുകുക സ്വാഭാവികം.

നരേന്ദ്രമോദിയുടെ എട്ട് വർഷത്തെ വാഴ്ചക്ക് ശേഷവും ഭരണപരമായോ രാഷ്ട്രീയമയോ ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാനും ഭരണം നിലനിർത്താനും മുസ്​ലിം വിദ്വേഷം ഉൽപാദിപ്പിക്കുകയും ഭൂരിപക്ഷ സമൂഹത്തിെൻറ വോട്ട് ഏകോപിപ്പിക്കുകയും മാത്രമാണ് പോംവഴി. അതിനുള്ള എളുപ്പമാർഗം ചരിത്രത്തിെൻറ കുഴിമാടങ്ങളിൽനിന്ന് വ്യാജകഥകൾ കുഴിച്ചെടുത്ത് ഹൈന്ദവ വിശ്വാസികളുടെ അന്ത$സ്​ഥലികളെ അസ്വസ്​ഥമാക്കുകയും അതുവഴി മതവർഗീയത വളർത്തുകയുമാണ്്്. ഒരു ഭാഗത്ത് ന്യൂനപക്ഷ വംശഹത്യയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി നിർത്തി മുസ്​ലിം –ൈക്രസ്​തവ ന്യൂനപക്ഷങ്ങളിൽ ആശങ്ക പടർത്തുക. മറുഭാഗത്തൂടെ ഭിന്നിപ്പിെൻറ രാഷ്ട്രീയം ഉപയോഗിച്ച് വോട്ട്ബാങ്ക് ഉറപ്പിക്കുക. പള്ളി ഒരു പ്രതീകം മാത്രം.

ഹിന്ദുത്വ സ്വാധീനത്താൽ നീതിനിഷ്ഠയും നിഷ്പക്ഷതയും ഒരു പരിധിവരെ നഷ്​ടപ്പെട്ട ജുഡീഷ്യറിയിൽ പ്രതീക്ഷയർപ്പിച്ചാണ് ആർഎസ്.എസ്​ കരുക്കൾ നീക്കുന്നത്. അയോധ്യയിലെ അനുഭവ പാഠങ്ങളാണ് ഇതിന് പ്രചോദനവും േപ്രാൽസാഹനവുമാവുന്നത്. 1949 ഡിസംബർ 22ന് രാത്രി ഇന്നത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഗുരുക്കന്മാരുടെ ആശീർവാദത്തോടെ ബാബരി മസ്​ജിദിൽ കൊണ്ടിട്ട ശ്രീരാമ വിഗ്രഹങ്ങൾ പള്ളി താഴിട്ട് പൂട്ടുന്നതിലേക്ക് നയിച്ചപ്പോൾ ആ ആരാധനാലയം ഹിന്ദുക്കൾക്ക് പൂജക്കായി തുറന്നുകൊടുക്കാൻ 1986 ഫെബ്രുവരി ആറിന് ഫൈസാബാദ് ജില്ലാ ജഡ്ജി കെ.എം പാണ്ഡെയാണ് ഉത്തരവിടുന്ന്. രാജീവ് ഗാന്ധി സർക്കാരിെൻറ രഹസ്യ ഒത്താശയോടെയായിരുന്നു ബാബരി കേസിലെ ബന്ധപ്പെട്ട കക്ഷികളെ പോലും അറിയിക്കാതെയുള്ള ആ നിഗൂഢ നീക്കം.

വിഷയത്തിെൻറ ഗൗരവമുൾക്കൊണ്ട കീഴ്ക്കോടതി തള്ളിയ ഹർജിയാണ് കേസുമായി യാതൊരു ബന്ധമില്ലാത്ത, കോൺഗ്രസുകാരനായ ഒരു അഭിഭാഷകനിലൂടെ ജില്ലാ ജഡ്‌ജി സ്വീകരിക്കുന്നത്. ‘രാമഭക്തർ’ പൂജക്കായി പള്ളിയിലേക്ക് ഒഴുകിയെത്തുന്നത് പകർത്താൻ ഡൽഹിയിൽനിന്നും ദൂരദർശെൻറ ക്യാമറാമാൻ എത്തിയത് ആകസ്​മികമായിരുന്നില്ല. കോൺഗ്രസ്​ നേതൃത്വം അന്ന് തുറന്നിട്ട ‘ജാനുസിെൻറ കവാടം’’ വഴിയാണ് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ സംഭവബഹുലവും രക്തപങ്കിലുമായ കുറെ അധ്യായങ്ങൾ എഴുതിച്ചേക്കപ്പെട്ടത്. നീതിരഹിതവും ബുദ്ധിശൂന്യവുമായ അത്തരം നടപടികൾ കോൺഗ്രസിെൻറ പതനത്തിലേക്ക് നയിച്ചപ്പോൾ നേട്ടം മുഴുവനും കൊയ്തത് 1925തൊട്ട് രാജ്യാധികാരം കൈക്കലാനും സവർണമേധാവിത്വം ഈട്ടിയുറപ്പിക്കാനും വിദ്വേഷ പ്രത്യയശാസ്​ത്രവുമായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന ആർ.എസ്​.എസായിരുന്നു. അന്ന് ഭഗവാൻ രാമനാണ് തീവ്രവലതുപക്ഷത്തിെൻറ ആയുധമെങ്കിൽ ഇന്ന് ഭഗവാൻ കൃഷ്ണനെയും ശിവനെയുമൊക്കെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.

വാരാണസിയിൽനിന്ന് പടരുന്ന കാട്ടുതീ

തൊണ്ണൂറുകളിലെ അയോധ്യയായി കാശിയെ പ്രക്ഷുബ്‌ധമാക്കിയെടുക്കാൻ ആർഎസ്എസ്​ ശ്രമങ്ങളാരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. അയോധ്യ, മഥുര, കാശി തുടങ്ങി 3000ത്തിലധികം മുസ്​ലിം ആരാധനാലയങ്ങൾ മധ്യ കാലഘട്ടത്തിൽ ക്ഷേത്രം തകർത്ത് പണിതതാണെന്നും അവ വിപാടനം ചെയ്‌ത് തൽസ്​ഥാനത്ത് ക്ഷേത്രങ്ങൾ പണിയേണ്ടത് ചരിത്രപരമായ നീതീകരണമാണെന്നുമാണ് ആർഎസ്.എസ്​ ഇക്കാലമത്രയും വാദിച്ചത്. അടിയന്തരമായി മോചിപ്പിക്കേണ്ട മൂന്ന് പള്ളികളുടെ മുൻഗണനാ പട്ടികയും തയാറാക്കി. ‘തീൻ നഹീം തോ തീൻ ഹസാർ’ – മൂന്ന് അല്ലെങ്കിൽ മൂവായിരം എന്ന ഭീഷണി സ്വരം തൊണ്ണൂറുകളിൽ ഇവരിൽനിന്ന് ഉയർന്നുകേട്ടതാണ്. ഇതിനകം വിവാദമായിക്കഴിഞ്ഞ ഗ്യാൻവാപി മസ്​ജിദ് ചരിത്രത്തിലുടനീളം അറിയപ്പെട്ടത് മസ്​ജിദ് ആലംഗീർ എന്നാണ്. മുഗിള ചക്രവർത്തി ഔറംഗസീബിെൻറ പേരിലാണെന്ന് വ്യക്തം. (പള്ളിക്ക് ജ്ഞാൻവാപി – ജ്ഞാനക്കുളം – എന്ന സംസ്​കൃത പേര് വീണത് സങ്കരചിന്തയുടെ ഉപാസകനും ഔറംഗസീബിെൻറ പുത്രനുമായ ദാരാഷിക്കോവിലൂടെയാണെന്നാണ് ഒരു ചരിത്രഭാഷ്യം ).

വിശ്വനാഥക്ഷേത്രം തകർത്താണ് മസ്​ജിദ് പണിതതെന്ന വ്യാജചരിത്രം മുന്നിൽവെച്ചാണ് ആർ.എസ്​.എസ്​ പള്ളിയുടെമേൽ അവകാശവാദം ഉന്നയിക്കുന്നത്. വാരാണസി ഹിന്ദു–മുസ്​ലിം സംഘർഷത്തിെൻറ ഭൂമികയാണെന്ന കൊളോണിയൽ ചരിത്രകാരന്മാരുടെ ഭാഷ്യം കടമെടുത്താണ് ഹിന്ദുത്വവാദികൾ വ്യാപകമായി ഇത്തരം ദുഷ്പ്രചാരണങ്ങൾ നടത്തുന്നത്. ഹിന്ദുത്വർക്ക് വേണ്ടി തൂലിക ചലിപ്പിക്കാറുള്ള ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ഫ്രാങ്കോ ഗോട്ടിയർ ഹിന്ദുക്കളുടെ പുണ്യഭൂമിയിലെ പള്ളി പൊളിച്ചുമാറ്റി തൽസ്​ഥാനത്ത് ഒറിജിനൽ വിശ്വനാഥക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. അക്ബർ ചക്രവർത്തി കാശിയിൽ ക്ഷേത്രം പടുത്തുയർത്തിയതിെൻ വിശദാംശങ്ങൾ സുവിദിതമാണ്.

യഥാർഥത്തിൽ മതസഹിഷ്‌ണുതയുടെയും സഹവർത്തിത്വത്തിെൻറയും വിളനിലമായിരുന്നു ഒരുവേള കാശി. ഔറംഗസീബ് വിശ്വനാഥക്ഷേത്രം തകർത്തതിന് ചരിത്രപരമായി ഒരു തെളിവുമില്ല എന്നല്ല, ആ കാലഘട്ടത്തിലെ എണ്ണമറ്റ ഹിന്ദു ആരാധനാലയങ്ങൾക്ക് ഭൂമിയും പണവും നൽകിയതിന് അഖണ്ഠനീയമായ തെളിവുകളുണ്ടെന്നാണ് ചരിത്രകാരന്മാരായ റൊമീല ഥാപ്പയും ഇർഫാൻ ഹബീബും ക്രിസ്​റ്റോഫി ജെർലെറ്റുമൊക്കെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ന് കാണുന്ന വിശ്വനാഥക്ഷേത്രം പണിയുന്നത് 1780ലാണ്്. മുഗിള സാമ്രാജ്യം തകർച്ച നേരിട്ട ആ കാലഘട്ടത്തിലെ ഭരണാധികാരിയായ മഹാറാണി അഹല്യാഭായി ഹോൽക്കറുടെ നിർദേശപ്രകാരമായിരുന്നു ക്ഷേത്രനിർമാണം. വിഖ്യാതമായൊരു അമ്പലം തകർക്കപ്പെട്ടിരുന്നുവെങ്കിൽ പകരം വീട്ടാനും സ്​ഥലം വീണ്ടെടുക്കാനും മഹാറാണി മുതിരുമായിരുന്നില്ലേ?.

രാമജന്മഭൂമിയുടെ കാര്യത്തിലെന്ന പോലെ മിത്തുകളും അസത്യങ്ങളും നിരത്തിയാണ് ആർ.എസ്​.എസ്​ വർഗീയവിഷം പടർത്താൻ ശ്രമിക്കുന്നത്. സംഘടനയുടെ നൂറാംവാർഷികം കൊണ്ടാടപ്പെടുന്നതോടെ ഹിന്ദുരാഷ്ട്രസംസ്​ഥാപനം പൂർത്തിയാക്കണമെന്ന വലിയ അജണ്ട നെഞ്ചോട് ചേർത്തുപിടിച്ചതോടെയാണ് പൗരത്വനിയമം കൊണ്ടുവന്നതും ചരിത്രത്തത്തെ കീഴ്മേൽ മറിച്ച് തങ്ങളുടെ സങ്കുചിത കാഴ്ചപ്പാടിന് അനുസൃതമായ ചരിത്ര വീക്ഷണം പ്രചരിപ്പിക്കുന്നതിന് വിപുല പദ്ധതികൾ ആവിഷ്കരിച്ചതും. ഗ്യാൻവാപി മസ്​ജിദ് വിവാദം പൊടുന്നനവെ പൊട്ടിമുളച്ചതല്ല. അമ്പലം തകർത്താണ് പള്ളി പണിതതെന്നും തങ്ങളുടെ ആ സ്​ഥലത്ത് ‘വിഷ്ണോശ്വരനെ’ ആരാധിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 1991 ലാണ് ആദ്യമായി വാരാണസി സിവിൽ കോടതിയെ ചിലർ സമീപിക്കുന്നത്.

1991ലെ ആരാധനാലയ നിയമം പ്രാബല്യത്തിൽവന്ന സ്​ഥിതിക്ക് ഹരജി മുഴുവനായും സ്വീകരിക്കാൻ പ്രയാസമുണ്ടെന്ന് 1997ൽ ഉത്തരവ് വന്നു. അപ്പീൽ പോയപ്പോൾ ജില്ലാ കോടതി അത് റദ്ദാക്കി. ഹൈക്കോടതിയിലെത്തിയപ്പോൾ ഉത്തരവ് സ്​റ്റേ ചെയ്യുകയായിരുന്നു. 2021 ഏപ്രിലിൽ പള്ളിക്കടിയിൽ ക്ഷേത്രാവശിഷ്​ടമുണ്ടോയെന്ന് ഉത്ഖനനം ചെയ്‌തു കണ്ടുപിടിക്കാൻ സിവിൽ കോടതി ഉത്തരവിട്ടു.2021 സെപ്റ്റംബറിൽ അലഹബാദ് ഹൈകോടതി അത് തടയുക മാത്രമല്ല, സിവിൽ കോടതിയെ ശാസിക്കുകയും ചെയ്‌തു. അധികാരപരിധി വിട്ടാണ് കോടതി ഉത്ഖനനത്തിന് ഉത്തരവിട്ടതെന്ന് ചുണ്ടിക്കാട്ടാൻ നീതിപീഠം മറന്നില്ല.

വാരാണസി സിവിൽ കോടതി ഇപ്പോൾ ഈ വിഷയത്തിൽ കാണിച്ച ധ്രൃതിയും അനാവശ്യമായ എടുത്തുചാട്ടവുമാണ് സുപ്രീംകോടതിയുടെ ഇടപെടൽ അനിവാര്യമാക്കിയതും പ്രശ്നം ദേശീയതലത്തിൽ ചർച്ചക്ക് വഴിവെച്ചതും. കേസ്​ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, മസ്​ജിദിൽ ആരാധന നടത്താൻ തങ്ങളെ അനുവദിക്കണമെന്നും അവിടെയുള്ള വിഗ്രഹങ്ങൾ പരിരക്ഷിക്കാൻ ആവശ്യമായത് ചെയ്യണമെന്നും കാണിച്ച് അഞ്ച് സ്​ത്രീകൾ നൽകിയ ഹരജി പരിഗണിച്ചതും വീഡിയോഗ്രാഫിക് സർവേ നടത്താൻ സർവേ കമീഷനെ നിയമിച്ചതും അസാധാരണ നടപടിയായിരുന്നു.

എതിർപ്പുകൾക്കൊടുവിൽ പള്ളിക്കകത്ത് കയറി വീഡിയോ എടുത്ത കമീഷൻ അംഗവിശുദ്ധി വരുത്തുന്ന ജലസംഭരണിയിൽ ( ഹൗള്’ ) ശിവലിംഗം കണ്ടെത്തിയതായി രാജ്യത്തെ അറിയിച്ചതും പലവിധ സംശയങ്ങൾക്കും ഇടം നൽകി. സർവേ കമീഷന് നേതൃത്വം കൊടുക്കുന്ന അജയ് കുമാർ മിശ്ര, സ്വകാര്യ ക്യാമറമാൻ മുഖേന ‘ശിവലിംഗം ’കണ്ടെത്തിയ ‘സന്തോഷവാർത്ത’ മീഡിയ വഴി ജനങ്ങളിലേക്കെത്തിച്ചത് സംഘ്പരിവാറിെൻറ ആസൂത്രിത നീക്കത്തിെൻറ ഭാഗമായിരുന്നു. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തന്നെ മസ്​ജിദിൽ മുസ്​ലിംകളുടെ ആരാധന നിയന്ത്രിക്കാൻ ഉത്തരവിട്ട സിവിൽകോടതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു.

നിരുത്തരവാദപരമായി പെരുമാറിയ കമീഷണർ അജയ് കുമാറിനെ ദൗത്യത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. യൂപി ഭരണകൂടത്തിെൻറ കരങ്ങൾ കാശി സംഭവവികാസങ്ങൾക്ക് പിന്നിലുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ‘‘സത്യം എക്കാലവും മൂടിവെക്കാനാവില്ലെന്നും ബുദ്ധപൗർണമി ദിവസം നാം അന്വേഷിച്ചിടത്ത് ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ടുവെന്നുമാണ് യു.പി ഉപമുഖ്യമന്ത്രിയും വി.എച്ച്.പി നേതാവുമായ കേശവ് പ്രസാദ് മൗര്യ ആഹ്ലാദം പ്രകടിപ്പിച്ചതിൽനിന്ന് പലതും വായിച്ചെടുക്കാം.

ജാഗ്രത അനിവാര്യമായ ദിനങ്ങൾ മുന്നിൽ

അയോധ്യയിൽനിന്ന് തുടങ്ങി കാശി വഴി മഥുരയിലേക്ക് ഇരച്ചുകയറാനാണ് സംഘ്പരിവാർ ശ്രമമെന്ന് മനസ്സിലാക്കാനാവും. കത്രകേശവ് ദേവ് ക്ഷേത്രവും ഷാഹി ഈദ് ഗാഹ് മസ്​ജിദും സംഗമിക്കുന്ന സ്​ഥലമാണ് ശ്രീകൃഷ്ണ ജന്മഭൂമിയെന്ന് വാദിച്ച് മഥുരപള്ളിയുടെമേൽ സംഘ്പരിവാർ കണ്ണ്വെച്ചിട്ട് ദശകങ്ങളായി. പള്ളി നിലകൊള്ളുന്ന 13. 37ഏക്കർ ഭൂമിയുടെമേൽ ഉടമസ്​ഥാവകാശം നേടാനും മസ്​ജിദ് പൊളിച്ചുമാറ്റണമെന്ന ആവശ്യം ഉന്നയിക്കാനും സമർപ്പിച്ച ഹരജി കേൾക്കാമെന്നാണ് വിചാരണക്കോടതിക്ക് മഥുര ജില്ലാ കോടതി നിർദേശം നൽകിയിരിക്കുന്നത്.

‘ഭഗവാൻ ശ്രീകൃഷ്ണെൻറ ഉറ്റസുഹൃത്തുകൾ’ എന്ന വിശേഷണത്തോടെ സമർപ്പിച്ച ഹർജി 2020 സെപ്റ്റംബർ 25ന് വിചാരണ കോടതി തള്ളിയതാണ്്. ജില്ലാ കോടതിയെ സമീപിക്കേണ്ട താമസം, ഇരുകക്ഷികളും ഉണ്ടാക്കിയ ധാരണകളെല്ലാം കാറ്റിപറത്തി, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്​റ്റിെൻറ സ്​ഥലത്താണ് പള്ളി നിലകൊള്ളുന്നതെന്ന് വാദമുയർത്തി, സംഘർഷത്തിെൻറ അന്തരീക്ഷം സൃഷ്​ടിക്കുകയാണ്. സമാധാനമോ സഹവർത്തിത്വമോ സ്വാസ്​ഥ്യമോ ആഗ്രഹിക്കാത്ത, സമഭാവനയുടെ സംസ്​കാരത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത ആർഎസ്.എസിനും സമാന സംഘങ്ങൾക്കും വേണ്ടത് ഹിന്ദുക്കളും മുസ്​ലിംകളും പരസ്​പരം പൊരുതുന്ന പ്രക്ഷുബ്ധാന്തരീക്ഷമാണ്. ബഹുസ്വര സമൂഹത്തിെൻറ നിലനിൽപ് ഉറപ്പാക്കുന്ന മതനിരപേക്ഷ രാഷ്ട്രീയത്തിെൻറ അടിവേരറുക്കുകയാണ് ആത്യന്തിക ലക്ഷ്യം. അതുകൊണ്ടാണ് ഡൽഹിയിലെ കുത്തബ് മീനാറും ആഗ്രഹയിലെ താജ്മഹലും ഹിറ്റ്​ലിസ്​റ്റിൽ പെടുത്തിയിരിക്കുന്നത്. ‘സംഘർഷഭരിതമായ ദിനങ്ങളാണ് വരാനിരിക്കുന്നത്. ജാഗ്രത അനിവാര്യമാണ്. ന്യൂനപക്ഷങ്ങൾ ഇരവാദം ഉയർത്തി അന്തരീക്ഷം കൂടുതൽ സങ്കീർണമാക്കുന്നതിന് പകരം മതനിരപേക്ഷ ശക്തികളോടൊപ്പം മതേതര ചെറുത്തുനിൽപിന് സജ്ജമാവുക മാത്രമാണ് പോംവഴി.

(ഐഎൻഎൽ സംസ്​ഥാന ജന. സെക്രട്ടറിയാണ് ലേഖകൻ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top