04 October Tuesday

ആഗസ്‌ത്‌ അഞ്ചിന്റേത്‌ ആരുടെ ‘നേട്ടം’

റിതിൻ പൗലോസ്‌Updated: Friday Aug 5, 2022

ആഗസ്‌ത്‌ അഞ്ചിന്‌ സംഘപരിവാറും ബിജെപിയും നൽകിയിരിക്കുന്ന  നിർവചനം ‘നേട്ടങ്ങളുടെ ദിന’മെന്നാണ്‌. കഴിഞ്ഞ വർഷം ഉത്തർപ്രദേശ്‌ സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ നേട്ടങ്ങളുടെ ദിനമെന്ന്‌ ഈ ദിവസത്തെ ആദ്യം വിശേഷിപ്പിച്ചത്‌. 2019ലെ ആഗസ്‌ത്‌ അഞ്ചിനാണ്‌  1954മുതൽ കശ്‌മീരിന്‌ നൽകിയ എല്ലാ പ്രത്യേകാവകാശങ്ങളും ബിജെപി സർക്കാർ റദ്ദാക്കിയത്‌. അവിടെയും നിർത്താതെ കശ്‌മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി ലഡാക്കെന്നും കശ്‌മീരെന്നും രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചു. ഫലത്തിൽ സാമുദായികവും ജനസംഖ്യാപരവുമായ വിഭജനം. 

എല്ലാ പ്രതിപക്ഷ നേതാക്കളെയും തടവിലിട്ട്‌, ജനാധിപത്യത്തെ ചവിട്ടിയരച്ച്‌ നേടിയ ആദ്യ ‘നേട്ട’മായിരുന്നു ഇത്‌.  തൊട്ടടുത്ത വർഷം  കോൺഗ്രസ്‌ ഒരുക്കിക്കൊടുത്ത  പാതയിലൂടെ ബാബ്‌റി മസ്‌ജിദ്‌ തകർത്ത്‌ മതനിരപേക്ഷ ഇന്ത്യയുടെ മാർത്തട്ടിലെ ഇറ്റുവീണ ചോരകുടിച്ച്‌ വീർത്ത ബിജെപി, അയോധ്യ ക്ഷേത്രത്തിന്‌ വെള്ളിശില പാകി. ആർഎസ്‌എസുകാരനായ പ്രധാനമന്ത്രിതന്നെ തീവ്രഹിന്ദുത്വത്തിന്റെ ശിലാന്യാസം നടത്തി  വരാനിരിക്കുന്ന ദിനങ്ങളെപ്പറ്റി രാജ്യത്തിന്‌ വ്യക്തമായ സന്ദേശവും നൽകി. പിന്നീടുള്ള രണ്ടുവർഷത്തിൽ കോവിഡ്‌ വ്യാപനംമൂലം ആഗസ്‌ത്‌ അഞ്ചിലെ ‘നേട്ടങ്ങൾ’ ഹിന്ദുത്വശക്തികൾക്ക്‌ ആവർത്തിക്കാനായില്ല എന്നു മാത്രമാണ്‌ ആശ്വാസം.

ഒരുപക്ഷേ, ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ കാലഘട്ടത്തിലൂടെ കടന്നുപോകവേയാണ്‌ ജമ്മു കശ്‌മീർ സംസ്ഥാനത്തെ അതിന്റെ എല്ലാ സവിശേഷതകളോടുമൊപ്പം ബിജെപി സർക്കാർ കുഴിച്ചുമൂടിയത്‌. കശ്‌മീരിന്റെ സമാധാനം പുനഃസ്ഥാപിക്കാനായിരുന്നു നീക്കമെന്ന്‌ ന്യായീകരിച്ച ബിജെപിക്ക്‌ പിന്നീട്‌ കൈപൊള്ളുന്നതാണ്‌ കണ്ടത്‌. നാൾക്കുനാൾ ഭീകരാക്രമണങ്ങൾ വർധിച്ചു. 2021 ഫെബ്രുവരി മുതൽ തന്ത്രംമാറ്റിയ ഭീകരസംഘടനകൾ ന്യൂനപക്ഷവിഭാഗങ്ങളായ കശ്‌മീരി പണ്ഡിറ്റുകളെയും ഡോഗ്രകളെയും ദളിത്‌ ഹിന്ദുക്കളെയും തിരഞ്ഞുപിടിച്ച്‌ വധിക്കാനാരംഭിച്ചു. പക്ഷേ, ആകെ കണക്കുകളിൽ കൂടുതൽ കൊല്ലപ്പെട്ടത്‌ കശ്‌മീരി മുസ്ലിങ്ങൾ തന്നെയാണ്‌.  ഈ വർഷം മെയ്‌ 12ന്‌ ബുദ്‌ഗാം ജില്ലയിലെ ചദൂര വില്ലേജ്‌ ഓഫീസിൽ രാഹുൽ ഭട്ട്‌ എന്ന പണ്ഡിറ്റ്‌ യുവാവിനെ വെടിവച്ചുകൊന്നതോടെ  ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങൾ തെരുവിലിറങ്ങി. കേന്ദ്രസർക്കാർ നൽകിയ ജോലി ഭൂരിഭാഗം പേരും രാജിവച്ച്‌ സുരക്ഷിതസ്ഥാനമായ ജമ്മുവിലേക്ക്‌ പലായനം ചെയ്‌തു. 1990നു ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ്‌ കേന്ദ്രസർക്കാരിന്റെ വികലനയങ്ങൾ വഴിവച്ചത്‌. രാഷ്‌ട്രീയ പരിഹാരം വേണ്ടിടത്ത്‌ പ്രതിപക്ഷ നേതാക്കളെ തുറുങ്കിലിട്ടും മുഖ്യധാരയിൽനിന്ന്‌ മാറ്റിനിർത്തിയും അപരിഹാര്യമായ തീച്ചൂളയാക്കി കശ്‌മീരിനെ ബിജെപി മാറ്റുകയാണ്‌. ഈ വർഷം ഡിസംബറിൽ നടക്കുമെന്ന്‌ കരുതപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാൻ ബിജെപിക്ക്‌ അനുകൂലമായി ജമ്മുമേഖലയിൽ കൂടുതൽ സീറ്റനുവദിച്ച്‌ മണ്ഡല പുനർനിർണയവും നടത്തിക്കഴിഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി കൺവീനറായിട്ടുള്ള പ്രതിപക്ഷപാർടികളുടെ കൂട്ടായ്‌മയായ ഗുപ്‌കാർ സഖ്യം ബിജെപിയെ പ്രതിരോധിക്കാൻ തക്ക ശക്തിയുള്ളതാണ്‌. 2020ൽ നടന്ന ജമ്മു കശ്‌മീർ ജില്ലാ വികസന (ഡിഡിസി) തെരഞ്ഞെടുപ്പിൽ 112 സീറ്റ്‌ സ്വന്തമാക്കി ഗുപ്‌കാർ സഖ്യം ബിജെപിയെ തറപറ്റിച്ചിരുന്നു. പ്രത്യേകപദവി റദ്ദാക്കിയ മോദി സർക്കാരിനുള്ള വ്യക്തമായ മറുപടിയായി അത്‌ മാറി. 

ഹിന്ദുത്വശക്തികളുടെ ലബോറട്ടറിയായി ഉത്തർപ്രദേശിനെയും ബാബ്‌റിയെയും മാറ്റിയതിൽ മതനിരപേക്ഷമെന്ന്‌ മേനിനടിക്കുന്ന കോൺഗ്രസിന്റെ പങ്ക്‌ ചരിത്രത്തിൽ അവിതർക്കിതമാണ്‌. 1992 ഡിസംബർ ആറിനാണ് മതനിരപേക്ഷ ഇന്ത്യയുടെ മിനാരങ്ങൾ നിലംപരിശാക്കാൻ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കർസേവകർക്ക്‌ എല്ലാ സഹായവും നൽകിയത്‌. അതിന്റെ രാഷ്‌ട്രീയനേട്ടം തങ്ങൾക്ക്‌ കൊയ്യാമെന്ന്‌ കണക്കുകൂട്ടിയ കോൺഗ്രസ്‌ ദേശീയതലത്തിൽ നിലനിൽപ്പിനുവേണ്ടി പോരാടുന്നു. നെഹ്‌റു തുടങ്ങിയ നാഷണൽ ഹെറാൾഡ്‌ പത്രത്തിന്റെ ഓഫീസിനു വരെ ബിജെപി സർക്കാർ താഴിട്ടു.

രാജ്യത്തെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച്‌ നേട്ടം കൊയ്യുന്നതിൽ അയോധ്യയിൽ ക്ഷേത്രനിർമാണമെന്ന പ്രചാരണം ബിജെപിക്ക്‌ നൽകിയ ഊർജം ചെറുതല്ല. രണ്ട്‌ ലോക്‌സഭാംഗങ്ങൾ മാത്രമുള്ള 1984ൽനിന്ന്‌ 2019ൽ 303 എംപിമാരിലേക്ക്‌ വളർന്ന വിഭജന രാഷ്‌ട്രീയത്തെ അതേപടി പിന്തുടരുകയാണ്‌ ബിജെപി ഇപ്പോഴും. അയോധ്യയിൽ ക്ഷേത്രനിർമാണം തുടങ്ങിയതോടെ അടുത്ത ദേശീയപ്രചാരണമായി സംഘപരിവാറുകാർ കാണുന്നത്‌ കാശിയെയും മധുരയെയുമാണ്‌. വാരാണസിയിൽത്തന്നെയുള്ള ജ്ഞാൻവാപി പള്ളിയും സംഘപരിവാറിന്റെ ഹിറ്റ്‌ലിസ്‌റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു.  അയോധ്യ തോ ജാങ്കി ഹേ, കാശി–--മഥുര ബാകി ഹേ (അയോധ്യ തുടക്കംമാത്രം, കാശിയും മഥുരയും ബാക്കിയാണ്‌ ) എന്നാണ്‌ പുതിയ കാലത്തെ സംഘപരിവാർ മുദ്രാവാക്യം. ആർഎസ്‌എസിന്‌ നൂറുവർഷം പൂർത്തിയാകുന്ന 2025ൽ സമ്പൂർണ ഹിന്ദുത്വരാഷ്‌ട്രമെന്ന സംഘപരിവാർ ലക്ഷ്യത്തെ ചെറുക്കാൻ രാജ്യത്ത്‌ മതനിരപേക്ഷ–-ജനാധിപത്യ ചേരി ശക്തിപ്പെടുത്തുക മാത്രമേ പരിഹാരമുള്ളൂ. എഐസിസി ഓഫീസിന്റെ പടിവാതിൽവരെ ബിജെപി എത്തിയ സമയത്തെങ്കിലും  തീവ്രഹിന്ദുത്വത്തെ ചെറുക്കാൻ മൃദുഹിന്ദുത്വമെന്ന തുരുമ്പിച്ച ആയുധം  ഉപേക്ഷിച്ച്‌ കോൺഗ്രസ്‌  ഈ ചേരിക്കൊപ്പം നിലയുറപ്പിക്കുമോ എന്നാണ്‌ കണ്ടറിയേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top