20 April Saturday

കർണാടകം ബൂത്തിലേക്ക്‌ പോകുമ്പോൾ

ടി ചന്ദ്രമോഹന്‍Updated: Wednesday May 10, 2023

2613 സ്ഥാനാർഥികളുടെ വിധി നിർണയിക്കാൻ കർണാടകത്തിലെ 224 നിയമസഭാ മണ്ഡലത്തിലെ 5.3 കോടി വോട്ടർമാർ ബുധനാഴ്‌ച ബൂത്തിലേക്ക്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ ദേശീയ രാഷ്ട്രീയത്തിന്റെ വിധി നിർണയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്‌. കാലുമാറ്റത്തിലൂടെ ലഭിച്ച ഭരണം നിലനിർത്താമെന്ന പ്രതീക്ഷയോടെ ബിജെപിയും ഭരണവിരുദ്ധവികാരം വോട്ടാക്കി ജയിക്കാമെന്ന്‌ കോൺഗ്രസും ഉറപ്പിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി കിങ്‌ മേക്കറാകാൻ ജനതാ ദൾ സെക്യുലറും ശക്തമാണ്‌.

40 വർഷമായി ഒരു കക്ഷിയും ഭരണത്തുടർച്ച നേടാത്ത കർണാടകത്തിൽ ഇത്തവണ വൻപ്രചാരണ കോലാഹലമായിരുന്നു. നേതാക്കളുടെ വാക്‌പോരും വെല്ലുവിളികളും വർഗീയ പ്രചാരണവും മാറിമറിയുന്ന ജാതി സമുദായ പിന്തുണയും ന്യൂനപക്ഷ നിലപാടുകളും ഭരണവിരുദ്ധവികാരവുമാണ്‌ പ്രധാനമായും വിധി നിർണയിക്കുക. ഭരണവിരുദ്ധവികാരം മറികടക്കാൻ ബിജെപി വർഗീയ കാർഡ് ഇളക്കി കളിക്കുകയായിരുന്നു.  ബജ്‌റംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രചാരണപത്രിക ഉയർത്തിക്കാട്ടി വോട്ടു ചെയ്യുമ്പോൾ മനസ്സിൽ ജയ് ഹനുമാൻ വിളി ഉയരണമെന്നുവരെ ബിജെപി ആഹ്വാനംചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ദിവസങ്ങളോളം സംസ്ഥാനത്ത്‌ കേന്ദ്രീകരിച്ച്‌ ബിജെപിയുടെ പ്രചാരണത്തിന്‌ നേതൃത്വം നൽകി. രാഹുൽ ഗാന്ധിയും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയും ഉടനീളം പ്രചാരണം നടത്തിയെങ്കിലും മുൻമുഖ്യമന്ത്രി സിദ്ദരാമയ്യയും പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാറുമാണ്‌ കോൺഗ്രസിനെ മുന്നിൽനിന്ന്‌ നയിച്ചത്‌. ദേശീയ വിഷയങ്ങൾ മാറ്റി സംസ്ഥാന വിഷയത്തിലും ക്ഷേമപദ്ധതികളിലും ഊന്നിയായിരുന്നു കോൺഗ്രസ്‌ പ്രചാരണം. ബസവരാജ് ബൊമ്മൈ സർക്കാരിന്റെ വീഴ്ചകളാണ് ഉയർത്തിക്കാട്ടിയത്‌. എന്നാൽ, കലാപാഹ്വാനത്തോടെയുള്ള അതിതീവ്ര വർഗീയ പ്രചാരണമാണ്‌ ബിജെപി അഴിച്ചുവിട്ടത്‌. പ്രധാനമന്ത്രിമുതൽ എല്ലാ നേതാക്കളും റോഡ്‌ ഷോയിലും പൊതുയോഗങ്ങളിലും കടുത്ത വർഗീയ പരമാർശങ്ങൾ ഉയർത്തി.

ജയ്‌ ഹനുമാൻ വിളികൾ മുഴക്കിയാണ്‌ പ്രധാനമന്ത്രി പൊതുയോഗങ്ങളിലും റോഡ്‌ ഷോയിലും പങ്കെടുത്തത്‌. കോൺഗ്രസ്‌ വിജയിച്ചാൽ കർണാടകത്തിൽ കലാപമായിരിക്കും ഉണ്ടാകുകയെന്ന്‌ മോദിയും അമിത്‌ ഷായും ഭീഷണി മുഴക്കി. ഹിന്ദുധർമം അപകടത്തിലാണ്, ഹിന്ദു ഒരുമിച്ച് നിൽക്കേണ്ട സമയമാണ്, ഒരുമിച്ച് പ്രാർഥിക്കാം എന്ന ആഹ്വാനത്തോടെ ബജ്‌റംഗദൾ പ്രവർത്തകർ ക്ഷേത്രങ്ങളിൽ കേന്ദ്രീകരിച്ചു. വീരശൈവ ലിംഗായത്ത്‌ ഫോറം അവസാന മണിക്കൂറിൽ കോൺഗ്രസിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌ ബിജെപിയെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌. മൂന്ന്‌ പതിറ്റാണ്ടായി തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ അനുകൂലമായ നിലപാടാണ്‌ ഇവർ സ്വീകരിച്ചിരുന്നത്‌. ലിംഗായത്ത്‌ സമുദായത്തിലെ പ്രമുഖരെ തഴഞ്ഞ്‌ തീവ്രഹിന്ദുത്വത്തിലൂടെ തലമുറമാറ്റത്തിലൂടെയും കർണാടകത്തിൽ ഭരണത്തുടർച്ച നേടാനുള്ള മോദി–- അമിത്‌ സഖ്യത്തിന്റെ നീക്കത്തെ പരാജയപ്പെടുത്തുക എന്നതാണ്‌ ലിംഗായത്ത്‌ നിലപാട്‌.

ഫലത്തിൽ ബിജെപിയുടെ തീവ്രഹിന്ദുത്വവും കന്നഡികരുടെ മതനിരപേക്ഷ മനസ്സും തമ്മിലുള്ള പോരാട്ടമാണ്‌ നടക്കുന്നത്‌.  ദക്ഷിണേന്ത്യയിൽ ബിജെപി മൂന്നു തവണ അധികാരത്തിലെത്തിയെങ്കിലും സംഘപരിവാറിന്റെ തീവ്രഹിന്ദുത്വത്തെ കർണാടകം ഉൾക്കൊണ്ടിട്ടില്ല. കന്നഡികരുടെ മനസ്സിൽ പ്രാദേശിക സാമുദായിക, ജാതി ആശയങ്ങൾക്കാണ്‌ പ്രാമുഖ്യം. മഠങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രാദേശിക സമുദായങ്ങളുടെ സ്വാധീനം തീവ്രഹിന്ദുത്വ ശക്തികളുടെ നുഴഞ്ഞുകയറ്റത്തിന്‌ തടസ്സമാണ്‌. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്നെങ്കിലും അവർ ആർഎസ്‌എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പലപ്പോഴും  തെളിയിച്ചിട്ടുണ്ട്. ബി എസ്‌ യെദ്യൂരപ്പ, ജഗദീഷ്‌ ഷെട്ടാർ, ലക്ഷ്‌മൺ സാവന്ത്‌ ഉൾപ്പെടെയുള്ള നേതാക്കളിലൂടെയാണ്‌ ലിംഗായത്ത്‌ സമൂഹത്തിന്റെ പിന്തുണ ബിജെപി ഉറപ്പിച്ചിരുന്നത്‌.

എന്നാൽ, മോദി–-അമിത്‌ ഷാ സഖ്യം ഒന്നര വർഷംമുമ്പ്‌ യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കിയതും മുൻമുഖ്യമന്ത്രിയായ ജഗദീഷ്‌ ഷെട്ടാർക്കും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സാവന്തിനും സീറ്റ്‌ നിഷേധിച്ചതും ലിംഗായത്ത്‌ സമൂഹത്തെ ചൊടിപ്പിച്ചു. യെദ്യൂരപ്പയെ  പ്രചാരണത്തിൽ മുന്നിൽ നിർത്തിയെങ്കിലും ലിംഗായത്തുകളെ അധികം ആശ്രയിക്കാതെ വിശാലമായ ഹിന്ദുത്വ വോട്ട് അടിത്തറ സൃഷ്ടിക്കാൻ കഴിയുന്ന ഒരു പുതിയ സംസ്ഥാന നേതൃത്വത്തെ രൂപപ്പെടുത്തുകയാണ്‌ ബിജെപി.   ‘ഹിന്ദുത്വ അജൻഡയാണ്‌ തങ്ങൾ നടപ്പാക്കുന്നതെന്നും അതുകൊണ്ടുതന്നെ ലിംഗായത്ത്‌ സമൂഹത്തെ പ്രീണിപ്പിക്കേണ്ട ആവശ്യമില്ലെന്നുമുള്ള’ ബിജെപി സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ പ്രസ്‌താവന ലിംഗായത്തുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്‌.

പഴയ മൈസൂരു മേഖലയിൽ തീവ്രഹിന്ദുത്വത്തിലൂടെ വൊക്കലിഗ സമുദായത്തെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾക്കും തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നൂ. മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനെ വൊക്കലിഗ സേനാനികളായ ഉറി ഗൗഡയും നഞ്ചെ ഗൗഡയും കൊന്നുവെന്ന തെറ്റായ പ്രചാരണം ബിജെപി അഴിച്ചുവിട്ടിരുന്നു. ടിപ്പു സുൽത്താന്റെ കൊലപാതകത്തെക്കുറിച്ചുള്ള ബിജെപിയുടെ അവകാശവാദങ്ങൾ വൊക്കലിഗ സമുദായത്തിലെ പ്രധാന കേന്ദ്രമായ ആദിചുഞ്ചഗിരി മഠത്തിലെ നിർമലാനന്ദ നാഥ തള്ളിക്കളഞ്ഞിരുന്നു. ചരിത്രവും കെട്ടുകഥകളും തമ്മിൽ വ്യത്യാസമുണ്ടെന്നും 1799-ൽ ശ്രീരംഗപട്ടണത്തിൽ ടിപ്പുവിനെ ബ്രിട്ടീഷ് സൈന്യമാണ്‌ വധിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും നിർമലാനന്ദ നാഥ പറഞ്ഞിരുന്നു.  മുസ്ലിങ്ങളും വൊക്കലിഗ സമുദായവും നൂറ്റാണ്ടുകളായി സൗഹാർദത്തോടെയാണ് ജീവിക്കുന്നതെന്നും വ്യാജചരിത്രംകൊണ്ട് ഇത്‌ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മഠാധിപതി തുറന്നടിച്ചതോടെ ബിജെപി "ഉറി ഗൗഡ-, നഞ്ചെഗൗഡ' പ്രചാരണം അവസാനിപ്പിച്ചിരുന്നു.

പഴയ മൈസൂരു മേഖലയിൽ പ്രധാന വോട്ടുബാങ്കായ വൊക്കലിഗ സമുദായം ജെഡിഎസിനെയും കോൺഗ്രസിനെയുമാണ്‌ പരമ്പരാഗതമായി പിന്തുണയ്‌ക്കുന്നത്‌. വർഗീയ ചേരിതിരിവുണ്ടാക്കി, സമുദായത്തിൽ വിള്ളലുണ്ടാക്കി സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞ നാല്‌ വർഷമായി ബിജെപി ശ്രമിച്ചു. ടിപ്പു സുൽത്താൻ ഹിന്ദു വിരുദ്ധനാണെന്ന്‌ പ്രചരിപ്പിച്ച്‌ പലതവണ ഈ മേഖലയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ചു. കല്യാൺ കർണാടക,  മുംബൈ കർണാടക, സെൻട്രൽ കർണാടക എന്നിവിടങ്ങളിലൊന്നും  ബിജെപി പ്രകടനപത്രികയിൽ അവതരിപ്പിച്ച ഹിജാബ്, ലൗ ജിഹാദ്, ഏകീകൃത സിവിൽ കോഡ്, എൻആർസി തുടങ്ങിയവ  പ്രചാരണ വിഷയമായിരുന്നില്ല.

പല തെരഞ്ഞെടുപ്പ്‌ സർവേകളും കോൺഗ്രസിന്‌  ഭൂരിപക്ഷം ലഭിക്കുമെന്ന്‌ പ്രവചിച്ചിട്ടുണ്ട്‌. 80 മുതൽ 95 വരെ സീറ്റുകളാണ്‌ ബിജെപിക്ക്‌ നൽകുന്നത്‌. ഭരണവിരുദ്ധവികാരം കോൺഗ്രസിന് അനുകൂലമാകുമെന്നും പഴയ മൈസൂരു ഒഴികെയുള്ള മേഖലകളിൽ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരണമുണ്ടാകുമെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു. സർവേ ഫലങ്ങളെപ്പോലും അട്ടിമറിച്ച്‌ ഭൂരിപക്ഷമുറപ്പിക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയതന്ത്രം കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്‌. ലിംഗായത്ത് വിഭാഗത്തിന്റെ വോട്ട് നഷ്ടം നികത്താൻ ബിജെപി  മറ്റ്‌ മേഖലകളിലൂടെയും പണം ഒഴുക്കിയും  ശ്രമിച്ചിട്ടുണ്ട്‌. വിലക്കയറ്റം, കാർഷിക വിളകളുടെ വിലയിടിവ്, കർഷക സമരങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ബിജെപിക്ക്‌ തലവേദനയാണ്‌.

കർണാടകത്തിൽ തൂക്കുസഭയെന്ന് പ്രവചിക്കുന്ന ചില സർവേകൾ 35 സീറ്റ് വരെ ജെഡിഎസ് നേടുമെന്ന്‌ പറയുന്നു. ജെഡിഎസ്‌ പിന്തുണയോടെ നാല്‌ മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഐ എം ബാഗേപ്പള്ളിയിൽ വിജയം ഉറപ്പാക്കുന്നു.  മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻമുഖ്യമന്ത്രിമാരായ  സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, ജഗദീഷ്‌ ഷെട്ടാർ, പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാർ, ബിജെപി ദേശീയ ജനറൽസെക്രട്ടറി സി ടി രവി തുടങ്ങിയ പ്രമുഖർ ശക്തമായ മത്സരം നേരിടുന്നു. ബിജെപി –224, കോൺഗ്രസ്‌ –223, ജെഡിഎസ്‌–207,  എഎപി–209, സിപിഐ എം –4  എന്നിങ്ങനെയാണ്‌ പ്രധാന പാർടികൾ മത്സരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top