24 April Wednesday

‘ഡൽഹിയിലേക്കുള്ള പാത സംസ്ഥാനങ്ങളിലൂടെ’

വി ബി പരമേശ്വരൻUpdated: Monday May 15, 2023

‘നമുക്കെല്ലാം അറിയുന്നതുപോലെ ഡൽഹിയിലേക്കുള്ള പാത കടന്നുപോകുന്നത്‌ ലഖ്‌നൗവിലൂടെയാണ്‌’ എന്നു പറഞ്ഞത്‌ മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയാണ്‌. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ 2006 ഡിസംബറിൽ ലഖ്‌നൗവിൽ ചേർന്ന ബിജെപി നാഷണൽ കൗൺസിൽ യോഗത്തിലാണ്‌ വാജ്‌പേയി ഇങ്ങനെ പറഞ്ഞത്‌. ലഖ്‌നൗവിൽ അധികാരം പിടിക്കാതെ ഇന്ത്യയുടെ അധികാരം പിടിക്കാൻ കഴിയില്ലെന്ന സന്ദേശമാണ്‌ വാജ്‌പേയി ഇതിലൂടെ ബിജെപിക്ക്‌ നൽകിയത്‌. അതായത്‌ കേന്ദ്ര അധികാരം നേടണമെങ്കിൽ പ്രധാന സംസ്ഥാനങ്ങളിൽ അധികാരം പിടിക്കണമെന്നും അല്ലാതെ ബിജെപിക്ക്‌ ഡൽഹിയിൽ ഭരണം ഉറപ്പിക്കാനാകില്ലെന്നുമായിരുന്നു വാജ്‌പേയി പറഞ്ഞതിന്റെ അർഥം. ഏതായാലും യുപിയിൽ ഉൾപ്പെടെ ബിജെപി മുൻകൈ നേടിയപ്പോഴാണ്‌ മോദിക്ക്‌ ഡൽഹിയിൽ ഭരണം ഉറപ്പിക്കാനായതും ഹിന്ദുത്വ അജൻഡകൾ ഓരോന്നായി നടപ്പാക്കാനായതും.   

കർണാടകത്തിൽ ബിജെപി ദയനീയമായി തോറ്റ പശ്ചാത്തലത്തിൽ ‘ദ വയർ’ ഓൺലൈൻ വാർത്താ പോർട്ടലിൽ അജോയ്‌ ആശീർവാദ്‌ മഹാപ്രശസ്‌ത എഴുതിയത്‌ ‘ഡൽഹിയിലേക്കുള്ള പാതകൾ സംസ്ഥാനങ്ങളിലൂടെയാണ് ’ എന്നാണ്‌. അതു നൽകുന്ന സന്ദേശം ഇതാണ്‌. മോദിയെ ഡൽഹിയിൽനിന്ന്‌ ഇറക്കണമെങ്കിൽ സംസ്ഥാനങ്ങളിൽ ബിജെപിവിരുദ്ധ ശക്തികൾക്ക്‌ മേൽക്കൈ ലഭിക്കണം. 2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തും ബിജെപിവിരുദ്ധ ശക്തികളെ ഏകോപിപ്പിച്ച്‌ മൽസരിച്ചാൽ മാത്രമേ കേന്ദ്രത്തിലെ ബിജെപിയെ താഴെ ഇറക്കാൻ കഴിയൂ. ദേശീയതലത്തിൽ പ്രതിപക്ഷ മുന്നണി, അതിനൊരു പ്രധാനമന്ത്രി സ്ഥാനാർഥി എന്ന രീതിയിലുള്ള രാഷ്ട്രീയ പദ്ധതി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനേക്കാൾ ദുർബലപ്പെടുത്തുകയേ ഉള്ളൂവെന്നതാണ്‌ ഇന്ത്യൻ യാഥാർഥ്യം. ഐക്യമുന്നണി, ദേശീയ മുന്നണി, ഐക്യ പുരോഗമന സഖ്യം എന്നീ സർക്കാരുകൾ എല്ലാംതന്നെ തെരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിഞ്ഞുവന്ന മുന്നണികളാണ്‌. അതിനാൽ ആദ്യം വേണ്ടത്‌  സംസ്ഥാനാടിസ്ഥാനത്തിൽ ബിജെപിവിരുദ്ധ ശക്തികളെ പരമാവധി ഏകോപിപ്പിച്ചു നിർത്തി മോദിയുടെ പാർടിക്ക്‌ സീറ്റ്‌ കുറയ്‌ക്കുക എന്നതാണ്‌. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ജയിച്ചതിന്റെ പശ്‌ചാത്തലത്തിൽ പ്രതിപക്ഷ മുഖം കോൺഗ്രസാണെന്നു പറഞ്ഞ്‌ അവരെ മുൻനിർത്തി ഒരു സഖ്യരൂപീകരണത്തിന്‌ പുറപ്പെട്ടാൽ പല പ്രാദേശിക കക്ഷികളും അതിന്റെ ഭാഗമാകില്ല. സമാജ്‌വാദി പാർടി, ബിആർഎസ്‌, ടിഎംസി തുടങ്ങി പല കക്ഷികളും കോൺഗ്രസുമായി കൈകോർക്കാൻ താൽപ്പര്യമില്ലെന്ന്‌ ഇപ്പോഴേ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ വർഷം കണ്ണൂരിൽ ചേർന്ന സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ അടിവരയിട്ട്‌ പറഞ്ഞത്‌ സംസ്ഥാനാടിസ്ഥാനത്തിൽ എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും പരമാവധി കൂട്ടിയോജിപ്പിക്കലാണ്‌ പ്രായോഗികമായ രാഷ്ട്രീയം എന്നാണ്‌. പതുക്കെയാണെങ്കിലും ഈ ആശയത്തിനോടൊപ്പമാണ്‌ ഭൂരിപക്ഷം പ്രാദേശിക കക്ഷികളും നിലയുറപ്പിക്കുന്നത്‌.

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതേപടി ആവർത്തിക്കാറില്ലെന്ന്‌ മാത്രമല്ല, നേരേമറിച്ചുള്ള ജനവിധിയും ഉണ്ടാകാറുണ്ട്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ആറു മാസംമുമ്പ്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ്‌ മധ്യപ്രദേശും ഛത്തീസ്‌ഗഢും രാജസ്ഥാനും. മൂന്നിടത്തും കോൺഗ്രസാണ്‌ ജയിച്ചത്‌. എന്നാൽ, കോൺഗ്രസിന്റെ പ്രവർത്തകസമിതി അംഗം ഉൾപ്പെടെ കൂറുമാറിയപ്പോൾ മധ്യപ്രദേശ്‌ ഭരണം കോൺഗ്രസിന്‌ പിന്നീട് നഷ്ടമായി. മൂന്നിടത്തുംകൂടി 65 ലോക്‌സഭാ സീറ്റുണ്ടായിരുന്നു. എന്നാൽ, ഇതിന്റെ മൂന്നു ശതമാനം സീറ്റ്‌ മാത്രമാണ്‌ കോൺഗ്രസിന്‌ ലഭിച്ചത്‌. മൂന്നു സംസ്ഥാനത്തുംകൂടി ലഭിച്ചത്‌ രണ്ട്‌ സീറ്റ്‌ മാത്രം.രാജസ്ഥാനിൽ ഒരുസീറ്റുപോലും ലഭിച്ചില്ല.  അതായത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച അഹങ്കാരത്തിൽ മറ്റ്‌ മതനിരപേക്ഷ കക്ഷികളെ വിശ്വാസത്തിലെടുക്കാൻ തയ്യാറാകാതെ മത്സരിച്ചതിന്റെ തിക്തഫലമാണ്‌ കോൺഗ്രസിന്‌ ലഭിച്ചത്‌. ഈ രാഷ്ട്രീയ മണ്ടത്തരം ആവർത്തിക്കരുതെന്നർഥം. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ നിൽക്കാൻ തയ്യാറാകുന്ന എല്ലാ കക്ഷികളെയും കൂട്ടിയോജിപ്പിക്കാൻ അതത്‌ സംസ്ഥാനത്തെ പ്രധാന കക്ഷികൾ തയ്യാറാകണം.

കേരളം ഒഴിച്ചുള്ള മറ്റ്‌ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളാണ്‌ നേതൃത്വത്തിലുള്ളത്‌. അതായത്‌ കോൺഗ്രസിനേക്കാളും ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ മികവ്‌ കാട്ടുന്നത്‌ പ്രാദേശിക കക്ഷികളാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതാണ്‌ സ്ഥിതി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്‌ ഒരു പ്രധാന വിജയം നേടുന്നത്‌ കർണാടകത്തിലാണ്‌. ഇതോടെ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനേ കഴിയൂ എന്ന പൊള്ളയായ അവകാശവാദം പലകോണുകളിൽനിന്നും ഉയരുന്നുണ്ട്‌. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ആഖ്യാനമാണിത്‌. 2019ൽ ബിജെപി തനിച്ച്‌ ഭൂരിപക്ഷം നേടിയതിനുശേഷം അരഡസനിലധികം സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെട്ടിട്ടുണ്ട്‌. ബിഹാർ, പശ്‌ചിമബംഗാൾ, ഡൽഹി, പഞ്ചാബ്‌, തമിഴ്‌നാട്‌, ജാർഖണ്ഡ്‌, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്‌, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക്‌ അധികാരത്തിൽ വരാനായില്ല. (ഇതിൽ മഹാരാഷ്ട്ര മാത്രമാണ്‌ കാലുമാറ്റത്തിലൂടെ ബിജെപിക്ക്‌ തിരിച്ചുപിടിക്കാൻ കഴിഞ്ഞത്‌.) ഇതിൽ ഹിമാചലും കർണാടകവും മാത്രമാണ്‌ കോൺഗ്രസിന്‌ സ്വന്തം നിലയിൽ അധികാരത്തിൽ വരാൻ കഴിഞ്ഞത്‌. കേരളം ഒഴിച്ചുള്ള മറ്റ്‌ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളാണ്‌ നേതൃത്വത്തിലുള്ളത്‌. അതായത്‌ കോൺഗ്രസിനേക്കാളും ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ മികവ്‌ കാട്ടുന്നത്‌ പ്രാദേശിക കക്ഷികളാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതാണ്‌ സ്ഥിതി.

ഹിന്ദിമേഖലയിൽ ബിജെപിക്ക്‌ ഭരണമുള്ള ആറ്‌ സംസ്ഥാനത്തിൽ യുപിയും മഹാരാഷ്ട്രയും ഒഴിച്ചുള്ള നാല്‌ സംസ്ഥാനത്തും പ്രധാന പ്രതിപക്ഷ കക്ഷി കോൺഗ്രസാണ്‌. (ഉത്തരാഖണ്ഡ്‌, ഗുജറാത്ത്‌, ഹരിയാന, മധ്യപ്രദേശ്‌) സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. ഇതിന്‌ മാറ്റം വരണമെങ്കിൽ ഈ സംസ്ഥാനങ്ങളിലെ ബിജെപിവിരുദ്ധ കക്ഷികളെ മുഴുവൻ ഉൾക്കൊള്ളാനുള്ള വലിയ മനസ്സ്‌ കോൺഗ്രസിനുണ്ടാകണം. വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചുള്ള തന്ത്രം പ്രതിപക്ഷ കക്ഷികൾ ആവിഷ്‌കരിച്ചാൽ മാത്രമേ ബിജെപിയെ തോൽപ്പിക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top