20 April Saturday

മോദിയുടെ മൂന്നാമൂഴമുണ്ടായാൽ വൻ ദുരന്തം - കരൺ ഥാപ്പർ പരകാല പ്രഭാകറുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്‌തഭാഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളുടെ നിശിത വിമർശകനാണ്‌ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ. തന്റെ പുതിയ പുസ്‌തകമായ ‘ദ ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’യിലൂടെ ബിജെപിയുടെ സാമ്പത്തികനയങ്ങളിലെ അബദ്ധങ്ങളും അവർ മുന്നോട്ടു വയ്‌ക്കുന്ന രാഷ്‌ട്രീയത്തിലെ അപകടങ്ങളും ജനവിരുദ്ധതയും അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്‌. മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ ‘ദ വയർ’ വാർത്താ പോർട്ടലിനുവേണ്ടി പരകാല പ്രഭാകറുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്‌തഭാഗങ്ങളാണ്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌

കരൺ ഥാപ്പർ
പുസ്തകത്തിന്റെ ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ വിമർശങ്ങൾ ഉയർത്തുകയാണോ താങ്കളുടെ ചുമതല

പരകാല പ്രഭാകർ
രാജ്യം റിപ്പബ്ലിക്കിന്റെ മൂല്യങ്ങളിൽനിന്നും അതിന്റെ അടിസ്ഥാന തത്വങ്ങളിൽനിന്നും മാറി ആശങ്കയിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. വടക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും കണ്ടുശീലിച്ച രാഷ്ട്രീയസംഭവങ്ങളും തെരുവ് ദൃശ്യങ്ങളും അപകടകരമായ രീതിയിൽ തെക്കൻ സംസ്ഥാനങ്ങളിലേക്കും പടരുന്നു. ഇതെന്നെ ചിന്തിപ്പിച്ചു. എന്താണ്‌ ഇതിലേക്ക്‌ നയിച്ച കാരണങ്ങൾ. നല്ലതൊന്നും താങ്കൾ കാണുന്നില്ലേ... വിമർശം ഉയർത്താതെ ബദൽ നിർദേശിക്കൂ എന്ന്‌ ആളുകൾ ചോദിക്കാറുണ്ട്. ബദൽ നിർദേശിച്ചാൽ മാത്രമേ വിമർശിക്കാൻ കഴിയൂയെന്ന്‌ ഞാൻ കരുതുന്നില്ല. ബദൽ തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ ബാധിക്കുന്ന തെറ്റായ പ്രവണതകളെ തുറന്നു കാണിക്കുകയാണ് ഞാൻ ചെയ്യുന്നത്.

വർത്തമാനകാല ഇന്ത്യ, ഹിന്ദുത്വം,  മോദി സർക്കാരിന്റെ ഭരണം എന്നിവയെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനുമുമ്പ്‌ പ്രതിസന്ധി നേരിടുന്ന സാമ്പത്തികമേഖലയെക്കുറിച്ച് നമുക്ക്‌ സംസാരിക്കാം. 1990നു ശേഷം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം വർധിച്ചു, തൊഴിലില്ലായ്‌മ പെരുകുന്നു, സാമ്പത്തികവളർച്ച കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്ക് മടങ്ങാനൊരുങ്ങുന്നു എന്നൊക്കെയാണ്‌ താങ്കൾ പറഞ്ഞത്‌. എന്നാൽ, മോദിയും കേന്ദ്രമന്ത്രിമാരും പറയുന്നത്‌ നേർ വിപരീതവും
സർക്കാരിന്റെ വാദങ്ങൾ പൊള്ളയാണ്‌. മാന്ദ്യമല്ലെങ്കിലും മൊത്തം ആഭ്യന്തരോൽപ്പാദന വളർച്ച കോവിഡിന് മുമ്പുതന്നെ മന്ദഗതിയിലായിരുന്നു. കോവിഡ്‌ കാലത്ത്‌ മാന്ദ്യത്തിലേക്കെത്തി. അപ്പോൾ ഡിമാൻഡിനേക്കാളും സപ്ലൈ സൈഡിൽ ഊന്നിയ തെറ്റായ നയം സർക്കാർ സ്വീകരിച്ചു. എന്നാൽ, പ്രതിസന്ധി ഡിമാൻഡ്‌ സൈഡിലായിരുന്നു. അതിനാൽ കോവിഡിനു മുമ്പുള്ള സാമ്പത്തിക സ്ഥിതിയിലേക്കെത്താൻപോലും നമുക്ക് കഴിയുന്നില്ല. താഴേക്ക് പതിച്ച സമ്പദ്‌ഘടനയിലെ നേരിയ ചലനംപോലും വലിയ വളർച്ചയായി ചിത്രീകരിച്ച്‌ മന്ത്രിമാരും സർക്കാർ വക്താക്കളും ആളുകളുടെ കണ്ണിൽ പൊടിയിടുകയാണ്‌.

മോദി വിമർശത്തിന്റെ അടുത്ത പടിയായി പുസ്തകത്തിൽ സൂചിപ്പിക്കുന്നത്‌ ‘മോദി ഭരണത്തിന്റെ കഴിവുകേട്‌ കൊണ്ടാണ്‌ രാജ്യത്ത്‌ സാമ്പത്തികപ്രതിസന്ധി ഉണ്ടായത്‌ എന്നാണ്‌, ചിന്തിതവും യോജിച്ചതുമായ സാമ്പത്തികനയം രൂപീകരിക്കാൻ ബിജെപിക്ക്‌ കഴിഞ്ഞില്ല’ എന്നാണ്‌. കഴിവുകേടെന്ന് പറയുമ്പോൾ താങ്കൾ ആരെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌.
വ്യക്തിയെക്കുറിച്ചല്ല പറയുന്നത്. തുടക്കംമുതൽ ബിജെപിക്ക് ചിന്തിതവും യോജിച്ചതുമായ സാമ്പത്തികനയം രൂപീകരിക്കാനായില്ല. എന്താണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്ന സാമ്പത്തികനയം? 1980ൽ ഗാന്ധിയും സോഷ്യലിസവുമാണ് തങ്ങളുടെ ശൈലിയെന്നായിരുന്നു അവർ പറഞ്ഞത്‌. 1991ലെ സാമ്പത്തികനയങ്ങളെ അവർ എതിർത്തിരുന്നു. ഇപ്പോൾ ആഭിചാരക്കാരായ സാമ്പത്തിക വിദഗ്ധരാണ് അവരുടെ ഉപദേശകർ. കള്ളപ്പണം ഇല്ലാതാക്കാൻ വിനാശകരമായ നോട്ടുനിരോധനം നടപ്പാക്കി.

കഴിവുകേടെന്ന് വിശേഷിപ്പിച്ചത്‌ മോദി സർക്കാരിനെക്കുറിച്ചാണ്‌. പ്രധാനമന്ത്രിയും കഴിവില്ലാത്തവനാണെന്ന്‌ അതിനർഥമുണ്ടോ
സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത്‌ പ്രധാനമന്ത്രിയാണല്ലോ. ഇത്‌ മോദി സർക്കാർ എന്നല്ലേ അറിയപ്പെടുന്നത്‌

പ്രധാനമന്ത്രിക്ക്‌ സാമ്പത്തിക കാര്യത്തിൽ കഴിവില്ല എന്നാണോ താങ്കൾ പറയുന്നത്‌?
സാമ്പത്തിക കാര്യത്തിൽ മാത്രമല്ല,  രാജ്യത്ത്‌ ആഴത്തിൽ വേരിറങ്ങിയ വർഗീയതയും വിഭജനവാസനയും പുറത്തെടുത്തു എന്നതൊഴികെ മറ്റെല്ലാത്തിലും പ്രധാനമന്ത്രി കഴിവില്ലാത്തവനാണ്‌.

നരേന്ദ്ര മോദി സാമ്പത്തികകാര്യത്തിൽ മാത്രമല്ല, ഒട്ടുമിക്ക മേഖലയിലും കഴിവില്ലാത്തവനാണെന്നാണ് താങ്കൾ പറഞ്ഞത്‌. വ്യക്തമാക്കാമോ
അതെ, അങ്ങനെതന്നെയാണ്‌.

ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയും നിർമല സീതാരാമനും കഴിവില്ലാത്തവരാണോ?
വ്യക്തികളെ വിലയിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

പക്ഷേ, പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞല്ലോ
പറഞ്ഞു. പ്രധാനമന്ത്രിയാണ്‌ സർക്കാരിന്റെ മുഖം. അതുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞത്.

ചുരുക്കത്തിൽ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ കുത്തഴിഞ്ഞതാണെന്നാണ് താങ്കൾ പറയുന്നത്. അപ്പോൾ രാജ്യത്ത് പണിത കക്കൂസുകൾ, ആശുപത്രികൾ, വീടുകൾ, പാചകവാതക സബ്‌സിഡി, കർഷകർക്കായുള്ള പദ്ധതി, യുപിഐ പേമെന്റ് തുടങ്ങിയവ താങ്കൾ കാണുന്നില്ലേ
നല്ലതൊന്നും ഇല്ലെന്നല്ല ഞാൻ പറഞ്ഞത്. തൊഴിലില്ലായ്മ നിരക്ക് ഏഴ്‌ ശതമാനമാണ്‌. യുവജനങ്ങളിൽ തൊഴിലില്ലായ്മ 18 ശതമാനത്തിനും മുകളിലാണ്‌. പണപ്പെരുപ്പം ആറോ ഏഴോ ശതമാനമാണ്. ഓഹരികൾ വിൽക്കുന്നതിലും മുൻഗണന നിർണയിക്കുന്നതിലും എല്ലാംതന്നെ തെമ്മാടിത്തം നിറഞ്ഞ സമീപനമുണ്ട്‌. കറൻസി ഡിജിറ്റലൈസേഷൻ പോലുള്ളവ ഇതുമായി ബന്ധപ്പെടുത്താനാകില്ല.

ലോകത്തെ സ്മാർട്ട്‌ഫോൺ നിർമാണത്തിൽ 19 ശതമാനം ഇന്ത്യയിലാണ്‌. ആപ്പിൾ ഫോണിന്റെ നിർമാണം, കയറ്റുമതി എന്നിവയിൽ നാലു മടങ്ങ് വർധന ഉണ്ടായി. ചൈനയുടെ എതിരാളിയായി ഇന്ത്യ വളരുന്നുവെന്ന്‌ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നല്ലോ. ഇതിലൊന്നും സർക്കാരിനെ നിങ്ങൾ അഭിനന്ദിക്കുന്നില്ലേ.
വാൾസ്ട്രീറ്റിന്റെ റിപ്പോർട്ടിന്റെ പേരിൽ അഭിമാനിക്കുകയാണെങ്കിൽ രാജ്യത്ത്‌ വർധിക്കുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ഓക്‌സ്ഫാം റിപ്പോർട്ടിലും അഭിമാനിക്കേണ്ടിവരും. സ്മാർട്ട്‌ഫോൺ വിപണിയിലെ എണ്ണമാണോ യഥാർഥത്തിൽ വികസനത്തിന്റെ അളവുകോലായി കാണേണ്ടത്‌.

വളരെ കുറച്ചാളുകളിലേക്ക്‌ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയും ഭൂരിപക്ഷം അതിദരിദ്രരാകുകയും ചെയ്യുന്നതിനെക്കുറിച്ചാണ്‌ ഓക്‌സ്ഫാം റിപ്പോർട്ട്.
അതെ. കഴിഞ്ഞ ഏഴോ എട്ടോ വർഷമായുള്ള സ്ഥിതിയാണിത്‌. മോദി സർക്കാരിന്റെ കാലത്തുണ്ടായ ഈ തെറ്റിന്‌ അവർ ക്രെഡിറ്റ് എടുക്കുമോയെന്നറിയില്ല. ആപ്പിൾ ഫോൺ നിർമാണവർധന ചെറിയ വശം മാത്രമാണ്.

മോദി സർക്കാരിന്റെ രാഷ്ട്രീയ തത്വശാസ്‌ത്രമെന്ന്‌ താങ്കൾ പുസ്‌തകത്തിൽ വിശേഷിപ്പിച്ച ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കാം.
മോദി സർക്കാരിന്റെ ‘ജനകീയത’ സാമ്പത്തികനയത്തിലോ മറ്റ്‌ പ്രവർത്തനത്തിലോ അല്ല,  മറിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ അജൻഡയിൽ ജനങ്ങളെ കൊണ്ടുവരുന്നതിലാണ്‌. പത്തു വർഷം മുമ്പുവരെ രാഷ്ട്രീയ ചർച്ചയിലെ പ്രധാന പ്രയോഗം മതനിരപേക്ഷതയായിരുന്നു. എന്നാൽ, ഇന്ന്‌ ഹിന്ദുത്വയാണ്. മോദിക്കു കീഴിലെ ബിജെപി മതനിരപേക്ഷതയെ പൂർണമായും തിരസ്‌കരിച്ചു.

‘അനിയന്ത്രിതമായ അധികാരത്തിൽ സർക്കാർ ഭ്രമിച്ചു. അടിയന്തരാവസ്ഥയുടെ കാലത്തുപോലുമില്ലാത്ത അന്തരീക്ഷമാണിപ്പോൾ’ എന്ന്‌ താങ്കൾ പുസ്‌തകത്തിൽ പറഞ്ഞു. നിങ്ങൾക്ക്‌ പുസ്തകം പ്രസിദ്ധീകരിക്കാം, മോദിയെ വിമർശിക്കാം, കഴിവില്ലാത്തവനെന്ന്‌ വിളിക്കാം, അഭിമുഖസംഭാഷണം നടത്താം. ഇത്‌ കാണുന്ന ജനങ്ങൾ പറയില്ലേ താങ്കൾ ഇല്ലാത്തത്‌ ഊതിപ്പെരുപ്പിക്കുകയാണെന്ന്?
ഈ പുസ്തകം പൂർത്തീകരിക്കൽ എനിക്കൊട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് വ്യക്തികളെ കണ്ടു. എല്ലാവരും മാന്യമായി ഒഴിഞ്ഞുമാറി. സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നത് സംസാരിക്കാൻ കഴിയുമോ എന്നതിലല്ല, സംസാരം കഴിഞ്ഞാൽ നമുക്ക്‌ എന്ത്‌ സംഭവിക്കും എന്നതാണ്‌.

അഭിമുഖത്തിനുശേഷം നമുക്ക്‌ എന്തെങ്കിലും സംഭവിച്ചേക്കാം എന്നാണോ
അതേ, വിധികർത്താക്കൾ പുറത്തുണ്ട്.

ഉപസംഹാരത്തിൽ ഇന്ത്യയെ തിരികെ പിടിക്കാൻ കഴിയുമെന്നും ഒരവസരമെങ്കിലും ബാക്കിയുണ്ടെന്നുമല്ലേ താങ്കൾ ഉദ്ദേശിക്കുന്നത്‌
നമുക്കതിന് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ തിരികെപ്പിടിക്കാൻ കഴിയുമെന്നാണ്‌ വിശ്വാസം. സമ്പദ്‌വ്യവസ്ഥയെ കുറിച്ചല്ല ജനങ്ങളെക്കുറിച്ചാണ്‌ ഞാൻ പറയുന്നത്‌. പ്രത്യേകവിഭാഗത്തിൽ ജനിച്ചതിന്റെ പേരിൽ കൊല്ലപ്പെടാനോ, രണ്ടാംതരം പൗരന്മാരാകാനോ പാടില്ല. ബിജെപിയുടെ ഈ നയങ്ങളെ തള്ളണോ അതോ പ്രോത്സാഹിപ്പിക്കണമോ എന്നതാണ് നമുക്ക്‌ മുന്നിലുള്ള ചോദ്യം.

അവസാനമായി ഒരുചോദ്യം.  2024ൽ മൂന്നാംതവണയും മോദി അധികാരത്തിലെത്തിയാൽ എന്താണ്‌ സംഭവിക്കുക
അതൊരു തകർച്ചയായിരിക്കും. വലിയ തകർച്ച. ഇന്ത്യ എന്ന ആശയത്തിന്റെ തകർച്ച. ജനാധിപത്യവും മതനിരപേക്ഷതയും വൈവിധ്യങ്ങളുമെല്ലാം ഇല്ലാതാകും. ഒരു രാജ്യം, ഒരു മതം, ഒരു രാഷ്‌ട്രീയം, ഒരു ഭാഷ... എല്ലാം ഒന്നിലേക്ക്‌ ചുരുങ്ങി മറ്റെല്ലാം അപകടത്തിലാകും. മോദിയുടെ മൂന്നാമൂഴം വലിയ ദുരന്തമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top