25 May Wednesday

വിസി നിയമനത്തിൽ വിവാദമെന്തിന്‌ - പിഡിടി ആചാരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 20, 2021

കണ്ണൂർ സർവകലാശാല ​വൈസ്ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച വിവാദം ​ഗവർണറും കേരള സർക്കാരും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുന്നതാണ് നാമിന്നു കാണുന്നത്. ​ഗവർണറുടെ പ്രസ്താവനകൾ അസാധാരണത്വം നിറഞ്ഞവയാണ്.  ചാനൽ ചർച്ചകളിലൂടെയും പത്രങ്ങളിലൂടെയും പ്രകടമാകുന്ന തീക്ഷ്‌ണമായ രാഷ്ട്രീയാഭിപ്രായ പ്രകടനങ്ങളൊക്കെ ഒന്നുമാറ്റിവച്ച്‌  വിഷയം  വ്യക്തമായി മനസ്സിലാക്കാനുള്ള   ശ്രമം നടത്തേണ്ടത്‌ ആവശ്യമാണെന്ന് തോന്നുന്നു.

കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർക്ക് ഒരു പ്രാവശ്യംകൂടി ആ പദവിയിൽ തുടരാനുള്ള ഉത്തരവ് ഒപ്പുവച്ചതിനുശേഷം ചാൻസലറായ ​ഗവർണർ നടത്തിയ പ്രസ്‌താവനയിൽ  രാഷ്ട്രീയമായ സമ്മർദമുണ്ടായിരുന്നെന്നും ഇതിനി സഹിക്കാൻ വയ്യെന്നും താൻ ചാലൻസലർ സ്ഥാനം ഒഴിയുകയാണെന്നും മറ്റും അദ്ദേഹം പറയുകയുണ്ടായി. ഒന്നാമത്തെക്കാര്യം ചാൻസലർപദവി എക്‌സ്‌ ഒഫിഷ്യോ പദവിയാണ്. അതായത്, നിയമമനുസരിച്ച് ആര് ​ഗവർണറായാലും അദ്ദേഹം സർവകലാശാലയുടെ ചാൻസലറായിരിക്കും. ​ഗവർണർ സ്ഥാനമൊഴിഞ്ഞാൽ  പദവിയും തീരും. ​ഗവർണർസ്ഥാനത്തിരിക്കുന്നിടത്തോളംകാലം ആരിഫ് മൊഹമ്മദ്ഖാൻ ചാൻസലറായിരിക്കും. അപ്പോൾപ്പിന്നെ ചാൻസലർ സ്ഥാനമൊഴിയുമെന്ന്‌ പറയുന്നതിൽ അർഥമില്ല. അല്ലെങ്കിൽ നിയമത്തിൽ ഭേ​​ദ​ഗതി കൊണ്ടുവരണം.

വിഷയം പക്ഷേ, അതല്ല. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ വീണ്ടും നിയമിക്കണമെന്നു പറഞ്ഞുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശയാണ്  വിവാദം ചൂടുപിടിപ്പിച്ചിരിക്കുന്നത്. മന്ത്രിക്ക്‌ ഇപ്രകാരം ശുപാർശ ചെയ്യാൻ അധികാരമില്ലെന്നും അവർ കാണിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും  രാജിവച്ച് പുറത്തുപോകണമെന്നും മറ്റുമുള്ള ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടിരിക്കുകയാണ്. ഈ വിഷയം സർവകലാശാല നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

കണ്ണൂർ സർവകലാശാലാ നിയമം 1996ലാണ് നിലവിൽവന്നത്. ആ നിയമമനുസരിച്ച് വൈസ്ചാൻസലറെ നിയമിക്കുന്നത് ​ഗവർണറായ ചാൻസലറാണ്. ഒരുകാര്യം   പ്രത്യേകം ഓർമിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളിൽ ​ഗവർണർ മന്ത്രിസഭയുടെ തീരുമാനമനുസരിച്ചുമാത്രം പ്രവർത്തിക്കേണ്ടയാളാണ്. എന്നാൽ, സർവകലാശാലാ ചാൻസലർ എന്നനിലയിൽ അദ്ദേഹത്തിന് നിയമനങ്ങൾ നടത്താൻ പൂർണഅധികാരമുണ്ട്‌. മന്ത്രിസഭയുടെ

തീരുമാനങ്ങൾ അനുസരിക്കേണ്ട ബാധ്യതയില്ല. അദ്ദേഹം സ്വതന്ത്രനാണ്. വൈസ്ചാൻസലറെ തെരഞ്ഞെടുക്കുന്നതിന്  സമിതിയെ നിയമിക്കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. സെനറ്റ് തെരഞ്ഞെടുക്കുന്ന ഒരാളും യൂണിവേഴ്സിറ്റി ​ഗ്രാന്റ്സ് കമീഷൻ ചെയർമാൻ നോമിനേറ്റു ചെയ്യുന്ന ഒരാളും ചാൻസലർ തെരഞ്ഞെടുക്കുന്ന ഒരാളുംകൂടി അടങ്ങുന്ന സമിതിയാണ് ഇത്‌.  സമിതി ശുപാർശചെയ്യുന്ന പാനലിൽനിന്നാണ് ചാൻസലർ വൈസ് ചാൻസലറെ നിയമിക്കുന്നത്. സർവകലാശാല നിയമത്തിന്റെ 10–--ാം വകുപ്പനുസരിച്ച് വൈസ് ചാൻസലറായി നിയമിക്കുന്ന വ്യക്തിക്ക്‌ 60 വയസിൽ കൂടുതലാകാൻ പാടില്ല. കാലാവധി നാലുവർഷമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും വൈസ്ചാൻസലറായി നിയമിക്കപ്പെടുന്നയാളിന് ഒരു പ്രാവശ്യംകൂടി നിയമിക്കപ്പെടാനുള്ള അർഹതയുണ്ടെന്നും നിയമം പറയുന്നു. 

ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വൈസ് ചാൻസലറുടെ നിയമനത്തിന്റെ നടപടിക്രമങ്ങൾ നിയമത്തിൽ വിവരിക്കപ്പെടുന്നുണ്ടെങ്കിലും പുനർനിയമനത്തിന്റെ നടപടിക്രമത്തെക്കുറിച്ച് അതിലൊന്നും പറയുന്നില്ല. പുനർനിയമനത്തിന് അർഹനായിരിക്കും എന്നുമാത്രമാണ് അതിൽ പറയുന്നത്. പുനർ നിയമനത്തിനും അതേ നടപടിക്രമം പാലിക്കണമെന്ന്‌ വേണമെങ്കിൽ വാദിക്കാം. അങ്ങനെയായിരുന്നെങ്കിൽ നിയമത്തിൽ അതു വ്യക്തമായി പറയാമായിരുന്നു. ​ഗവർണർ ആവർത്തിച്ചു പറയുന്നത് വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നത് സമിതിയാണെന്നാണ്. ശരിയാണ് പക്ഷേ, പുനർനിയമനത്തിന്റെ കാര്യത്തിൽ അത് ശരിയല്ല. നിയമത്തിൽ പറയുന്നത് വൈസ്ചാൻസലർ പുനർ നിയമനത്തിന് അർഹനാണ് എന്നാണ്. സമിതി തീരുമാനിക്കുന്നത് നിയമിക്കപ്പെടേണ്ടയാളിന്റെ യോ​ഗ്യതയാണ് (സ്യൂട്ടബിലിറ്റി). പുതുതായി നിയമിക്കപ്പെടേണ്ടയാളിന്റെ യോ​ഗ്യതാണ് അവർ പരിശോധിക്കുന്നത്. നാല്‌ വർഷം വൈസ് ചാൻസലറായി പ്രവർത്തിച്ച ഒരാളിന്റെ യോ​ഗ്യത മൂന്നം​ഗ സമിതിയല്ല തീരുമാനിക്കേണ്ടത് എന്നുള്ളത്‌ വ്യക്തമാണ്‌. അതിന്‌ സമിതിയുടെ ആവശ്യമില്ല. അതു തീരുമാനിക്കാനുള്ള ബാധ്യത ചാൻസലർക്കാണ്. കാരണം വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുന്ന വ്യക്തികളുടെ പ്രവർത്തനമികവ് വിലയിരുത്തേണ്ടത് അദ്ദേഹമാണ്, സമിതിയല്ല. അതുകൊണ്ടാണ്, നിയമത്തിൽ പുനർനിയമനത്തിനുവേണ്ടി പ്രത്യേകം നടപടിക്രമങ്ങൾ ഉൾക്കൊള്ളിക്കാതിരുന്നത്.

ഇനി ചാൻസലർ എങ്ങനെയാണീ ദൗത്യം നിറവേറ്റുന്നത്? വേണമെങ്കിൽ അ​ദ്ദേഹത്തിന് തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പുനർനിയമനം നടത്താം. അല്ലെങ്കിൽ വൈസ് ചാൻസലറായി പ്രവർത്തിക്കുന്നയാളിന്റെ അപേക്ഷയിൽ തീരുമാനമെടുക്കാം. അതുമല്ലെങ്കിൽ നിലവിലിരിക്കുന്ന ​ഗവൺമെന്റിന്റെ ശുപാർശ പരി​ഗണിച്ച് അ​ദ്ദേ​ഹത്തെ നിയമിക്കാം. നിയമനാധികാരം പൂർണമായും ചാൻസലറിൽ നിക്ഷിപ്തമായിരിക്കുന്നതുകൊണ്ട് മറ്റുള്ളവർക്ക്‌ നിർദേശങ്ങൾ (സജഷൻ) സമർപ്പിക്കാൻ മാത്രമേ സാധിക്കൂ. നിയമനം നടത്താൻ തീരുമാനിക്കാനുള്ള അധികാരം ചാൻസലർക്കുമാത്രമാണ്.

വി​​ദ്യാഭ്യാസമന്ത്രിയുടെ ശുപാർശയാണല്ലോ വലിയ വിവാദമായിരിക്കുന്നത്. ​ഗവൺമെന്റിന് ചാൻസലറുടെ നിയമനാധികാരത്തിന്റെമേൽ‍ ഒരു നിയന്ത്രണവുമില്ലാത്തതുകൊണ്ട് ഇത്‌ വെറും സജഷൻ മാത്രമാണ്. ഉന്നതവിദ്യാഭ്യാസമന്ത്രി സർവകലാശാലയുടെ പ്രൊ ചാൻസലറാണ്‌, എക്‌സ്‌ ഒഫിഷ്യോ അടിസ്ഥാനത്തിൽ. പക്ഷേ, പ്രൊ ചാൻസലർ ആയതുകൊണ്ട്‌ അവർക്ക് ​ഗവൺമെന്റിന്റെ പേരിൽ ഒരു നിർദേശം വയ്ക്കാനുള്ള അവകാശം നഷ്ടപ്പെടുന്നില്ല. പുനർനിയമന കാര്യത്തിൽ വൈസ് ചാൻസലറുടെ പ്രവർത്തനമികവിനെക്കുറിച്ചുള്ള തങ്ങളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിർദേശം ചാൻസലറുടെ മുമ്പിൽ വയ്ക്കാനുള്ള എല്ലാ അവകാശവും നിലവിലിരിക്കുന്ന ​ഗവൺമെന്റിനുണ്ട്. ആ നിർദേശം അഥവാ ശുപാർശ ​ഗവർണർക്ക് തള്ളിക്കളയാം. തള്ളിക്കളഞ്ഞിട്ട് സമിതിയെ നിയമിച്ച് മറ്റൊരു വൈസ് ചാൻസലറെ നിയമിക്കാനുള്ള എല്ലാ അധികാരവും ചാൻസലറായ ​ഗവർണർക്കുണ്ട്.
 

ഇക്കാര്യത്തിൽ ​ഗവൺമെന്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായാലും തന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായാലും ​ഗവർണർ പുനർനിയമന ഉത്തരവ്‌ പുറപ്പെടുവിച്ചു.  വിപരീത തീരുമാനമെടുക്കാൻ അധികാരമുണ്ടായിരിക്കെ, പുനർനിയമന ഉത്തരവ് പുറപ്പെടുവിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയായിരിക്കും എന്നുമാത്രമേ വിശ്വസിക്കാനാകൂ. അപ്പോൾപ്പിന്നെ ഈ വിവാദങ്ങൾ എന്തിനെന്ന് സമൂഹത്തിന് ചോദിക്കേണ്ടിവരും.  കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ചുള്ള എല്ലാ കാര്യവും പുനർനിയമന ഉത്തരവാകാം, സർവകലാശാലാ നിയമത്തിന്റെ പരിധിയിൽ വരുന്നതുതന്നെയെന്നു കാണാം. ​ഗവൺമെന്റിന് സർവകലാശാലയുടെ നടത്തിപ്പിൽ ഒരു പങ്കും ഉണ്ടാകാൻ പാടില്ലെന്ന് ശഠിക്കുന്നത് നിയമാനുസൃതമായ കാര്യമല്ല എന്നോർക്കുക. സർവകലാശാല നിയമം ശ്രദ്ധിച്ചുവായിച്ചാൽ അത് മനസിലാകുന്നതാണ്.

(ലോക്‌സഭ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top