06 June Tuesday
ഇന്ന്‌ കണ്ണൻ നായർ ദിനം

കണ്ണൻ നായർ , അതുല്യ സംഘാടകൻ - കെ ജെ തോമസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023

ദേശാഭിമാനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പേരാണ് പി കണ്ണൻ നായരുടേത്. പത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട പേരുകളിലെ മുൻനിരക്കാരൻ. കൊച്ചി കേന്ദ്രീകരിച്ച് ദേശാഭിമാനിയുടെ നായകസ്ഥാനത്ത് പ്രവർത്തിക്കുമ്പോഴാണ് സഖാവിന്റെ ആകസ്മിക  വേർപാടുണ്ടായത്. ആ വേർപാടിന് തിങ്കളാഴ്‌ച 33 വർഷമാകുന്നു. വടക്കേ മലബാറിൽ കൊടക്കാട്ടെ കർഷക കുടുംബത്തിൽ ജനിച്ച് പ്രാഥമിക വിദ്യാഭ്യാസം കഷ്ടിച്ച് പൂർത്തിയാക്കിയശേഷം ബീഡി തെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണൻ നായരുടെ പിൽക്കാല ജീവിതം നിരന്തര പോരാട്ടത്തിന്റേതും സംഘാടനത്തിന്റേതുമാണ്. സ്വാതന്ത്ര്യസമരകാലത്ത് നാടിനുവേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്യബോധം നൽകാനാണ് കോഴിക്കോട്ടുനിന്ന് ദേശാഭിമാനി പ്രവർത്തനം ആരംഭിച്ചത്. 1939ൽ പരസ്യപ്രവർത്തനം ആരംഭിച്ച കമ്യൂണിസ്റ്റ് പാർടിയുടെ പിൽക്കാല വളർച്ചയുടെയും സംഭാവനകളുടെയും ചരിത്രം ദേശാഭിമാനിയുടെ ചരിത്രംകൂടിയാണ്.

ശാസ്ത്ര- സാങ്കേതികരംഗത്തെയും മാധ്യമമേഖലയിലെയും മാറ്റങ്ങളും വളർച്ചയും ഉൾക്കൊണ്ട് ദേശാഭിമാനി പുതിയ തലത്തിലേക്ക് ഉയരുകയാണ്.  പുതിയ വായനക്കാരെ ആർജിക്കുന്നതിൽ മറ്റാരെയും വെല്ലാൻ ദേശാഭിമാനിക്ക് കഴിയുന്നു. മാത്രമല്ല, മറ്റേത് പത്രത്തേക്കാളും കൂടുതൽ ജനങ്ങളെ സ്വാധീനിക്കാൻ പ്രാപ്തിയുള്ള പത്രവുമാണ്. കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് സമ്പൂർണ ദിനപത്രമായി ഉയർന്ന ദേശാഭിമാനിയുടെ നാൾവഴിയിൽ, ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജീവിതംതന്നെ സമർപ്പിച്ച കണ്ണൻ നായരുടെ സംഭാവന അതുല്യമാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹത്തിന് പത്രരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് വിപ്ലവബോധവും തൊഴിലാളിവർഗ പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറുംകൊണ്ടാണ്. സഖാവ്‌ 1943ൽ പാർടി അംഗമായി. 1948ലെ മെയ്ദിനത്തിൽ മുനയൻകുന്നിൽ നടന്ന സായുധ പൊലീസിന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊലീസ് മർദനംമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 1946ൽ കരിവെള്ളൂർ കേസിൽ -പ്രതിയായ അദ്ദേഹത്തെ പൊലീസ് ക്രൂരമായി മർദിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950ൽ ഏതാനും മാസം ജയിലിൽ അടച്ചു. പിന്നീട് 1964ലും 16 മാസം ജയിലിൽ കഴിയേണ്ടിവന്നു. ദേശാഭിമാനിയുടെ - ചുമതലക്കാരൻ എന്നനിലയിൽ കൊച്ചിയിലേക്ക് - പ്രവർത്തനകേന്ദ്രം മാറ്റിയതോടെ, പത്രത്തിന്റെ വളർച്ചയായി കണ്ണൻ നായരുടെ ഏകലക്ഷ്യം. -വൻ പ്രചാരം അവകാശപ്പെടുന്ന പ്രമുഖ മലയാളപത്രങ്ങൾ ആഗോളവൽക്കരണ,- ഉദാരവൽക്കരണ നയത്തിന്റെ പ്രചാരകരായി മാറിയപ്പോൾ ഒഴുക്കിനെതിരെ നീന്തിയാണ് ദേശാഭിമാനി വളർന്നത്.

ഇന്ന്‌ ആധുനിക സംവിധാനങ്ങളോടെ ദേശാഭിമാനിക്ക്‌ 10 എഡിഷനുണ്ട്‌. സർക്കുലേഷൻ വലിയതോതിൽ വർധിച്ചു. വാർത്താവിനിമയരംഗത്തെ സാങ്കേതികശേഷി, രാഷ്ട്രീയ അന്തരീക്ഷം മികവുറ്റതാക്കാനും സാമൂഹ്യപുരോഗതിയെ ഉത്തേജിപ്പിക്കാനും ഉപയോഗിക്കുന്നതിനുപകരം ആശയപരമായ വിധ്വംസക പ്രവർത്തനങ്ങൾക്കാണ് ബൂർഷ്വാ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ബാധ്യതപ്പെട്ട മുഖ്യധാരാ മാധ്യമങ്ങൾ സിപിഐ എമ്മിനും എൽഡിഎഫ്‌ സർക്കാരിനും എതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. എല്ലാ ദുഷ്‌പ്രചാരണത്തെയും തകർത്തെറിഞ്ഞാണ്‌ കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനം മുന്നോട്ടുകുതിക്കുന്നത്‌.


 

സിപിഐ എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  നയിക്കുന്ന ജനകീയ പ്രതിരോധജാഥ വിജയകരമായി പര്യടനം തുടരുന്ന വേളയിലാണ്‌ ഇത്തവണ കണ്ണൻ നായർ ദിനം ആചരിക്കുന്നത്‌. അവസാനകാലത്ത്‌ കണ്ണൻ നായരുടെ പ്രവർത്തനകേന്ദ്രമായ കൊച്ചിയിൽ തിങ്കളാഴ്‌ചയാണ്‌ ജാഥാ പര്യടനം എത്തുന്നത്‌. ഏറെ ആവേശകരമായ സ്വീകരണമാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ ജാഥയ്‌ക്ക്‌ ലഭിച്ചിട്ടുള്ളത്‌. കേന്ദ്ര സർക്കാർ നിരന്തരം അവഗണിക്കുന്നതിനെതിരെ കേരളത്തിൽ എൽഡിഎഫ്‌ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്‌. എൽഡിഎഫിനെയും സിപിഐ എമ്മിനെയും തകർക്കാനായി കേന്ദ്രം ഭരിക്കുന്ന ബിജെപി വലിയ ശ്രമംതന്നെ നടത്തിവരികയാണ്‌. എല്ലാ തരത്തിലും സർക്കാരിനെ ഞെരിച്ച്‌ ബുദ്ധിമുട്ടിക്കുന്നു. യുഡിഎഫും ചില മാധ്യമങ്ങളും അതിന്‌ ഒത്താശ ചെയ്യുകയാണ്‌. ചില മാധ്യമങ്ങളാകട്ടെ സീമകളെല്ലാം ലംഘിച്ച്‌ സ്വന്തം കുഞ്ഞുങ്ങളെപ്പോലും ദുരുപയോഗിച്ചാണ്‌ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നത്‌. സർക്കാരിനെ ഏതുവിധേനയും ഇകഴ്‌ത്താനുള്ള കുത്സിത ശ്രമങ്ങളാണ്‌ ഇത്തരം മാധ്യമങ്ങൾ നടത്തുന്നത്‌. സാമാന്യമര്യാദ മറന്ന്‌ നുണകളും വ്യാജ സൃഷ്ടികളുംകൊണ്ട്‌ അവർ കോട്ടകൾ കെട്ടുന്നത്‌ ജനങ്ങൾക്കുവേണ്ടി ഭരണം നടത്തുന്ന സർക്കാരിനെതിരെയാണ്‌ എന്ന കാര്യം ഈ നാട്ടിലെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്‌.

പഴയ കാലത്തെ  കേരളമല്ല ഇന്ന്‌. തുടർഭരണം വികസനരംഗത്ത്‌ വലിയ മാറ്റം സൃഷ്ടിച്ചു. സമസ്‌ത മേഖലയിലും അതിന്റെ പ്രതിഫലനം  കാണാം. അതിദരിദ്രർ ഇല്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ്‌ സർക്കാർ. നാട്ടിൽ എല്ലായിടത്തും വികസനമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടൊപ്പം ഏറ്റവും മെച്ചപ്പെട്ട ജീവിതം എല്ലാവർക്കും നൽകണമെന്നാണ്‌ സർക്കാർ കാഴ്‌ചപ്പാട്‌. അടിസ്ഥാന സൗകര്യമേഖലയിൽ മുന്നേറ്റത്തിന്റെ അടിത്തറയൊരുക്കാൻ ഒന്നാം പിണറായി സർക്കാരിനായി. അതിനു തുടർച്ചയായി വ്യവസായ–- കാർഷിക മേഖലയിലും ഉന്നതവിദ്യാഭ്യാസ രംഗത്തുമെല്ലാം മികച്ച പ്രവർത്തനമാണ്‌ നടക്കുന്നത്‌. കേരളത്തെ ബഹുദൂരം മുന്നോട്ടുനയിക്കുന്ന അത്തരം പ്രവർത്തനങ്ങൾക്ക്‌ തുരങ്കംവയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ കേരളത്തിൽ ബിജെപിയും യുഡിഎഫും. അതിനായി അവർ യോജിച്ചുപ്രവർത്തിക്കുകയാണ്‌.

ദേശാഭിമാനിയുടെ പ്രചാരം 10 ലക്ഷത്തിൽ എത്തിക്കാനുള്ള പ്രവർത്തനത്തിലാണ്‌ പാർടിയും ബഹുജനങ്ങളും. ബൂർഷ്വാ മാധ്യമങ്ങളുടെ  എല്ലാ നുണപ്രചാരണങ്ങളെയും എതിർത്ത്‌ സത്യത്തിന്റെ പൊൻവെളിച്ചം ജനങ്ങളിൽ എത്തിക്കുന്നതിന്‌ കണ്ണൻ നായരുടെ സ്മരണ നമുക്ക്‌ കൂടുതൽ കരുത്തുപകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top