01 April Saturday

മാധ്യമങ്ങളിലെ കംഗാരു കോടതികൾ

സാജൻ എവുജിൻUpdated: Friday Jan 20, 2023

ബ്രിട്ടീഷ്‌ കോളനിയായിരുന്ന കാലത്ത്‌ ഓസ്‌ട്രേലിയയിൽ നിലനിന്ന നീതിവിചാരണ രീതിയിൽനിന്നാണ്‌  ‘കംഗാരു കോടതികൾ’ എന്ന പ്രയോഗത്തിന്റെ ഉത്ഭവം. നിയതമായ നടപടിക്രമം പാലിക്കാതെ നിഗമനങ്ങളിലേക്ക്‌ ചാടിവീഴുന്നതിനെ വിശേഷിപ്പിക്കാനാണ്‌ ഈ പ്രയോഗം.  ചെയ്യാൻ അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നതിനെ അർഥമാക്കാനും ഇങ്ങനെ പറയാം. കംഗാരുവിനെപ്പോലെ ചാടുകയെന്ന അർഥം സന്നിവേശിപ്പിക്കാൻ ഇതുവഴി കഴിയും. ആ സാധുമൃഗം ജീവരക്ഷാർഥമാകാം ഇങ്ങനെ ചെയ്യുന്നത്‌. എന്നാൽ, വിശേഷബുദ്ധിയുള്ള മനുഷ്യർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത്‌ ആധുനിക യുഗത്തിന്‌ യോജിച്ചതല്ല. ഏതെങ്കിലും വിഷയത്തിൽ ആരെയെങ്കിലും കുറ്റക്കാരനായി കണ്ടൈത്താൻ നീതിന്യായ സംവിധാനത്തിൽ അതിന്റേതായ മാർഗങ്ങളുണ്ട്‌. വിമർശവും കുറ്റവാളിയായി കണ്ടെത്തലും രണ്ടും വ്യത്യസ്‌തമാണ്‌. ഇന്ന്‌ മാധ്യമങ്ങളിൽ, പ്രത്യേകിച്ച്‌ ദൃശ്യമാധ്യമങ്ങളിൽ നടമാടുന്ന വിചാരണയ്‌ക്കും കുറ്റപത്രം സമർപ്പിക്കലിനും വിധിപ്രസ്‌താവത്തിനും എതിരായി സുപ്രീംകോടതി വീണ്ടും രംഗത്തുവന്ന സാഹചര്യത്തിലാണ്‌  ‘കംഗാരു കോടതികളെ’ ഓർക്കേണ്ടത്‌.  ‘കംഗാരു കോടതികൾ’ എന്ന വിശേഷണം ഉപയോഗിച്ചില്ലെങ്കിലും അതിനു തുല്യമായ രീതിയിലാണ്‌ വാർത്താ ചാനലുകളുടെ പ്രവർത്തനശൈലിയെ പരമോന്നത നീതിപീഠം  വിലയിരുത്തിയത്‌.

സുദർശൻ ടിവി വാർത്തകളിലെയും പരിപാടികളിലെയും  വിദ്വേഷ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്‌ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച്‌ ചാനലുകൾക്കും ഇവയെ നിയന്ത്രിക്കുന്ന ന്യൂസ്‌ ബ്രോഡ്‌കാസ്റ്റിങ്‌ അസോസിയേഷനും  കർശന താക്കീത്‌ നൽകിയത്‌. സുദർശൻ ടിവി എഡിറ്റർ സുരേഷ്‌ ചവ്‌ഹങ്കെ മുസ്ലിങ്ങൾക്കും ക്രൈസ്‌തവർക്കും ക്രിസ്‌മസ്‌ ആഘോഷത്തിനും എതിരായി നടത്തുന്ന പ്രചാരണം അഭിഭാഷകർ കോടതിയിൽ അവതരിപ്പിച്ചു. ‘രാജ്യത്തെ ജനസംഖ്യയിൽ രണ്ടു ശതമാനംമാത്രമാണ്‌ ക്രൈസ്‌തവർ. എന്നാൽ, 98 ശതമാനത്തിനുംമേൽ ക്രിസ്‌മസ്‌ ആഘോഷം അടിച്ചേൽപ്പിക്കുന്നു. രോഹിൻഗ്യകളെ ഓടിച്ച മ്യാന്മറിലെ ബുദ്ധമതക്കാരിൽനിന്ന്‌ ഹിന്ദുക്കൾ പഠിക്കണം’. ഇത്തരം ആഹ്വാനങ്ങൾ  സുരേഷ്‌ ചവ്‌ഹങ്കെ ടെലിവിഷനിൽ നടത്തിയെന്നു മാത്രമല്ല, ഇവയെല്ലാം സമൂഹമാധ്യമങ്ങൾ വഴി വൻതോതിൽ പ്രചരിപ്പിക്കുകയുമാണ്‌.

മനസ്സിൽ തോന്നുന്നതുപോലെ സംസാരിക്കാൻ ചാനൽ അവതാരകർക്ക്‌ അവകാശമില്ലെന്ന്‌ അവർ തിരിച്ചറിയണമെന്ന്‌ കോടതി പ്രതികരിച്ചു. മാധ്യമപ്രവർത്തകർ അവർ പറയുന്ന കാര്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം മനസ്സിലാക്കണം. പരിപാടിയെ  ന്യായയുക്തമാക്കേണ്ടതിന്റെ ഉത്തരവാദിത്വം അവതാരകനാണ്‌. അവർ തന്നെ നിലവിട്ട്‌ പ്രവർത്തിച്ചാൽ എന്താകും സ്ഥിതി?  ഒരു പക്ഷത്തോടൊപ്പം ചേരുക, മറ്റൊരു പക്ഷക്കാരുടെ മൈക്ക്‌ ഓഫ്‌ ചെയ്യുക, ഒരുകൂട്ടരോട്‌ ചോദ്യം ചോദിക്കാതിരിക്കുക. ഇതെല്ലാം തികച്ചും പക്ഷപാതപരമാണ്‌. അജൻഡ നടപ്പാക്കാൻ സംഭ്രമജനകമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന ചാനൽ അവതാരകരെ പിൻവലിക്കണം. മാധ്യമങ്ങൾ സമൂഹത്തിൽ ഭിന്നിപ്പ്‌ സൃഷ്ടിക്കാൻ പ്രവർത്തിക്കരുത്‌. ടെലിവിഷൻ അവതാരകർ തന്നെ പ്രശ്‌നത്തിന്റെ ഭാഗമായി മാറിയാൽ എന്തുചെയ്യാൻ കഴിയും?  ചാനലുകൾ പരസ്‌പരം മത്സരിക്കുകയാണ്‌. ടിആർപി റേറ്റിങ്‌ കൂട്ടാനാണ്‌ എല്ലാം ചെയ്യുന്നത്‌. ഒരാളെയും അപമാനിക്കാൻ ആർക്കും അവകാശമില്ല. അംഗീകൃത മാനദണ്ഡങ്ങൾ ലംഘിച്ചു പെരുമാറുന്ന ചാനലുകൾക്ക്‌ കനത്ത പിഴ ചുമത്തണം. സാമ്പത്തികമായിത്തന്നെ നേരിടണമെന്നും കോടതി അഭിപ്രായപ്പെട്ടു. യുപിഎസ്‌സി ജിഹാദ്‌, കൊറോണ ജിഹാദ്‌ എന്നിങ്ങനെ വിശേഷിപ്പിച്ച്‌  സപ്രേഷണംചെയ്‌ത പരിപാടികൾ സംബന്ധിച്ച ഹർജിയാണ്‌ കോടതി പരിഗണിച്ചത്‌. 

സുദർശൻ ടിവിക്കെതിരായ കേസിലാണ്‌ കോടതി ഇത്തരത്തിൽ പ്രതികരിച്ചതെങ്കിലും അമ്പ്‌ ചെന്നുകൊള്ളുന്നത്‌ പൊതുവെയാണെന്ന്‌ നാട്ടിൽ സാമാന്യബോധമുള്ളവർക്കെല്ലാം മനസ്സിലായിട്ടുണ്ട്‌. ജനാധിപത്യത്തിന്റെ നാലാംതൂണ്‌ എന്ന ആശയമാണ്‌ മാധ്യമപ്രവർത്തനത്തിന്റെ പ്രസക്തി. ഇന്ത്യൻ ഭരണഘടനയിൽ മാധ്യമസ്വാതന്ത്ര്യം പ്രത്യേകം വ്യവസ്ഥ ചെയ്യുന്നില്ല. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്ന വിശാലമായ വകുപ്പിനുള്ളിലാണ്‌ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്‌. അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്നത്‌ നിയന്ത്രണാതീതമല്ല. ആരെയും എന്തും പറയാനും ആക്ഷേപിക്കാനും അവകാശമില്ല. ചാനലുകളിലെ ചർച്ചകളും വിസ്‌താരങ്ങളും പലപ്പോഴും ഈ പരിധി കടക്കുന്നു. ലഭ്യമാകുന്ന വിവരങ്ങളിൽ വിശ്വാസം അർപ്പിച്ച്‌ മാധ്യമപ്രവർത്തകർക്ക്‌ സംസാരിക്കാം  എഴുതാം. എന്നിരുന്നാലും ഇക്കാര്യത്തിൽ സ്വയംനിയന്ത്രണവും പൊതുമര്യാദകളും പാലിക്കാൻ മാധ്യമപ്രവർത്തകർ ബാധ്യസ്ഥരാണ്‌. വാർത്താ ഉറവിടങ്ങളുടെ വിശ്വാസ്യതയും മാധ്യമപ്രവർത്തകർ പരിശോധിക്കണം. മണിക്കൂറുകൾക്കുള്ളിലോ  ദിവസങ്ങൾക്കുള്ളിലോ പൊലിയുന്ന വിവാദങ്ങൾ സൃഷ്ടിച്ച്‌ അതിന്റെ പേരിൽ വിചാരണവും വിധിപ്രസ്‌താവവും നടത്തുന്നത്‌ മാധ്യമങ്ങളുടെ വിശ്വാസ്യതയും തകർത്തിട്ടുണ്ട്‌. ന്യായവിചാരണ നടത്തേണ്ടത്‌ സമചിത്തതയോടെയാണ്‌. ചാനൽ അവതാരകരുടെ  അട്ടഹാസങ്ങൾ വന്യമായ ഗുസ്‌തി മത്സരങ്ങളെയാണ്‌ ഓർമിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top