25 April Thursday

രാജ്യത്തിന്റെ നെറുകയിൽ കേരള മോഡൽ - കാനം രാജേന്ദ്രൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021


ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ജനക്ഷേമ പദ്ധതികളോടെ ആറു മാസം പൂർത്തിയാക്കുകയാണ്‌. കഴിഞ്ഞ സർക്കാരിന്റെ സദ്ഭരണം അനുഭവിച്ചറിഞ്ഞ ജനം നൽകിയ തുടർഭരണത്തെ തികഞ്ഞ വികസന കാഴ്ചപ്പാടോടെയാണ്‌ രണ്ടാം എൽഡിഎഫ് സർക്കാർ കാണുന്നത്‌. തൊഴിലവസരം, കാർഷികാഭിവൃദ്ധി, വ്യവസായവളർച്ച, പട്ടയവിതരണം, ലൈഫ്, സംരംഭ പ്രോത്സാഹനം, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം, സദ്ഭരണം, ഡിജിറ്റൽ വിദ്യാഭ്യാസം, ടൂറിസം, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങ്, ദുരിതാശ്വാസ പുനരധിവാസ നടപടി, ഭക്ഷ്യസുരക്ഷ, കർഷക ക്ഷേമം, കടലിന്റെ മക്കൾക്ക്‌ സംരക്ഷണം, ആദിവാസി -ദളിത് ഉന്നമനം തുടങ്ങി സർവമേഖലയും സ്പർശിക്കാൻ സർക്കാരിനായി. കോവിഡ്‌ പ്രതിസന്ധിയുടെ വിഷമസന്ധിയിലും ഏറെ മുന്നോട്ടുപോയി. പ്രഥമ പരിഗണന കോവിഡ് പ്രതിസന്ധി മറികടക്കുകയായിരുന്നു.

പട്ടിണിയില്ലാത്ത ജീവിതം ഉറപ്പാക്കാൻ ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷനും ധനസഹായവും ഉറപ്പാക്കി.  ഇതുവരെയും ഓണക്കിറ്റ്‌ ലഭിക്കാതിരുന്ന അഗതിമന്ദിരം, കന്യാസ്ത്രീ മഠം, വൃദ്ധസദനം തുടങ്ങിയവയിലെ താമസക്കാരുടെ കൈയിലും ആ സ്‌നേഹസമ്മാനമെത്തി. അർഹരായ എല്ലാവർക്കും റേഷൻകാർഡ് നൽകി. സംരംഭങ്ങളെ  പ്രോത്സാഹിപ്പിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഊർജിത നടപടി സ്വീകരിച്ചു. ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കി. വാക്‌സിനേഷൻ ഫലപ്രാപ്തിയിലെത്തി. ആശുപത്രികൾ മെച്ചപ്പെട്ടു. കോവിഡ് ചികിത്സ മികവുറ്റതായി. സുഭിക്ഷ ഹോട്ടലുകൾ വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണം നൽകി. ഫലവൃക്ഷത്തൈ വിതരണം, വഴിയോര കൃഷിവിപണി, സുഭിക്ഷ -സുരക്ഷിത കേരളം ജൈവകൃഷി എന്നിവ കാർഷികമേഖലയ്ക്ക് ഉണർവേകി. 5600 കോടി രൂപയുടെ അനുബന്ധ പാക്കേജ്‌ ആവിഷ്‌കരിച്ചു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന റവന്യൂ വകുപ്പിന്റെ മുദ്രാവാക്യം ലക്ഷ്യത്തിലേക്ക് അടുക്കുന്നു. നൂറുദിവസത്തിനുള്ളിൽ 1,35,000 പട്ടയം വിതരണം ചെയ്‌തു.


 

ഡിജിറ്റൽ സർവേയിലൂടെ  അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമികൾ കണ്ടെത്തി.  അധികാരവികേന്ദ്രീകരണത്തിൽ  രാജ്യത്തിനു  മാതൃകയായ നമ്മുടെ സംസ്ഥാനത്തെ ഇ–- ഗവേണൻസ് എല്ലാ വകുപ്പിലും നടപ്പാക്കുന്നു.  പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് അവർക്ക് ആശ്വാസമേകാൻ മന്ത്രിമാർതന്നെ നേരിട്ടിറങ്ങി. ലോകമൊട്ടാകെ ശ്രദ്ധ പിടിച്ചുപറ്റിയ കേരള മോഡൽ വികസനപ്പതിപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് നവകേരളം.  ഈ ലക്ഷ്യത്തിലേക്ക്‌ ജനകീയ സർക്കാർ വിജയകരമായി മുന്നേറുകയാണ്‌. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കു ബദലാണ്‌ കേരളം. ജനകീയ ഭരണനിർവഹണം രാജ്യത്തിനകത്തും പുറത്തുമുള്ള പുരോഗമന ശക്തികൾക്ക് കരുത്തുപകരും. ജനപക്ഷത്തുനിന്ന് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നമുക്ക് കരുത്തേകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top