29 June Wednesday

ഗോഡ്സെയുടെ ഭീകരവാദം

കെ എൻ ഗണേശ‌്Updated: Thursday May 16, 2019


പ്രശസ്ത ചലച്ചിത്രനടനായ കമൽ ഹാസൻ നാഥുറാം ഗോഡ്സെയെ ആദ്യത്തെ ഹിന്ദു തീവ്രവാദിയായി വിശേഷിപ്പിച്ചത് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരിക്കുകയാണ്. കമൽ ഹാസന്റെ പരാമർശത്തിനെതിരെ നിരവധി ഹിന്ദുത്വവാദികൾ കലിതുള്ളിക്കൊണ്ട് പ്രതികരിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ പരാമർശത്തിനനുകൂലമായും നിരവധിപേർ രംഗത്ത് വന്നു. ഗോഡസെഹതയെക്കുറിച്ചുള്ള തർക്കം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. മഹാത്മ ഗാന്ധിയുടെ കൊലയെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ കൊല നടന്ന സമയംമുതൽ ആരംഭിച്ചിട്ടുണ്ട്. എന്നാലും ഹിന്ദു ഭീകരവാദിയായി ഗോഡ്സെ യെ വിശേഷിപ്പിച്ചത് ഇന്നത്തെ സാഹചര്യത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നു. ഇപ്പോൾ കമൽ ഹാസനെതിരെ ക്രിമിനൽ കേസ് എടുത്തത് ഹിന്ദുത്വവാദികളുടെ രാഷ്ട്രീയത്തെ കൂടുതൽ വെളിച്ചത്ത് കൊണ്ടുവരികയാണ്.

ഭീകരവാദം എന്നപ്രയോഗം അറിയപ്പെടാൻ തുടങ്ങിയിട്ട് ഒന്നരനൂറ്റാണ്ടോളമായി. നിഗൂഢസംഘങ്ങളായി പ്രവർത്തിക്കുകയും ഭരണാധികാരിയുടെ വധം അടക്കം  നടത്തുന്നവരുമാണ് ഭീകരവാദികൾ. റഷ്യൻ അനാർക്കിസ്റ്റായിരുന്ന കച്ചേവും ലെനിന്റെ സഹോദരനും സാർ അലക്സാണ്ടറിനെ വധിക്കാൻ ശ്രമിച്ചയാളുമായ അലക്സാണ്ടർ ഉല്യാനോവും ഭീകരവാദികളായിട്ടാണ് അറിയപ്പെട്ടത്. 1906 കൽക്കത്തിയിലെ അലിപ്പൂർ  ബോംബ് കേസിൽ അറസ്റ്റിലായവരും ഭീകരവാദികളെന്ന് മുദ്രകുത്തപ്പെട്ടു. അനുശീലൻ സമിതി, ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ, യുഗാന്തർ, ഗദർപാർടി മുതലായ കോൺഗ്രസ് ഇതര സംഘടനകളെല്ലാവരും ബ്രിട്ടീഷുകാരെ സായുധമായി നേരിടാൻ തയ്യാറായതുകൊണ്ട് അവരെല്ലാവരും ഭീകരവാദികളായി. ബ്രിട്ടീഷ് ഭരണകൂടം റൗലത്ത് നിയമംപോലുള്ള കരാള നിയമങ്ങൾ കൊണ്ടുവന്നതും ഭീകരവാദത്തെ അടിച്ചമർത്താൻ തന്നെയായിരുന്നു. പെഷവാർ ഗൂഢാലോചനക്കേസ്, മീറത്ത് ഗൂഢാലോചനക്കേസ്, കാകോരി ഗൂഢാലോചനക്കേസ്, കാൺപൂർ ഗൂഢാലോചനക്കേസ് തുടങ്ങിയ നിരവധി ഗൂഢാലോചനക്കേസുകളും 1931ൽ ഭഗത് സിങ്ക, രാജ്ഗുരു, സുഖ്ദേവ്  എന്നിവരെ തൂക്കിലേറ്റിയതും ഭീകരവാദത്തെ അമർച്ചചെയ്യാനെന്ന്ി പറഞ്ഞായിരുന്നു.

മതവിദ്വേഷത്തിന്റെ തുടക്കം
ഒരുവശത്ത് ആർഎസ്എസും മറുവശത്ത് പാൻ ഇസ്ലാമിസവും ശക്തിപ്പെട്ടുവന്നതോടെയാണ് ഭീകരവാദ സങ്കൽപ്പത്തിന് പ്രകടമായ മാറ്റമുണ്ടായത്. ഇന്ത്യയിൽ സവർക്കറുടെയും പിന്നീട് ആർഎസ്എസിന്റെയും  ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യം മാത്രമായിരുന്നില്ല. വിദേശികളുടെയും അന്യമതങ്ങളുടെയും ആധിപത്യത്തിൽനിന്ന് മുക്തമായ ഹിന്ദുരാഷ്ട്രത്തിന്റെ സ്ഥാപനവും കൂടിയായിരുന്നു. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്ക് അതീതമായ ലക്ഷ്യം അവർക്കുണ്ടായിരുന്നു എന്ന് വ്യക്തമാണ്. അന്യമതങ്ങൾ മാത്രമല്ല, സ്വന്തം മതതാൽപ്പര്യങ്ങൾക്കെതിരായ നിലപാടെടുക്കുന്ന ആരോടും ശത്രുതാപരമായ നിലപാടുകളെടുക്കാൻ അവർക്ക് മടിയില്ലായിരുന്നു.

ഇത്തരം നിലാപാടുകൾക്ക് കളമൊരുക്കുന്ന അന്തരീക്ഷം 1940 കളിൽ ഇന്ത്യയിൽ വളർന്നുവന്നു. 1937ൽ സവർക്കർ ഹിന്ദുരാഷ്ട്രവാദം ഉന്നയിക്കുകയും 1941ൽ പഞ്ചാബിലെ യൂണിറ്റിപാർടി പാകിസ്ഥാൻ വാദം ഉന്നയിക്കുകയും ചെയ്തതിനാണ് പലരും കുറ്റപ്പെടുത്താറുള്ളത്. ഇത് ഒരു പരിധിവരെ ശരിയാണ്. ഇത് ബ്രിട്ടീഷ് സർക്കാർതന്നെ ഉൾക്കൊള്ളുകയും രണ്ടു രാഷ്ട്രവും ഡൊമിനിയൻ പദവിയുമുൾപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ സങ്കൽപ്പം സ്റ്റാഫോർഡ് ക്രിപ്സ് എന്ന ദൂതൻവഴി ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിനുമുമ്പാകെ അവതരിപ്പിക്കുകയും ചെയ്തതാണ് യഥാർഥത്തിലുള്ള ധ്രുവീകരണത്തിന് വഴിതെളിയിച്ചത്.  ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാർഥ്യമാകുമെന്ന ബോധം ഇന്ത്യൻ ദേശീയ നേതൃത്വത്തിനും അവരെ പിന്തുണച്ച രാഷ്ട്രീയ സാമ്പത്തിക ശക്തികൾക്കും ഉണ്ടായി. ഡൊമീനിയൻ പദവി പൊതുവിൽ ആർക്കും സ്വീകാര്യമായിരുന്നില്ല. ദ്വിരാഷ്ട്രവാദത്തെ കോൺഗ്രസ് നേതൃത്വം അന്ന് എതിർത്തു. ക്രിപ്സ് ദൗത്യത്തെ ഗാന്ധി തള്ളിപ്പറഞ്ഞതിനുശേഷമുള്ള പ്രധാനകാരണങ്ങളിലൊന്നും അതാതിരുന്നു. എങ്കിലും 1942നുശേഷം രണ്ടു രാഷ്ട്രങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വാതന്ത്ര്യം ക്രമേണ ഇന്ത്യൻ ദേശിയവാദികളുടെതന്നെ ധാരണയായിമാറുന്നത് കാണാം.  ഇത് ഹിന്ദുവാദികളും ഇസ്ലാമികവാദികളും തമ്മിലുള്ള ശത്രുത വർധിപ്പിക്കുന്നതിലേക്ക്് നീങ്ങി.

ഈ പശ്ചാത്തലത്തിലാണ് ജമാ അത്തെ ഇസ്ലാമി എന്ന സംഘടനതന്നെ ഉണ്ടാകുന്നത്. ആർഎസ്്എസും ഹിന്ദുമഹാസഭയും ചെയ്തതുപോലെ സ്വാതന്ത്ര്യത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിനുള്ള ശ്രമം കൂടിയായിരുന്നു അത്. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി കോൺഗ്രസും മുസ്ലിംലീഗും ഒന്നിച്ചുനിൽക്കണമെന്ന കമ്യൂണിസ്റ്റ് പാർടികളുടെ അഭ്യർഥന വിലപോകാത്തതിനും കാരണം ഈ ധ്രുവീകരണമായിരുന്നു. രാഷ്ട്രീയ മതപരതയുടെ അംശങ്ങൾ ആർഎസ്എസിലും മുസ്ലിംലീഗിലും ജമാ അത്തെ ഇസ്ലാമിയിലും മാത്രമല്ല കോൺഗ്രസിലും ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു ഇത്. 1946ൽ ക്യാമ്പിനറ്റ് മിഷൻ ക്രിപ്സ് ദൗത്യത്തിന്റെ ഏതാണ്ട് അതേ നിർദേശങ്ങൾ വീണ്ടുമാവർത്തിച്ചപ്പോൾ കോൺഗ്രസ് ആദ്യം എതിർത്തുവെങ്കിലും പിന്നീട് കീഴടങ്ങേണ്ടിവന്നു. സ്വാതന്ത്ര്യത്തിനു മുന്നോടിയായി ജവാഹർലാൽ നെഹ്റു രൂപീകരിച്ച താൽക്കാലിക ഗവൺമെന്റിൽ ഹിന്ദുവാദികളുടെ പ്രതിനിധിയായി ശ്യാമപ്രസാദ് മുഖർജിയും അകാലികളുടെ പ്രതിനിധിയായി ബൽദേവ്സിങ്ങും ഉൾപ്പെടുകയും ചെയ്തു. ദുർബലമെങ്കിലും അക്കാലത്തുയർത്തപ്പെട്ട സിഖ്ള രാഷ്ട്രവാദത്തിന് തടയിടനാണ് ബൽദേവ്സിങ്ങിനെ ഉൾപ്പെടുത്തിയത്. മതവും രാഷ്ട്രീയത്താടൊപ്പം മോചനത്തിന്റെ ഘടകമായി മാറുകയായിരുന്നു.

ക്യാമ്പിനറ്റ് മിഷന്റെ നിർദേശപ്രകാരം ബൗണ്ടറി കമീഷൻ രൂപീകരിക്കുകയും ഇന്ത്യയുടെ വിഭജനം യാഥാർഥ്യമാകുകയും ചെയ്തതോടെ മതത്തിന്റെ രാഷ്ട്രീയമായ പങ്ക് വ്യക്തമായി. വിഭജിക്കപ്പെടുന്നത് ജനവാസകേന്ദ്രങ്ങളല്ല, മതവാസകേന്ദ്രങ്ങളായിരിക്കണമെന്ന ധാരണ അക്കാലത്ത് പ്രകടമായി. ഈ ലക്ഷ്യം മുൻനിർത്തി ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ചിലയിടങ്ങളിൽ സിഖ് തീവ്രവാദികളും പ്രവർത്തിക്കാനാരംഭിച്ചു. മുസ്ലിം അധിവാസകേന്ദ്രങ്ങളിൽനിന്ന് ഹിന്ദുക്കളെയും ഹിന്ദു അധിവാസകേന്ദ്രങ്ങളിൽനിന്ന് മുസ്ലിങ്ങളും ആട്ടിയോടിക്കപ്പെട്ടു. ഇത്തരത്തിലുള്ള പറിച്ചുനടലുകളുടെ ഭീകരത അടുത്തകാലത്തു നടന്ന നിരവധി ഗവേഷണ പഠനങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മതബോധം എങ്ങനെ അടിസ്ഥാന മാനവിക വികാരങ്ങളെപ്പോലും നശിപ്പിക്കുന്നതിന്റെ തെളിവുകളാണവ.

ഗാന്ധിജിയും സമഭാവനയും
മഹാത്മ ഗാന്ധി ഇന്ത്യൻ വിഭജനത്തെ അന്ത്യഘട്ടത്തിൽ അംഗീകരിച്ചു. വിഭജിക്കപ്പെട്ട നിലയിലുള്ള സ്വാതന്ത്ര്യംപോലും കൊളോണിയൽ ഭരണത്തെക്കാൾ അദ്ദേഹത്തിന് സ്വീകാര്യമായിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് രാഷ്ട്രീയ സ്വാതന്ത്ര്യമായിരുന്നു, മതരാഷ്ട്രീയ സ്വാതന്ത്ര്യമായിരുന്നില്ല. മതസ്പർധയുടെ പേരിൽ ഭീകരമായ കൂട്ടക്കൊല നടന്ന കൽക്കത്തയ്ക്കിടുത്തുള്ള നവഖാലിയിലേക്ക് അദ്ദേഹം പോയതും ഇതേകാരണം കൊണ്ടുതന്നെയായിരുന്നു. രണ്ടു രാഷ്ട്രമുണ്ടാകാം, രണ്ട് മതവിശ്വാസങ്ങൾക്ക് ആധിപത്യമുണ്ടാകാം. പക്ഷേ, അത് ജനങ്ങൾ തമ്മിലുള്ള മതപരമായ വേർതിരിവിന്റെ സ്പർധയുടെ അടിത്തറയല്ല. ഗാന്ധി മതവിശ്വാസിയായിരുന്നു പക്ഷേ സെക്കുലർ ജനാധിപത്യവാദിയായിരുന്നു. സ്വന്തം മതവിശ്വാസത്തെ സെക്കുലർ ജനാധിപത്യത്തിന്റെ സങ്കൽപ്പങ്ങളുമായി സമന്വയിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു.

ഇതേകാരണം കൊണ്ടുതന്നെയാണ് മഹാത്മ ഗാന്ധി ഹിന്ദുത്വവാദികൾക്ക് ഭീഷണിയായി മാറിയത്. അഹിംസ, സത്യം, ധാർമികത മുതലായ സ്വന്തം വിശ്വാസപ്രമാണങ്ങളെല്ലാം ഹിന്ദുമതത്തിൽനിന്ന്, ഇന്ത്യൻ സംസ്കാരത്തിൽനിന്ന് ഉത്ഭവിച്ചതാണ്. അവയെ ഹിന്ദു‐ മുസ്ലിം ഐക്യത്തിനുള്ള ഉപാധിയാക്കി മാറ്റാമെന്ന് സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം തെളിയിക്കുകയും ചെയ്തു. ഒരു മത രാഷ്ട്രീയവാദിക്ക് ഒരിക്കലും സമഭാവന അംഗീകരിക്കാൻ കഴിയുകയില്ല. സമഭാവന അംഗീകരിച്ചാൽപിന്നെ അയാളുടെ രാഷ്ട്രീയമില്ല. ഇന്ത്യ സ്വാതന്ത്ര്യമാകുമ്പോൾ ഒന്നോ ഒന്നിലധികമോ രാഷ്ട്രങ്ങളാകാം. അവയൊന്നും മതരാഷ്ട്രീയങ്ങളാകില്ല. അതായത് ഗാന്ധിയെ അംഗീകരിക്കുക എന്നാൽ ഒരു മത തീവ്രവാദിയെ സംബന്ധിച്ചിടത്തോളം ഒരു മരക്കൊമ്പിലിരുന്ന് അതേക്കൊമ്പ് വെട്ടുന്നതുപോലെയാണ്. അതിനുപകരം മരക്കൊമ്പിലിരുന്ന്് തൊട്ടടുത്തുള്ള വടവൃക്ഷത്തിന്റെ തലതന്നെ വെട്ടണം.

ആർഎസ്എസുകാർ മഹാത്മ ഗാന്ധിയെ സ്വന്തം ചുമലിലേറ്റാൻ ശ്രമിക്കുന്നതിന്റെ കാപട്യം വ്യക്തമാണ്. ഗാന്ധിയെ അംഗീകരിക്കണമെങ്കിൽ സമഭാവനയെ അംഗീകരിക്കണം, എല്ലാമതങ്ങൾക്കും വിശ്വാസസംഹിതകൾക്കും ജനജീവിതത്തിൽ തുല്യ സ്ഥാനമുണ്ടെന്ന് അംഗീകരിക്കണം

ഇത് സാധാരണ വ്യക്തിക്കു ചെയ്യാൻ കഴിയുകയില്ല. സ്വന്തം ജീവനെപ്പോലും ബലികൊടുക്കാൻ തയ്യാറുള്ള ഉന്മത്തമായ ബോധമാണ് അതിനാവശ്യം. ഗോഡസെനെ അതിനുമുമ്പ് എന്തായിരുന്നു എന്നത് ഇവിടെ പ്രസക്തമല്ല. മതരാഷ്ട്രീയബോധത്തിന്റെ ഉന്മാദം അയാളെ മറ്റൊരാളായി മാറ്റിക്കഴിഞ്ഞിരുന്നു. മഹാത്മ ഗാന്ധിയെ ശത്രുവായിക്കണ്ട എല്ലാ ഹിന്ദുത്വവാദികളുടെയും ബോധം അയാൾ സ്വയം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഗാന്ധിയെ കൊല്ലാൻ അയാളെ പ്രേരിപ്പിച്ചതും ഈ ബോധമായിരുന്നു. ഗോഡസെ്പ അതോടെ ഭീകരവാദത്തിനും ഒരു പുതിയ മുഖം നൽകി. അതുവരെയുണ്ടായിരുന്ന ഭീകരവാദികൾ എല്ലാവരും ഭരണാധികരികൾക്കെതിരെയും അവരുടെ വക്താക്കൾക്കെതിരെയുമാണ് ആക്രമണം നടത്തിയത്. ഗോഡസെോഡ ആക്രമിച്ചത് ഒരു ഭരണാധികാരിയെയായിരുന്നില്ല. തന്റെ രാഷ്ട്രീയബോധം ശത്രുവായികണക്കാക്കിയിരുന്ന മറ്റൊരു രാഷ്ട്രീയ ചിന്തയുടെ പ്രതിനിധിയെയായിരുന്നു.പിന്നീട് മതവാദികളുടെ ഭീകരപ്രവർത്തനങ്ങളെല്ലാം വേട്ടയാടിയത് കേവലം ഭരണാധികാരികളെ മാത്രമല്ല സ്വന്തം രാഷ്ട്രീയത്തെ അംഗീകരിക്കാത്ത പൗരസമൂഹത്തിൽപ്പെട്ടവരെയായിരുന്നു എന്നുകാണാൻ വിഷമമില്ല.

ആർഎസ്എസുകാർ മഹാത്മ ഗാന്ധിയെ സ്വന്തം ചുമലിലേറ്റാൻ ശ്രമിക്കുന്നതിന്റെ കാപട്യം വ്യക്തമാണ്. ഗാന്ധിയെ അംഗീകരിക്കണമെങ്കിൽ സമഭാവനയെ അംഗീകരിക്കണം, എല്ലാമതങ്ങൾക്കും വിശ്വാസസംഹിതകൾക്കും ജനജീവിതത്തിൽ തുല്യ സ്ഥാനമുണ്ടെന്ന് അംഗീകരിക്കണം. മതനിരപേക്ഷമായ സാമൂഹ്യനീതി സാധ്യമാണെന്നതും അംഗീകരിക്കണം. ഇതൊന്നും അംഗീകരിക്കാത്തവർക്ക് ഗാന്ധിയെ ഉൾക്കൊള്ളാൻ കഴിയുകയില്ല. ഗോഡസെല യ്ക്ക്  ഇന്നത്തെ ഹിന്ദുത്വ വാദികളെപ്പോലുള്ള കാപട്യമില്ലായിരുന്നു. നിലകൊണ്ടത് ഹിന്ദുരാഷ്ട്രത്തിനാണ്. ഹിന്ദുരാഷ്ട്ര സങ്കൽപ്പത്തിനെതിരായിവരുന്നത് മഹാത്മ ഗാന്ധിയായാലും അയാളില്ലാതാകുന്നത് ഹിന്ദു രാഷ്ട്രത്തിന്റെ നിലനിൽപ്പിനാവശ്യമാണെന്ന് ഗോഡ്സെ  കരുതി. ലോക വ്യാപാരകേന്ദ്രത്തെ തകർക്കുന്നതിൽ ചാവേറായ മുഹമ്മദ് അത്തയുടെയും കൊളംബോയിലെ സ്ഫോടനത്തിൽ ചാവേറായവരുടെയും പുൽവാമയിൽ ചാവേറായ അദിൽ ദാറിന്റെയും ബോധവും ഇതും തമ്മിൽ വ്യത്യാസമില്ല. ഈ ബോധം സൃഷ്ടിക്കുന്നത് മതരാഷ്ട്രീയമാണ്. അത് സൃഷ്ടിക്കുന്ന തീവ്രസങ്കൽപ്പവാദമാണ് അത്തരം ബോധം ഒരുവശത്ത് ആസൂത്രിതമായി സൃഷ്ടിച്ചെടുക്കുകയും മറുവശത്ത് സെക്കുലർ വായാടിത്തംകൊണ്ട് അതിനെ മറച്ചുവയ്ക്കുംന്നവരുടെയും എണ്ണം ഇപ്പോൾ വർധിച്ചുവരികയാണ്. ഗോഡ്സെംയെ ആരെങ്കിലും വിമർശിക്കുന്നതുകേട്ടാൽ കലിതുള്ളുമ്പോഴാണ് അവരുടെ യഥാർഥ ഭീകരമുഖം പുറത്തുവരുന്നത്. അവരുടെ മുഖംമൂടി സ്വന്തം നിലയിൽ പിച്ചിച്ചീന്തുകയാണ് കമൽ ഹാസൻ തന്റെ പരാമർശംകൊണ്ട് ചെയ്തത്. ധാബോൽക്കറും പൻസാരെയും കൽബുർഗിയും ഗൗരിലങ്കേഷും അതിനുള്ള വ്യക്തമായ ഉദാഹരണങ്ങളാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top