29 March Friday

ജീവിതം മനുഷ്യാവകാശസന്ദേശം

അഡ്വ. കാളീശ്വരം രാജ്Updated: Monday Dec 27, 2021

videograbbed image

ഏറ്റവും ഒടുവിലത്തെ ക്രിസ്ത്യാനി കുരിശിൽ കിടന്നുമരിച്ചുവെന്ന് പറഞ്ഞത് ഫ്രെഡറിക് നീഷെ. സഭയും ക്രിസ്തുദർശനവും തമ്മിലുണ്ടായ പൊരുത്തക്കേട് ചരിത്രത്തിലെ വൈരുധ്യമായി നിലനിൽക്കുന്നു. എന്നാൽ, പള്ളികളിലും ആശ്രമങ്ങളിലും പലപ്പോഴായി ക്രിസ്തുദർശനം മതത്തിന്റെ അതിർവരമ്പ് ഭേദിച്ച് മാനുഷികമെന്നതിലുമുപരി പ്രാപഞ്ചികമാനം കൈയടക്കി. മദർ തെരേസ മുതൽ ഡസ്മണ്ട് ടുട്ടുവരെയുള്ളവർ നൈതികതയുടെ പുതിയ ദൈവശാസ്ത്രത്തിന് രൂപം നൽകി. സഭ അവർക്ക് വിപ്ലവകരമായ ലാവണവും ഉപാധിയും മറ്റുമായിരുന്നു.

ആംഗ്ലിക്കൻ സഭയുടെ ചുറ്റുമതിലുകളെ ടുട്ടു ഭേദിച്ചപ്പോൾ നീതിയുടെ നാനാർഥങ്ങൾക്ക് വജ്രശോഭ ലഭിച്ചു. സ്ഥിരത, സമാധാനം, അഹിംസ, സമത്വം, സമന്വയം, വിശ്വാസം എന്നിവയെല്ലാം ഒരേ നൈതികതയുടെ ഭിന്നഭാവങ്ങളാണെന്ന് സ്വന്തം ജീവിതമെന്ന സമരകേന്ദ്രത്തിലൂടെ ആവർത്തിച്ചു. അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന കാലം വരുമെന്ന ഉദാത്തസ്വപ്നത്തിനു മുന്നിൽ പക്ഷേ, പ്രതിബന്ധം അനേകമാണ്. ഔപചാരികവും അനൗപചാരികവുമായ അധികാരബന്ധം എന്നും ചൂഷണത്തിന്റെ ക്രൂരസമവാക്യങ്ങൾ തീർത്തിട്ടുണ്ട്. വർണവിവേചനം രാഷ്ട്രീയസാമൂഹ്യ തിന്മയായിരുന്നു, ജാതിവ്യവസ്ഥയുടെ ആഫ്രിക്കൻ പതിപ്പ് മാത്രമായിരുന്നില്ല. വംശീയവിവേചനം എന്ന ആഗോള തിന്മയുടെ പ്രതിരൂപവുമായിരുന്നു അത്. നീതിയുടെ സാക്ഷാൽക്കാരം സാധാരണക്കാരുടെ ജീവിതത്തിലാണ് ആദ്യം സംഭവിക്കേണ്ടത്. അതുപക്ഷേ വെടിവയ്പുകളിലൂടെ നേടാനാകില്ലെന്ന് ടുട്ടു തിരിച്ചറിഞ്ഞു. "സ്ഥിരതയും സമാധാനവും തോക്കിൻ കുഴലിലൂടെ സാധ്യമാകില്ലെന്ന്' പ്രഖ്യാപിച്ച മനുഷ്യൻ അധ്യാപനത്തിനും സുവിശേഷത്തിനും മനുഷ്യാവകാശത്തിന്റെ വിശിഷ്ടമാനം നൽകി. സ്വന്തം ജീവിതത്തെ, മറ്റേത് അന്താരാഷ്ട്ര പ്രഖ്യാപനങ്ങൾക്കും കഴിയാത്തവിധം മഹത്തായ മനുഷ്യാവകാശ സന്ദേശമാക്കി മാറ്റി.

1994ലാണ് ടുട്ടു  സത്യത്തിനും സമന്വയത്തിനും വേണ്ടിയുള്ള കമ്മിറ്റിയുടെ തലവനാകുന്നത്. ലോകമെമ്പാടുമുള്ള ചൂഷിതരുടെ അവകാശ പോരാട്ടങ്ങൾക്ക് സംഘടന ഇന്ധനം നൽകി. ഗാന്ധിജിയും മണ്ടേലയും ചരിത്രത്തിന്റെ ആകസ്മികതകളല്ല; അനിവാര്യതയായിരുന്നു. ടുട്ടുവും ഗണത്തിലാണ്.

1984 നേടിയ നൊബേൽ സമ്മാനമോ 2009ലെ സ്വാതന്ത്ര്യത്തിനുള്ള പ്രസിഡന്റിന്റെ മെഡലോ അത്തരം നിരവധി അംഗീകാരങ്ങളോ ആയിരിക്കില്ല, മറിച്ച് നിസ്വരുടെ ജീവിതത്തിനായി സമർപ്പിച്ച ത്യാഗത്തിന്റെ പേരിലായിരിക്കും ടുട്ടു അനശ്വരനാകുക. നിയമവും ഭരണഘടനയും സമത്വപ്രമാണങ്ങളും പൊട്ടിമുളച്ചതല്ല. ടുട്ടുവിനെപ്പോലുള്ള മഹാനുഭവന്മാരിലൂടെയും നീണ്ട സമരങ്ങളിലൂടെയും സഹനങ്ങളിലൂടെയും പാർശ്വവൽകൃത ജനത നേടിയെടുത്തതാണ് നിയമപരമായ അവകാശങ്ങൾപോലും.

അതിനാൽ, ജാതിവിവേചനത്തിനും അസമത്വത്തിനും ചൂഷണത്തിനുമെതിരായ പോരാട്ടങ്ങൾക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സാധാരണക്കാർ ടുട്ടുവിനോട് കടപ്പെട്ടിരിക്കും. ഒരർഥത്തിൽ, ഇനിയും യാഥാർഥ്യമായിട്ടില്ലാത്ത ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടിയാണ് ആഫ്രിക്കക്കാരനും നിലനിന്നതും കലഹിച്ചതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top