20 April Saturday

വിധിയിൽ തെളിയുന്നത്‌ ജനാധികാരം - അഡ്വ. കാളീശ്വരം രാജ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

പെഗാസസ്‌ വിഷയത്തിൽ കോടതിവിധി നിയമപരവും രാഷ്‌ട്രീയപരവും ധാർമികവുമായ കാരണങ്ങളാൽ അതിപ്രധാനമാണ്‌. വ്യക്തികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറി അവരുടെ ടെലിഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും സർക്കാർ ചോർത്തിയെടുത്തു എന്നതു മാത്രമല്ല, ഈ കേസിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ. അങ്ങനെ ചെയ്‌തത്‌ ഏതുവിധേനയും അധികാരം നിലനിർത്താനും ഭരണകേന്ദ്രത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്താനും കൂടിയായിരുന്നെന്നും കേസുകളിൽ ആരോപിക്കപ്പെട്ടിരുന്നു. അതിലുപരി, കോടതികളും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും യഥാവിധി പ്രവർത്തിക്കുന്നതിൽ പ്രതിബന്ധങ്ങൾ ഉണ്ടാക്കുംവിധമാണ്‌ ചാരവൃത്തി നടന്നതെന്ന ആക്ഷേപവും ഉന്നയിക്കപ്പെട്ടു. കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേന്ദ്ര സർക്കാർ തന്നെ അന്വേഷണവും നടത്തിക്കൊള്ളാമെന്നതായിരുന്നു സർക്കാരിന്റെ നിലപാട്‌. അത്‌ തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി വിധി രാജ്യത്തെ ജനങ്ങൾക്കും അവരുടെ മൗലികാവകാശങ്ങൾക്കും ഒപ്പംനിന്നുകൊണ്ടുള്ളതായിരുന്നുവെന്നു പറയാം.

‘കോടതി എന്നാൽ നിശ്‌ചേതനമായ അമൂർത്തതയല്ല; മറിച്ച്‌ നീതിന്യായ അധികാരം സിദ്ധിച്ച ജനത തന്നെയാണന്ന്‌’ ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ, മുൽഗോക്കറിന്റെ കേസിൽ പറഞ്ഞിട്ടുണ്ട്‌. അങ്ങനെ നോക്കിയാൽ ഭരണകേന്ദ്രത്തിന്റെ ഹീനകൃത്യത്തിനെതിരെ ജനങ്ങൾ നടത്തിയ അധികാരപ്രയോഗംകൂടിയാണ്‌ ഈ ഉത്തരവിലൂടെ സംഭവിച്ചതെന്നു പറയാം. ഈ അർഥത്തിൽ കോടതി ഉത്തരവ്‌ അഭിമാനകരവും സന്തോഷകരവുമാണ്‌.

രാഷ്‌ട്രീയവും ധാർമികവും സാങ്കേതികവുമായ ഒട്ടേറെ വിഷയം പെഗാസസ്‌ വിഷയത്തിലുണ്ട്‌. ചോദ്യത്തിനൊന്നും വ്യക്തമായ ഉത്തരം പറയാതെ കോടതിക്കു മുന്നിൽ അപഹാസ്യമാകുന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നത്‌. വിഷയത്തിൽ കാര്യങ്ങൾ നിർവഹിച്ചത്‌ സത്യസന്ധമായോ സുതാര്യമായോ ആയിരുന്നില്ലെന്നത്‌ കേസിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിലൂടെ വ്യക്തമായിരുന്നു. എന്തായാലും സ്വതന്ത്രസമിതിയെ നിയോഗിച്ചുള്ള കോടതി ഉത്തരവിലൂടെ കേന്ദ്ര സർക്കാരിന്‌ അതിന്റെ ജനാധിപത്യപരവും ധാർമികവുമായ അടിത്തറ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്‌. കോടതിയെ സമീപിച്ച പ്രബുദ്ധ ജനതയുടെ മുന്നിൽ സർക്കാർ നിരായുധീകരിക്കപ്പെട്ടതിന്റെ ചിത്രമാണ്‌ നാളിതുവരെയും കണ്ടത്‌.

ഇതുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരികതന്നെ വേണം അതിനായി ഗൗരവമായ അന്വേഷണം അത്യാവശ്യമാണ്‌. വിദേശത്തുള്ള കമ്പനിയും ഏജൻസികളുമടക്കം ഉൾപ്പെടുന്ന വിഷയമായതിനാൽ അന്വേഷണത്തിന്‌ അന്താരാഷ്‌ട്ര മാനങ്ങൾ ഉണ്ടാകുക സ്വാഭാവികം മാത്രം.
‘ദേശീയ താൽപ്പര്യ’ത്തിന്റെ പേരിൽ വസ്‌തുതകൾ കോടതിയുടെ മുന്നിൽപ്പോലും പറയുകയില്ലെന്ന വാദം ഉന്നയിച്ച കേന്ദ്ര സർക്കാർ വിദേശശക്തികളെ ഉപയോഗിച്ച്‌ സ്വന്തം രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെയും ജനാധിപത്യസ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിച്ചെന്ന ആക്ഷേപം നേരിട്ടു എന്നതുതന്നെ ഏറെ ഗൗരവം ഉളവാക്കുന്നു. അതിനാൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരവും അറിയാനും അതനുസരിച്ച്‌ പ്രതികരിക്കാനുമുള്ള അവകാശം രാജ്യത്തെ ജനങ്ങൾക്കുണ്ട്‌.

(സുപ്രീംകോടതി അഭിഭാഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top