20 April Saturday

റഫീഖ് അഹമ്മദിന് സ്നേഹപൂർവ്വം... കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Tuesday Jan 25, 2022

530 കോടി രൂപയുടെ പെട്രോൾ ഡീസലാണ് ഈ പദ്ധതി വഴി ലാഭിക്കാനാവുന്നത്. പദ്ധതി പൂർത്തിയാവുന്ന ആദ്യ വർഷം തന്നെ 13,000 വാഹനങ്ങളാണ് റോഡിൽ നിന്നൊഴിവാകുക. പ്രതിദിനം 43,000 യാത്രക്കാരാണ് റോഡ് ഉപയോഗിക്കുന്നവരിൽ നിന്നും സിൽവർലൈനിൽ എത്തുക. എന്ന് പറഞ്ഞാൽ പെട്രോൾ ഡീസൽ ഉപയോഗം കുറയുകയും അതിന്റെ ഫലമായി കാർബൺ എമിഷൻ ഭീമമായി കുറക്കാനും കഴിയും. കാർബൺ ന്യൂട്രാലിറ്റിക്ക് സഹായകരമായ ഈ പദ്ധതി എന്തുമാത്രം പരിസ്ഥിതി സൗഹൃദപരമാണെന്ന് പറയാൻ പരിസ്ഥിതി മൗലികവാദികൾക്ക് എന്തുകൊണ്ടാകാം കഴിയാത്തത്‌?- കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു.

പ്രിയ സുഹൃത്ത് റഫീഖ് അഹമ്മദിന്... കെ റെയിലിനെ മാത്രമല്ല തനിക്ക് ആശങ്കയുള്ള ഏത് കാര്യത്തിലും കവിതയെഴുതാനുള്ള സ്വാതന്ത്ര്യമുള്ളത് പോലെ കവിതയിലൂടെ അദ്ദേഹം സന്ദേശിക്കുന്ന ആശയങ്ങളെ വിമർശിക്കാനും അത് വായിക്കുന്നവർക്ക് സ്വാതന്ത്ര്യമുണ്ടെന്നു കാണണം.

വ്യത്യസ്‌ത ആശയങ്ങളെയും അവയുടെ സർഗാവിഷ്‌ക്കാരങ്ങളെയുമെന്ന പോലെ അവക്കെതിരായ വിമർശനങ്ങളെയും സഹിഷ്‌ണുതയോടെ കാണാനാവുമ്പോഴാണ് നാമെല്ലാം ജനാധിപത്യവാദികളാവുന്നത്. വസ്‌തുതാബന്ധമില്ലാത്ത ആരോപണങ്ങളായി കവിത ചുരുങ്ങുമ്പോൾ വസ്‌തുനിഷ്ഠതയുടെ മൂർത്ത മണ്ഡലങ്ങളിൽ അത് ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം മാത്രം. അതൊക്കെ മനസിലാക്കാനുള്ള ചിന്താപരമായ വിശാലതയുടെ പേരാണല്ലോ ജനാധിപത്യം.

റഫീഖ് അഹമ്മദ് സൈബറാക്രമണത്തിനിരയാവുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കുന്നവർ ആരാണെന്നും അവരുടെ അജണ്ടയെന്താണെന്നും കാര്യങ്ങളെ കണ്ണു തുറന്നു കാണുന്ന മലയാളികൾക്ക് മനസിലാവും..
അമ്മാതിരി കുത്തിതിരിപ്പ്ഇരവാദി സംഘങ്ങളുടെ വർഗീയ വലതുപക്ഷ അജണ്ടക്ക് കൊഴുപ്പ് കൂട്ടാനൊരു സൈബറാക്രമണകഥ ആരും മെനഞ്ഞുണ്ടാക്കാൻ മിനക്കെടേണ്ടതില്ലായെന്നേ പറയുന്നുള്ളൂ.

കെ റെയിലിനെയും കേരള വികസനത്തെയും സംബന്ധിച്ച വസ്‌തുതകളെയും വിവരങ്ങളെയും സംബന്ധിച്ച അജ്ഞതക്ക് മുകളിലാണ് കാല്പനിക പരിസ്ഥിതിബോധത്തിൽ നിന്ന് പലരുടെയും ഉൽക്കണ്‌ഠകൾ ഉയരുന്നത്. തീർച്ചയായും അത്തരം ആശങ്കകൾക്കും പരിഹാരമുണ്ടാകണം. പാരിസ്ഥിതികവും സാമൂഹ്യവുമായ ആഘാതങ്ങൾ പഠിച്ചും പരിഹരിച്ചും മാത്രമെ പദ്ധതി നിർവ്വഹണമുണ്ടാവൂവെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി കഴിഞ്ഞതാണ്. സുതാര്യവും ജനാധിപത്യപരവുമായ നടപടിക്രമങ്ങളിലൂടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

ഭൂജൈവഘടനയിലും പരിസ്ഥിതിയിലും ഗുരുതരമായ ആഘാതമേല്പിക്കാത്തതും ഭൂമി ഏറ്റെടുക്കുമ്പോൾ സ്ഥലവും വീടും ഉപജീവനോപാധികളും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസവും മികച്ച നഷ്‌ടപരിഹാരവും ഉറപ്പുവരുത്തുന്നതുമായ വികസന സമീപനമാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. എന്നാൽ കേവലമായ പ്രകൃതിവാദ നിലപാടിൽ നിന്ന് വികസന പദ്ധതികളെ തടസപ്പെടുത്തുന്ന യാഥാസ്ഥിതികവും വികസനവിരുദ്ധവുമായ സമീപനങ്ങളെ തുറന്നെതിർക്കാതെ ഒരു സമൂഹത്തിനും പുരോഗതിയിലേക്ക് കടക്കാനാവില്ലെന്നതാണ് മനുഷ്യപുരോഗതിയുടെ തന്നെചരിത്രം കാണിക്കുന്നത്. മനുഷ്യജീവിതത്തെ സുഖകരവും ക്ഷേമപൂർണവുമാക്കാൻ പ്രകൃതിയിൽ ഇടപെട്ടും പ്രകൃതിയുടെ സന്തുലനത്തെ ബാധിക്കാത്ത രീതിയിൽ മാറ്റി തീർത്തും മാത്രമേ കഴിയൂ. കാല്പനികരായ പ്രകൃതിവാദികൾക്ക് മനസിലാക്കാനാവാത്തതുമതാണല്ലോ.

ശാസ്ത്ര സാങ്കേതികവിദ്യയുടെ നൂതനമായ കണ്ടുപിടുത്തങ്ങളാണ് പ്രകൃതിയുടെ അനിവാര്യമായ പരിമിതികളെ അതിജീവിച്ച് മനുഷ്യരാശിയെ ആധുനിക ജീവിത സൗകര്യങ്ങളിലേക്ക് എത്തിച്ചത്. പ്രകൃതിയുടെ ബലപ്രയോഗങ്ങളെ അതിജീവിക്കുന്നിടത്താണ് മനുഷ്യർ സ്വതന്ത്രരാവുന്നതെന്ന് മാർക്‌സ് പ്രകൃതിയും മനുഷ്യരുംതമ്മിലുള്ള വൈരുധ്യാത്മകതയെ വിശകലനം ചെയ്‌തുകൊണ്ടു പറയുന്നുണ്ട്‌. അതായത് പ്രകൃതിയുടെ അനിവാര്യതയെ മനസിലാക്കലും മാറ്റിത്തീർക്കലുമാണ് സ്വാതന്ത്ര്യമെന്നത്.

ശാസ്ത്രത്തിന്റെ ചരിത്രം എന്ന പ്രബന്ധത്തിൽ കൃഷിയെ തുടർന്ന് ചക്രങ്ങളുടെ കണ്ടുപിടുത്തവും ബലതന്ത്രമെന്ന ശാസ്ത്ര ശാഖയുടെ വികാസവും മനുഷ്യപുരോഗതിയുടെ വേഗത കൂട്ടിയതിനെ പറ്റി എംഗൽസ് വിശദീകരിക്കുന്നുണ്ട്. സമയത്തെ വേഗത കൊണ്ട് മറിക്കടക്കാൻ കഴിയുന്നതോടെ ഉല്പാദനത്തിലും ഗതാഗതത്തിലുമൊക്കെയുണ്ടാവുന്ന വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യരാശിയുടെ ജീവിത നിലവാരത്തിലും സാമൂഹ്യ ശാക്തീകരണത്തിലും ഗുണപരമായ വളർച്ച സൃഷ്‌ടിച്ചു.

സിൽവർ ലൈൻ യാഥാർത്ഥ്യമാവുന്നതോടെ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 12 മണിക്കൂറിൽ നിന്നും 4 മണിക്കൂറായി കുറയും. എന്ന് വെച്ചാൽ 8 മണിക്കൂർ സമയം മിച്ചമാവും. പ്രതിദിനം 80,000 യാത്രക്കാരെയാണ് ഹൈസ്പീഡ് ട്രെയിനിൽ പ്രതീക്ഷിക്കുന്നത്. അങ്ങനെ വരുമ്പോൾ ട്രെയിനിറങ്ങി ഒരു മണിക്കൂർ സമയം ലക്ഷ്യസ്ഥലത്തെത്താൻ കൂടി മാറ്റി വെച്ചാൽ ഒരു യാത്രക്കാരന്/യാത്രക്കാരിക്ക് 7 മണിക്കൂർ സമയമാണ് ലാഭിക്കാൻ കഴിയുന്നത്. 80,000 x 7= 5,60,000 മണിക്കൂറാണ് ഉല്പാദന സേവനമേഖലകളിലോ മറ്റു കാര്യങ്ങൾക്കായോ ഉപയോഗിക്കാൻ ലഭിക്കുന്നത്. അത് സൃഷ്‌ടിക്കുന്ന സാമ്പത്തിക മൂല്യം വളരെ വലുതായിരിക്കും.

530 കോടി രൂപയുടെ പെട്രോൾ ഡീസലാണ് ഈ പദ്ധതി വഴി ലാഭിക്കാനാവുന്നത്. പദ്ധതി പൂർത്തിയാവുന്ന ആദ്യ വർഷം തന്നെ 13,000 വാഹനങ്ങളാണ് റോഡിൽ നിന്നൊഴിവാകുക. പ്രതിദിനം 43,000 യാത്രക്കാരാണ് റോഡ് ഉപയോഗിക്കുന്നവരിൽ നിന്നും സിൽവർലൈനിൽ എത്തുക. എന്ന് പറഞ്ഞാൽ പെട്രോൾ ഡീസൽ ഉപയോഗം കുറയുകയും അതിന്റെ ഫലമായി കാർബൺ എമിഷൻ ഭീമമായി കുറക്കാനും കഴിയും. കാർബൺ ന്യൂട്രാലിറ്റിക്ക് സഹായകരമായ ഈ പദ്ധതി എന്തുമാത്രം പരിസ്ഥിതി സൗഹൃദപരമാണെന്ന് പറയാൻ പരിസ്ഥിതി മൗലികവാദികൾക്ക് എന്തുകൊണ്ടാകാം കഴിയാത്തത്? അവിടെയാണ് പെട്രോളിയം കുത്തകകളുടെയും ഓട്ടോമൊബൈൽ കുത്തകകളുടെയും വിപണി താല്പര്യങ്ങളും കെ റെയിൽ വിരുദ്ധരും ഒത്തു പോകുന്നതിനെ കുറിച്ചുള്ള സംശയങ്ങൾ ഉയരുന്നത്.

അതിവേഗ റെയിൽവെയുമായി ബന്ധപ്പെട്ട് വികസിക്കുന്ന റിയൽ എസ്റ്റേറ്റ് ടൂറിസം ബിസിനസ് സാധ്യതകളും പുതുതലമുറ വ്യവസായ രംഗത്തെ നിക്ഷേപങ്ങളും വലിയ വികസന കുതിപ്പിലേക്കാണ് കേരളത്തെ നയിക്കുക. കാർഷിക വ്യവസായ രംഗത്തെ സംരക്ഷിച്ചു ആ രംഗങ്ങളിൽ പുതിയ നിക്ഷേപങ്ങൾ കൊണ്ടുവന്നും ജനങ്ങൾക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാപരിപാടികൾ സംരക്ഷിച്ചും വിപുലപ്പെടുത്തിയും ഇന്നത്തെ ലോക യാഥാർത്ഥ്യങ്ങൾക്കകത്ത് നിന്ന് കാലാനുസൃതവും നൂതനവുമായ വികസന സാധ്യതകൾ ആർജിച്ചു കൊണ്ട് കേരളത്തിന് എങ്ങിനെ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിലേക്ക് എത്തിച്ചേരാമെന്ന ഇച്ഛാശക്തിയോടെയുള്ള ചുവട് വെപ്പുകൾ പ്രസക്തമാവുന്നത്.

മതനിരപേക്ഷതക്കും ഇടതുപക്ഷത്തിന്റെ ബദൽ വികസനനയത്തിനും എതിരായ പാതയിൽ നിലകൊള്ളുന്ന നിയോലിബറൽ വാദികളും വർഗീയ തീവ്രവാദി ശക്തികളുമാണ് കെ റെയിലിനെ കുറിച്ചു ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതെന്ന് അറിയാതെ കേവല പരിസ്ഥിതിവാദങ്ങൾ ഉരുവിടുന്നത് ആരെയാണ് സഹായിക്കുക എന്നാലോചിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top