26 April Friday

ഹിമന്ത ബിസ്വസർമ അസമിൽ ഏറ്റെടുത്തിരിക്കുന്ന ഹിന്ദുത്വ അജണ്ട; കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Saturday Sep 25, 2021

അസം മുഖ്യമന്ത്രി ഹിമന്തബിസ്വസർമ കിടപ്പാടം സംരക്ഷിക്കാൻ പൊരുതി നിന്ന പാവങ്ങളുടെ ചോരയിൽ കുളിച്ച് നിൽക്കുകയാണ്. മുസ്ലിം ന്യൂനപക്ഷ വിഭാഗക്കാരായ ദരിദ്ര കർഷകരെ വെടിവെച്ചിട്ട ഹിമന്ത് ബിസ്വസർമ രാജ്യത്ത് ഉയരുന്ന പ്രതിഷേധ ശബ്‌ദങ്ങൾക്ക് ചെവികൊടുക്കാതെ, കുടിയൊഴിപ്പിക്കൽ നടപടി നിർത്തിവെക്കിെല്ലന്നാണ് പറയുന്നത്. ന്യൂനപക്ഷങ്ങളുടെ നിർമ്മാർജ്ജനത്തിൻ്റെയും ഉന്മൂ ലനത്തിൻ്റെയും ഹിന്ദുത്വ അജണ്ടയാണ് അമിത് ഷായുടെ നിർദ്ദേശാനുസരണം ഹിമന്ത ബിസ്വസർമ അസമിൽ ഏറ്റെടുത്തിരിക്കുന്നത്.

ആരാണീ ബിസ്വസർമ?. 2015 വരെ കോൺഗ്രസ് നേതാവായിരുന്നു ഈ നരാധമൻ. രാഹുലിൻ്റെയും പ്രിയങ്കയുടെയും ഇഷ്ട അനുയായി. അസമിലെ കോൺഗ്രസിലെ അധികാരത്തർക്കങ്ങളെ തുടർന്നാണ് ഈ വിദ്വാൻ അമിത്ഷായിൽ അഭയം പ്രാപിക്കുന്നത്. കോൺഗ്രസ് സംസ്കാരത്തിൽ ഒരാൾക്ക് ഒരു സംഘി ഭീകരനാവാൻ പ്രത്യേകിച്ചൊരു തയ്യാറെടുപ്പും വേണ്ടതില്ലെന്നാണ് അസമിലെ ഇപ്പോഴത്തെ സംഭവങ്ങൾ ഒരിക്കൽ കൂടി നമ്മളെ ഓർമ്മിപ്പിക്കുന്നത്.

ഗുജറാത്ത് വംശഹത്യയുടെ കാലത്ത് നരോദപാട്യയിലെ ഗുൽബർഗ് സൊസൈറ്റിയിൽ വെച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട ഇസാൻ ജഫ്രിയുടെ ഘാതകസംഘത്തിൽ കോൺഗ്രസ് നേതാവായ അവിടുത്തെ മുനിസിപ്പൽ കൗൺസിലറുമുണ്ടായിരുന്നല്ലോ. മായാകൊത്വാനിക്കും ബാബു ബജ്റംഗിക്കും ഒപ്പം ഗുൽബർഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് കോൺഗ്രസ് നേതാവായ ജഗരൂപ് സിംഗ് രജപുതുമായിരുന്നല്ലോ.

കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടത് പോലീസിൻ്റെ ഉത്തരവാദിത്വമാണെന്നും കൃത്യനിർവഹണത്തിനിടയിൽ പോലീസിന് ചിലപ്പോൾ വെടിവെക്കേണ്ടി വരാമെന്നൊക്കെയാണ് വംശീയ ഭീകരനായ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത് .... അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ നിർധനരും നിരാലംബരുമായ മനുഷ്യർക്കെതിരായ ഹിന്ദുത്വ ഭരണകൂടത്തിൻ്റെ വംശീയാക്രമണമാണ്.
ദങ്ങ് ജില്ലയിലെ ധോൽപൂരിൽ 602.4 ഹെക്ടർ ഭൂമി കയ്യേറി താമസിക്കുന്നവരാണ്  ബംഗാളി സംസാരിക്കുന്ന 800 ഓളം മുസ്ലിം കുടുംബങ്ങളെന്ന് പറഞ്ഞാണ് വെടിവെപ്പിനെ ന്യായീകരിക്കുന്നത്.
മോഡിയുടെയും ഹിമന്ത്ബിസ്വസർമയുടെയും ഹിന്ദുരാഷ്ട്രത്തിൽ മുസ്ലിങ്ങൾക്കും പാവങ്ങൾക്കും പൗരത്വവും ഭൂമിയും അവകാശപ്പെടാൻ പാടില്ലെന്നും അങ്ങനെ അവകാശപ്പെടുന്നവരുടെ ഗതി ഇതായിരിക്കുമെന്നാണ് ധോൽപൂർ നരഹത്യകൾ വിളിച്ചു പറയുന്നത്.ന്യൂനപക്ഷങ്ങളുടെയും പാവങ്ങളുടെയും ജീവനെന്ത് വില?.

ഫാസിസ്റ്റ് രാഷ്ട്രിയം സൃഷ്ടിച്ച വൈരുധ്യങ്ങളുടെ പുകമറക്കകത്ത്‌ കോൺഗ്രസുകാരന് ബി ജെ പിയാവാനും നരഹത്യകൾക്ക് നേതൃത്വം കൊടുക്കാനും കഴിയുന്നുവെന്നത് ബി ജെ പിയിൽ നിന്ന് കോൺഗ്രസിനെ വ്യതിരിക്തമാക്കി നിർത്തുന്ന പ്രത്യയശാസ്ത്ര നിലപാടുകളുടെ അഭാവമാണെന്നു സ്ഥാനത്തിനും അധികാര പദവികൾക്കും വേണ്ടിയുള്ള കിടമത്സരങ്ങൾക്കിടയിൽ കോൺഗ്രസുകാർക്ക് ഓർക്കാനോ  തിരിച്ചറിയാനോ കഴിയാതെ പോകുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top