26 April Friday

കേഡറും സഖാവും ഇൻക്വിലാബും പിന്നെ കോൺഗ്രസും ... കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കോൺഗ്രസ് പണ്ടു കേഡർ പാർട്ടിയായിരുന്നത്രേ. ഇൻക്വിലാബും സഖാവ് വിളിയുമെല്ലാം കോൺഗ്രസുകാരാണത്രെ കണ്ടു പിടിച്ചത്. പിൽക്കാലത്ത് അതെല്ലാം ഈ കമ്യൂണിസ്റ്റുകാർ തട്ടിയെടുക്കുകയാണത്രെയുണ്ടായത്. കൊള്ളാം സിദ്ദിഖിൻ്റെ ചരിത്രബോധം.


കേഡറും സഖാവും പിന്നെ ഇൻക്വിലാബും എല്ലാം കോൺഗ്രസിന്റെ  പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നും അതെല്ലാം കോൺഗ്രസ് വീണ്ടെടുക്കുമെന്നും നമ്മുടെ ടി സിദ്ദിഖ് പറഞ്ഞതായി കണ്ടു. മീഡിയവൺ ടിവി ക്കാരന് കൊടുത്ത അഭിമുഖത്തിൽ ഇനിയും കേഡറും സെമികേഡറും മനസ്സിലായിട്ടില്ലാത്ത  എം എം ഹസനെ പോലുള്ള കോൺഗ്രസ് നേതാക്കൾക്ക് മനസിലാവുന്ന ഭാഷയിൽ എന്താണ് കേഡറെന്ന് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു സിദ്ദിഖ് .

കോൺഗ്രസ് പണ്ടു കേഡർ പാർട്ടിയായിരുന്നത്രേ. ഇൻക്വിലാബും സഖാവ് വിളിയുമെല്ലാം കോൺഗ്രസുകാരാണത്രെ കണ്ടു പിടിച്ചത്. പിൽക്കാലത്ത് അതെല്ലാം ഈ കമ്യൂണിസ്റ്റുകാർ തട്ടിയെടുക്കുകയാണത്രെയുണ്ടായത്. കൊള്ളാം സിദ്ദിഖിൻ്റെ ചരിത്രബോധം.കോൺഗ്രസ് കേഡർ സമ്പ്രദായത്തിലായിരുന്നതിന് ഉദാഹരണമായി സിദ്ദിഖ് പറഞ്ഞത് സത്യാഗ്രഹസമരങ്ങളിൽ കേഡർമാരായി പരിശീലിപ്പിക്കപ്പെട്ടവരായിരുന്നു പോലും കോൺഗ്രസ് നിയോഗിച്ചിരുന്നത്! ഒന്ന്‌ വ്യക്തമായി ,കേഡർ സംഘടനയെ കുറിച്ച് മാത്രമല്ല ഗാന്ധി വ്യക്തിസത്യാഗ്രഹമെന്ന രീതിയിൽ ആവിഷ്ക്കരിച്ച പ്രത്യേക നിസഹകരണ നിയമലംഘന സമരങ്ങളെ കുറിച്ചും സിദ്ദിക്കിനൊന്നും മനസ്സിലായിട്ടല്ല. വ്യക്തിസന്നദ്ധതയുടെ അടിസ്ഥാനത്തിൽ സമര വളണ്ടിയറായി ദേശീയ വാദികൾ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായതിനെ കേഡർ പാർടി സി സ്റ്റമായൊക്കെ വിശദീകരിക്കുന്ന സിദ്ദീഖിന് ചിലപ്പോൾ കേഡറും വളണ്ടിയറും തമ്മിലുള്ള അർത്ഥവ്യത്യാസവും മനസിലായിട്ടുണ്ടാവില്ല.

ചരിത്രത്തിൽ കേഡർ പാർടി എന്ന സങ്കല്പം കടന്നു വരുന്നത് ബൂർഷാ പാർടികളിൽ നിന്ന്‌ വ്യത്യസ്തമായി തൊഴിലാളി വർഗം ഒരു സ്വതന്ത്ര രാഷ്ട്രിയ കക്ഷിക്ക് രൂപം കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്.1847 കമ്യൂണിസ്റ്റ് ലീഗും 1864 ലെ ഒന്നാം ഇൻ്റർനാഷണലും മുന്നോട്ട് വെച്ച സംഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ലെനിൻ റഷ്യൻ വിപ്ലവത്തിൻ്റെ ചരിത്ര ഗതിയിൽ കേഡർ പാർടിയെന്ന സങ്കല്പം വികസിപ്പിക്കുന്നത്.

ഒക്ടോബർ വിപ്ലവാനന്തരം രൂപം കൊണ്ട മൂന്നാം ഇൻ്റർനാഷണൽ ലോകമാകെയുള്ള കമ്യൂണിസ്റ്റു പാർടികൾ സ്വീകരിച്ചിരിക്കേണ്ട ജനാധിപത്യ കേന്ദ്രീകരണത്തിലധിഷ്ഠിതമായ സംഘടനാ തത്വങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന തൊഴിലാളി വർഗ്ഗ പാർടികളെയാണ് കേഡർ പാർടികളെന്ന് വിളിക്കുന്നത്. ബൂർഷാ ലിബറൽ നിലപാടുകളിൽ നിന്നും തൊഴിലാളി വർഗ്ഗത്തിൻ്റെ വർഗ്ഗ ബോധത്തിലും അച്ചടക്കത്തിലും ഊന്നി പ്രവർത്തിക്കുന്ന പാർടികൾക്കേ സാമൂഹ്യവിപ്ലവങ്ങളിലേക്ക് ജനങ്ങളെ നയിക്കാൻ കഴിയൂവെന്ന കാഴ്ചപ്പാടാണ് കമ്യൂണിസറ്റുകാർ പുലർത്തുന്നത്.

സദാ കർമ്മനിരതമായ, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യവിപ്ലവ സിദ്ധാന്തങ്ങളാൽ ഉറപ്പിക്കപ്പെട്ട മുന്നണി പ്രവർത്തകരാൽ ഏകോപിപ്പിക്കപ്പെട്ട പാർടിയെന്ന നിലയിൽ കമ്യുണിസ്റ്റു പാർട്ടികളെ കേഡർ പാർടികളെന്ന് വിളിക്കുന്നത്. സേനാദളം എന്ന അർത്ഥത്തിലാണ് കേഡർ എന്നു വിവക്ഷിക്കുന്നത്. ബൂർഷാ പാർടികളിലെ പോലെ വ്യത്യസ്ത വിഭാഗങ്ങളും ചാഞ്ചാട്ടക്കാരുമില്ലാത്ത കൃത്യമായ തൊഴിലാളി വർഗ്ഗരാഷ്ട്രീയത്താലും പ്രത്യയശാസ്ത്ര ബോധ്യത്താലും ഉറപ്പിക്കപ്പെട്ട സേനാദളമാണത്.

കോൺഗ്രസ് രൂപീകരിച്ച എ ഒ ഹ്യൂം തൊട്ടുള്ള നേതാക്കൾ ലിബറൽ ജനാധിപത്യ സ്വഭാവത്തിലുള്ള സംഘടനയായിട്ടാണ് കോൺഗ്രസ് പാർട്ടിയെ വിഭാവനം ചെയ്തത്. യുറോപ്യൻ ലിബറൽ ഡമോക്രാറ്റ് ഘടനയിലും ഉള്ളടക്കത്തിലുമാണ് അവർ കോൺഗ്രസിനെ രൂപപ്പെടുത്താൻ നോക്കിയത് .ഗോഖലെയും തിലകനും പിൽക്കാലത്ത് ഗാന്ധിജിയും കോൺഗ്രസിനെ ബൂർഷാ ഫ്യൂഡൽ അടിത്തറയിൽ നിന്ന് വന്ന വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ബഹു വർഗ്ഗ സംഘടനയായാണ് വളർത്തിയെടുത്തത്. ബ്രിട്ടനെതിരെ പോരാടുന്ന എല്ലാ വിഭാഗങ്ങളുടെ വിശാല പ്രസ്ഥാനമായിരുന്നു കോൺഗ്രസ്.

സ്വാതന്ത്ര്യത്തിന് ശേഷം മഹത്തായ രാഷ്ട്ര നിർമ്മാണ പ്രക്രിയക്ക് നേതൃത്വം കൊടുക്കേണ്ട കോൺഗ്രസ്  അതിൻ്റെ വർഗ്ഗപരമായ പരിമിതിയുടെ സംഘർഷങ്ങളും വിള്ളലുകളും നേരിട്ടു. 1960 കളുടെ അവസാനത്തോടെ പിളർന്നു. പരിമിതമായെങ്കിലും കുത്തക വിരുദ്ധ ഫ്യൂഡൽ വിരുദ്ധ നിലപാടെടുത്ത ഇന്ദിരാഗാന്ധിക്ക് പല കാര്യങ്ങളിലും അന്ന് ഇടതുപക്ഷം പിന്തുണ നൽകി.

1990കളാടെ കോൺഗ്രസ് നെഹ്‌റുവിയൻ നയങ്ങളോട് സലാം പറഞ്ഞ് കോർപ്പറേറ്റുകളോടും ഹിന്ദുത്വ വാദികളോടും അടുത്തു. 2000 ത്തോടെ കോൺഗ്രസുകാർ ബി ജെ പിയിലേക്ക് ഒഴുകി തുടങ്ങി. പാർലിമെൻ്റിലെ ബി ജെ പി എം പിമാരിൽ ഭൂരിപക്ഷവും പഴയ കോൺഗ്രസുകാർ .കോൺഗ്രസിൻ്റെ അപചയത്തിനും തകർച്ചക്കും കാരണമായ നയപരമായ കാര്യങ്ങളെ കാണാതെ കേഡർ പടച്ചട്ടയണിഞ്ഞ് പ്രതിസന്ധി മറികടക്കുമെന്നാക്കെയുള്ള തള്ളലുകൾ രോഗമറിയാതെയുള്ള ചികിത്സ പോലെയാണെന്ന് സിദ്ദിഖുമാർ മനസിലാക്കുന്നത് നന്നാവും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top