25 April Thursday

മലബാർ കലാപം: ബ്രിട്ടീഷുകാരുടെ ഷൂനക്കി നടന്നവർ ചരിത്രത്തെ അപനിർമ്മിക്കുന്നു - കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Friday Aug 20, 2021

മലബാർ സമരകാലത്തെ ബ്രിട്ടീഷ് പട്ടാളം (ഫയൽച്ചിത്രം)

ആരാണ് ചരിത്രത്തിലെ നായകന്മാരും വില്ലന്മാരുമെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ, സംശയരഹിതമായും നമുക്ക് പറയാൻ കഴിയും ബ്രിട്ടീഷുകാർക്കെതിരെ നാടിൻ്റെ സ്വാതന്ത്ര്യത്തിനും ജനതയുടെ ക്ഷേമത്തിനും വേണ്ടി പൊരുതിയവരാണ് ഇന്ത്യയുടെ ദേശീയതാനിർമ്മിതിയുടെ ചരിത്രത്തിലെ നായകന്മാർ. അവരാണ് ഇന്ത്യയെ നിർമ്മിച്ചത്. ചരിത്രം സൃഷ്‌ടിച്ച അവരുടെ പോരാട്ടങ്ങളും ആത്മാർപ്പണവുമാണ് ഇന്ത്യയെ രൂപപ്പെടുത്തിയത്.

വർഗീയത പടർത്തി സ്വാതന്ത്ര്യ സമരത്തെ ദുർബ്ബലപ്പെടുത്താനും അസ്ഥിരീകരിക്കാനും ശ്രമിച്ചവർഗീയവാദികളാണ് വില്ലന്മാരെന്ന് ചരിത്രബോധമുള്ളവർക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നാൽ മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെ ഷൂനക്കി നടന്നവരുടെ പിന്മുറക്കാരിപ്പോൾ അവർക്ക് കൈവന്ന ദേശീയാധികാരത്തിൻ്റെ ബലത്തിൽ ചരിത്രത്തെ അപനിർമ്മിച് യഥാർത്ഥ സ്വാതന്ത്ര്യ സമരസേനാനികളെയും ദേശാഭിമാനമുന്നേറ്റങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ്. അതാണ് കോഴിക്കോട് ഇന്നലെ സംഘികൾ സംഘടിപ്പിച്ച് മലബാർ കലാപത്തെ സംബന്ധിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് കൊണ്ട് ആർഎസ്എസ് നേതാവ് രാംമാധവിൻ്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നത്.തങ്ങളുടെ വിദ്വേഷ ചരിത്രാപനിർമ്മിതിക്കാവശ്യമായ വർഗീയ അജണ്ടയിൽ സംഘടിപ്പിച്ചതുമാണല്ലോ ആ സെമിനാർ.

യഥാർത്ഥത്തിൽ ചരിത്രത്തിലെ വില്ലന്മാർ രാംമാധവ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വാദികളാണ്. റായ് ബഹദൂർ ലാലാലന്ദ് മുതൽ സവർക്കറും ഗോൾവാക്കറുമെല്ലാമുൾപ്പെടുന്ന ഹിന്ദുത്വ വാദികളാണ് യഥാർത്ഥ വില്ലന്മാരെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ടു്. ഹിന്ദുമഹാസഭയും മുസ്ലിംലീഗും വർഗീയ സംഘടനകൾ മാത്രമല്ല രണ്ടും ദേശദ്രോഹ സംഘടനകളാണെന്ന് 1915ൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസിലെ ഹിന്ദുമഹാസഭക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്. ഹിന്ദുത്വവാദത്തിന് തുടക്കമിട്ടവരാണു് ഇന്ത്യൻ ജനതയുടെ ബ്രിട്ടീഷുവിരുദ്ധ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തവർ. സാധാരണ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ബൗദ്ധരും ജൈനരും മുസൽമാന്മാരും ക്രിസ്ത്യാനികളുമെല്ലാം അണിനിരന്ന ഇന്ത്യൻ ജനതയുടെ ദേശീയ മുന്നേറ്റങ്ങളെ അസ്ഥിരീകരിക്കുന്ന വിഭജനചിന്തകൾ കുത്തി പൊക്കിയെടുത്തത് അവരാണു്.

19-ാം നൂറ്റാണ്ടിൻ്റെ അവസാനപാദങ്ങളിൽ പഞ്ചാബിലുയർന്നു വന്ന കർഷക പ്രക്ഷോഭം ബ്രിട്ടീഷുഭരണത്തെയും സെമിന്ദാരി വ്യവസ്ഥയെയും പിടിച്ചുകുലുക്കിയപ്പോളാണല്ലോ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇൻൻ്റലിജൻസ് ഉദ്യോഗസ്ഥർ ഫ്യൂഡൽബ്രാഹ്മണ പ്രമാണിയായ ലാലാ ലാൽചന്ദിനെ പോലുള്ളവരെ രംഗത്തിറക്കി കളി തുടങ്ങിയത്.കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് കാരണം ബ്രിട്ടീഷ് നികുതിനയങ്ങളുംസെമിന്ദാരി സമ്പ്രദായവുമല്ല കൃഷിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ കൊന്നു തിന്നുന്ന മുസ്ലിംങ്ങളാണെന്ന ക്ഷുദ്രവികാരം കുത്തിയിളക്കുന്ന പ്രചാരണങ്ങളാണല്ലോ ഹിന്ദുമഹാസഭയുടെ ഈ സ്ഥാപക നേതാവ് ആരംഭിച്ചത്.പഞ്ചാബ് ഹിന്ദുമഹാസഭയിലൂടെയാണല്ലോ ഇന്ത്യയിൽ രാഷ്ട്രീയ ഹൈന്ദവതക്ക് സംഘടനാരൂപം കൈവന്നത്. അവിഭക്ത പഞ്ചാബിൽ സഹിഷ്‌ണുതയോടെയും പരസ്പര സൗഹൃദത്തോടെയും കഴിഞ്ഞു പോന്ന ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വിഭജനവും ശത്രുതയും പടർത്തി ബ്രിട്ടീഷുകാർക്കെതിരായ കർഷകദേശീയ മുന്നേറ്റങ്ങളെ തകർക്കുകയാണ് ഹിന്ദുത്വ വാദികൾ ചെയ്‌തത്. വില്ലന്മാരായ ബ്രാഹ്മണ പണ്ഡിതരെയും ഹിന്ദുമഹാസഭയെയും ഉപയോഗിച്ച് ബ്രിട്ടീഷുകാർ തങ്ങളുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയൽ തന്ത്രം പ്രയോഗിക്കുകയായിരുന്നു. വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിടുകയായിരുന്നു.

ഗോവധ രാഷ്ട്രീയം ഉയർത്തി ഹിന്ദുമഹാ സഭയുടെ സ്ഥാപകൻ, പഞ്ചാബിലും മധ്യേ ന്ത്യയിലും പതിനായിരങ്ങളുടെ കൂട്ടക്കൊലകൾ സൃഷ്ടിക്കുകയായിരുന്നു. വർത്തമാന ഇന്ത്യയിലും ഗോവധം രാംമാധവന്മാർക്ക് നരഹത്യകൾ നടത്തി ആർമാദിക്കാനുള്ള വിദ്വേഷവിഷയമായി തുടരുകയാണല്ലോ.ലാലാചന്ദ് എഴുതിയ സവർക്കർക്കും ഗോൾവാക്കർക്കും സൈദ്ധാന്തികമായി മാർഗ്ഗദർശനം നൽകിയ കൃതിയാണ് "Self Abnegation in P0litics "ആ പുസ്‌തകത്തിൻ്റെ തുടർച്ചയെന്ന പോലെയാണ് സവർക്കറുടെയും ഗോൾവാക്കറുടെയും ഹിന്ദുത്വ രചനകൾ ഹിന്ദുരാഷ്ട്രവാദം എന്തുമാത്രം രാജ്യദ്രോഹകരമായ ബ്രിട്ടീഷു സേവയുടെയും ചതുർവർണ്യാധിഷ്ഠിത മൂല്യങ്ങളുടെയും അധീശത്വപ്രത്യയശാസ്ത്രമാണെന്നറിയാൻലാലാ ലാൽ ചന്ദിൻ്റെ ഈയൊരു കൃതി മാത്രം വായിച്ചാൽ മതി. നാം ആദ്യം ഹിന്ദുക്കളാണെന്നും രണ്ടാമതേ ഇന്ത്യക്കാരാവുന്നുള്ളൂവെന്നും മുസ്ലിങ്ങൾക്കെതിരായി സമരം നടത്തേണ്ട ഹിന്ദുക്കളുടെ ശക്തി ചോർത്തിക്കളയുന്ന ഏർപ്പാടാണ് ബ്രിട്ടനെതിരായ സ്വാതന്ത്ര്യ സമരമെന്ന ആക്ഷേപമാണ് ലാലാ ലാൽ ചന്ദ് മുന്നോട്ട് വെച്ചത്.

അത് രാഷ്‌ട്രീയത്തിലെ ആത്മനിഷേധപരമായ പ്രവർത്തനമാണെന്നും വാദിച്ച ലാലാലാൽ ചന്ദാദികളുടെ രാജ്യദ്രോഹപരമായ ചരിത്രത്തിലഭിരമിക്കുന്നവർക്ക് 1921 ലെ മലബാർസമരമടക്കം ദേശാഭിമാനികളായ മാപ്പിളകുടിയാമാരുടെ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഉയർത്തെഴ് ന്നേൽപ്പുകളെ വില്ലത്തരമായി തോന്നുന്നത് സ്വാഭാവികം. അവർ ചരിത്രം പഠിക്കുന്നത് ഈ നാടിനെ അടിമയാക്കി വെച്ച ബ്രിട്ടിഷു രേഖകളിൽ നിന്നാണല്ലോ. അവർക്ക് ചരിത്രമെന്നത് ഹിന്ദു മുസ്ലിം വർഗീയ സംഘർഷങ്ങളാണ്. ബ്രിട്ടീഷു കമ്പനി പട്ടാളത്തോടു വിട്ടുവീഴ്യില്ലാതെ യുദ്ധം ചെയ്‌ത് നിന്ന ബംഗാൾ നബ് സിറാജ് ദൗളയുടെ പാരമ്പര്യമല്ലല്ലോ സംഘികളെ നയിക്കുന്നത്. ആ ധീരദേശാഭിമാനിയെ ഒറ്റികൊടുത്ത് ബ്രിട്ടീഷുകാരുടെ കയ്യിൽ കളിച്ച സേനാനായകനായ മിർ ജാഫറുടെ പാരമ്പര്യമാണല്ലോ. തീർന്നിച്ച പോർച്ചുഗീസ് കാർക്കെതിരെ അറബിക്കടലിലെ അലമാലകൾ കണക്ക് പൊരുതി കുഞ്ഞാലി മർക്കാർമാരുടെ പാരമ്പര്യത്തെ വിലമതിക്കാത്ത സംഘികൾ പറങ്കികൾക്ക് ചുവപ്പ് പരവതാനി വിരിച്ച് പാണ്ടികശാലകൾ കെട്ടി കൊടുത്ത നാട്ടുരാജാക്കന്മാരിൽ നിന്നാണല്ലോ ആവേശം കൊള്ളുന്നത്.

വർഗീയ ചോരച്ചാലുകളിൽ നിന്നുംഊർജം സംഭരിക്കുന്നവർക്ക് 1921 ലെ മാപ്പിള കർഷകകുടിയാന്മാരുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളുടെ യഥാർത്ഥ സാമൂഹ്യ സാമ്പത്തിക ചോദനകളെ തിരിച്ചറിയാൻ കഴിയില്ല. വർഗീയവാദികൾ എന്നും ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര കുടിക്കുന്നതിൽ കൗതുകം പുലർത്തുന്നവരാണല്ലോ... ലെഫ്റ്റ് ലിബറലുകൾക്കെതിരെ കുരച്ചുചാടുന്ന രാംമാധവുമാർ ഇന്ത്യയെ രൂപപ്പെടുത്തിയ സാമ്രാജ്യത്വ വിരുദ്ധ ദേശീയതക്കും ആശയങ്ങൾക്കുമെതിരെ ബ്രിട്ടൻ്റെയും നാട്ടുരാജാക്കന്മാരുടെയും പാദസേവ ചെയ്‌ത് ചരിത്രത്തിൽ വില്ലൻ പണിയെടുത്തവരുടെ പിന്മുറക്കാർ മാത്രമാണ്. അവർ ധീര ദേശാഭിമാനികളെ അപമാനിച്ചും ദേശീയതാ മുന്നേറ്റങ്ങളെ അപനിർമ്മിച്ചും രാജ്യത്തെ വർഗ്ഗീയവൽക്കരിച്ച് നിർത്താനും കീഴ്പ്പെടുത്താനുമുള്ള നവ സാമ്രാജ്യത്വശക്തികളുടെ അധിനിവേശ അജണ്ടയിൽ കളിക്കുന്നവരാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top