19 April Friday

മഹാമാരിക്കാലത്തെ ഹജ്ജ് പെരുന്നാൾ - ഡോ. കെ ടി ജലീൽ എഴുതുന്നു

ഡോ. കെ ടി ജലീൽUpdated: Wednesday Jul 21, 2021

നാളെ എന്താകും എന്ന വലിയ ചോദ്യത്തിനു മുമ്പിൽ നിസ്സഹായമായി നിൽക്കുകയാണ് ലോകം. കോവിഡ് മഹാമാരി സൃഷ്ടിച്ച ആകുലതയുടെയും ഭയവിഹ്വലതയുടെയും സന്ദിഗ്ധ ഘട്ടത്തിലാണ് ത്യാഗത്തിന്റെയും പരീക്ഷണത്തിന്റെയും പാഠങ്ങൾ പകർന്നേകി ബലിപെരുന്നാൾ സമാഗതമാകുന്നത്. ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടും രോഗവ്യാപനവും തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം ഉയർത്തുന്ന ചോദ്യങ്ങൾ ആശങ്കാജനകമാണ്. അതിജീവനത്തിന്റെ സാധ്യതകളാണ് ജീവിതത്തിന്റെ സകല മേഖലയും തേടുന്നത്. ശക്തമായ നിയന്ത്രണങ്ങളിലും നിരീക്ഷണങ്ങളിലുമാണ് വിവിധ തുറകളിൽ പ്രവർത്തിക്കുന്ന മനുഷ്യരെല്ലാം. ആരാധനാലയങ്ങളിലെ പ്രാർഥനകളും ആധ്യാത്മിക കൂട്ടായ്മകളുമെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തുന്നത്. മുൻ വർഷത്തെപ്പോലെ ഈ വർഷത്തെ ഹജ്ജ്‌ കർമത്തിനും പുറംരാജ്യങ്ങളിൽനിന്ന് വരുന്ന തീർഥാടകർക്ക് സൗദി സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാം അതിസൂക്ഷ്മമായ ജാഗ്രതയുടെ ഭാഗം.

പ്രവാചകൻ ഇബ്രാഹിം നബിയാണ് ഈ സുദിനത്തിലും ഹജ്ജിന്റെ അനുഷ്ഠാനങ്ങളിലും ബലികർമത്തിലുമെല്ലാം അനുസ്മരിക്കപ്പെടുന്നത്. ഒരിക്കൽ അനുചരന്മാർ പ്രവാചകനോട് ചോദിച്ചു; “തിരുദൂതരേ, എന്താണ് ബലികർമത്തിന്റെ യഥാർഥ ഉദ്ദേശ്യം?–- മുഹമ്മദ് നബി പറഞ്ഞു; "നിങ്ങളുടെ പിതാമഹൻ ഇബ്രാഹിം നബിയുടെ ചര്യയാണത്. ഊഷരമായ ജീവിത പരിസരങ്ങളിൽ ആത്മബലംകൊണ്ട് അതിജീവനം നടത്തിയ മാതൃകാപുരുഷനാണ് ഇബ്രാഹിം പ്രവാചകൻ. പരീക്ഷണങ്ങളുടെ കൊടുങ്കാറ്റുകളെയും ആർത്തലച്ചുവന്ന തിരമാലകളെയും അചഞ്ചലമായ വിശ്വാസം പരിചയാക്കിയാണ് അദ്ദേഹം നേരിട്ടത്.

ഖുർആനിൽ പറയുന്നു; ‘‘ഇബ്രാഹിം നബിയെ തന്റെ രക്ഷിതാവ് ചില വചനങ്ങൾകൊണ്ട് പരീക്ഷിച്ച സന്ദർഭങ്ങളിലെല്ലാം അദ്ദേഹമത് വിജയകരമായി പൂർത്തിയാക്കി” (അൽബഖറ:124). പ്രതിസന്ധിയുടെ കാലത്ത് ഇബ്രാഹിമിന്റെ ദർശനങ്ങൾ മനുഷ്യരാശിക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും സ്നേഹ സാന്ത്വനത്തിന്റെയും പാഠങ്ങളാണ് പകർന്നു നൽകുന്നത്. വിശ്വാസിക്ക്‌ വേണ്ടത്‌ നല്ല ക്ഷമയാണെന്ന്‌ ഇബ്രാഹിം നബിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്‌. ഏതു പരീക്ഷണത്തിലും അക്ഷോഭ്യനായി നിലകൊണ്ട ഇബ്രാഹിം നബിയുടെ ദീപ്തമായ ഓർമകളാണ് ബലിപെരുന്നാൾ ലോകത്തിന് മുമ്പിൽ വരച്ചിടുന്നത്.


 

മാനവരാശി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വിവരണാതീതമാണ്. കോവിഡ് മനുഷ്യകുലത്തെ അത്രമേൽ ബാധിച്ചിരിക്കുന്നു. വ്യവസായ, വാണിജ്യ മേഖലകൾ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അതീവ പ്രതിസന്ധിയിലാണ്. ഏതാണ്ടെല്ലാ തൊഴിൽ മേഖലയിൽ പ്രവർത്തിച്ചിരുന്നവരും അർധ പട്ടിണിയിലേക്കും മുഴുപ്പട്ടിണിയിലേക്കും എടുത്തെറിയപ്പെട്ടു. ഗൾഫ് നാടുകളെ ബാധിച്ച പ്രതിസന്ധിയുടെ അനുരണനം കേരളത്തിന്റെ ഗ്രാമവീഥികളിൽപ്പോലും പ്രകടമാണ്. ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാഴ്ചകളാണ് എങ്ങും. ആഗോള സമൂഹത്തെ ഒന്നടങ്കം പിടിച്ചുലച്ച ഇത്തരമൊരു ദുരന്തം സമീപകാലത്തൊന്നുമുണ്ടായിട്ടില്ല. അടുക്കളമുതൽ അന്താരാഷ്ട്രരംഗംവരെ കോവിഡ് ഭീഷണിയിൽ ഉഴലുകയാണ്. ഒരു പതിറ്റാണ്ട് കഴിഞ്ഞാലും ഉണങ്ങാത്ത മുറിവാണ് കൊറോണ വൈറസ് വ്യവസായ, വാണിജ്യ, ആരോഗ്യ മേഖലകളിൽ സൃഷ്ടിച്ചിട്ടുള്ളത്.

ഏത് വലിയ പ്രതിസന്ധിയുടെ മുഖത്തും തളരാതെ നിൽക്കാനുള്ള ഉൾക്കരുത്താണ് വിശ്വാസികളെ വഴിനടത്തേണ്ടത്. അചഞ്ചലമായ ആ നിലപാടിന്റെ പേരാണ് ദൈവത്തിന്റെ ചങ്ങാതിയായ ഇബ്രാഹിം. എത്രയെത്ര ജാജ്വല്യമാനമായ ജീവിത പാഠങ്ങളാണ് അബ്രഹാം പ്രവാചകൻ മനുഷ്യരെ പഠിപ്പിച്ചത്. വിശ്വാസം പാഥേയമാക്കി ദേശാടനത്തിനിറങ്ങിയ ഇബ്രാഹിം നബി പറഞ്ഞത്; “ഞാനെന്റെ രക്ഷിതാവിലേക്ക് പോകുകയാണ്. അവനെന്നെ നേർവഴിയിലേക്ക് നയിക്കും”എന്നാണ്. ബാബിലോണിയയിലെ ഉർ നഗരത്തിൽനിന്ന് തുടങ്ങിയ ആ യാത്ര നിർജനവും നിർജലവുമായ മക്കാ താഴ്വരയിലാണ് അവസാനിച്ചത്. സാന്ദ്രമായ ദുഃഖങ്ങളിലും ക്ലേശങ്ങളിലും കാലൂന്നി നിന്നാണ് ഇബ്രാഹിം പ്രവാചകൻ വിമോചനത്തിന്റെ കാഹളം മുഴക്കിയത്.

ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും മാനവികവശങ്ങൾ കൂടുതൽ ചർച്ചചെയ്യപ്പെടേണ്ട കാലമാണിത്. നിർബന്ധ അനുഷ്ഠാനങ്ങൾക്കുശേഷം ദൈവം ഏറ്റവും ഇഷ്ടപ്പെടുന്നത് ഒരു വിശ്വാസിയെ സന്തോഷിപ്പിക്കാനാണ്. മനുഷ്യനോടുള്ള ദൈവത്തിന്റെ ആവശ്യം മുഹമ്മദ് നബി സംഗ്രഹിച്ചത് ഇങ്ങനെയാണ്: "അവന്റെ നഗ്നത നീ മറക്കുക. അല്ലെങ്കിൽ അവന്റെ വിശപ്പകറ്റുക. അതുമല്ലെങ്കിൽ അവന്റെ ഏതെങ്കിലുമൊരാവശ്യം നിവർത്തിക്കുക'. ഇസ്ലാമിലെ ആഘോഷങ്ങളിലും ആചാരങ്ങളിലുമെല്ലാമുള്ള സാമൂഹ്യനന്മകൾ രണ്ട് പെരുന്നാളിലും പ്രകടമാണ്. ഫിത്വർ സക്കാത്തും ബലിമാംസ വിതരണവുമാണത്. നിലവിലെ സാമൂഹ്യ സന്തുലിതാവസ്ഥ നിലനിൽക്കാൻ മുഹമ്മദ് നബി പകർന്നുതന്ന മാനവിക കാഴ്ചപ്പാടാണത്. ബലികർമത്തിന്റെ സാമൂഹ്യമാനം പാവപ്പെട്ടവരുടെ വീടകങ്ങളിലേക്ക് ഭക്ഷണമെത്തിക്കുക എന്നതുതന്നെയാണ്.

ചെറിയ പെരുന്നാൾ വിശപ്പിന്റെയും പട്ടിണിയുടെയും ശേഷമുള്ള വിജയ വിളംബരമാണെങ്കിൽ ബലിപെരുന്നാളിന്റെ സവിശേഷത വിശുദ്ധ ഹജ്ജ് പ്രഖ്യാപിക്കുന്ന ഐക്യദാർഢ്യമാണ്. ലക്ഷങ്ങൾ മക്കയിൽ സംഗമിക്കുമ്പോൾ അവർക്ക് ഐക്യദാർഢ്യം ഉദ്‌ഘോഷിച്ച് ഇസ്ലാംമത വിശ്വാസികൾ ലോകമെങ്ങും ബലിപെരുന്നാൾ ആഘോഷിക്കുന്നു. കോവിഡ് പരിഗണിച്ച് വിപുലമായി ഹജ്ജ് നടക്കുന്നില്ലെങ്കിലും ഹജ്ജിന്റെ സന്ദേശം സമകാലിക സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണെന്ന് കാണാനാകും. വിശ്വമാനവിക സന്ദേശമാണല്ലോ ഹജ്ജ് മുന്നോട്ടുവയ്‌ക്കുന്നത്. പാശ്ചാത്യനും പൗരസ്ത്യനും യൂറോപ്യനും ആഫ്രിക്കനും വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും ഒരുപോലെ കൊറോണ വൈറസിനു മുമ്പിൽ പകച്ചുനിൽക്കുമ്പോൾ ദേശദിക്കുകൾക്കപ്പുറം മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശമാണ് ഹജ്ജ് വിളംബരം ചെയ്യുന്നത്. ഹജ്ജിനോളം മനുഷ്യരുടെ ഏകത്വവും നിസ്സാരതയും വിളിച്ചോതുന്ന അനുഷ്ഠാനവും സംഗമവും വേറെ ഉണ്ടോ എന്നുള്ളത് സംശയമാണ്. രാജാവിനും പ്രജയ്‌ക്കും ഒരേ വേഷം! വെള്ളക്കാരനും നീഗ്രോയും തോളുരുമ്മി നടക്കുന്നു. കോടീശ്വരനും പരമദരിദ്രനും ഒരേ മന്ത്രമുരുവിടുന്നു.

ഹജ്ജിന്റെ ഇത്തരം സർഗാത്മകവും മാനവികവുമായ ഭാവങ്ങളെ അറേബ്യൻ ലോകത്തെ പല ബുദ്ധിജീവികളും എഴുത്തുകാരും സഞ്ചാരികളും തങ്ങളുടെ അതുല്യമായ സർഗ പരീക്ഷണങ്ങൾക്ക് വിഷയമാക്കിയിട്ടുണ്ട്. മധ്യകാലഘട്ടത്തിൽ പുത്തൻ പരീക്ഷണങ്ങളിലൂടെ ലോക സാഹിത്യ ഭൂമികയെ ഞെട്ടിച്ച അറേബ്യൻ ഉപഭൂഖണ്ഡത്തിലെ "സഞ്ചാരസാഹിത്യം' ആത്മീയതയുടെ വിഹായസ്സിലേക്ക് വായനക്കാരനെ വഴി നടത്തുന്നതോടൊപ്പം ചരിത്രാവബോധത്തിന്റെയും നാഗരിക മൂല്യങ്ങളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വിജ്ഞാനക്കുറിപ്പുകളും കൂടിയാണ്. ഹജ്ജ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും അതിന്റെ ആന്തരിക സത്തയെ പ്രകാശിപ്പിക്കുന്നതുമായ സാഹിത്യങ്ങൾ മുസ്ലിങ്ങൾക്കും ഇസ്ലാമിനെ അറിയാൻ ആഗ്രഹിക്കുന്നവർക്കും വലിയൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ സംശയമില്ല. ഇബ്നു ബതൂത, മുഹമ്മദ് അസദ്, മുറാദ് ഹോഫ്മാൻ, മാൽകം എക്സ് തുടങ്ങിയവരുടെ ക്ലാസിക് സാഹിത്യങ്ങൾമുതൽ സാധാരണക്കാരായ വിശ്വാസികൾ മക്കയിൽനിന്ന് സ്വന്തം നാട്ടിലേക്ക് അയച്ച കത്തുകൾവരെ ആത്മീയതയും സർഗാത്മകതയും ഉൾച്ചേർന്ന സാഹിത്യസൃഷ്ടികളായി ശ്രദ്ധ നേടിയത് കാണാനാകും. ഇസ്ലാമോഫോബിയ അരങ്ങുതകർക്കുന്ന സമകാലിക സാഹചര്യത്തിൽ അത്തരം വിമർശങ്ങൾക്കെല്ലാമുള്ള മറുപടികൂടി ഹജ്ജിലുണ്ട്. ഹജ്ജ് വിളംബരം ചെയ്യുന്ന മാനവികതയുടെയും സഹിഷ്ണുതയുടെയും ലോക സമാധാനത്തിന്റെയും അതുല്യമായ സന്ദേശങ്ങൾ വർത്തമാന ലോകത്ത് കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഈ ഹജ്ജ് പെരുന്നാൾ ചിന്തകൾ അതിന് പ്രചോദനമാകട്ടെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top