19 April Friday

സുധാകരനിസവും കോൺഗ്രസും

എം രഘുനാഥ്‌Updated: Wednesday Nov 16, 2022

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ജവാഹർലാൽ നെഹ്‌റുവിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  വർഗീയ ഫാസിസ്റ്റുകളുമായി സന്ധിചെയ്‌ത നേതാവായി ചിത്രീകരിച്ചിട്ടും എതിർസ്വരമുയർത്താൻ ശേഷിയില്ലാതെ നേതൃത്വം കീഴ്‌പ്പെടുന്നത്‌ എന്തുകൊണ്ട്‌. സുധാകരൻ മാപ്പുപറഞ്ഞതോടെ ഈ വിവാദം അവസാനിച്ചെന്നാണ്‌ എഐസിസി ജനറൽ സെക്രട്ടറി  കെ സി വേണുഗോപാൽ പറയുന്നത്‌. അങ്ങനെയൊരു മാപ്പുപറച്ചിലിലൂടെ തീരുന്നതാണോ കോൺഗ്രസ്‌ ചരിത്രത്തിലെ എക്കാലത്തെയും അറിയപ്പെടുന്ന മതനിരപേക്ഷവാദിയായ നെഹ്‌റുവിനെ ഒറ്റുകൊടുത്ത ഈ പ്രതികരണം.  മാപ്പുപറഞ്ഞതുകൊണ്ട്‌ തീരുന്നതല്ലെന്നും പ്രശ്‌നം സങ്കീർണമാണെന്നും വി ഡി സതീശനും കെ മുരളീധരനും മറ്റും പറയുന്നതും നെഹ്‌റുവിനോടുള്ള സ്‌നേഹംകൊണ്ടോ മതനിരപേക്ഷ നിലപാടു കൊണ്ടോ അല്ല, നേതൃപദവിക്കു വേണ്ടിയുള്ള പോരിന്റെ ഭാഗം മാത്രവുമാണ്‌.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ  ഹിന്ദുത്വശക്തികളും വർഗീയവാദികളും പിടിമുറുക്കിയ ഒട്ടേറെ അനുഭവങ്ങളുണ്ട്‌.  ആർഎസ്‌എസിന്റെയും സംഘപരിവാറിന്റെയും തീവ്രഹിന്ദുത്വ അജൻഡയ്‌ക്ക്‌ കരുത്തേകുംവിധം മൃദുഹിന്ദുത്വ അജൻഡ ശൈലിയാക്കിയ കോൺഗ്രസിന്‌ കാലക്രമേണ ആർഎസ്‌എസുമായുള്ള വ്യത്യാസം നേർത്തുനേർത്ത്‌ ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്‌. ഇത്തരം നയസമീപനങ്ങളും നിലപാടുകളും സാധൂകരിക്കാനും മാന്യത നൽകാനുമുള്ള നീക്കങ്ങളാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതും. ഇന്നത്തെ കോൺഗ്രസ്‌ നേതാവ്‌ നാളത്തെ ബിജെപി നേതാവ്‌ എന്നനിലയിലേക്കുള്ള പരിണാമവും  സമീപകാല സമസ്യയാണ്‌. ഇത്തരമൊരു പരിണാമത്തിന്‌ അവസരം കാത്തുനിൽക്കുന്ന നേതാവായാണ്‌ കേരളീയ സമൂഹം കെ സുധാകരനെ കാണുന്നത്‌. എന്നിട്ടും  നേതൃത്വത്തിന്‌ സുധാകരനെ പേറേണ്ടിവരുന്നുവെന്നതാണ്‌ ആ പാർടി അഭിമുഖീകരിക്കുന്ന സ്വത്വപ്രശ്‌നം.

സുധാകരൻ ആദ്യം പറഞ്ഞത്‌  ‘എനിക്ക്‌ തോന്നിയാൽ ഞാൻ ബിജെപിയിലേക്ക്‌ പോകും’ എന്നാണ്‌. ആ നിലപാട്‌ ആവർത്തിക്കുന്നതിനിടെയാണ്‌ താൻ ആർഎസ്‌എസ്‌ ശാഖകൾ തുടങ്ങാനും പ്രവർത്തിപ്പിക്കാനും ആളും അർഥവും നൽകി സഹായിച്ചെന്ന്‌ ഏറ്റുപറഞ്ഞതും. അവിടെയും നിർത്തിയില്ല. നരേന്ദ്ര മോദി നല്ല മനുഷ്യനാണെന്ന്‌ ഞാൻ വിശ്വസിച്ചിരുന്നുവെന്നായി അടുത്ത വെളിപ്പെടുത്തൽ. ഇതിന്റെയെല്ലാം അതിർവരമ്പുകൾ ലംഘിച്ചാണ്‌ തന്റെ ഈ ആർഎസ്‌എസ്‌ ബന്ധം സാധൂകരിക്കാൻ നെഹ്‌റുവിനെ കരുവാക്കിയത്‌. അതിനായി നെഹ്‌റുവിന്റെ ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടി തന്നെ  തെരഞ്ഞെടുത്തതും  ബോധപൂർവമാണ്‌. നെഹ്‌റുവിന്‌ ആർഎസ്‌എസ്‌ ബാന്ധവമാകാമെങ്കിൽ   മറ്റുള്ളവർക്ക്‌ എന്തുകൊണ്ട്‌ ആയിക്കൂട എന്നാണ്‌ ഇതിലൂടെ സുധാകരൻ ചോദിക്കുന്നത്‌. കോൺഗ്രസ്‌ ദേശീയ നേതൃത്വം  തുടക്കകാലംതൊട്ട്‌  ആർഎസ്‌എസ്‌ അനുകൂല നിലപാട്‌ എടുത്തുവെന്നും സ്ഥാപിക്കാനാണ്‌ ശ്രമം. ഇതിലൂടെ കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും ആർഎസ്‌എസ്‌ പാളയത്തിൽ തളച്ചിടാനുള്ള ആശയപരിസരംകൂടി സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

കോൺഗ്രസിന്റെ ദേശീയ നേതൃചരിത്രത്തിൽ മതനിരപേക്ഷ നിലപാട്‌ പുലർത്തിയ നേതാവായാണല്ലോ നെഹ്‌റുവിനെ പൊതുവെ വിലയിരുത്തുന്നത്‌. നേതൃത്വത്തിലെ ആർഎസ്‌എസ്‌ പക്ഷപാതികളുടെ സമ്മർദത്തിന്‌ പലപ്പോഴും നെഹ്‌റു വഴങ്ങിയെന്നാണ്‌ അദ്ദേഹത്തിന്‌ എതിരെ ഉയർന്നിരുന്ന ആക്ഷേപവും. 

ഹിന്ദു മഹാസഭയുടെ അധ്യക്ഷനും  ജനസംഘത്തിന്റെ സ്ഥാപക അധ്യക്ഷനുമായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ  നെഹ്‌റു മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെയാണ്‌  വർഗീയ ഫാസിസ്റ്റുകളുമായി സന്ധിചെയ്‌ത സംഭവമായി സുധാകരൻ അവതരിപ്പിച്ചത്‌. എന്നാൽ, കോൺഗ്രസിൽ അന്നുമുതൽ സംഘപരിവാർ പിടിമുറുക്കിയതിന്റെ ഉദാഹരണമാണ്‌ ഇത്‌.

ബിഹാർ ഹിന്ദുമഹാസഭയുടെ സ്ഥാപകനും ഹിന്ദുമഹാസഭയും കോൺഗ്രസും തമ്മിൽ തെരഞ്ഞെടുപ്പുസഖ്യം വേണമെന്ന നിലപാടിന്റെ സൂത്രധാരനുമായ രാജേന്ദ്രപ്രസാദിനെയാണ്‌ കോൺഗ്രസ്‌  രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതിയാക്കിയത്‌. 1950ൽ  ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ സർക്കാരുകൾ ഹിന്ദുത്വ അജൻഡയുടെ ഭാഗമായി ഗോഹത്യ നിരോധിച്ചതും നെഹ്‌റുവിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു. നെഹ്‌റൂവിയൻ കാലം പിന്നിട്ടതോടെ കോൺഗ്രസിന്റെ മതനിരപേക്ഷമുഖം നേർത്തുകൊണ്ടിരുന്നു.  
രാജീവ് ഗാന്ധി ബാബ്‌റി മസ്ജിദ് ഹിന്ദുത്വശക്തികൾക്ക് തുറന്നുകൊടുത്തതിലൂടെ വർഗീയ ധ്രുവീകരണത്തിന്‌ ആക്കംകൂട്ടി. എൽ കെ അദ്വാനിയുടെ രഥയാത്ര തടഞ്ഞതിന്റെ തുടർച്ചയായി വി പി സിങ്‌ സർക്കാരിനെ അട്ടിമറിച്ചതും നരസിംഹ റാവു സർക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ ബാബ്‌റി മസ്ജിദ് തകർത്തതും തുടങ്ങി ഇപ്പോൾ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത്‌ ജോഡോ യാത്രയിലെ വേഷങ്ങൾ ഉൾപ്പെടെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ  ഹിന്ദുത്വമുഖം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു.

കേരളത്തിലും എക്കാലവും ഇത്തരം ബാന്ധവങ്ങൾ ഉണ്ടായിട്ടുണ്ട്‌. 1991ലെ കുപ്രസിദ്ധ കോലീബി സഖ്യംതൊട്ട്‌ ഓരോ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട്‌ സജീവമായി.  ശബരിമല യുവതീപ്രവേശം സംബന്ധിച്ച കോടതിവിധി വന്നയുടനെ ഐതിഹാസികമായ വിധി സ്വാഗതം ചെയ്യുന്നുവെന്നാണ്‌ രാഹുൽഗാന്ധി പ്രതികരിച്ചത്‌. പക്ഷേ, ആ പ്രഖ്യാപനത്തെ കേരളത്തിലെ ഹിന്ദുത്വവാദികളായ കോൺഗ്രസുകാർ വെട്ടി.  സംഘപരിവാറുമായി ചേർന്ന്‌  സമരാഭാസങ്ങൾക്ക്‌ നേതൃത്വം നൽകി.

സ്വർണക്കള്ളക്കടത്തുകേസിനെ അട്ടിമറിക്കാനും അതിനെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കാനും കേന്ദ്ര സർക്കാർ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചപ്പോൾ കോൺഗ്രസ്‌ സർവപിന്തുണയും നൽകി. വാളയാറിന്‌ അപ്പുറം കേന്ദ്ര ഏജൻസികൾക്കെതിരെ സമരംചെയ്യുന്ന കോൺഗ്രസിന്‌ കേരളത്തിൽ കേന്ദ്ര ഏജൻസികൾ മാലാഖമാരാകുന്നു. ഗവർണർ പദവി ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി സർക്കാർ നടത്തുന്ന നീക്കങ്ങളെ ചെറുക്കുകയാണ്‌ കോൺഗ്രസും ബിജെപി ഇതര പാർടികളും ഭരിക്കുന്ന സംസ്ഥാനങ്ങൾ. എന്നാൽ, കേരളത്തിൽ ഇക്കാര്യത്തിലും കോൺഗ്രസ്‌ ബിജെപിയോട്‌ തോളോടുതോൾ ചേർന്നുനിൽക്കുന്നു. ഇതിന്റെയെല്ലാം തുടർച്ചയായി മാത്രമേ സുധാകരന്റെ പ്രതികരണത്തെ കാണാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top