20 April Saturday
നിയമസഭാ അവലോകനം

നവകേരളത്തിലേക്ക്‌ കരുത്തോടെ - കെ രാധാകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

ജൂൺ 27ന് ആരംഭിച്ച് 15 ദിവസം നീണ്ടുനിന്ന 15–-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ജൂലൈ 21ന് അവസാനിച്ചു. ഈ സഭാ സമ്മേളനത്തിൽ 2022-–-23 സാമ്പത്തികവർഷത്തെ ബജറ്റിലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകളിന്മേലുള്ള ചർച്ചയും വോട്ടെടുപ്പുമായിരുന്നു മുഖ്യ അജൻഡ.
കേരള ജനതയെ ഉന്നത ജീവിതനിലവാരത്തിലേക്ക്‌ ഉയർത്താനുള്ള ഉറച്ച ലക്ഷ്യത്തോടെ നവ കേരളത്തിനായുള്ള രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുകയാണ്. പ്രതിസന്ധി നിറഞ്ഞ സമ്പദ്‌വ്യവസ്ഥയെ മികച്ച ധന മാനേജ്മെന്റ്‌ വഴി ശരിയായ ദിശയിൽ ചലിപ്പിക്കാൻ വേണ്ട മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന ക്രിയാത്മക ചർച്ചകളാൽ സമ്പന്നമായ അഞ്ചാം സമ്മേളനം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഗതിവേഗം വർധിപ്പിക്കുമെന്ന്‌ ഉറപ്പാണ്.

2022–--23 സാമ്പത്തികവർഷത്തെ ധനാഭ്യർഥന ചർച്ചകളിൽ മൊത്തം 46 ശീർഷകങ്ങളിലെ വിവിധ ധനാഭ്യർഥനകൾ ചർച്ചക്കു വന്നു.  ജൂലൈ 19ന് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള 2022-ലെ കേരള ധന ബിൽ, 2022-ലെ കേരള ധന  (2–--ാം നമ്പർ) ബിൽ, 2022 ലെ സഹകരണ സംഘ (ഭേദഗതി) ബിൽ എന്നിവ  ചർച്ച ചെയ്ത് പാസാക്കി. ധനാഭ്യർഥന ചർച്ചകൾ പൂർത്തിയാക്കി  2022–--23 സാമ്പത്തികവർഷത്തെ ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും 2022-–-23ലെ ബജറ്റിലേക്കുള്ള ഉപധനാഭ്യർഥനകൾ സംബന്ധിച്ച ധനവിനിയോഗ ബില്ലും പാസാക്കി.

11 അടിയന്തരപ്രമേയം അവതരണാനുമതിക്കായി വന്നു. അവയിൽ ഒമ്പത്‌ പ്രമേയത്തിന്‌ വകുപ്പുമന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അവതരണാനുമതി നിഷേധിക്കപ്പെട്ടു. സ്വർണക്കടത്തുകേസ് പ്രതിയുടെ സിആർപിസി സെക്‌ഷൻ 164 പ്രകാരമുള്ള മൊഴി സംബന്ധിച്ചും എ കെ ജി സെന്ററിൽ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിലും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയങ്ങൾ  സഭ നിർത്തിവച്ച് ചർച്ച ചെയ്‌തു. പ്രതിപക്ഷം ഉന്നയിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങൾ  മുഖ്യമന്ത്രിയും ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷാംഗങ്ങളും ശക്തമായി തുറന്നുകാട്ടിയപ്പോൾ ഒരു സമ്മേളനത്തിൽത്തന്നെ രണ്ട് അടിയന്തരപ്രമേയം ചർച്ച ചെയ്യുന്ന സവിശേഷതയാർന്ന മറ്റൊരു അധ്യായമായി.  വ്യാജ ആരോപണങ്ങളാൽ ദുർബലമായ ഈ അടിയന്തരപ്രമേയങ്ങൾ സർക്കാരിന് ഈ രണ്ടു വിഷയത്തിലും മറച്ചുവയ്ക്കാനൊന്നുമില്ലെന്ന വസ്തുത ഒരിക്കൽക്കൂടി ജനമധ്യത്തിലേക്ക് കൊണ്ടുവരാൻ സഹായകമായെന്നതാണ് ചർച്ചകളുടെ ബാക്കിപത്രം.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഇഎസ്‌ഇസഡ്‌ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധി ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഇഎസ്‌ഇസഡ്‌ നിശ്ചയിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിഷയത്തിൽ ഒരു സർക്കാർ പ്രമേയം  അവതരിപ്പിച്ചു. പ്രമേയം  ഐകണ്ഠ്യേന പാസാക്കി.ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ആനുകൂല്യത്തിന് അർഹരാകാൻ യോഗ്യതയുള്ള അഞ്ചു ലക്ഷത്തോളംപേർ മുൻഗണനാ പട്ടിക പ്രകാരമുള്ള റേഷൻ സമ്പ്രദായത്തിന് പുറത്തായ സാഹചര്യത്തിൽ അതുസംബന്ധിച്ച്  സർക്കാർ പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനത്തിനു മാത്രമാണ് നിലവിൽ റേഷന് അർഹതയുള്ളതെന്നാണ് കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുള്ളത്.  കേരളത്തിലെ അർഹരായ മുഴുവൻ ജനവിഭാഗത്തെയും റേഷൻ സമ്പ്രദായത്തിന്റ പരിധിയിൽ‍ കൊണ്ടുവരുന്നതിനായി മുൻഗണനാ കാർഡിന്റെ എണ്ണം വർധിപ്പിക്കുന്നതിനും 2023 മാർച്ചുവരെ നിർത്തലാക്കിയ ടൈഡ് ഓവർ ഗോതമ്പ് വിഹിതം, മുൻവർഷങ്ങളിൽ നിരന്തരമായി വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എന്നിവ പുനഃസ്ഥാപിക്കണമെന്നും പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് സബ്സിഡി രഹിത മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് വർധിച്ച അളവിൽ ലഭ്യമാക്കണമെന്നും മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വിലവർധന ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതും ഫെഡറലിസം തകർക്കുന്നതുമായ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ  പ്രസ്താവന നടത്തി. അഞ്ചാം സമ്മേളനത്തിൽ ആകെ 450 നക്ഷത്രചിഹ്നമിട്ട ചോദ്യവും 5469 നക്ഷത്രചിഹ്നമിടാത്ത ചോദ്യവും ഒരു അടിയന്തര ചോദ്യവും 24 ശ്രദ്ധക്ഷണിക്കലും 120 സബ് മിഷനും സഭയുടെ മുമ്പാകെ വരികയുണ്ടായി. അവയിൽ 44 ചോദ്യത്തിനും മുഴുവൻ ശ്രദ്ധ ക്ഷണിക്കലുകൾക്കും സബ്മിഷനുകൾക്കും മന്ത്രിമാർ  വാക്കാൽ മറുപടി നൽകി. വിവിധ സബ്ജക്ട് കമ്മിറ്റികളുടെ അധ്യക്ഷന്മാർ അതത് സമിതിയുടെ 2021 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള ആനുകാലിക റിപ്പോർട്ടും 2021-–-22 സാമ്പത്തികവർഷത്തെ ധനാഭ്യർഥനകളുടെ പരിശോധന സംബന്ധിച്ച് ഒന്നാമത് റിപ്പോർട്ടിലെ ശുപാർശകളിന്മേലുള്ള ആക്‌ഷൻ ടേക്കൺ റിപ്പോർട്ടും സമർപ്പിച്ചു. സമ്മേളന കാലയളവിൽ മന്ത്രിസ്ഥാനം രാജിവച്ച  സജി ചെറിയാൻ ചട്ടം 64 അനുസരിച്ച് രാജിയെക്കുറിച്ചുള്ള വിശദീകരണം നൽകി വ്യക്തിപരമായ പ്രസ്താവന നടത്തി.

അഴിമതിവിമുക്ത മതനിരപേക്ഷ വികസിത കേരളം സൃഷ്ടിക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം നൽകുന്ന ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നവകേരളത്തിലേക്കുള്ള പ്രയാണത്തിൽ അടിയുറച്ച് നീങ്ങുന്ന രണ്ടാം പിണറായി സർക്കാരിന്റെ ജനപക്ഷ നിലപാടിലൂന്നിയ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന നിലപാടാണ് പലപ്പോഴും പ്രതിപക്ഷം സ്വീകരിച്ചതെന്ന് പറയാതെ വയ്യ. ധനാഭ്യർഥന ചർച്ചകൾക്ക്  മുഖ്യമന്ത്രിയുടെ മറുപടി കേൾക്കാനുള്ള സന്നദ്ധത പ്രതിപക്ഷം രണ്ടു ദിവസവും കാണിച്ചില്ല.

എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻവേണ്ടി പദങ്ങളെ ‘അൺപാർലമെന്ററി' ലിസ്റ്റിൽപ്പെടുത്തി ഏകാധിപത്യപ്രവണതയിൽ അഭിരമിക്കുന്ന കേന്ദ്ര സർക്കാർ, ദേശീയ ചിഹ്നത്തിലെ ശാന്തഭാവത്തിലുള്ള സിംഹങ്ങളെ ഗർജിക്കുന്ന സിംഹങ്ങളാക്കി പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രതിമാസ്ഥാപനം നടത്തുന്ന കാഴ്ച ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ച് അപകടകരമായ സൂചനയാണ് നൽകുന്നത്. പാളിപ്പോയ കേന്ദ്ര ഏജൻസികളുടെ അന്വേഷണപരമ്പരകൾ ക്ലച്ച് പിടിക്കാതെ വന്നപ്പോൾ കുറ്റാരോപിതരുടെ പ്രസ്താവനകളിൽ‍‍ അഭയംപ്രാപിച്ച് കേരള സർക്കാരിനെതിരെ വ്യാജപ്രചാരണങ്ങൾ നയിക്കാനും മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽവച്ചുപോലും ആക്രമണം നടത്താനും തയ്യാറാകുന്ന മാനസികാവസ്ഥയിലേക്കും മോഹഭംഗത്തിലേക്കും പ്രതിപക്ഷം വീണുപോകുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള തുടർച്ചയായ രണ്ടാം സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ ഉതകുന്ന കർമപദ്ധതികളുടെ വിളംബരമാണ് 15–-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ കേരളം കണ്ടത്. നവകേരളത്തിലേക്കുള്ള യാത്രയിൽ നിർണായകമായ നാഴികക്കല്ലായി അഞ്ചാം സമ്മേളനം മാറിയെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top