24 April Wednesday

ലക്ഷ്യങ്ങളിൽ ഉറച്ച്‌ രണ്ടാം സമ്മേളനം - പാർലമെന്ററി മന്ത്രി കെ രാധാകൃഷ്ണൻ എഴുതുന്നു

കെ രാധാകൃഷ്ണൻUpdated: Monday Aug 16, 2021

ജൂലൈ 22-ന്‌ ആരംഭിച്ച 15–--ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ആഗസ്‌ത്‌ 13നു സമാപിച്ചു. 21ന്‌ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബക്രീദിന്‌ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗവർണർ സമ്മേളനം 22നു ചേരാൻ പുനർനിശ്ചയിച്ച അപൂർവത രണ്ടാം സമ്മേളനത്തിനുണ്ട്. മഹാമാരി രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കാര്യോപദേശക സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഗസ്‌ത്‌16നും 17നും 18നും ബിസിനസ് പുനഃക്രമീകരിച്ച് 13ന്‌ സഭ അനിശ്ചിതകാലത്തേക്ക്‌ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ആകെ 17 ദിവസം സമ്മേളിച്ചു.

മുൻമന്ത്രി കെ ശങ്കരനാരായണപിള്ളയ്ക്ക് ചരമോപചാരമർപ്പിച്ച്‌ ആരംഭിച്ച സമ്മേളനത്തിന്റെ മുഖ്യ അജൻഡ 2021–-22ലെ പുതുക്കിയ ബജറ്റിലെ ധനാഭ്യർഥനകളെക്കുറിച്ചുള്ള ചർച്ചയും വോട്ടെടുപ്പുമായിരുന്നു. വിവിധ വകുപ്പുകളുടെ 38 ധനാഭ്യർഥന ചർച്ച നടത്തിയും ആറ്‌ ധനാഭ്യർഥന ചർച്ച കൂടാതെയും വോട്ടിനിട്ട് സഭ പാസാക്കി. 2021-–-22 ബജറ്റിലേക്കുള്ള ഉപധനാഭ്യർഥനയും പാസാക്കി. 2021-ലെ കേരള ധന ബിൽ, 2021-ലെ കേരള ധന (2–--ാം നമ്പർ) ബിൽ, 2021-ലെ കേരള ധനവിനിയോഗ (2–--ാം നമ്പർ) ബിൽ, 2021-ലെ കേരള ധനവിനിയോഗ (3–--ാം നമ്പർ) ബിൽ എന്നിവ ചർച്ച ചെയ്ത് പാസാക്കുകയും 2021-ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാലാ ബിൽ സബ്ജക്ട് കമ്മിറ്റി XIV-ന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.

പ്രതിപക്ഷം നൽകിയ 14 അടിയന്തര പ്രമേയങ്ങളുടെ അവതരണാനുമതി നോട്ടീസുകൾ പരിഗണിച്ചു. ആഭ്യന്തരം, വനം, മത്സ്യബന്ധനം, റവന്യൂ മന്ത്രിമാരുടെ വിശദമായ മറുപടിയുടെ അടിസ്ഥാനത്തിൽ അവയ്‌ക്ക്‌ അവതരണാനുമതി നിഷേധിക്കപ്പെട്ടു. ആകെ 295 രേഖ മന്ത്രിമാർ സഭയുടെ മേശപ്പുറത്തുവയ്ക്കുകയും വിവിധ സമിതിയുടെ 58 റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തു.

കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 2000 കോടി രൂപയുടെ വായ്പാ പദ്ധതിക്കുള്ള പലിശയിളവ് ഉൾക്കൊള്ളുന്ന അനുബന്ധ പാക്കേജ് ധനമന്ത്രി കെ എൻ ബാലഗോപാൽ 30നു സഭയിൽ പ്രഖ്യാപിച്ചു. കോവിഡിന്റെ ആദ്യ തരംഗത്തിലും‍ സർക്കാർ സമാശ്വാസ പാക്കേജ്‌ അനുവദിച്ചിരുന്നു. ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്‌തും വായ്പാ പലിശയിളവ് വഴിയും ജനങ്ങളുടെ ഭാരം ലഘൂകരിച്ചു. കേന്ദ്ര–സംസ്ഥാന ധന സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽനിന്ന്‌ എടുക്കുന്ന രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാലു ശതമാനം ആറു മാസത്തേക്ക്‌ സർക്കാർ നൽകും. ഒരു ലക്ഷം പേർക്ക് അതിന്റെ പ്രയോജനമുണ്ടാകും. സാമ്പത്തിക പ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്ന ചെറുകിട വ്യവസായം, ആരോഗ്യപരിപാലനം, ടൂറിസം മേഖലകളിലെ യൂണിറ്റുകളെ സഹായിക്കാൻ കെഎസ്എഫ്ഇ, കെഎഫ്സി എന്നിവ വിവിധ പദ്ധതി നടപ്പാക്കും. രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചുനൽകുന്നതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയിൽ നേരിട്ടെത്തും. 52 കോടി ചെലവിൽ ഓണം സ്പെഷ്യൽ ഭക്ഷ്യക്കിറ്റ് നൽകും.

ആരോഗ്യമന്ത്രി വീണാ ജോർജ് നാലിന് സഭയിൽ കോവി‍ഡ് വാക്സിനേഷൻ–- രോഗനിയന്ത്രണം സംബന്ധിച്ച് പ്രസ്താവന നടത്തി. മൂന്നാം തരംഗത്തിനു മുമ്പ്‌ വാക്സിനേഷൻ കഴിയുന്നത്ര പൂർത്തീകരിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഞ്ചിന് പ്രമേയം അവതരിപ്പിച്ചു. വൈദ്യുതി മേഖലയിൽ കേന്ദ്ര സർക്കാർ ഇടപെടലുകൾ ഉണ്ടാകുമ്പോഴും വൈദ്യുതി വിതരണം സംസ്ഥാനതലത്തിലാണ് കൈകാര്യം ചെയ്തിരുന്നത്. വൈദ്യുതി മേഖലയുടെ നിയന്ത്രണം പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കുന്ന സമീപനമാണ് 2021-ലെ വൈദ്യുതി ഭേദഗതി ബിൽ മുന്നോട്ടുവയ്ക്കുന്നത്. സാധാരണക്കാരന് വൈദ്യുതി അപ്രാപ്യമാക്കുന്ന ഈ ഭേദഗതി രാജ്യത്തെ ഫെഡറൽ ഭരണതത്ത്വങ്ങൾക്ക് എതിരാണ്. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി.

ഒമ്പത്‌ അനൗദ്യോഗിക ബില്ലിന്റെയും രണ്ട്‌ അനൗദ്യോഗിക പ്രമേയത്തിന്റെയും അവതരണാനുമതിക്കുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു. മന്ത്രിമാരുടെ മറുപടിക്കുശേഷം, ബില്ലുകൾ തുടർ ചർച്ചയ്ക്കായി മാറ്റിവയ്ക്കുകയും പ്രമേയങ്ങൾ സഭയുടെ അനുമതിയോടെ പിൻവലിക്കുകയും ചെയ്തു.

75–--ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ദേശീയ‍ പരിപാടിയായ ‘ആസാദി കാ അമൃത് മഹോത്സവു’ മായി ബന്ധപ്പെട്ട് നിയമസഭ സംഘടിപ്പിക്കുന്ന വിവിധ പരിപാടിയുടെ ഉദ്ഘാടനം ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്നു. ടോക്യോ ഒളിമ്പിക്സ് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ നീരജ് ചോപ്ര, രവികുമാർ ദഹിയ, മീരാബായി ചാനു, പി വി സിന്ധു, ലവ്‌ലിന ബോർഗോഹെയ്ൻ, ബജ്രങ്‌ പൂനിയ എന്നിവരെയും മലയാളി പി ആർ ശ്രീജേഷ് അംഗമായ ഇന്ത്യൻ പുരുഷഹോക്കി ടീമിനെയും സഭ അനുമോദിച്ചു.


 

510 നക്ഷത്രചിഹ്നമിട്ട ചോദ്യവും 5754 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യവും 29 ശ്രദ്ധക്ഷണിക്കലും 157 സബ്മിഷനും സഭയിൽ വരികയുണ്ടായി. നക്ഷത്രചിഹ്നമിട്ട മുഴുവൻ ചോദ്യത്തിനും 5172 നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനും മന്ത്രിമാർ ഉത്തരം ലഭ്യമാക്കി. 67 ചോദ്യത്തിനും 486 ഉപ ചോദ്യത്തിനും ശ്രദ്ധക്ഷണിക്കലുകൾക്കും സബ്മിഷനുകൾക്കും മന്ത്രിമാർ മറുപടി പറഞ്ഞു. ഇ–--നിയമസഭാ പോർട്ടൽ വഴിയാണ് ചോദ്യോത്തര ജോലികൾ നിർവഹിച്ചത്. കടലാസ് രഹിത സഭ ലക്ഷ്യമിട്ടുള്ള ഈ മാറ്റം കാലാനുസൃതമാണ്. കടലാസ് രഹിത നിയമസഭയെന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾക്കായി പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി പാർലമെന്ററി മന്ത്രി അധ്യക്ഷനായി സമിതിക്ക്‌ രൂപംനൽകി.

‘പെഗാസസ്" ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ പ്രതിഷേധംമൂലം പാർലമെന്റിന്റെ വർഷകാല സമ്മേളനം ഏറെക്കുറെ സ്തംഭിച്ച സാഹചര്യം സമാന്തരമായി നാം ആലോചിക്കേണ്ടതുണ്ട്. പൗരന്റെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയെന്ന് ആരോപണമുയരുമ്പോൾ അതിനെ അവഗണിച്ചുകൊണ്ട് പ്രതിപക്ഷ പ്രതിഷേധങ്ങളെ തല്ലിക്കെടുത്തി ഏകപക്ഷീയമായ രീതിയിൽ മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇവിടെയാണ് കേരളത്തിന്റെ മാതൃകാപരമായ പ്രവർത്തനശൈലിയുടെ പ്രസക്തി. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, പാർപ്പിട മേഖലകളിൽ എൽഡിഎഫ്‌ സർക്കാർ കൈവരിച്ച വലിയ മുന്നേറ്റം കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. മുഴുവൻ ജനങ്ങൾക്കും പരമാവധി വേഗത്തിൽ വാക്സിനേഷൻ നൽകി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച മുൻകൈ നിലനിർത്തണം. സുരക്ഷിതമായി തൊഴിലെടുത്ത് കൂടുതൽ മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കാൻ അവരെ പ്രാപ്തരാക്കേണ്ട കടമ ഈ സർക്കാർ നിർവഹിക്കുക തന്നെ ചെയ്യും.

അർഥവത്തായ സംവാദത്തിലൂടെ ഉന്നതമായ ജനാധിപത്യ ബോധത്തിലൂന്നിയ പാർലമെന്ററി സംസ്കാരം തന്നെയാണ് കേരളം രാജ്യത്തിനു നൽകിയ മഹത്തായ സംഭാവന. ജനാധിപത്യത്തിന്റെ അന്തഃസത്തയും കരുത്തും മനോഹാരിതയും ഇത്തരം സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന മെച്ചപ്പെട്ട തീരുമാനങ്ങളാണ്. കേരള നിയമസഭ ഇക്കാര്യത്തിൽ രാജ്യത്തെ മറ്റു നിയമസഭകളേക്കാൾ ബഹുദൂരം മുന്നിലാണ്. 15–-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനവും ഈ ദിശയിലുള്ള ശ്രദ്ധേയമായ ചുവടുവയ്‌പുകൾ മുന്നോട്ടുവച്ചെന്ന് അഭിമാനത്തോടെ പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top