20 May Friday

‘ഒന്നേകാൽ കോടി മലയാളികൾ’ വീണ്ടും വായിക്കുമ്പോൾ

കെ പി സതീഷ് ചന്ദ്രൻUpdated: Thursday Jan 6, 2022

1937ൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യസെൽ രൂപീകരിക്കപ്പെട്ട് ഒമ്പത് വർഷം പിന്നിട്ട കാലഘട്ടത്തിൽ 1946 ജനുവരിയിൽ ഇ എം എസ് എഴുതിയ ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന ലഘു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് ഏഴര പതിറ്റാണ്ട്  പിന്നിട്ട്‌  76 വർഷത്തിലേക്ക്‌ കടന്നിരിക്കുന്നു.  ഇന്ത്യയിലെ വിവിധ പ്രവിശ്യകളിൽ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആവശ്യത്തിന് കമ്യൂണിസ്റ്റ് പാർടി പിന്തുണ നൽകുകയും, ആ വിഷയവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ പ്രചാരണത്തിനായി പാർടി കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തിയതു പ്രകാരമാണ് ഈ പുസ്തകം എഴുതിയത്. ഇതേ മാതൃകയിൽ പി സുന്ദരയ്യ എഴുതിയ  വിശാലാന്ധ്ര, ഭവാനിസെൻ എഴുതിയ നൂതൻ ബംഗാൾ എന്നീ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചു. പാർടി വളർച്ചയുടെ ആദ്യ ചുവടുവയ്‌പുകളിലായിരുന്ന കാലത്ത്  രാഷ്ട്രീയ സാമൂഹ്യ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ ലഘുലേഖ ഭാഷയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപംകൊള്ളേണ്ടതിന്റെ ആവശ്യകതയും ഭാവികേരളം സംബന്ധിച്ച കാഴ്‌ചപ്പാടുകളും ഉൾക്കൊണ്ടതായിരുന്നു.

ഈ ലഘുലേഖയുടെ പ്രത്യേകത അതിലുടനീളം ത്രസിച്ചുനിൽക്കുന്ന നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ഉജ്വലമായ ഭാഷാശൈലിയുമാണ്.  കമ്യൂണിസ്റ്റ് പാർടിക്ക്  ജനസ്വാധീനമോ മുൻകൈയോ ഇല്ലാതിരുന്ന കാലത്ത്‌ എഴുതപ്പെട്ടതാണെന്ന വസ്തുത പുതിയ കാലത്തെ വായനക്കാർക്ക് ഒട്ടും അനുഭവപ്പെടുകയില്ല. ഏത് സാധാരണക്കാരനും ഒറ്റവായനയ്‌ക്ക് മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ ഭാഷയാണ്.  ഈ ലഘുലേഖ പാർടി പ്രവർത്തകരെയും  സഹയാത്രികരെയും ആവേശം കൊള്ളിച്ചതോടൊപ്പം ദേശാഭിമാനികളും  വികസനതൽപ്പരരുമായ നിരവധി മലയാളികളിൽ പാർടിയോടുള്ള ആഭിമുഖ്യം വളർത്താൻ സഹായകമായി. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് പാർടിയുടെ കാഴ്ചപ്പാട് ഇ എം എസ് ഒറ്റവാചകത്തിൽ വിശദീകരിച്ചത് ഇങ്ങനെ.‘‘ബ്രിട്ടനെ കൂട്ടുപിടിച്ച് നാട്ടുകാരെ ദ്രോഹിക്കുന്ന ജനദ്രോഹികളെ ഇല്ലാതാക്കി, നാട്ടുകാർക്ക് സുഖമായും  സ്വൈര്യമായും ജീവിക്കാനാകുകയാണ് പാർടിയുടെ പരിപാടി. ഒരാളും മറ്റൊരാളുടെ അടിമയാകാതെ, എല്ലാവർക്കും ഭക്ഷണവും മറ്റ് ജീവിതസൗകര്യങ്ങളും കിട്ടാൻ സൗകര്യപ്പെട്ടുകൊണ്ട് ജീവിക്കുക, ഇതാണ് കമ്യൂണിസ്റ്റ് പാർടിയുടെ അഭിപ്രായത്തിൽ സ്വാതന്ത്ര്യം”.
നവകേരളം സൃഷ്‌ടിക്കുന്നതിനായി എൽഡിഎഫ് സർക്കാർ  കർമപദ്ധതികളുമായി മുന്നോട്ട് പോകുന്ന  സാഹചര്യത്തിൽ  മുക്കാൽ നൂറ്റാണ്ടുമുമ്പ് നവകേരള നിർമിതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ വ്യക്തമായി മുന്നോട്ടുവച്ച ഈ ലഘുലേഖയുടെ പുനർവായന ചരിത്രത്തിന്റെ അപൂർവമായ ഒരു തുടർച്ചയായി അനുഭവപ്പെടും. ബ്രിട്ടീഷ് ഭരണവും  ജാതി–-ജൻമി–-നാടുവാഴിത്ത വ്യവസ്ഥയും കേരളീയ സമൂഹത്തിന് വരുത്തിവച്ച വിനാശങ്ങളെ യുക്തിഭദ്രമായി ഈ ലഘുലേഖ വിശകലനം ചെയ്യുന്നു.

“ബ്രിട്ടീഷ് ഭരണത്തെ നമുക്ക് നാലു വാക്കിൽ വിവരിക്കാം: പാപ്പരത്തം, പണിയില്ലായ്മ, പട്ടിണി, പകർച്ചവ്യാധി. ഈ നാലാപത്തും ആദ്യം കൈത്തൊഴിൽക്കാരെ പിന്നെ കൃഷിക്കാരെ അവസാനം ഇടത്തരക്കാരെയും ബാധിച്ചു. കേരളത്തിന്റെ വിഭവങ്ങൾ സ്വന്തം സ്വാർഥത്തിനായുപയോഗിക്കുക മാത്രമല്ല ബ്രിട്ടൻ ചെയ്തിട്ടുള്ളു. സാമൂഹ്യമായും സംസ്കാരപരമായും  മലയാളികൾ സ്വന്തമെന്നഭിമാനിക്കുന്ന എന്തെല്ലാം നമുക്കുണ്ടായിരുന്നുവോ അതെല്ലാം നശിപ്പിക്കുകകൂടി ബ്രിട്ടൻ ചെയ്തു. നമ്മുടെ കൃഷിയെയും കൈത്തൊഴിലുകളെയും  മാത്രമല്ല ബ്രിട്ടൻ ഞെക്കിക്കൊന്നിട്ടുള്ളൂ; നമ്മുടെ കലകളെയും സാഹിത്യത്തെയും സംസ്കാരത്തെയാകെയുംകൂടി അതു തികച്ചും നശിപ്പിച്ചിരിക്കുന്നു.  ചുരുക്കത്തിൽ, നമ്മുടെ പഴയ സമൂഹഘടനയിലും സാമ്പത്തികവ്യസ്ഥയിലും സംസ്‌കാരത്തിലും നമുക്കഭിമാനിക്കത്തക്കതും വിലമതിക്കത്തക്കതുമായ എന്തെല്ലാമുണ്ടായിരുന്നുവോ അതെല്ലാം(നമ്മുടെ കല, സാഹിത്യം) നശിപ്പിക്കുക; പുതിയ യൂറോപ്യൻ സംസ്കാരത്തിൽ നാം സ്വീകരിക്കേണ്ടതായി എന്തെല്ലാമുണ്ടോ അതൊന്നും (സയൻസ്, നവീന വ്യവസായങ്ങൾ) നമുക്ക് കിട്ടാതിരിക്കുക; നമ്മുടെ പഴയ സാമൂഹ്യഘടനയിലെ ദോഷങ്ങളെല്ലാം (ഉദാ: ജാതിമേധാവിത്വം) കൂടുതൽ ഭയങ്കരമായിത്തീരുക ഇതാണ് 150 കൊല്ലത്തിലധികം കാലത്തെ ബ്രിട്ടീഷ് ഭരണംകൊണ്ട്  നമുക്കനുഭവിക്കേണ്ടി വന്നത്.”


 

ദേശീയ പ്രസ്ഥാനത്തിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച പങ്കാളിത്തം ലഘുലേഖ വിലയിരുത്തുന്നുണ്ട്. 1885ൽ  ജൻമമെടുത്ത ഇന്ത്യൻ നാഷണൻ കോൺഗ്രസിന്റെ ആദ്യത്തെ അഖില കേരള സമ്മേളനംതന്നെ 31 വർഷത്തിനുശേഷം 1916ൽ നടത്താൻ ഇടയായതിനെ വിമർശപരമായി വിലയിരുത്തുമ്പോൾത്തന്നെ 1916ൽ നടന്ന ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര പ്രാധാന്യം പരാമർശിക്കുകയും ചെയ്യുന്നു. തുടർന്ന്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിൽ രൂപപ്പെട്ടു തുടങ്ങിയ പൊതുജീവിതത്തിന്റെ ഉജ്വലമായ ചിത്രം വരച്ചുകാട്ടുന്നു.

“1920–-21 ലെ സഹകരണ ത്യാഗപ്രസ്ഥാനം കേരളത്തിനൊരു പൊതുജീവിതമുണ്ടാക്കി: പൊതു കാര്യങ്ങൾ ആലോചിക്കുകയും വാദപ്രതിവാദം നടത്തുകയും  ചെയ്യുകയും മാത്രമല്ല, അവയ്ക്കുവേണ്ടി നിരന്തരം  പ്രവർത്തിക്കുകകൂടി ചെയ്യുന്ന പ്രവർത്തകരും സംഘടനകളും കേരളത്തിന്റെ ചരിത്രത്തിലൊന്നാമതായുണ്ടായി. നൂറുകണക്കിന് ചെറുപ്പക്കാർ  വെയിലും മഴയും സഹിച്ച് നാടുതോറും നടന്ന് സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിച്ചു. ദരിദ്രരും നിരക്ഷരരുമായ കൃഷിക്കാർ ആയിരക്കണക്കിന്‌ യോഗങ്ങളിൽ ഹാജരായും മറ്റുതരത്തിൽ രാഷ്ട്രീയ ജീവിതത്തിൽ പങ്കുകൊണ്ടും പ്രസ്ഥാനത്തെ സഹായിച്ചു.  എല്ലാ ജാതിയിലുംപെട്ട ബഹുജനങ്ങളെ ആകർഷിക്കുന്ന ഒരു പ്രസ്ഥാനവും സംഘടനയും ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല. “ജാതി ചോദിക്കരുത്, പറയരുത്” എന്ന് ശ്രീനാരായണഗുരു  ഇതിനുമുമ്പുതന്നെ ഉപദേശിച്ചിരുന്നുവെങ്കിലും അയിത്തോച്ചാടനത്തിന്റെ സന്ദേശം സ്വീകരിച്ച ഒട്ടേറെ പ്രവർത്തകർ  എല്ലാ സമുദായത്തിൽനിന്നും ഉയർന്നുവന്നത് ഗാന്ധിജിയുടെ  പ്രസ്ഥാനത്തോടുകൂടിയാണ്.

1937ൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി സെൽ രൂപീകരിക്കപ്പെട്ടതിനെത്തുടർന്ന്, ബഹുഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും കമ്യൂണിസ്റ്റ് പാർടിയിലേക്ക് ആകർഷിക്കപ്പെട്ട പ്രക്രിയ വിശദമാക്കുന്നുണ്ട്. അതിന്റെ തുടർച്ചയായി കേരളത്തിൽ അതുവരെ ഇല്ലാത്തനിലയിൽ പുതിയതരത്തിലുള്ള ഒരു പാർടിയായി പ്രവർത്തനം ആരംഭിച്ച പാർടിയുടെ സവിശേഷതകൾ കൃത്യതയോടെ വിശദീകരിക്കുന്നു.

“1930ൽ തുടങ്ങി 1933–-34ൽ അവസാനിച്ച നിയമലംഘന പ്രസ്ഥാനമാകട്ടെ, ഈ പൊതു ജീവിതത്തെ ഒരുപടികൂടി ഉയർത്തി: പൊതുകാര്യങ്ങൾ ആലോചിച്ച്‌ വാദപ്രതിവാദം നടത്തുകയും അവയ്ക്കുവേണ്ടി കുറെക്കൂടി സ്ഥിരമായും ക്രമമായും പ്രവർത്തിക്കുകയും ചെയ്യുന്ന അനവധി പുതിയ പ്രവർത്തകർ 1930–-34ൽ ഉയർന്നുവന്നു. മാത്രമല്ല, ഈ പ്രവർത്തകർക്കുതന്നെ  പുതിയൊരുയർന്ന ചിന്താഗതിയും  പുതിയൊരുറച്ച സംഘടനയുമുണ്ടായി. ഈ പ്രവർത്തകരും ഈ സംഘടനയുമാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാരും  പാർടിയുമായി വളർന്നു കഴിഞ്ഞിട്ടുള്ളത്.

ഇതിന്റെയെല്ലാം ഫലമായി പുതിയ തരത്തിലുള്ള, ഒരു ജനാധിപത്യപരമായ സംഘടന ഉയർത്തിക്കൊണ്ടുവരാൻ, തങ്ങളുടെ സ്വത്തും സമയവും ബുദ്ധിയുമെല്ലാം നാട്ടുകാർക്കുവേണ്ടി ഉഴിഞ്ഞിട്ട നാലായിരത്തോളം മെമ്പർമാരും അതിലും എത്രയോ ഇരട്ടി അനുഭാവികളുമടങ്ങുന്ന ഒരു പാർടി സംഘടനയുണ്ടാക്കാൻ, കമ്യൂണിസ്റ്റുകാർക്ക്‌ കഴിഞ്ഞിരിക്കുന്നു. നാട്ടുകാരുടെ നിത്യജീവിതത്തിന്റെ എല്ലാ വശത്തും ഇത്രയധികം പങ്കെടുക്കുന്ന മറ്റൊരു പാർടി കേരളത്തിലില്ല. കൂലി, പാട്ടം മുതലായ സാമ്പത്തികപ്രശ്നങ്ങളിലും സാഹിത്യം, കല, സയൻസ് മുതലായ സാംസ്കാരിക പ്രശ്നങ്ങളിലും  വോട്ടവകാശം, ഉദ്യോഗവിതരണം മുതലായ രാഷ്ട്രീയ പ്രശ്നങ്ങളിലും വിവാഹം പിന്തുടർച്ചാവകാശം, ചികിത്സ മുതലായ സാമൂഹ്യ പ്രശ്നങ്ങളിലുമെല്ലാം  കമ്യൂണിസ്റ്റ് പാർടിക്ക്‌ പരിപാടിയും പ്രവർത്തനവുമുണ്ട്. ഈ എല്ലാ വകുപ്പിലും ഇന്നുള്ള ദയനീയ നിലയില്ലാതാക്കി ഒരു പുതിയ കേരളം സൃഷ്ടിക്കാനാണ് കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്’.

നവകേരള സൃഷ്ടിക്ക് സഹായകരമായ ഒരു വികസന കർമപരിപാടി കേരളീയ സമൂഹത്തിന് മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് ലഘുലേഖ സമാപിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക്‌ മുമ്പും ശേഷവും പാർടി നേതൃത്വം നൽകിയ സാമ്രാജ്യത്വം, ജൻമി –-നാടുവാഴിത്ത വിരുദ്ധ ജനമുന്നേറ്റങ്ങളിൽ പാർടി ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക്‌ പുതിയ കേരള സമൂഹം പടുത്തുയർത്തുന്നതിന് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. കാർഷികപ്രശ്നങ്ങളിൽ ഉൾപ്പെടെ നടത്തിയ പോരാട്ടങ്ങളിലൂടെ  പാർടിയുടെ ജനപിന്തുണയും സംഘടനാപരമായ കരുത്തും  ശക്തിപ്പെടുകയായിരുന്നു. 

പ്രഥമ പാർലമെന്റ് തെരഞ്ഞെടുപ്പിലും തിരുവിതാംകൂർ, കൊച്ചി, മദ്രാസ് അസംബ്ലി തെരഞ്ഞെടുപ്പുകളിലും പാർടി കരുത്ത് തെളിയിച്ചു.1956ൽ തൃശൂരിൽ നടന്ന  കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന സമ്മേളനം കേരള വികസനക്കാഴ്ചപ്പാടുകൾ സംബന്ധിച്ച സമഗ്രപ്രമേയം അംഗീകരിച്ചു. ഈ പ്രമേയം തയ്യാറാക്കാൻ "ഒന്നേകാൽ കോടി മലയാളികളും' അതിന്റെ തുടർച്ചയായി ഇ എം എസ് എഴുതിയ “കേരളം മലയാളികളുടെ മാതൃഭൂമിയും” മുന്നോട്ടുവച്ച  വികസനക്കാഴ്‌ചപ്പാടുകൾ സഹായകമായി. 1957ൽ ഇ എം എസ് നേതൃത്വം നൽകിയ സർക്കാർ  ഇവ  പ്രായോഗികമാക്കാനാണ് ശ്രമിച്ചത്.  ആ സർക്കാരിനെ  ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടെങ്കിലും പാർടി നേതൃത്വം നൽകിയ സർക്കാരുകൾ കേരളത്തിൽ അധികാരത്തിൽ വന്നു. 1957 ലെ സർക്കാരിനെതിരായ ‘വിമോചന സമരത്തിന്റെ’ അറുപത്തി മൂന്നാം വാർഷികത്തിലെ എൽഡിഎഫ് തുടർഭരണം യാഥാർഥ്യമായ സാഹചര്യത്തിൽ ‘ഒന്നേകാൽ കോടി മലയാളികളുടെ’ പുനർവായനയും പഠനവും അത്യന്തം പ്രസക്‌തമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top