26 April Friday

വ്യവസായം വികസനപാതയിൽ - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


ഐടി, ടൂറിസം, കൃഷി എന്നീ രംഗങ്ങളിൽ തൊഴിൽ തേടുകയല്ലാതെ മറ്റൊരു വഴിയും കേരളത്തിലെ ചെറുപ്പക്കാർക്ക്‌ മുന്നിലില്ല  എന്നൊരു ചിന്ത സമീപകാലംവരെ നിലനിന്നിരുന്നു. തീർച്ചയായും അസ്ഥാനത്തല്ല അത്തരം ചിന്തകൾ. എന്നാൽ, പുതിയൊരു തൊഴിൽ തുറ അതിവേഗം തുറന്നുവരികയാണ്‌. സൂക്ഷ്‌മ–- ചെറുകിട–-ഇടത്തരം വ്യവസായങ്ങൾ. അവയിൽത്തന്നെ മുഖ്യം സൂക്ഷ്‌മ വ്യവസായങ്ങളാണ്‌. കേരളത്തിൽ വ്യവസായ വികസനത്തിന്‌ കാര്യമായ സാധ്യതകളില്ലെന്ന ചിന്ത അപ്രസക്തമാകുന്നു.

കുറഞ്ഞ ഭൂലഭ്യത, ഉയർന്ന ജനസാന്ദ്രത, ഗ്രാമ–-നഗര വ്യത്യാസമില്ലാത്ത ആവാസവ്യവസ്ഥ, ധാതുലവണങ്ങളുടെ അപര്യാപ്‌തത, പശ്ചാത്തല സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ്‌ മേൽസൂചിപ്പിച്ച നിരാശാവാദത്തിനു പിന്നിൽ. എന്നാൽ, മികവുപുലർത്തുന്ന ഒട്ടേറെ അനുകൂല ഘടകം കേരളത്തിലുണ്ട്‌. അവയെ തിരിച്ചറിയാത്തതോ അനുകൂലമായി പ്രയോജനപ്പെടുത്താൻ മടിച്ചതോ ആണ്‌ വ്യവസായവികസന സാധ്യത വിരളമെന്ന ചിന്തയ്‌ക്ക്‌ അടിസ്ഥാനം. വ്യവസായ വികസനമെന്നാൽ വൻകിട വ്യവസായമെന്ന സമവാക്യത്തിൽ കുടുങ്ങിയതാകാം മറ്റൊരു കാരണം. ഈ സമീപനത്തിന്‌ ഇപ്പോൾ കാതലായ മാറ്റംവന്നിരിക്കുന്നു. ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ലക്ഷക്കണക്കിനു യുവജനങ്ങളുടെ സാന്നിധ്യം, കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌  മെച്ചപ്പെടുത്തിയ പശ്ചാത്തല സൗകര്യങ്ങൾ, കെ–-ഫോൺ സാധ്യമാക്കുന്ന ഉയർന്ന ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഇവയെല്ലാം പുതിയ ആശയങ്ങൾക്കും പുതിയ വ്യവസായ സംരംഭങ്ങൾക്കും തികച്ചും അനുയോജ്യമാണ്‌. വിജ്ഞാനസാന്ദ്രമായ പുതുസമൂഹ സൃഷ്ടിയോടുള്ള സർക്കാരിന്റെ പ്രതിബദ്ധത മുന്തിയ അനുകൂല ഘടകമാണ്‌. അതേപോലെ ഉയർന്ന ബാങ്കിങ്‌ സാന്ദ്രതയും. സർക്കാരിന്റെ വിവിധ സാമ്പത്തികസഹായ പദ്ധതികളും വ്യവസായ പാർക്കുകളും എസ്‌റ്റേറ്റുകളും ക്ലസ്റ്ററുകളും അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ ഫലമായി 2017–-17 മുതൽ 2020–-21 വരെ സംസ്ഥാനത്ത്‌ 70,064 സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റ്‌ നിലവിൽവന്നു. അവയിലെല്ലാംകൂടി 6519 കോടി രൂപയുടെ മൂലധന നിക്ഷേപമുണ്ടായി. 2,48,813 പേർക്ക്‌  തൊഴിലായി.

ഈ പശ്ചാത്തലത്തിൽ രാജ്യത്തെ ഈ മേഖലയിലെ സ്ഥിതി പരിശോധിക്കുന്നത്‌ ഗുണകരമാകും. അതിൽനിന്ന്‌ ചില പാഠം ഉൾക്കൊള്ളാനുമാകും. ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിലെ 2020–-21 വാർഷിക റിപ്പോർട്ടു പ്രകാരം മൊത്തം 6.33 കോടി യൂണിറ്റുണ്ട്‌. ഇത്‌ ആകെ വ്യവസായസ്ഥാപനങ്ങളുടെ 95 ശതമാനമാണ്‌. അവയിലെല്ലാംകൂടി 11.09 കോടി പേർ പണിയെടുക്കുന്നു. ആകെ വ്യവസായ ഉൽപ്പാദനത്തിന്റെ 45 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും ഈ മേഖല സംഭാവന ചെയ്യുന്നു. ഒരുകോടി രൂപവരെ മൂലധന നിക്ഷേപമുള്ള സൂക്ഷ്‌മ (micro) യൂണിറ്റുകളാണ്‌ 97 ശതമാനവും. സാമ്പത്തികമായും സാമൂഹ്യമായും പിന്നണിയിൽ നിൽക്കുന്നവരുടെ ഉടമസ്ഥതയിലാണ്‌ 66 ശതമാനം സ്ഥാപനങ്ങളും. ഏതാണ്ട്‌ പകുതി യൂണിറ്റ്‌ പ്രവർത്തിക്കുന്നത്‌ ഗ്രാമങ്ങളിലാണ്‌.

ഇതിൽനിന്നുള്ള  ഗുണപാഠങ്ങൾ വ്യക്തമാണ്‌. തൊഴിൽ വർധനയ്‌ക്കും സാമ്പത്തികമായി ഉൾച്ചേർക്കലിനും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കും ഉതകുന്നതാണ്‌ സൂക്ഷ്‌മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ. അവയ്‌ക്ക്‌ മൂലധന നിക്ഷേപം കുറച്ചുമതി. കൂടുതൽ തൊഴിൽശക്തി വേണം. ഗ്രാമങ്ങളിലും ആരംഭിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാം. സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രധാന തൊഴിൽ മേഖലയിലൊന്നായി അവ മാറിക്കൊണ്ടിരിക്കുന്നു.

ഇതോടൊപ്പം കേരളം വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള പരിവർത്തന ഘട്ടത്തിലാണ്‌. വിജ്ഞാനം സമൂഹത്തിനാകെ  പ്രയോജനകരമാകുന്നത്‌ അവ ഉൽപ്പാദനപ്രക്രിയയിൽ പ്രയോഗിക്കപ്പെടുമ്പോഴാണ്. ഇൻവെൻഷൻ, ഇന്നൊവേഷനായി മാറണമെന്നർഥം. കോളേജുകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും ഷെൽഫുകളിൽ സൂക്ഷിക്കപ്പെടേണ്ടതല്ല വിജ്ഞാനം. അവ സംരംഭങ്ങളായി മാറണം. സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നത്‌ അതിനുവേണ്ടിയാണ്‌. കേരളത്തിൽ ഏതാണ്ട്‌ 3100 സ്റ്റാർട്ടപ്പുണ്ട്‌. അവ ഇതുവരെയായി വിവിധങ്ങളായ ഫണ്ടിങ്‌ മൂലധനം സമാഹരിച്ചുകഴിഞ്ഞു. വൈവിധ്യമാർന്നതാണ്‌ സ്റ്റാർട്ടപ്പുകളുടെ ലോകം. ഹാർഡ്‌വെയർ, ബയോടെക്‌നോളജി, ഹെൽത്ത്‌ കെയർ തുടങ്ങി വിവധ മേഖലയിൽ അവ പ്രവർത്തിക്കുന്നു. ചെറുകിട സ്ഥാപനങ്ങളായാണ്‌ അവ ആരംഭിക്കുക. അടുത്ത അഞ്ചുവർഷത്തിനകം 15,000 സ്റ്റാർട്ടപ്‌ ആരംഭിക്കുകയാണ്‌ സർക്കാർ ലക്ഷ്യം. രണ്ടുലക്ഷം തൊഴിലവസരം സൃഷ്ടിക്കാൻ കഴിയും.

ഇന്ത്യാ സർക്കാർ കണക്കനുസരിച്ച്‌ കേരളത്തിൽ 2015–-16ൽ 23.79 ലക്ഷം സൂക്ഷ്‌മ–-ചെറുകിട യൂണിറ്റ്‌ ഉണ്ടായിരുന്നു. ആദ്യം നോട്ടുനിരോധനവും തുടർന്ന്‌ കോവിഡ്‌–-19ഉം ആ മേഖലയ്‌ക്ക്‌ കനത്ത ആഘാതമേൽപ്പിച്ചു. പല യൂണിറ്റും അടച്ചുപൂട്ടി. കൃഷിയും പരമ്പരാഗത വ്യവസായങ്ങളും സ്‌തംഭനത്തിലായി. 2017–-18ൽ 15,468 യൂണിറ്റ്‌ ആരംഭിച്ച സ്ഥാനത്ത്‌ 2018–-19ൽ ആരംഭിച്ചത്‌ 13,826 മാത്രം. എന്നാൽ, 2021–-22 ആയപ്പോഴേക്കും ആ മേഖലയുടെ നഷ്ടപ്പെട്ട കരുത്ത്‌ തിരിച്ചുപിടിക്കാനായി. 

പട്ടിക കാണുക
അതത്‌ വർഷത്തെ കണക്കുകളാണ്‌ മേൽ കൊടുത്തിട്ടുള്ളത്‌. തകർച്ചയിലായിരുന്ന ആ മേഖല, വ്യവസായ വകുപ്പിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട കരുത്ത്‌ തിരിച്ചുപിടിച്ചതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 6667.15 കോടി രൂപയുടെ മുതൽമുടക്കിലൂടെ 2,47,601 തൊഴിലവസരം സൃഷ്ടിച്ചു. മൂലധന–-അധ്വാനശേഷി അനുപാതം പൊതുവെ കുറവാണെന്നത്‌ ആകർഷണമാണ്‌. എസ്റ്റാബ്ലിഷ്‌മെന്റ്‌ ചെലവുകളും പൊതുവെ കുറവാണ്‌. സ്‌ത്രീകൾക്കും കുറഞ്ഞ വിദ്യാഭ്യാസമുള്ളവർക്കും ഭിന്നശേഷിക്കാർക്കും ചെറുകിട യൂണിറ്റുകളിൽ ജോലിയെടുക്കാൻ സൗകര്യമുണ്ട്‌. സംസ്ഥാനത്തെ ഏതാണ്ട്‌ 50 ശതമാനം യൂണിറ്റും ഗ്രാമങ്ങളിലാണ്‌.

സർക്കാരിന്റെ വ്യവസായ–-വാണിജ്യനയ പ്രഖ്യാപനം (2018) ചെറുകിട വ്യവസായങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുക മാത്രമല്ല, നിരവധി ശുപാർശയും നിർദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്നുമുണ്ട്‌. എല്ലാം സർക്കാർ നേരിട്ട്‌ നടത്തുകയെന്ന കാഴ്‌ചപ്പാടില്ല. സ്വകാര്യ സംരംഭങ്ങൾക്ക്‌ വ്യവസായനയം അർഹമായ പ്രാധാന്യം നൽകുന്നു. എന്നാൽ, അവ സർക്കാരിന്റെ മാർഗനിർദേശങ്ങൾക്കും നിബന്ധനകൾക്കും വിധേയമായാണ്‌ പ്രവർത്തിക്കുക. അതുതന്നെയാണ്‌ സ്വകാര്യവൽക്കരണവുമായുള്ള വ്യത്യാസവും. അതിരുകളില്ലാത്ത മൂലധന സ്വാതന്ത്ര്യമാണ്‌ സ്വകാര്യവൽക്കരണത്തിന്റെ കാതൽ.

സർക്കാരിന്റെ പൊതുവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ്‌ വ്യവസായ–-വാണിജ്യ നയപ്രഖ്യാപനത്തിലെ ആമുഖ വാചകം: ‘കേരളത്തെ പരിസ്ഥിതി സൗഹൃദരീതിയിൽ ശക്തമായ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി ഒപ്പം വാണിജ്യരംഗത്ത്‌ ഒരു കുതിച്ചുചാട്ടമുണ്ടാക്കി ന്യായമായ വേതനം ലഭിക്കുന്ന തൊഴിലവസരങ്ങൾ വൻതോതിൽ സൃഷ്ടിച്ച്‌ സാമൂഹ്യപ്രതിബദ്ധതയ്‌ക്ക്‌ ഊന്നൽ നൽകിക്കൊണ്ട്‌ സുഗമമായി വ്യവസായം നടത്തുകയും അതിലൂടെ സമഗ്ര സാമ്പത്തിക പുരോഗതി കൈവരിക്കുകയുമാണ്‌ നയത്തിന്റെ വീക്ഷണം’.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top