09 December Saturday
ചെലവാക്കിയത് 18,000 കോടി

ഏവർക്കും കരുതൽ, കൈത്താങ്ങ് - ധനമന്ത്രി കെ എൻ ബാലഗോപാൽ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2023


സംസ്ഥാനത്തെ സമസ്ത ജനവിഭാഗങ്ങളിലേക്കും സർക്കാരിന്റെ സഹായം എത്തിക്കാൻ കഴിഞ്ഞ ഒരു ഓണക്കാലമാണ് കടന്നുപോകുന്നത്. ഖജനാവ് കാലിയായിരിക്കുന്നു, ട്രഷറി പൂട്ടും, സമ്പദ്‌വ്യവസ്ഥ തകരും, ഓണം ആനുകൂല്യങ്ങൾ ഉണ്ടാകില്ല തുടങ്ങി എത്ര തലക്കെട്ടുകളാണ് ഓണത്തിനു മുമ്പുള്ള ദിവസങ്ങളിൽ നാം കണ്ടത്. എല്ലാ വിമർശങ്ങളെയും ശാപവചനങ്ങളെയും നിഷ്‌പ്രഭമാക്കി കേരളത്തിന് മുന്നോട്ടുപോകാൻ കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികത്തകർച്ച സ്വപ്നം കണ്ടവർ ഒരിക്കൽക്കൂടി നിരാശരായിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന അന്താരാഷ്ട്ര റേറ്റിങ്‌ ഏജൻസിയായ ഫിച്ചിന്റെ റിപ്പോർട്ട്‌ പ്രകാരം കേരളത്തിന്റെ സാമ്പത്തികരംഗം കൂടുതൽ സ്ഥിരത കൈവരിക്കുകയാണ്. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണ് എന്ന വിവരവും പുറത്തുവന്നിരിക്കുന്നു. ഏതാണ്ട് 40,000 കോടി രൂപ കേന്ദ്ര വിഹിതത്തിൽ കുറവ് വന്നിട്ടും സംസ്ഥാനത്തിന്റെ തനതുവരുമാനം വർധിപ്പിച്ചും ശരിയായ സാമ്പത്തിക നടപടികൾ കൈക്കൊണ്ടും കേരളം പ്രതിസന്ധികളെ സുധീരം നേരിടുകയാണ്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ രണ്ട് സാമ്പത്തികവർഷംകൊണ്ടുമാത്രം 24,000 കോടി രൂപയുടെ വർധനയാണ് തനതു നികുതി വരുമാനത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞത്. 2021-ൽ 47,000 കോടിയായിരുന്ന തനത് വരുമാനം 2023 മാർച്ച് 31 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 71,000 കോടിയിലേക്ക് ഉയർന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനമാണ്‌ ഇത്. കേന്ദ്ര സർക്കാരിന്റെ കൈകളിലേക്കെത്തുന്ന രാജ്യത്തിന്റെ പൊതു വരുമാനത്തിന്റെ ഭാഗം വീതംവയ്ക്കുന്നതിലുള്ള നീതിരാഹിത്യം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയും ഡിവിസിബിൾ പൂളിൽനിന്നുള്ള നികുതിവിഹിതം വെട്ടിക്കുറച്ചും കേരളത്തെ പ്രതിസന്ധിയിലാഴ്‌ത്തുകയാണ് കേന്ദ്രം. 2020–-21-ൽ കേരളത്തിന്റെ ആകെ റവന്യു വരുമാനത്തിന്റെ 56 ശതമാനം സംസ്ഥാന വിഹിതവും 44 ശതമാനം കേന്ദ്ര വിഹിതവുമായിരുന്നു. എന്നാൽ, സംസ്ഥാനത്തിന് അർഹമായ നികുതിവിഹിതത്തിൽ കേന്ദ്രം വരുത്തിയ വെട്ടിക്കുറവിനെത്തുടർന്ന് കേന്ദ്ര വിഹിതം 44 ശതമാനത്തിൽനിന്നും 30 ശതമാനമായി കുറഞ്ഞു. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾക്കെല്ലാം റവന്യു ചെലവിന്റെ 50 ശതമാനമെങ്കിലും കേന്ദ്രവിഹിതം ലഭിക്കുമ്പോഴാണ് കേരളത്തോടുള്ള ഈ വിവേചനം.

സംസ്ഥാന താൽപ്പര്യത്തിനെതിരെ യുഡിഎഫ് എംപിമാർ
സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഉണ്ടാകുന്ന അന്യായമായ ഈ വെട്ടിക്കുറവ് പാർലമെന്റിൽ അവതരിപ്പിക്കണമെന്നും കേന്ദ്ര ധനമന്ത്രിയെ കേരളത്തിലെ എംപിമാർ നേരിട്ടുകണ്ട് ഈ പ്രശ്നത്തിന് സത്വരപരിഹാരം ആരായണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ എംപിമാരുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ, പാർലമെന്റിൽ ഇത് അവതരിപ്പിക്കാനോ എൽഡിഎഫ് എംപിമാരോടൊപ്പം കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ട് ഒറ്റക്കെട്ടായി സംസ്ഥാനത്തിന്റെ നിവേദനം സമർപ്പിക്കാനോ യുഡിഎഫ് എംപിമാർ തയ്യാറായില്ല. നിവേദനത്തിൽ ഒപ്പിടാൻപോലും യുഡിഎഫിന്റെ ഒറ്റ എംപിയും സന്നദ്ധരായില്ല എന്നുള്ളത്  കേരള ജനതയോടുള്ള അവരുടെ സമീപനമാണ് തുറന്നുകാട്ടുന്നത്. കേന്ദ്രം കേരളത്തെ എത്രതന്നെ ശ്വാസംമുട്ടിച്ചാലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന യുഡിഎഫിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാനത്തിനെതിരെ കേന്ദ്രം ഏകപക്ഷീയമായി നടത്തുന്ന സാമ്പത്തിക ഉപരോധം എൽഡിഎഫ് സർക്കാരിനെതിരെ നടത്തുന്നതല്ലെന്നും അത് സംസ്ഥാനത്തിന്‌ എതിരെയാണെന്നും യുഡിഎഫ് എംപിമാർ എന്തേ മനസ്സിലാക്കുന്നില്ല? അന്ധമായ ഇടതുപക്ഷ വിരുദ്ധത ബാധിച്ച യുഡിഎഫ് നേതാക്കന്മാർ കേന്ദ്ര സർക്കാരിനെ വെള്ളപൂശുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേന്ദ്രം ഇങ്ങോട്ടൊന്നും തന്നില്ലെങ്കിലും  എൽഡിഎഫ് സംസ്ഥാനം ഭരിക്കുന്നതുകൊണ്ട് തങ്ങൾ ഒന്നും മിണ്ടില്ലെന്ന നിലപാട് ഭൂഷണമാണോ എന്നവർ ചിന്തിക്കണം.

ഈ വിഷയം ഉന്നയിച്ചവേളയിൽ തെറ്റിദ്ധാരണ ജനിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. സംസ്ഥാന ധനമന്ത്രി ഡൽഹിയിൽ എത്തി കേന്ദ്ര ധനമന്ത്രിയെ കണ്ട സന്ദർഭത്തിൽ ഒപ്പംപോകാൻ എംപിമാരെ ക്ഷണിച്ചിരുന്നില്ലെന്ന മറുപടി നൽകി വിഷയം മാറ്റാനായിരുന്നു ശ്രമം. സംസ്ഥാന ധനമന്ത്രിയോടൊപ്പം എംപിമാർ കേന്ദ്ര മന്ത്രിയെ കാണാൻ വന്നില്ലെന്ന ആക്ഷേപം ആരും ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഉന്നയിക്കാത്ത വിഷയത്തിന്‌ മറുപടി പറഞ്ഞ് യഥാർഥ വിഷയത്തിൽനിന്ന്‌ ഒളിച്ചോടാനുള്ള ശ്രമം ജനങ്ങൾക്ക് മനസ്സിലാകും.

കൂടാതെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ നികുതി പിരിക്കാത്തതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതായി കണ്ടു. കേന്ദ്രം കേരളത്തിന് ന്യായമായ നികുതി വിഹിതം നൽകുന്നില്ല എന്നതും സംസ്ഥാനത്തിന് അർഹമായ കടമെടുപ്പുപോലും അനുവദിക്കുന്നില്ല എന്നതും അദ്ദേഹത്തിന് അറിയാത്ത കാര്യമല്ല. നിയമസഭയിൽ എത്രയോ തവണ ഈ വിഷയങ്ങൾ ചർച്ച ചെയ്തതാണ്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം പുലർത്തുന്ന സാമ്പത്തിക സമീപനത്തെക്കുറിച്ച് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതാണ്. അപ്പോഴും കേന്ദ്രത്തെ കുറ്റപ്പെടുത്താതെ കേരളത്തിന്റെ നികുതി പിരിവിന്റെ പ്രശ്നമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനമെന്നു പറയുന്നത് ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണ്? ബിജെപി സർക്കാരിനെ വിമർശിക്കുമ്പോൾ അദ്ദേഹം ഇത്രമേൽ അസ്വസ്ഥനാകുന്നത്എന്തുകൊണ്ടാണ് ?


 

ഓണത്തിന്‌ ചെലവിട്ടത്‌ 18,000 കോടി
മലയാളിയുടെ ദേശീയോത്സവത്തെ വരവേൽക്കുന്നതിനായി 18,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചത്. 3100ൽ അധികം ഓണച്ചന്തകളും 2000ൽ അധികം കർഷകച്ചന്തകളും ഓണം പ്രമാണിച്ച് ആരംഭിച്ചു. നല്ല തിരക്കാണ് വിപണിയിൽ അനുഭവപ്പെട്ടത്. 400 കോടിയിലധികം രൂപയാണ് വിപണിയിൽ ഇടപെടുന്നതിനായിമാത്രം സർക്കാർ ഓണക്കാലത്ത് ചെലവഴിച്ചത്.

60 ലക്ഷത്തോളം ആളുകൾക്ക് 3200 രൂപ വീതം ക്ഷേമ പെൻഷൻ നൽകാനായി 1900 കോടി അനുവദിച്ചു. 4.6 ലക്ഷം തൊഴിലുറപ്പുതൊഴിലാളികൾക്ക് 1000 രൂപ ഓണം അലവൻസ് എന്ന നിരക്കിൽ 46 കോടി, ലോട്ടറി ജീവനക്കാർക്കും പെൻഷൻകാർക്കുമായി ബോണസ്‌ ഇനത്തിൽ 24 കോടി  ഉൾപ്പെടെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന മറ്റു തൊഴിലാളികൾ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാവരിലേക്കും സർക്കാരിന്റെ ഓണം ആനുകൂല്യങ്ങൾ എത്തിക്കാൻ കഴിഞ്ഞു. സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ഓണം അലവൻസായി 2750 രൂപയും അനുവദിച്ചു. ഓണം അഡ്വാൻസ് 20,000 രൂപയും പെൻഷൻകാർക്ക് ഫെസ്റ്റിവൽ അലവൻസായി 1000 രൂപയും നൽകി.

കെഎസ്ആർടിസിക്ക് 140 കോടി രൂപ, കാഷ്യു ബോർഡിന് 43 കോടി, റബർ സബ്സിഡിക്കായി 25 കോടി, കയർ മേഖലയ്ക്ക് 25 കോടി, കൈത്തറി മേഖലയ്ക്ക് 50 കോടി, വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ടായി 34 കോടി എന്നിങ്ങനെ പണം അനുവദിച്ചു. ആറുലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി. രാജ്യമാകെ കടുത്ത വിലക്കയറ്റം നിലനിൽക്കുമ്പോഴും ഓണക്കാലത്ത് കേരളത്തിലെ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ കേരളത്തിന് കഴിഞ്ഞു.

ഒരുവശത്ത് കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും ജനങ്ങളുടെ ക്ഷേമത്തിലും സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിലും ഒരു കുറവും വരുത്താതെ എൽഡിഎഫ് സർക്കാർ സുധീരമായ ചുവടുവയ്‌പുകളോടെ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്തിന്റെ അർഹമായ അവകാശങ്ങൾ കേന്ദ്രത്തിൽനിന്ന് നേടിയെടുക്കുന്നതിനും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറലിസം സംരക്ഷിക്കുന്നതിനും സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണ്. കേവലമായ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് അതിനായി ഏവരും ഒരുമിക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top