29 March Friday

ജനാധിപത്യത്തിന് മരണവാറണ്ട് - കെ കെ രാഗേഷ്‌ എഴുതുന്നു

കെ കെ രാഗേഷ്‌Updated: Friday Sep 25, 2020


തുടർച്ചയായ ജനവിരുദ്ധ നടപടികളിലൂടെ രാജ്യത്തെ കുത്തുപാളയെടുപ്പിക്കുകയാണ് എൻഡിഎ സർക്കാർ. ജനരോഷം ഉയരുമ്പോൾ അതിൽനിന്ന്‌ രക്ഷപ്പെടാനുള്ള കവചമായി വർഗീയതയും രാജ്യസുരക്ഷയും എടുത്തണിയുന്നു. കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരെ ഉയരുന്ന ജനരോഷത്തിന്‌ മറയിടുന്നതും ഇങ്ങനെതന്നെയാണ്.

ലോകം മാസങ്ങളായി ഒരു മഹാമാരിയുടെ പിടിയിലാണ്. ജനജീവിതവും സാമൂഹ്യവ്യവസ്ഥയും തകിടംമറിഞ്ഞു. അതിജീവനത്തിനായുള്ള അവസാന പോരാട്ടത്തിലാണ്‌ മനുഷ്യർ. അവരെ കൈപിടിച്ചുയർത്താനുള്ള നയങ്ങളാണ്‌ കാലഘട്ടത്തിന്റെ ആവശ്യം. എന്നാൽ, ഇന്ത്യ ഭരിക്കുന്ന മോഡി സർക്കാർ പ്രത്യാശയുടെ ചെറുകിരണംപോലും അവർക്ക്‌ നൽകുന്നില്ല. പകരം, അടിച്ചമർത്തലുകളും കരിനിയമങ്ങളും തുടരുന്നു. "കാളയും കലപ്പയും കർഷകൻ ചൂടും തൊപ്പിപ്പാളയും പോയാൽ ഭൂമി സർവവും മരുഭൂമി' എന്ന കവി വാക്യമാണ് ഈ കോവിഡ് കാലത്ത്‌ നാം തിരിച്ചറിയുന്നത്. ഇനിവരുന്ന പോരാട്ടങ്ങളെല്ലാം അന്നത്തിനുവേണ്ടിയായിരിക്കുമെന്ന തിരിച്ചറിവാണ് കാർഷികമേഖലയിലേക്ക്‌ തിരിഞ്ഞുനോക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ, അന്നം നൽകേണ്ട കർഷകരോട് ഈ ഭരണകൂടം ചെയ്യുന്നത്‌ ദ്രോഹം മാത്രമാണ്. ഏറ്റവുമൊടുവിൽ കോവിഡ് പാക്കേജിന്റെ മറവിൽ, കർഷകരെ രക്ഷിക്കാനെന്ന പേരിൽ പുറപ്പെടുവിച്ച ഓർഡിനൻസുകൾ തങ്ങളുടെ സ്വന്തക്കാരായ കുത്തകകൾക്കു വേണ്ടിയാണെന്നത്‌ ഞെട്ടിക്കുന്ന യാഥാർഥ്യമാണ്.


 

മറയില്ലാതെ കോർപറേറ്റ് ഭക്തി
കാർഷികോൽപ്പന്ന വ്യാപാര -വാണിജ്യ (പ്രോൽസാഹനവും സൗകര്യമൊരുക്കലും) ബിൽ 2020, കർഷകശാക്തീകരണ- സംരക്ഷണ ബിൽ 2020, അവശ്യവസ്തു നിയമഭേദഗതി ബിൽ 2020 എന്നിവയാണ് പോയവാരം പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായി മോഡി സർക്കാർ പാസാക്കിയെടുത്ത കരിനിയമങ്ങൾ. കാർഷികോൽപ്പന്നങ്ങളുടെ - സ്വതന്ത്ര വ്യാപാരം, സർക്കാരിന്റെ ഇടപെടലില്ലാതെ സ്വതന്ത്ര കരാർ എന്നിവ കോർപറേറ്റുകൾക്ക് അനുവദിച്ചുകൊടുക്കുന്നതാണ് -ആദ്യത്തെ രണ്ട്‌ ബിൽ. കാർഷികോൽപ്പന്നങ്ങൾ - അനിയന്ത്രിതമായി സംഭരിക്കുന്നതിനുള്ള അവകാശം കോർപറേറ്റുകൾക്ക്‌ നൽകുന്നതാണ്‌ മൂന്നാമത്തേത്. ഉൽപ്പാദകരിൽനിന്ന്‌ പരമാവധി വിലപേശി വിളകൾ സംഭരിക്കുകയും കൃത്രിമക്ഷാമം ഉൾപ്പെടെ സൃഷ്ടിച്ച് ഉപഭോക്താക്കൾക്ക് അത്‌ കൊള്ളവിലയ്ക്ക് വിൽക്കുകയും ചെയ്യാൻ കോർപറേറ്റുകൾക്ക് അവസരമൊരുക്കുന്ന "മോഡി - മാജിക്'. പൂഴ്‌ത്തി വയ്പും കരിഞ്ചന്തയും നിയമവിധേയമാക്കുകയാണ് ഇതുവഴി.

വിവിധ സംസ്ഥാനങ്ങളിൽ എപിഎംസി നിയമങ്ങളിലൂടെ രൂപീകരിക്കപ്പെട്ട മൻഡി സമിതികളും കാർഷിക ചന്തകളും കർഷകരെ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കുകയാണ് ബില്ലുകളുടെ ഒരു ലക്ഷ്യമെന്നാണ്‌ കേന്ദ്രസർക്കാർ വാദം. മൻഡി സമിതികളുമായി ബന്ധപ്പെട്ട് ഒട്ടേറെ ആക്ഷേപങ്ങളുണ്ടെന്നതു വസ്തുതയാണ്. ഇടനിലക്കാരുടെ ഒത്തുകളിയും ഉദ്യോഗസ്ഥരുടെ അഴിമതിയുമാണ്‌ നിയന്ത്രിക്കേണ്ടത്. പകരം ഈ സംവിധാനംതന്നെ ഇല്ലാതാക്കുന്നതോടെ, കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന വിലപോലും ഭാവിയിൽ ലഭിക്കാത്ത സ്ഥിതിവരും. ഉൽപ്പന്നങ്ങൾ നേരിട്ടുവിൽക്കാൻ ഇപ്പോൾ കർഷകർക്ക്‌ സ്വാതന്ത്ര്യമില്ലെന്ന വാദം അസംബന്ധമാണ്. 30 ശതമാനം ഉൽപ്പന്നങ്ങൾമാത്രം മൻഡി സമിതികളിൽ വിൽക്കപ്പെടുമ്പോൾ, ബാക്കിയുള്ളവ കർഷകർ -നേരിട്ടാണു വിൽക്കുന്നത്. ഇനി വൻകിടക്കാർ കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ നേരിട്ടുവാങ്ങുമ്പോൾ വിലപേശൽ മുൻഗണന കർഷകനല്ല, കോർപറേറ്റുകൾക്കാണ്‌ ലഭിക്കുക.


 

സഭ എന്ന സമരാങ്കണം
ബില്ലിനെതിരെ നിരാകരണപ്രമേയവും ബിൽ സെലക്ട് കമ്മിറ്റിക്ക്‌ വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും പന്ത്രണ്ടോളം ഭേദഗതികളും ഇടതുപക്ഷ അംഗങ്ങൾ സഭയിൽ നൽകിയിരുന്നു. ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ കർഷകർക്ക്‌ താങ്ങുവിലയെങ്കിലും ലഭിക്കണമെന്നതായിരുന്നു ഭേദഗതികളിൽ പ്രധാനം. സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരം, മൊത്തം ഉൽപ്പാദനച്ചെലവിന്റെകൂടെ 50 ശതമാനം ലാഭവും കർഷകന് ഉറപ്പുവരുത്തുന്ന താങ്ങുവില കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യവുമുണ്ടായിരുന്നു. താങ്ങുവിലയേക്കാൾ കുറഞ്ഞവിലയ്ക്ക് കർഷകരിൽനിന്ന് ആരെങ്കിലും സാധനങ്ങൾ വാങ്ങിയാൽ ശിക്ഷാനടപടി വേണമെന്ന വ്യവസ്ഥയും ഭേദഗതികളുടെ കൂട്ടത്തിലുണ്ടായിരുന്നു. 24 കാർഷികവിളയ്‌ക്കാണ്‌ കേന്ദ്രസർക്കാർ താങ്ങുവില പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇവിടെ ഗോതമ്പിനും നെല്ലിനുംമാത്രം താങ്ങുവില പ്രഖ്യാപിച്ച് കർഷകരുടെ കണ്ണിൽ പൊടിയിടുകയാണ്‌ ഭരണപക്ഷം ചെയ്തത്.

താങ്ങുവില പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കർഷകർക്ക് അതിന്റെ ആനുകൂല്യം ലഭിക്കില്ല. അതിന് ഉൽപ്പന്നങ്ങൾ സർക്കാർ സംഭരിക്കുകയും വേണം. സ്വകാര്യ വ്യക്തികൾ കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ താങ്ങുവില നൽകാൻ നിയമപ്രകാരം ബാധ്യതയില്ല. ഇതാണ് ഇപ്പോഴത്തെ താങ്ങുവില പ്രഖ്യാപനത്തിലെ പൊള്ളത്തരം.
കാർഷിക ഉൽപ്പന്നങ്ങൾ താങ്ങുവില നൽകി സംഭരിക്കുന്നതിനും ജനങ്ങൾക്ക്‌ സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നതിനും - രൂപീകരിച്ചതാണ് എഫ്സിഐ. ഇപ്പോൾ രാജ്യമെമ്പാടും എഫ്സിഐ ഗോഡൗണുകൾ റിലയൻസിനെ ഏൽപ്പിക്കാൻ -പോകുന്നു. 60,000 കോടി രൂപയ്ക്കു മുകളിൽ ബാധ്യത വന്നതോടെയാണ് എഫ്സിഐയുടെ സ്വകാര്യവൽക്കരണമെന്ന്‌ കേന്ദ്രം ന്യായീകരിക്കുന്നു. എന്നാൽ, 70,000 കോടി രൂപയോളം - സബ്സിഡി ഇനത്തിൽ എഫ്സിഐക്ക്‌ കൊടുക്കാനുള്ളതിനെക്കുറിച്ച്‌ മിണ്ടുന്നില്ല.


 

പാർലമെന്റിൽ നടന്നത്
ഭരണഘടനയുടെ 123–--ാം അനുച്ഛേദപ്രകാരമാണ്‌ സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്. ഇതിലെ ഉപവകുപ്പ് പ്രകാരം ഓർഡിനൻസിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ആദ്യം നിരാകരണപ്രമേയവും തുടർന്ന്‌ ബില്ലും അവതരിപ്പിക്കുകയും ചർച്ച പൂർത്തിയായാൽ ആദ്യം നിരാകരണപ്രമേയം വോട്ടിനിടുകയുമാണ്‌ ചെയ്യേണ്ടത്. എന്നാൽ, ബില്ലുകളിൻമേലുള്ള മന്ത്രിയുടെ മറുപടിയും പാസാക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉടൻതന്നെ പൂർത്തീകരിക്കാനുള്ള നിർദേശമാണ്‌ സർക്കാർ മുന്നോട്ടുവച്ചത്. ഇത് അടുത്ത ദിവസത്തേക്കു വയ്ക്കണമെന്ന ആവശ്യം പരിഗണിക്കാതെ വന്നപ്പോഴാണ്‌ പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇതിനിടെ നിരാകരണപ്രമേയത്തിൽ ശബ്ദവോട്ട് രേഖപ്പെടുത്തുകയും പ്രമേയം പരാജയപ്പെട്ടതായി ചെയർ പ്രഖ്യാപിക്കുകയും ചെയ്തു. വോട്ടെടുപ്പ് വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ്‌ കരിനിയമങ്ങൾ സഭയിൽ വലിച്ചുകീറേണ്ട സ്ഥിതിയുണ്ടായത്. നടപടിക്രമം അനുസരിച്ച്, ഒരംഗം ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടത്തണം. സ്വന്തം സീറ്റിൽ നിന്നല്ല ആവശ്യമുന്നയിച്ചത് എന്ന വാദമാണിപ്പോൾ ഭരണപക്ഷത്തിന്റേത്. കോവിഡ് പശ്ചാത്തലത്തിൽ ലോക്സഭയിലുൾപ്പെടെ ഇരുന്നാണ് അംഗങ്ങൾ രാജ്യസഭാ സമ്മേളനത്തിൽ പങ്കെടുത്തത് എന്നിരിക്കേ ഇതെങ്ങനെ സാധ്യമാകും? എങ്കിൽ തന്നെയും സ്വന്തം സീറ്റിൽ എത്തിയശേഷം ഈ ലേഖകൻ ആവശ്യമുന്നയിച്ചിരുന്നു. അതും പരിഗണിച്ചില്ല. ബിൽ സെലക്ട് കമ്മിറ്റിക്ക്‌ വിടണമെന്ന പ്രമേയങ്ങളും വോട്ടിനിടാതെ ജനാധിപത്യവിരുദ്ധമായി തള്ളിക്കളയുകയാണുണ്ടായത്. ഭേദഗതികളെല്ലാം ശബ്ദവോട്ടോടെ തള്ളിയതായി പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യകക്ഷികളിൽനിന്നുൾപ്പെടെ സർക്കാരിനെതിരെ നീക്കമുണ്ടായേക്കാമെന്ന ഭയംകൂടിയായതോടെ, പാർലമെന്റ് നടപടിക്രമങ്ങളെയാകെ ഗളഹസ്തം ചെയ്യാൻ ബിജെപിക്കുവേണ്ടി ഡെപ്യൂട്ടി ചെയർമാൻ മുതിരുകയായിരുന്നു.

ബിൽ ലോക് സഭയിൽ വന്നപ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് വോട്ടെടുപ്പ് ആവശ്യംപോലും ഉന്നയിച്ചിരുന്നില്ല. ഇടതുപക്ഷത്തിന്റെ ശബ്ദം അവിടെ ദുർബലമായതിനാൽ പ്രതിഷേധങ്ങളില്ലാതെ ഏകപക്ഷീയമായി പാസാക്കപ്പെട്ടു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ശക്തമായ കർഷകപ്രക്ഷോഭം ഉയർന്നപ്പോൾ മാത്രമാണ് രാജ്യസഭയിൽ - ബില്ലിനെതിരെ ഒരു നിരാകരണ പ്രമേയമെങ്കിലും കൊടുക്കാൻ കോൺഗ്രസ് തയ്യാറായത്. ഇടതുപക്ഷം ഉയർത്തിയ പ്രതിഷേധവും കോൺഗ്രസിനെ ഇതിന്‌ നിർബന്ധിതരാക്കി.

രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയുടെ വക്കിലാണ്. കാർഷികമേഖലയുടെ നട്ടെല്ലൊടിക്കുന്ന നയങ്ങൾക്കെതിരെ (സെപ്തംബർ 25) നടക്കുന്ന സമരം - നാടുമുഴുവൻ ഏറ്റെടുക്കേണ്ടതാണ്. ബിജെപിയുടെ ജനവിരുദ്ധ, രാജ്യവിരുദ്ധ, കർഷകവിരുദ്ധ നയങ്ങളെ ചെറുക്കാനുള്ള ഏക പോംവഴി ശക്തമായ ജനകീയപ്രക്ഷോഭങ്ങൾ മാത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top