24 September Sunday

ഡിജിറ്റൽ യുഗത്തിലേക്ക്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വഹിച്ച പങ്ക്‌ ആർക്കും തേച്ചുമായ്‌ച്ചുകളയാൻ കഴിയുന്നതല്ല. ഭൂപരിഷ്കരണ നിയമത്തിലൂടെ  ഭൂമി ഇല്ലാത്തവർക്ക്‌  ഭൂമി നൽകിയത്‌ കമ്യൂണിസ്റ്റ്‌ പാർടികളുടെ നേതൃത്വത്തിലുള്ള സർക്കാരുകളായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട്‌ ഇല്ലാത്തവർക്ക്‌ അടച്ചുറപ്പുള്ള വീട്‌ നൽകുന്നതും ഇടതുപക്ഷ സർക്കാർ തന്നെയാണ്‌. അക്ഷരാഭ്യാസം ഇല്ലാത്തവരെ സാക്ഷരരാക്കിയതും ഇടതുപക്ഷ സർക്കാരുകൾ തന്നെയാണ്‌. എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുന്നതിലും ആരോഗ്യ വിദ്യാഭ്യാസ മേഖല സാധാരണ ജനങ്ങൾക്ക്‌ പ്രാപ്യമാക്കിയതും കേരളം ഭരിച്ച ഇടതുപക്ഷ സർക്കാരുകളാണ്‌.

അതേ ഇടതുപക്ഷംതന്നെയാണ്‌ ഇപ്പോൾ പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും അതിവേഗതയുള്ള ഇന്റർനെറ്റ്‌ സൗകര്യവും നൽകുന്നത്‌. മാറുന്ന കാലത്തിന്‌ അനുസരിച്ച്‌ ജനങ്ങളുടെ ആശയാഭിലാഷങ്ങൾ യാഥാർഥ്യമാക്കാനുള്ള കഴിവ്‌ ഇടതുപക്ഷത്തിനു മാത്രമാണ്‌ ഉള്ളതെന്ന്‌ ആവർത്തിച്ചു വ്യക്തമാക്കുന്നതാണ്‌ കെ ഫോൺ പദ്ധതി. ഇന്റർനെറ്റ്‌ മൗലികാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്‌. ആ അവകാശം ഉപയോഗിക്കുന്നതിന്‌ സംസ്ഥാനത്തെ എല്ലാ പൗരന്മാരെയും പ്രാപ്‌തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരള ഫൈബർ ഒപ്ടിക്ക്‌ നെറ്റ്‌വർക്കിന്‌ (കെ ഫോൺ) എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ടിട്ടുള്ളത്‌. 20 ലക്ഷം കുടുംബത്തിന്‌ അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം സൗജന്യമായി നൽകാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നത്‌. മൊത്തം കുടുംബത്തിന്റെ നാലിൽ ഒരുശതമാനം വരുമിത്‌. ആദ്യപടിയെന്ന നിലയിൽ 30,000 സർക്കാർ ഓഫീസിലും 14,000 വീട്ടിലും കെ ഫോൺ എത്തിക്കുകയാണ്‌ ഇപ്പോൾ. ജൂലൈ‐ ആഗസ്‌ത്‌ മാസത്തോടെ വാണിജ്യാടിസ്ഥാനത്തിൽ കണക്‌ഷൻ നൽകാനും തയ്യാറാകുമെന്ന്‌ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്‌.

ഡിജിറ്റൽ യുഗത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഇന്റർനെറ്റ്‌ ഇല്ലാത്ത, മൊബൈൽ ഫോൺ ഇല്ലാത്ത ലോകത്തെക്കുറിച്ച്‌  ഇന്ന്‌ ചിന്തിക്കാൻപോലും കഴിയില്ല. എന്നാൽ, ലോകത്ത്‌ ഈ സൗകര്യം എല്ലാവർക്കും ലഭ്യമാണോ എന്ന്‌ ചോദിച്ചാൽ ഇല്ല എന്നാണ്‌ ഉത്തരം. പലയിടത്തും ഡിജിറ്റൽ അസമത്വം രൂക്ഷമാണ്‌. ഡിജിറ്റൽ മുന്നേറ്റം പ്രധാനമായും നടക്കുന്നത്‌ നഗരകേന്ദ്രീകൃതമായാണ്‌. അമേരിക്കയിലെ  ഒരു പഠനം പറയുന്നത്‌ ഡിജിറ്റൽ രംഗത്ത്‌ സൃഷ്ടിക്കപ്പെടുന്ന 50 ശതമാനം പുതിയ തൊഴിലവസരവും 10 നഗരത്തിലാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌ എന്നാണ്‌. ഇന്ത്യയിലെ  സ്ഥിതിയും മറിച്ചല്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്‌, പുണെ, ഡൽഹി തുടങ്ങിയ നഗരങ്ങളിലാണ്‌ ഡജിറ്റൽ മേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നത്‌. വൻനഗരങ്ങളും ചെറുനഗരങ്ങളും തമ്മിലും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലും പണക്കാരും പാവങ്ങളും തമ്മിലും ഡിജിറ്റൽ വ്യത്യാസം നിലവിലുണ്ട്‌ എന്നർഥം.

ഈ ഡിജിറ്റൽ വ്യത്യാസം മറികടക്കുകയെന്ന ലക്ഷ്യത്തോടെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഗ്രാമവാസിയെന്നോ നഗരവാസിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും അതിവേഗതയുള്ള ഇന്റർനെറ്റ്‌ ബന്ധം നൽകുകയാണ്‌ കെ ഫോണിന്റെ ലക്ഷ്യം. ഈ പദ്ധതിക്ക്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ ഡിജിറ്റൽ യുഗത്തിലേക്ക്‌ കൈപിടിച്ചുയർത്തുന്നതിന്‌ ഊന്നൽ നൽകുന്നതുകൂടിയാണ്‌ ഈ പദ്ധതി. അതിന്റെ ഭാഗമായാണ്‌ 20 ലക്ഷം ദരിദ്രകുടുംബത്തിന്‌ അതിവേഗ ഇന്റർനെറ്റ്‌ സൗജന്യമായി ലഭ്യമാക്കുന്നത്‌. അതായത്‌ ഡിജിറ്റൽ അസമത്വം പൂർണമായും തുടച്ചുനീക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. കേരളം ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ ബദൽ തന്നെയാണ്‌ ഇവിടെയും തെളിയുന്നത്‌. ഡിജിറ്റൽ അസമത്വം പരിഹരിക്കാൻ കേരളം നടപ്പാക്കുന്ന ഈ പദ്ധതി ലോകത്തിനുതന്നെ മാതൃകയായിരിക്കും. ഇത്തരം ബദൽ മാതൃകകൊണ്ടാണ്‌ കേരളം ലോകത്തിൽ അടയാളപ്പെടുത്തുന്നത്‌.

എല്ലാ മേഖലയിലും എന്നതുപോലെ ഡിജിറ്റൽ രംഗത്തുമുള്ള കുത്തകവൽക്കരണത്തിന്‌ എതിരെയുള്ള ഇടതുപക്ഷ പോരാട്ടത്തിന്റെ ഭാഗംകൂടിയാണ്‌ കെ ഫോൺ പദ്ധതി. നവഉദാരവാദനയത്തിന്റെ ഇക്കാലത്ത്‌ പൊതുവായതെല്ലാം മോശവും സ്വകാര്യമേഖലയിലുള്ളതെല്ലാം മെച്ചവുമാണെന്നുമുള്ള ആഖ്യാനമാണ്‌ സൃഷ്ടിക്കപ്പെടാറുള്ളത്‌. കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണമാണ്‌ ഇത്‌. നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കെ ഫോണിനെക്കുറിച്ച്‌ നടത്തിയ പരാമർശവും ഇതിന്റെ ഭാഗമായിരുന്നു. ‘കെ ഫോണിനേക്കാൾ നല്ലതല്ലേ നിലവിലുള്ള സേവനദാതാക്കളുടെ സേവനം ഉപയോഗിക്കുന്നത്‌’ എന്നായിരുന്നു രമേശ്‌ ചെന്നിത്തല ചോദിച്ചത്‌. നവഉദാരനയം ഇന്ത്യയിൽ നടപ്പാക്കിയത്‌ കോൺഗ്രസ്‌ സർക്കാരായിരുന്നു. ആ നയം തെറ്റാണെന്ന്‌ ഇന്നും പറയാത്ത പാർടിയാണ്‌ കോൺഗ്രസ്‌. ആ നയത്തിൽ ഉറച്ചുനിന്നുകൊണ്ടാണ്‌ രമേശ്‌ ചെന്നിത്തലയുടെ പരാമർശവും ഉണ്ടായിട്ടുള്ളത്‌. അംബാനിയും സുനിൽ ഭാരതി മിത്തലും മറ്റും നൽകുന്ന സേവനം ഉപയോഗിക്കുകയാണ്‌ വേണ്ടത്‌, പൊതുമേഖലയിൽ കെ ഫോൺ എന്ന സ്ഥാപനം കെട്ടിപ്പൊക്കുകയല്ല വേണ്ടതെന്ന നയമാണ്‌ ചെന്നിത്തല സ്വീകരിച്ചത്‌. അതായത്‌ പൊതുമേഖലയെ തകർത്ത്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൊള്ളലാഭം നേടാനുള്ള അവസരം സൃഷ്ടിക്കുകയാണ്‌ വേണ്ടത്‌ എന്നാണ്‌ ചെന്നിത്തല പറഞ്ഞത്‌. ഞങ്ങൾ നിങ്ങൾക്കൊപ്പമാണെന്ന്‌ അംബാനിയെയും മിത്തലിനെയും അറിയിക്കാനാണ്‌ കെ ഫോൺ ഉദ്‌ഘാടനച്ചടങ്ങ്‌ ബഹിഷ്‌കരിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറായിട്ടുള്ളത്‌. കുത്തകകളുടെയും കോർപറേറ്റുകളുടെയും ശിങ്കിടിവേഷമാണ്‌ ചെന്നിത്തലയും കെ സുധാകരനും വി ഡി സതീശനും കെട്ടിയാടുന്നത്‌. പാവങ്ങൾക്ക്‌ സൗജന്യമായി ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്നത്‌ അംബാനിമാരുടെ കീശ ചോർത്തുമെന്നതിലാണ്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ പ്രയാസം.

എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ ഓരോ വാഗ്‌ദാനവും സമയബന്ധിതമായി നടപ്പാക്കിവരികയാണ്‌. അതിന്റെ ഭാഗമായാണ്‌ കെ ഫോണും യാഥാർഥ്യമാക്കിയിട്ടുള്ളത്‌. കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക്‌ നാന്ദി കുറിക്കുന്നതാകും ഈ പദ്ധതി. ജനങ്ങൾക്കു മുമ്പിൽ അനന്തമായ സാധ്യതകളാണ്‌ ഇത്‌ തുറന്നിടുന്നത്‌. ഡിജിറ്റൽ സേവനങ്ങൾ കുഗ്രാമങ്ങളിലെ ജനങ്ങൾക്കുപോലും ലഭ്യമാകുമെന്നതാണ്‌ ഈ ബ്രോഡ്‌ബാന്റ്‌ ഇന്റർനെറ്റിന്റെ പ്രത്യേകത. രാജ്യത്തെ ആദ്യ സമ്പൂർണ ഇ–- ഗവേണൻസ്‌ സംസ്ഥാനമാണ്‌ ഇന്ന്‌ കേരളം. 800 സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാണ്‌. കെ ഫോൺ യാഥാർഥ്യമായതോടെ ഗ്രാമീണ ജനതയ്‌ക്ക്‌ ഈ സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകും. എല്ലാ സേവനവും ഒരു വെബ്‌സൈറ്റിൽ ലഭ്യമാക്കാനാണ്‌ സർക്കാർ പരിശ്രമിക്കുന്നത്‌. അങ്ങനെ വന്നാൽ കൂടുതൽ സേവനങ്ങൾ ഓൺലൈൻ വഴി ജനങ്ങൾക്ക്‌ ലഭ്യമാകും.

പൊതുവിദ്യാഭ്യാസ മേഖലയിൽ നേരത്തേതന്നെ നമ്മുടെ സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന പദവിക്ക്‌ അർഹമായിട്ടുണ്ട്‌. കെ ഫോൺ യാഥാർഥ്യമായതോടെ ഉയർന്ന പഠനനിലവാരം നേടാൻ വിദ്യാർഥികൾക്ക്‌ ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും. അതോടൊപ്പം തൊഴിലവസരങ്ങളും കൂടുതലായി ലഭിക്കും. അമേരിക്കൻ കമ്പനിയിലാണ്‌ ജോലിയെങ്കിലും അത്‌ വയനാട്ടിലെ വീട്ടിലിരുന്ന്‌ ചെയ്യാവുന്ന സാഹചര്യം നിലവിൽവരും. റേഞ്ചില്ല എന്ന പതിവ്‌ പരാതിക്കാണ്‌ കെ ഫോൺ വിരാമമിടുന്നത്‌. ഇത്‌ തൊഴിൽസാധ്യത വർധിപ്പിക്കുമെന്നതിൽ സംശയമില്ല. അതുപോലെ തന്നെ ഇ എഡ്യൂക്കേഷൻ പോലെ തന്നെ ഇ ഹെൽത്ത്‌ സംവിധാനവും എല്ലാവർക്കും ഉപയോഗിക്കാൻ കഴിയും. ഗ്രാമങ്ങളിൽപ്പോലും സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കാനും ഇത്‌ വഴിതുറക്കും. വൈദ്യുതിയും ഇന്റർനെറ്റ്‌ ലഭ്യതയുമാണ്‌ ഇത്തരം സംരംഭങ്ങൾക്ക്‌ പ്രധാനമായും വേണ്ടത്‌. ദുരന്തനിവാരണ പ്രവർത്തനങ്ങളെയും സഹായിക്കാൻ ഈ അതിവേഗ ഇന്റനെറ്റ്‌ കണക്ടിവിറ്റി സഹായിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ ഇക്കാലത്ത്‌ വിദൂരഗ്രാമങ്ങളിൽപ്പോലും അതിവേഗ ഇന്റർനെറ്റ്‌ ബന്ധം ഉണ്ടാകുന്നത്‌ രക്ഷാപ്രവർത്തനത്തെ സഹായിക്കും. സാധാരണ ജനജീവിതത്തെ ഏറെ സഹായിക്കുന്ന പദ്ധതിയെയാണ്‌ പ്രതിപക്ഷം എതിർക്കുന്നത്‌. കേരളം വികസിക്കരുത്‌ എന്ന വികലമനസ്സ്‌ ഉള്ളവർക്ക്‌ മാത്രമേ ഇത്രയും ജനോപകാരപ്രദമായ പദ്ധതിയെ എതിർക്കാൻ കഴിയൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top