25 April Thursday

കേരളത്തിന്റെ ജൂലിയസ് ഫ്യൂച്ചിക്

കവിയൂർ രാജഗോപാലൻUpdated: Saturday May 13, 2023

കേരളത്തിന്റെ ജൂലിയസ് ഫ്യൂച്ചിക് ആയിരുന്നു മൊയ്യാരത്ത് ശങ്കരൻ. ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് നേതാവ്, പത്രാധിപർ, നിരൂപകൻ, കിടയറ്റ പ്രാസംഗികൻ എന്നീ നിലകളിൽ പ്രശസ്തനായ ജൂലിയസ് ഫ്യൂച്ചിക് 1943ൽ ജർമൻ ഫാസിസ്റ്റ് ഗസ്റ്റപ്പോവിന്റെ കരാളഹസ്‌തങ്ങളിൽ ഞെരിഞ്ഞമർന്നു. ‘സഖാക്കളേ, കരുതിയിരിക്കുക’’ എന്നായിരുന്നു കൊലമരത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ‘ബ്രിട്ടീഷ് ഭരണത്തെ നശിപ്പിക്കണം. അത് കഴിഞ്ഞില്ലെങ്കിൽ സ്വയം നശിച്ച് മറ്റുള്ളവർക്ക് മാതൃകയാകണം. ഇതാണെന്റെ ജീവിതത്തിലെ ഒരേയൊരാഗ്രഹം’–- മൊയ്യാരത്ത്‌ ശങ്കരന്റെ ആത്മകഥയിലെ വാക്കുകൾ ഇങ്ങനെയാണ്‌.

തലശേരിക്കടുത്ത് ചൊക്ലിയിൽ പിറന്ന ശങ്കരൻ കൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ പഠിക്കാൻ ചേർന്നു. എന്നാൽ, ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങൾ അലയടിച്ചിരുന്ന കൽക്കത്തയിൽനിന്ന് (ഇന്നത്തെ കൊൽക്കത്ത) അദ്ദേഹം വേഗം തിരിച്ചെത്തി കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തു. 1930ൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്കു പുറപ്പെട്ട ഉപ്പുസത്യഗ്രഹജാഥയുടെ പെെലറ്റായി. വടകരയിൽ ആരംഭിച്ച ‘കേരള കേസരി’ എന്ന പത്രത്തിന്റെ ഗർജനം യാഥാസ്ഥിതികരെ കിടുകിടെ വിറപ്പിച്ചു. ജയിലറയ്‌ക്കുള്ളിൽ കഴിയുമ്പോഴും അദ്ദേഹം ബ്രിട്ടീഷ് ദുരാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. പൂർത്തിയാകാത്ത ആത്മകഥ–- ‘എന്റെ ജീവിതം’ അവസാനിക്കുന്നത് അത്തരമൊരു ചോദ്യം ചെയ്യലിനിടെയാണ്. 

മൊയ്യാരം എഴുതിയ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന ഗ്രന്ഥം ചരിത്രരചനയ്ക്ക് മാതൃകയാണെന്ന് കേസരി ബാലകൃഷ്ണപിള്ള  അവതാരികയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവേകാനന്ദ സാഹിത്യം മലയാളിക്ക് ആദ്യമായി പരിചയപ്പെടുത്തിയത് മൊയ്യാരമാണ്. അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തനകേന്ദ്രമായ വടകരയിലെ ചില തറവാടുകളെ ബന്ധപ്പെടുത്തി ‘ഒരു പെൺകിടാവിന്റെ തന്റേടം’ എന്ന നോവലെഴുതി. ലാലാ ലജ്പത് റായ്, മോത്തിലാൽ നെഹ്റു, ദേശബന്ധു സി ആർ ദാസ്‌ എന്നിവരുടെ ജീവചരിത്രങ്ങൾ മലയാളികൾക്കുവേണ്ടി തയ്യാറാക്കിയതും ശങ്കരൻതന്നെ! 1921ലെ മലബാർ കലാപം സധെെര്യം നേരിട്ട പശ്ചാത്തലവും ആത്മകഥയിലെ തിളങ്ങുന്ന അധ്യായമായി നിലകൊള്ളുന്നു.
 
1922ലെ പ്രളയകാലത്ത് വളപട്ടണം പുഴയിൽ തോണിയിറക്കി നിസ്സഹായരായ നൂറുകണക്കിനാളുകൾക്ക് അഭയം നൽകാൻ മൊയ്യാരം മുന്നിട്ടിറങ്ങി. കോൺഗ്രസിൽനിന്ന്‌ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും ക്രമേണ കമ്യൂണിസ്റ്റ് പാർടിയിലുമെത്തിയ മൊയ്യാരം, 1939ലെ ചരിത്രപ്രസിദ്ധമായ പിണറായി പാറപ്രം സമ്മേളനത്തിൽ പങ്കെടുത്തു. പ്രസംഗങ്ങളുടെ പേരിൽ ഇക്കാലത്ത് പൊലീസ് അദ്ദേഹത്തെ നിരന്തരം വേട്ടയാടി ജയിലിലടച്ചു.
 
1948 മെയ് 13ന് മൊയ്യാരത്ത് ശങ്കരൻ രക്തസാക്ഷിയായി. കോൺഗ്രസിന്റെ കിരാത സംഘങ്ങളും പൊലീസും ചേർന്ന് കേരള രാഷ്ട്രീയത്തിലെ ആ തീപ്പന്തത്തെ തച്ചുകെടുത്തുകയായിരുന്നു. മെയ്‌ 11ന്‌ രാത്രി ചെമ്പിലോട്‌ കോയ്യോട്ടെ ഭാര്യവീട്ടിലേക്ക്‌ എടക്കാട് റെയിൽവേ സ്റ്റേഷനിലിറങ്ങി നടന്നുപോകുന്നതിനിടെ ‘ദേശരക്ഷാസേന’യെന്ന കോൺഗ്രസ്‌ കുറുവടിപ്പട വളഞ്ഞുപിടിച്ച്‌ ആണിതറച്ച പട്ടികകൾകൊണ്ടടിച്ച്‌ ജീവച്ഛവമാക്കി പൊലീസിന്‌ കൈമാറി. പൊലീസും ക്രൂരമായി ഭേദ്യം ചെയ്‌തു. തുടർന്ന്‌, കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. അടുത്ത ദിവസം അദ്ദേഹം കണ്ണടച്ചു. മൃതദേഹംപോലും ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽ എവിടെയോ കുഴിച്ചുമൂടി.
 
 ശങ്കരന്റെ രക്തസാക്ഷിത്വം കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. കെ കേളപ്പൻ, കെ എം ദാമോദര മേനോൻ, യു ഗോപാലമേനോൻ തുടങ്ങിയ നേതാക്കൾ അന്വേഷണം ആവശ്യപ്പെട്ടു. മഹാനായ ആ വിപ്ലവകാരിയുടെ മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. എന്നാൽ, ഒന്നിനും തെളിവുണ്ടായിരുന്നില്ല. സ്വന്തം പിതാവിനെ തല്ലിക്കൊന്ന ക്രൂരകൃത്യം എന്നാണ് തായാട്ട്‌ ശങ്കരൻ ഈ സംഭവത്തെപ്പറ്റി പറഞ്ഞത്. കേരള രാഷ്ട്രീയത്തിലെ തന്ത്രബന്ധങ്ങൾ അതോടെ കീഴ്‌മേൽ മറിഞ്ഞു.
 
കാരാഗൃഹത്തിൽനിന്ന് പെൻസിൽകൊണ്ടെഴുതി പുറത്തെത്തിച്ച ജൂലിയസ് ഫ്യൂച്ചിക്കിന്റെ കുറിപ്പുകൾ തുന്നിച്ചേർത്ത് പിന്നീട് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. മൊയ്യാരത്ത് ശങ്കരന്റെ ആത്മകഥയും പൂർത്തിയാക്കാതെ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം കേരളീയർ എക്കാലവും നെഞ്ചോട് ചേർത്തുപിടിക്കും. മൊയ്യാരത്തിന്റെ 75–ാം രക്തസാക്ഷിത്വ വാർഷികദിനത്തിന്റെ വീരസ്മരണകൾ പ്രബുദ്ധ കേരളം എന്നും ഉയർത്തിപ്പിടിക്കും.
 
(കവിയും മൊയ്യാരത്തിന്റെ ജീവചരിത്രകാരനുമാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top