29 March Friday

ജോഷിമഠിൽ സംഭവിക്കുന്നത്‌ - പ്രൊഫ. വി ഗോപിനാഥൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023

ഉത്തരാഖണ്ഡിലെ പർവതനഗരത്തിൽ സംഭവിക്കുന്നത്‌ എന്താണ്? എഴുനൂറിലധികം കെട്ടിടങ്ങളിൽ വിള്ളൽ. ഇരുപതിനായിരത്തിലധികം ജനങ്ങൾ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ. അഭയാർഥി ക്യാമ്പുകളിലാണ്‌ നല്ലൊരു ഭാഗം ജനങ്ങളും. ഹിമാലയ മേഖലയിലെ നഗരത്തിനാണ്‌ ഈ ദുര്യോഗം. ദുരന്തമുണ്ടായതിനുശേഷം നിർമാണപ്രവർത്തനങ്ങളൊക്കെ നിരോധിച്ചിരിക്കുന്നു. എവിടെയാണ് നമുക്ക് പിഴച്ചത്‌?

 

വിളിച്ചുവരുത്തിയ ദുരന്തങ്ങൾ
ഭൂമിയുടെ വരദാനമാണ് ജീവൻ എന്നു പറയാം. മനുഷ്യർ ഭൂമിയിൽ വരുന്നതിനുംമുമ്പേ ഒരുപാട് ദുരന്തങ്ങൾ സംഭവിച്ച ഇടങ്ങൾ. മനുഷ്യരുടെ ആവിർഭാവത്തോടെ നമ്മുടെ പ്രവർത്തനങ്ങൾ ദുരന്തങ്ങൾക്ക് ആക്കംകൂട്ടി. വേണ്ടിടത്തും വേണ്ടാതിടത്തും നിർമാണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു. പ്രകൃതിവിഭവങ്ങൾ അമിത ചൂഷണത്തിലൂടെ ഖനനം ചെയ്യപ്പെടുന്നു. വികലമായ വികസന സങ്കൽപ്പം. മുന്നൊരുക്കങ്ങളും ദീർഘവീക്ഷണമില്ലായ്മയും. ജലനിർഗമന മാർഗങ്ങൾ ഇല്ലാതായി അതിന്റെ സ്വതന്ത്ര വിഹാരത്തിന് തടസ്സം സൃഷ്ടിക്കപ്പെടുന്നു. വഴികൾ കൊട്ടിയടയ്‌ക്കപ്പെട്ടു. പ്രകൃതിവിരുദ്ധമായ കാരണങ്ങളാൽ ഭൂമിയുടെ പുറന്തോട്ടിൽ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. ചെങ്കുത്തായ ചരിവുകളിൽ മേൽമണ്ണിൽ ഇളക്കംതട്ടി. ഭൂവിനിയോഗത്തിൽ കാതലായ മാറ്റങ്ങൾ. ഭൂപ്രകൃതിയിലും വലിയ മാറ്റങ്ങൾ.

ഗ്രാമങ്ങളൊക്കെ നഗരവൽക്കരിക്കപ്പെടുമ്പോൾ യാത്രാസൗകര്യങ്ങൾ വർധിച്ചു. യാത്രാവാഹനങ്ങൾ ക്രമാതീതമായി പെരുകി. റോഡിന്റെ എണ്ണത്തിലും വലുപ്പത്തിലും മാറ്റംവന്നു. പൊടിപടലം അന്തരീക്ഷത്തിലുയർത്തി പ്രകമ്പനങ്ങൾ സൃഷ്ടിച്ച് വാഹനങ്ങൾ ചീറിപ്പാഞ്ഞു. കോൺക്രീറ്റ് സൗധങ്ങൾ ഒന്നിനു പിറകെ ഒന്നായി നിലവിൽവന്നു. പുറംതള്ളപ്പെട്ട ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലും സമുദ്രോപരിതലത്തിലും ചൂട് വർധിപ്പിച്ചു. സമുദ്രങ്ങളിൽ ഇടയ്‌ക്കിടെ രൂപംകൊണ്ട ന്യൂനമർദങ്ങൾ നമ്മുടെ മഴ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ഇടയ്‌ക്കിടെ ഉണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ നാശം വിതച്ചു. സുഗമമായ ഒഴുക്കിന് വിഘാതം വന്നപ്പോൾ ജലം മേൽമണ്ണിൽ സമ്മർദമുണ്ടാക്കി ഉരുൾപൊട്ടലിന്‌ വഴിയൊരുക്കുന്നു. പാരിസ്ഥിതികാഘാതങ്ങൾ ഉൾക്കൊള്ളാതെ, പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ ഖനനവും നിർമാണവും തുടർന്നപ്പോൾ ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.


 

എന്തുകൊണ്ട്‌ ഭൂമി താഴുന്നു
ഈ പശ്ചാത്തലത്തിലാണ് ജോഷിമഠിൽനിന്നുള്ള പാഠങ്ങൾ അപഗ്രഥിക്കേണ്ടത്. എന്തുകൊണ്ടായിരിക്കും ജോഷിമഠ്‌ താഴുന്നത്. ഭാരതത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ് ഹിമാലയമേഖല. ഒരുകാലത്ത് വലിയൊരു സമുദ്രത്തിലെ അവസാദശിലകൾ മടക്കുപർവതമായി മാറിയ പ്രദേശം. തെക്കൻ ഗോണ്ട് വന ശിലാഫലകവും വടക്കൻ അങ്കാറ ശിലാഫലകവും കൂടിച്ചേർന്ന മേഖല. അവിടങ്ങളിൽ ചലനം സ്വാഭാവികം. അവിടെയുണ്ടായ ഒരുപാട് ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് നഗരവൽക്കരണം നടന്നത്. ഇളകിമറിഞ്ഞ പർവത ചെരിവുകൾ മഞ്ഞുകൊണ്ട് മൂടപ്പെട്ടു. അവിടെ വിള്ളലുകളിലും സുഷിരങ്ങളിലും നിറഞ്ഞ ജലം തണത്തുറഞ്ഞ് വികാസം പ്രാപിച്ചപ്പോൾ ഒന്നുകൂടി സമ്മർദമുണ്ടായി. കുഞ്ഞുങ്ങളെപ്പോലെ പരിപാലിച്ച് വളർത്തേണ്ടിയിരുന്ന മരങ്ങൾ നിർദയം വെട്ടിമാറ്റപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾക്കു മുകളിൽ മഞ്ഞുമൂടി. അവിടെ പുതിയ റോഡുകൾ ഉണ്ടായി. റോഡ് വികസനം നടന്നപ്പോൾ അത് കടന്നുപോകുന്ന ഇടങ്ങളിലെ  ഭൂഘടന ആഴത്തിൽ പഠിച്ചില്ല. ഇത്തരം ഘട്ടങ്ങളിൽ വിവിധ വകുപ്പുകളെ സമന്വയിപ്പിച്ച് നടത്തേണ്ടിയിരുന്ന പഠനങ്ങൾ നടന്നില്ല.

ഭൂഘടനയെക്കുറിച്ച്  സമഗ്രമായ അറിവുകൾ ഇവിടെ പ്രസക്തമാണ്. ഭൂമിയിൽ സംഭവിക്കുന്ന അത്ഭുതങ്ങളുടെ പ്രതിഭാസം ചർച്ച ചെയ്യപ്പെടണം. വളരെമുമ്പ് തന്നെ ഇവിടെ മുന്നറിയിപ്പുണ്ടായിരുന്നു - പരിസ്ഥിതിലോല പ്രദേശമായി ജോഷിമഠിനെ പ്രഖ്യാപിച്ചിരുന്നു. പല നിർമാണപ്രവർത്തനങ്ങളും വനനശീകരണവും ഭൂമിക്കടിയിലൂടെയുള്ള ടണൽ നിർമാണവും ചരിവുകളിലെ നിർമാണപ്രവർത്തനങ്ങളും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് നടത്തിയത്. ഭൂജലത്തിന്റെ നീക്കത്തിൽ പ്രശ്നങ്ങളുണ്ടാക്കി. ഭാരത ഭൂവിജ്ഞാനീയ സർവേ (ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ), ദുരന്തനിവാരണ അതോറിറ്റി, റൂർക്കി ഐഐടി, ഡെറാഡൂണിലെ വാഡിയ ഹിമാലയൻ ജിയോളജി ഗവേഷണസ്ഥാപനം ഇവയൊക്കെ നടത്തിയ പഠനങ്ങൾ ഒന്നുംതന്നെ കാര്യമായി വിലയിരുത്തിയില്ല. ദുരന്തമുണ്ടാകുമ്പോൾമാത്രം ചർച്ച ചെയ്യുകയെന്ന രീതി മാറ്റി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകളും ആസൂത്രണവുമാണ്‌ സ്വായത്തമാക്കേണ്ടത്‌.


 

പ്രകൃതിയുമായി ഇണങ്ങണം
വാഹനങ്ങൾ ശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിച്ചാണ് ടണലുകളിലൂടെയും വലിയ ചരിവുകളിലെ റോഡുകളിലൂടെയും ചീറിപ്പായുന്നത്. ഏതുതരത്തിലുള്ള നിർമാണവും നടത്തുന്നതിനുമുമ്പേ ശരിയായ പഠനം നടത്തണം. കോവിഡിനുശേഷം ജനങ്ങൾ പ്രകൃതിഭംഗി തേടി ഒട്ടേറെ പ്രദേശങ്ങളിലേക്ക് യാത്ര തുടങ്ങിയിട്ടുണ്ട്. ടൂറിസം മേഖലയിൽ പർവതപ്രദേശങ്ങൾക്ക് പ്രമുഖ സ്ഥാനമാണ്‌ ഉള്ളത്. സ്വാഭാവികമായും ഈ പ്രദേശങ്ങൾ നഗരവൽക്കരിക്കപ്പെടുന്നു. ഇവിടങ്ങളിൽ മഞ്ഞുമൂടപ്പെട്ടതിനാൽ നിർമിക്കപ്പെടുന്ന കെട്ടിടങ്ങളുടെ അടിത്തറയെക്കുറിച്ച് ശരിയായ ധാരണയില്ല.  ഇവിടെ നിലനിൽക്കണമെങ്കിൽ എല്ലാ അർഥത്തിലും പ്രകൃതിയുമായി ഇണങ്ങിജീവിക്കണം. (കാസർകോട്‌ ഗവ. കോളേജ്‌ 
റിട്ട. പ്രിൻസിപ്പലും ജിയോളജി വകുപ്പ്‌ 
മുൻമേധാവിയുമായ ലേഖകൻ സംസ്ഥാന 
പരിസ്ഥിതി അപ്രൈസൽ കമ്മിറ്റി അംഗമാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top