29 March Friday

തമ്മിലടിയുടെ കോട്ടയം മോഡൽ

കെ ശ്രീകണ്‌ഠൻUpdated: Tuesday Jun 30, 2020

കേരള കോൺഗ്രസിലെ തമ്മിൽത്തല്ല്  ഒടുവിൽ സ്വാഭാവിക വഴിത്തിരിവിലെത്തി. കെ എം മാണിയുടെ വിയോഗത്തിന്‌ ഒരു വർഷവും ഒരു മാസവും പിന്നിടുമ്പോഴാണ്‌ യുഡിഎഫിലെ ഭിന്നതയും കലഹവും മൂർച്ഛിപ്പിച്ച്‌ ജോസ്‌ കെ മാണി പക്ഷം പുറത്തേക്കിറങ്ങുന്നത്‌. 38 വർഷം യുഡിഎഫിനൊപ്പം ഉറച്ചുനിന്നശേഷമാണ്‌ കേരള കോൺഗ്രസിലെ ഒരു വിഭാഗം മുന്നണി വിട്ടിരിക്കുന്നത്‌. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക്‌ പരവതാനി വിരിക്കാൻ യുഡിഎഫ്‌ കച്ചകെട്ടിയിറങ്ങിയ വേളയിലാണ്‌ മുന്നണി സ്ഥാപിതമായ ഘട്ടംമുതൽ ഒപ്പംനിന്ന പ്രബലവിഭാഗത്തിന്‌ പുറത്തേക്ക്‌ വഴിയൊരുങ്ങിയത്‌. കോൺഗ്രസ്‌–-മുസ്ലിംലീഗ്‌ നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്‌ ഇതെന്ന്‌ വ്യക്തമായി. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും സംഘടനകളുമായി കൂട്ടുചേരാനുള്ള നീക്കത്തിനുപിന്നിലും ഈ രണ്ട്‌ കക്ഷികളിലെയും നേതൃത്വമാണ്‌. തീവ്രവാദ സംഘടനകളെ ചേർത്തുപിടിക്കാൻ കാട്ടുന്ന അതേ ആവേശം പതിറ്റാണ്ടുകളോളം ഒപ്പം നിന്നവരെ പുറന്തള്ളാനും കാണിച്ചുവെന്നതാണ്‌  വസ്‌തുത.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്നതൊക്കെ കാലങ്ങളായി കേരള കോൺഗ്രസ്‌ രാഷ്‌ട്രീയത്തിൽ പറഞ്ഞുതേഞ്ഞ വാക്കുകളാണ്‌. പക്ഷേ, ഇപ്പോഴത്തെ പിളർപ്പും പുറത്താക്കലും ഇതുമായി ചേർത്തുവായിക്കാനാകില്ല. കോൺഗ്രസിലെ നേതൃതർക്കം, മുസ്ലിംലീഗിനുള്ളിൽ  ഉയർന്നിട്ടുള്ള വെല്ലുവിളി  എന്നിവമൂലം  യുഡിഎഫ്‌ രാഷ്‌ട്രീയം കലങ്ങിമറിയുകയായിരുന്നു.  ജോസ്‌ പക്ഷത്തിന്റെ പുറത്താകലോടെ  യുഡിഎഫ്‌ ശൈഥില്യം പുതിയ തലത്തിലേക്ക്‌ കടക്കുകയാണ്‌.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌സ്ഥാനത്തെ ചൊല്ലിയുള്ള പി ജെ ജോസഫ്‌–-ജോസ്‌ കെ മാണി പക്ഷത്തിന്റെ വടംവലി ഒരു നിമിത്തമായെന്നേയുള്ളൂ. കെ എം മാണി ജീവിച്ചിരുന്ന കാലത്തുതന്നെ ഒരിക്കൽ അദ്ദേഹം യുഡിഎഫ്‌ വിട്ടിറങ്ങിയതാണ്‌. ഒരു മുന്നണിയിലുംപെടാതെ കുറച്ചുനാൾ മുന്നോട്ടുപോയ അദ്ദേഹത്തിനുമുന്നിൽ യുഡിഎഫ്‌  മുട്ടുമടക്കുകയായിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായിരുന്നു ഈ നാടകം അരങ്ങേറിയത്‌. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നേതൃത്വത്തിന്റെ ഈ കളി വിജയിച്ചില്ല. കെ എം മാണിയെ കൂടെ കൂട്ടിയപ്പോഴും പിന്നിൽനിന്ന്‌ കുത്താനാണ്‌ കോൺഗ്രസ്‌ നേതാക്കളും പി ജെ ജോസഫ്‌ പക്ഷവും ശ്രമിച്ചുകൊണ്ടിരുന്നത്‌. മാണിയുടെ  വേർപാടിനുശേഷം കേരള കോൺഗ്രസിൽ ആധിപത്യം പുലർത്താനായിരുന്നു പി ജെ ജോസഫ്‌ കരുക്കൾ നീക്കിയത്‌. അതിന്‌ കോൺഗ്രസിലെ ഒരു വിഭാഗവും മുസ്ലിംലീഗ്‌ നേതൃത്വവും പച്ചക്കൊടി കാട്ടുകയും ചെയ്‌തു.



 

ഇരുപക്ഷത്തെയും ഭിന്നിപ്പിച്ചുനിർത്തി മുതലെടുപ്പ്‌ നടത്താനുള്ള കോൺഗ്രസിന്റെ ഗൂഢനീക്കത്തിന്‌ തിരിച്ചടി നേരിട്ടിരിക്കുകയാണ്‌. പാലാ ഉപതെരഞ്ഞെടുപ്പിലും ജില്ലാ പഞ്ചായത്ത്‌ തർക്കത്തിലും കോൺഗ്രസ്‌ ഈ തന്ത്രമാണ്‌ പുറത്തെടുത്തത്‌. ജോസഫിനെ കൂട്ടുപിടിച്ച്‌ ജോസ്‌ കെ മാണി പക്ഷത്തെ വരുതിയിൽ നിർത്താമെന്നായിരുന്നു കണക്കുകൂട്ടിയത്‌. തൽക്കാലം കോൺഗ്രസിന്റെ ഈ അടവുനയം പരാജയപ്പെട്ടിരിക്കുകയാണ്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന അന്ത്യശാസനംപോലും ജോസ്‌ പക്ഷം വകവച്ചില്ല. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ നേരിട്ട്‌ അഭ്യർഥിച്ചിട്ടും കുലുങ്ങിയില്ല.

തങ്ങളെ  വെല്ലുവിളിക്കാൻ ജോസ്‌ കെ മാണി പക്ഷത്തിന്‌ എങ്ങനെ കരുത്ത്‌ കിട്ടി എന്നതാണ്‌ യുഡി‌എഫ്‌ നേതൃത്വത്തെ  അമ്പരപ്പിച്ചിരിക്കുന്നത്‌. യുഡിഎഫിന്റെ ശക്തിക്ഷയമാണ്‌ ഇത്‌ കാണിക്കുന്നതെന്ന്‌ അവർക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നിട്ടുണ്ട്‌. യുഡിഎഫിന്റെ അവിഭാജ്യഘടകമായി നിന്നപ്പോഴും കെ എം മാണിയെ നിരന്തരം വേട്ടയാടാനായിരുന്നു നേതാക്കളിൽ ചിലർ തക്കം പാർത്തത്‌. പി ജെ ജോസഫിനെ ഒപ്പംകൂട്ടി മാണിയെ വരുതിയിലാക്കാനുള്ള തന്ത്രമാണ്‌ ബാർ കോഴ കേസിന്റെ  വേളയിൽ പുറത്തെടുത്തത്‌.  മാണിയും ജോസഫും ഒരുമിച്ച്‌ രാജിവച്ചിറങ്ങണമെന്ന തീരുമാനം അട്ടിമറിച്ചത്‌ അങ്ങനെയാണ്‌. പാലാ ഉപതെരഞ്ഞെടുപ്പിലും ഇരു വിഭാഗത്തെയും തമ്മിലടിപ്പിച്ച്‌ കോൺഗ്രസ്‌ നേതൃത്വം രസിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ അന്ത്യശാസനം മുഴക്കിയ യുഡിഎഫ്‌ നേതൃത്വം പാലാ തെരഞ്ഞെടുപ്പിൽ ചിഹ്‌നം നൽകുന്നതിൽ എന്തുകൊണ്ട്‌ ഈ കർശനനിലപാട്‌ സ്വീകരിച്ചില്ല എന്നതാണ്‌ ജോസ്‌ പക്ഷത്തിന്റെ ചോദ്യം.


 

കെ എം മാണി എന്ന വികാരം ആളിക്കത്തിക്കാനാണ്‌ ജോസ്‌ കെ മാണി വിഭാഗം ലക്ഷ്യമിടുന്നത്‌. ജോസ്‌ പക്ഷത്തിന്റെ ഇനിയുള്ള ഓരോ ചുവടും യുഡിഎഫിന്‌ ഏൽപ്പിക്കാൻ പോകുന്ന ആഘാതമാണ്‌ കേരള രാഷ്‌ട്രീയം ഉറ്റുനോക്കുന്നത്‌. പുറത്താക്കിയെന്ന്‌ പുറമെ പറയുമ്പോഴും യുഡിഎഫ്‌ നേതാക്കളിൽ ചിലർ അനുരഞ്ജന നീക്കങ്ങൾ തകൃതിയായി നടത്തിവരികയാണ്‌. ഇത്‌ എത്രത്തോളം ഫലം ചെയ്യുമെന്ന്‌ കണ്ടറിയണം.

യുഡിഎഫിലെ ഒരു പ്രബലവിഭാഗമാണ്‌ മുന്നണി വിട്ടിരിക്കുന്നത്‌. ധാരണ പാലിച്ചില്ല, മുന്നണി മര്യാദ കാട്ടിയില്ല എന്നൊക്കെ വാദങ്ങളാണ്‌ ഉയർത്തുന്നതെങ്കിലും  യുഡിഎഫിലെ അന്തഃഛിദ്രവും പടലപ്പിണക്കവും കൂടുതൽ ശക്തമാകുമെന്നാണ്‌ സൂചന. ജോസ്‌ കെ മാണി പക്ഷത്തിന്റെ അടുത്ത നീക്കങ്ങൾ ഗൗരവമായി വീക്ഷിക്കുന്ന കക്ഷികൾ യുഡിഎഫിൽ വേറെയുമുണ്ട്‌.  കോൺഗ്രസിൽ ഉയർന്നിട്ടുള്ള നേതൃവടംവലിയിലും മുന്നണി നേതൃത്വത്തിന്റെ അഹങ്കാരത്തിലും മനംമടുത്ത്‌ കഴിയുന്ന കക്ഷികളാണ്‌ അവ. കേരള കോൺഗ്രസിനെ ക്ഷയിപ്പിച്ച്‌ നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന ശ്രമമാണ്‌ കോൺഗ്രസ്‌ നടത്തുന്നത്‌. മുസ്ലിംതീവ്രവാദ ഗ്രൂപ്പുകളുമായി കൂട്ടുചേരാനുള്ള നീക്കത്തിൽ എതിരഭിപ്രായമുള്ള കോൺഗ്രസ്‌ നേതാക്കളും ഏറെയാണ്‌.  ഇതെല്ലാം യുഡിഎഫിന്‌ വലിയ പ്രതിസന്ധിയായി മാറുമെന്ന്‌ വ്യക്തമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top