17 August Wednesday

മോദിയുടെ ‘പറക്കുംകുതിര’ സുപ്രീംകോടതിയുടെ പിടിയിൽ

ജോൺ ബ്രിട്ടാസ്Updated: Thursday Oct 28, 2021

ഇസ്രയേലിൽനിന്ന് മോദി കടംകൊണ്ട ‘സീയൂസിന്റെ പറക്കുംകുതിര’യെ സുപ്രീംകോടതി പിടിച്ചുകെട്ടിയിരിക്കുന്നു. നീണ്ടകാലത്തെ വാദകോലാഹലങ്ങൾക്കുശേഷം ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച 46 പേജ്‌ വരുന്ന വിധിന്യായം ഇന്ത്യൻ ജനാധിപത്യത്തിന് പല അർഥത്തിലും നിർണായകമാകുന്നു (ഗ്രീക്ക്‌ ഐതിഹ്യത്തിലെ പറക്കുംകുതിരയുടെ പേരാണ്‌ പെഗാസസ്‌). ക‍ഴിഞ്ഞ ഏതാനും വർഷങ്ങളിൽ പൗരന്മാരുടെ കർണപുടങ്ങളിൽ ഏറ്റവും കൂടുതൽ പ്രകമ്പനം സൃഷ്ടിച്ച രണ്ടു വാക്ക്‌ ദേശസ്നേഹവും ദേശീയ സുരക്ഷയുമാണ്. ഭരണകേന്ദ്രത്തിന്റെ ഇടപെടലുകളും അതിക്രമങ്ങളും ഈ രണ്ടു വാക്കുകൊണ്ട് സാധൂകരിക്കപ്പെടുന്ന അവസ്ഥയാണ്‌ ഉണ്ടായത്. പെഗാസസ് ഹർജികളിൽ സുപ്രീംകോടതി വാദം കേട്ടപ്പോ‍ഴും കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചത് ഈ വാക്കുകളാണെന്നത് ശ്രദ്ധേയം. ദേശീയ സുരക്ഷയ്ക്കുമേൽ സുപ്രീംകോടതി പോലും പതറി നിൽക്കേണ്ടിവരുമെന്ന ധാരണയിലാണ് വജ്രായുധംപോലെ ദേശസ്നേഹം എടുത്ത് ഉപയോഗിക്കപ്പെട്ടത്. സുപ്രീംകോടതിയുടെ വിധിയിൽ ദേശീയസുരക്ഷയ്ക്ക് ‘അർഹമായ’ സ്ഥാനം ലഭിച്ചെന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമായി.

“ദേശസുരക്ഷ ഉയർത്തിക്കാണിച്ച് എപ്പോ‍ഴും ഫ്രീ പാസ് സംഘടിപ്പിക്കാൻ ക‍ഴിയില്ല. ഈ പദം ഉന്നയിച്ചാൽ നീതിന്യായ കോടതികൾ ഒ‍ഴിഞ്ഞുമാറുമെന്നും കരുതരുത്” –സുപ്രീംകോടതി പറഞ്ഞു. ഇത്രയും പറഞ്ഞതുപോരാതെ, ദേശീയസുരക്ഷ കേവലമായ വാക്കുകളിൽ പറഞ്ഞാൽപ്പോരെന്നും അതിന്റെ സാംഗത്യം ഓരോ വിഷയത്തിലും കാര്യകാരണസഹിതം സമർഥിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത് കോടതി ബധിരകാ‍ഴ്ചക്കാരനല്ലെന്ന മുന്നറിയിപ്പുനൽകൽ കൂടിയായി.

പെഗാസസ് എന്നത് കേവലമായ ടെലിഫോൺ ചോർത്തൽ ആയിരുന്നില്ല. ഇസ്രയേലിന്റെ പ്രതിരോധ വകുപ്പ് സൈബർ ആയുധമായി രേഖപ്പെടുത്തിയ ഒന്നാണ് ഈ സോഫ്റ്റ്‌വെയർ. അക്കാരണം കൊണ്ടുതന്നെ, സർക്കാരുകൾക്കും സർക്കാർ ഏജൻസികൾക്കുംമാത്രം ഈ ആയുധം വിൽക്കാനുള്ള അനുമതിയാണ്‌ നിർമാതാക്കളായ എൻഎസ്ഒ കമ്പനിക്ക്‌ ഉണ്ടായിരുന്നത്. 44 രാജ്യം ഇത്‌ കരസ്ഥമാക്കി. ഈ രാജ്യങ്ങളുടെ പട്ടികയിൽ സമ്പൂർണജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്നത് ഇന്ത്യ മാത്രമാണെന്നത് ശ്രദ്ധേയം. ബാഹ്യശക്തികൾ തങ്ങൾക്കെതിരെ ഇത്‌ ഉപയോഗിക്കുന്നുവെന്നുകണ്ട് ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ ഉന്നതതല അന്വേഷണം ഉത്തരവിട്ടു. എന്തിനേറെ, ഇസ്രയേൽ പോലും അന്വേഷണം പ്രഖ്യാപിച്ചു. പൗരന്റെ സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയാകട്ടെ മൗനംപാലിക്കുകയാണ് ചെയ്തത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം മു‍ഴുവനായി ഇതിൽ ഒ‍ഴുകിപ്പോയി. പെഗാസസ് എന്ന സോഫ്റ്റ്‌വെയർ വാങ്ങിയോ ഇല്ലയോ എന്നെങ്കിലും സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അതുപോലും തിരസ്കരിക്കപ്പെട്ടു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പാർലമെന്റിൽ ചെലവ‍ഴിച്ചത് മിനിറ്റുകൾ മാത്രമാണ്. സർക്കാർ പാർലമെന്റിന് വിധേയമായി പ്രവർത്തിക്കണമെന്ന ഭരണഘടനാ തത്ത്വം വലിച്ചെറിയപ്പെട്ടപ്പോ‍ഴാണ് ഈ ലേഖകൻ ഉൾപ്പെടെയുള്ളവർ റിട്ട് ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. റഫാലിൽ നടന്നതുപോലെ സുപ്രീംകോടതി ഈ ഹർജിയും പുറംതള്ളുന്നതോടെ പെഗാസസ് എന്നന്നേക്കുമായി പറന്നുപോകുമെന്ന് ഓർമിപ്പിച്ചവരുണ്ട്. എന്നാൽ, ഇനിയും കാതങ്ങൾ മുന്നോട്ടുപോകാനുള്ള ശേഷിയും ആർജവവും ഇന്ത്യൻ ജനാധിപത്യത്തിനുണ്ടെന്ന് തെളിയിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പുറത്തുവന്നിരിക്കുന്നത്.

പെഗാസസ് ആയുധത്തിന് ബഹുതല മാനങ്ങളാണ് ഉള്ളത്. അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ കടയ്ക്കലാണ് ഇതു കത്തിവയ്ക്കുന്നത്. സർക്കാർ, നിയമനിർമാണസഭ, ജുഡീഷ്യറി എന്നീ തൂണുകൾക്കൊപ്പം അലിഖിതമായ മാധ്യമസ്തംഭവും കൂടിച്ചേരുന്നതാണ് ജനാധിപത്യത്തിന്റെ അടിത്തറ. പെഗാസസിന് ഇരയായവരെക്കുറിച്ചുള്ള വിവരങ്ങൾ ഹിമക്കട്ടയുടെ അഗ്രംപോലെ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ, ഈ തുഞ്ചിൽനിന്ന് പുറത്തുവരുന്ന ഒരു കാര്യമുണ്ട്. രാഷ്ട്രീയനേതാക്കൾ, ജഡ്ജിമാർ, ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സൈനികമേധാവികൾ എന്നിങ്ങനെ നിർണായകമായ ഓരോ നെടുംതൂണിനെയും ദുർബലപ്പെടുത്തുന്ന രീതിയിലാണ് ആയുധപ്രയോഗമുറ അരങ്ങേറിയിട്ടുള്ളത്.

സുപ്രീംകോടതിതന്നെ വിധിന്യായത്തിൽ ഇതിന്റെ സമ്പൂർണ പ്രത്യാഘാതത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം പെഗാസസിലൂടെ സമ്പൂർണമായി നിർവീര്യമാക്കപ്പെടുകയാണ്. ചുരുക്കത്തിൽ, ഭരണകേന്ദ്രത്തിന്റെ കൈയിലെ കരുവായോ പാവയായോ ഒരു പൗരൻ മാറ്റപ്പെടുന്നു എന്നർഥം. ഹർജിയിൽ ഞങ്ങൾ ഉന്നയിച്ച ആകുലതകൾ സുപ്രീംകോടതി വിധിയിൽ സ്ഥാനംപിടിക്കുന്നുണ്ട്. ഇന്ത്യാ സർക്കാർ പെഗാസസ് വാങ്ങിയില്ലെങ്കിൽ മറ്റേതോ ബാഹ്യശക്തി നമുക്കെതിരെ ഇത് പ്രയോഗിക്കുന്നുണ്ടാകില്ലേ, ഇക്കാര്യമെങ്കിലും നമ്മൾ അന്വേഷിക്കേണ്ടതല്ലേ എന്നീ ചോദ്യങ്ങൾ വിധിയിൽ പ്രതിഫലിക്കുന്നു.

കേന്ദ്രത്തിന്റെ ഒളിച്ചുകളിയും വൈമുഖ്യവും പെഗാസസ് വിഷയത്തിൽ കോടതിയുടെ കടുത്ത നീരസത്തിന് ഇടയായിട്ടുണ്ട്. ജനങ്ങളുടെ മൗലികാധികാരത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ പരിമിത സത്യവാങ്മൂലംമാത്രം സമർപ്പിച്ച്, സുപ്രീംകോടതി നൽകിയ ദീർഘമായ ഇടവേളകളിൽ നിസ്സംഗത മാത്രം കൈമുതലാക്കി കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു. സ്വന്തം നിലയ്ക്ക് ഒരു കമ്മിറ്റിയെ വയ്ക്കാമെന്ന കേന്ദ്രവാഗ്ദാനം കോടതി നിരസിച്ചതിനുള്ള ഒരു കാരണവും ഇതുതന്നെയാകാം.

നാലുവർഷം മുമ്പ് പുട്ടസ്വാമി കേസിലാണ് സുപ്രീംകോടതി സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചത്. എന്നാൽ, അത്‌ സാർഥകമാകാനുള്ള നടപടിക്രമങ്ങളും സംവിധാനവും കൈക്കൊണ്ടില്ലെന്നതാണ് ശ്രദ്ധേയം. സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റത്തിന്റെ സ്വഭാവവും രീതിയും പരിമിതിയുമെല്ലാം നിയമവും നടപടിക്രമവുംമൂലം നിർണയിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഏതൊരു അവകാശത്തിനും പരിമിതികളുണ്ട്. എന്നാൽ, ആ പരിമിതി നിശ്ചയിക്കുന്നത് ആരുടെയെങ്കിലും വ്യക്തിഗത മനോഗതം മൂലമായിരിക്കരുത്. അതിന്‌ വ്യവസ്ഥാപിതമായ നടപടിക്രമം വേണം. തീവ്രവാദികൾക്കെതിരെ ഉപയോഗിക്കേണ്ട ഒരു കടുകട്ടിയായുധം സ്വന്തം പൗരന്മാർക്കുനേരെ എയ്തതിന് യുക്തിയുടെ പിൻബലമില്ലെന്നാണ് വരികൾക്കിടയിലൂടെ സുപ്രീംകോടതി പറഞ്ഞുവച്ചിരിക്കുന്നത്.

പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തിളക്കമാർന്ന ചില നിരീക്ഷണവും വിധിയിലുണ്ട്. ഒട്ടേറെ ഭരണഘടനാ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും പരിണതഫലമായിട്ടാണ് പരിഷ്കൃത രാജ്യങ്ങൾ പത്രസ്വാതന്ത്ര്യത്തിന് അലകുംപിടിയും സമ്മാനിച്ചത്. വാർത്തയുടെ സ്രോതസ്സ്‌ തന്നെ നിർവീര്യമാക്കപ്പെടുന്ന രീതിയിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കപ്പെട്ടാൽ വലിയൊരു നെടുംതൂൺ അപ്രസക്തമാകുമെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.

സുപ്രീംകോടതി വിധി ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും അനിതരസാധാരണമായ ചലനങ്ങൾക്ക്‌ വ‍ഴിവയ്ക്കുന്ന ഒന്നാണ്. കുടിലിൽ ആയാലും അവന്റെ സ്വകാര്യയിടത്തിലേക്ക്‌ കാലെടുത്തുകുത്താൻ രാജാവിനുപോലും അവകാശമില്ലെന്നു വിധിച്ച രാജ്യങ്ങൾ പോലും ഇന്ന് ഇടറിനിൽക്കുമ്പോൾ സ്വകാര്യതയ്ക്കുവേണ്ടിയുള്ള കോടതിയുടെ കാഹളവാദനം വരുംദിവസങ്ങളിലെ രാഷ്ട്രീയ വ്യവഹാരങ്ങളെ സ്വാധീനിക്കുമെന്നത് ഉറപ്പാണ്.

(പെഗാസസ് കേസിൽ സുപ്രീംകോടതിയിലെ ഹർജിക്കാരനാണ് രാജ്യസഭാംഗംകൂടിയായ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top