01 June Thursday

മാധ്യമങ്ങളുടെ തവളക്കാലം - ജോൺ ബ്രിട്ടാസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2023

ദുരന്തങ്ങൾ മുദ്രാവാക്യങ്ങളായി പരിണമിക്കുമ്പോൾ പലപ്പോഴും അതിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയാതെ പോകും. അടിയന്തരാവസ്ഥയും അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചുള്ള സംവാദത്തിൽ പഴയ തവളസിദ്ധാന്തത്തിന്‌ പ്രസക്‌തിയുണ്ട്‌. തിളയ്‌ക്കുന്ന വെള്ളത്തിലേക്ക്‌ തവളയെ പിടിച്ചിട്ടാൽ ഒറ്റച്ചാട്ടത്തിന്‌ തവള പുറത്തുകടക്കും. തവളയെ ഇട്ടിരിക്കുന്ന വെള്ളം വളരെ സാവധാനത്തിൽ ചൂടാക്കുക. ചൂടുകൂടുന്നതിനനുസരിച്ച്‌ തവള അതിനോട്‌ പൊരുത്തപ്പെടും. അവസാനം തവള ചത്ത്‌ മലക്കുമെന്ന്‌ മറ്റൊരു കാര്യം.

ബിബിസിയിലെ റെയ്‌ഡും ഇന്ത്യയിലെ മാധ്യമഅന്തരീക്ഷവും അർഥവത്തായ രീതിയിൽ ചർച്ചചെയ്യപ്പെടുന്നില്ലെന്നതാണ്‌ ദുരന്തം. ഇന്ത്യൻ മാധ്യമങ്ങളെ പൂർണമായി വരുതിയിലാക്കിയ ശേഷമുള്ള സുപ്രധാന ചുവടുവയ്‌പായിട്ടാണ്‌ ബിബിസിക്കു മേലുള്ള റെയ്‌ഡിനെ നോക്കിക്കാണേണ്ടത്‌. ഇന്ത്യയുടെ ജനാധിപത്യ പരിസരം അനുദിനം ശുഷ്‌കിച്ചു വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവാധിപനായി ഉരുത്തിരിയുന്ന ചിത്രത്തിന്‌ ബിജെപി വക്താക്കൾത്തന്നെ ചർച്ചകളിൽ അലകും പിടിയും സമ്മാനിക്കുന്നു. മഹാമേരുവായ നരേന്ദ്ര മോദിയെ തൊട്ടുകളിക്കാൻ ഈ ലോകത്ത്‌ ആർക്കാണ്‌ ധൈര്യമെന്നാണ്‌ ബിബിസി റെയ്‌ഡുമായി ബന്ധപ്പെട്ട ചർച്ചകളിൽ ബിജെപി വക്താക്കൾ പൊതുവിൽ ഉയർത്തുന്ന ചോദ്യം. സാമ്പത്തിക ക്രയവിക്രയത്തിന്റെ പശ്‌ചാത്തലമാണ്‌ സർവേ എന്ന പേരിലുള്ള റെയ്‌ഡിന്‌ കാരണമെന്ന്‌ ഔദ്യോഗിക ഭാഷ്യം പറയുമ്പോൾത്തന്നെയാണ്‌ "ഇത്‌ തിരിച്ചടി' എന്ന്‌ ബിജെപി വക്താക്കൾ ഉദ്‌ഘോഷിക്കുന്നത്‌.

ബിബിസിയുടെ ക്രയവിക്രയത്തെ ഇതിവൃത്തമാക്കുമ്പോൾ നമ്മുടെ ആദായനികുതി വകുപ്പ്‌ എത്രത്തോളം പരിഹാസ്യമാകുന്നുവെന്ന്‌ ഈ മാധ്യമത്തിന്റെ ഘടന പരിശോധിക്കുമ്പോൾ വ്യക്തമാകും. ടെലിവിഷൻ കാണുന്ന ഓരോ ബ്രിട്ടീഷ്‌ കുടുംബവും 159 പൗണ്ട്‌ ബിബിസിക്ക്‌ ഓരോ വർഷവും നൽകണം. തന്റെ ടെലിവിഷനിൽ ബിബിസി കണ്ടാലും ഇല്ലെങ്കിലും 16,000 രൂപ ഓരോ ബ്രിട്ടീഷ്‌ കുടുംബവും നൽകണമെന്നർഥം. ഒരു വർഷം ലൈസൻസ്‌ ഫീ ഇനത്തിൽ 50,000 കോടി രൂപയോളം ബിബിസിക്ക്‌ ലഭിക്കുന്നുണ്ട്‌. ഈ സ്ഥാപനത്തിന്റെ പ്രവർത്തനച്ചെലവിന്റെ 80 ശതമാനത്തോളം നിറവേറ്റുന്നത്‌ ജനങ്ങൾ നൽകുന്ന ലൈസൻസ്‌ ഫീ ഇനത്തിലാണ്‌. പ്രേക്ഷകരും ബിബിസിയും തമ്മിലുള്ള അനന്യമായ വൈകാരിക ബന്ധത്തിന്റെ പ്രതലംകൂടിയാണ്‌ ലൈസൻസ്‌ ഫീ. ഇക്കാരണം കൊണ്ടാണ്‌ ഒരു ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്കും ബിബിസിക്കുമേൽ കയറിമെതിക്കാൻ കഴിയാതിരിക്കുന്നത്‌. തങ്ങൾ സംപ്രേഷണംചെയ്‌ത ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററിയെ പ്രധാനമന്ത്രി റിഷി സുനക് തള്ളിപ്പറഞ്ഞെങ്കിലും തങ്ങൾ ചെയ്‌തത്‌ ശരിയെന്ന്‌ ഊന്നിപ്പറയാൻ ബിബിസിയുടെ വക്താവിന്‌ കഴിഞ്ഞത്‌ ബ്രിട്ടീഷ്‌ ജനത നൽകുന്ന പിന്തുണകൊണ്ടാണ്‌. ഇത്തരത്തിലുള്ള ഒരു മാധ്യമത്തിന്റെ വ്യവഹാരത്തിനു മേലാണ്‌ ഇന്ത്യയിലെ ആദായനികുതി വകുപ്പ്‌ 60 മണിക്കൂർ അർധവിരാമംപോലുമില്ലാതെ പണികൊടുത്തത്‌.


 

ഇന്ത്യയിലെ ബിബിസിയുടെ ഓഫീസുകൾ പ്രധാനമായും ഉള്ളടക്കം കൈകാര്യം ചെയ്യുന്നവയാണെന്ന്‌ ഈ മേഖലയുമായി ബന്ധപ്പെട്ട ആർക്കുമറിയാം. അതേസമയം, വിനോദ ടെലിവിഷൻ രംഗത്തെ അതികായരും വിദേശ കമ്പനികളുമായ ഡിസ്‌നിയും സോണിയുമൊക്കെ ആയിരക്കണക്കിന്‌ കോടിയുടെ ഇടപാടാണ്‌ ഇന്ത്യയിൽ നടത്തുന്നത്‌. അവിടെയൊന്നും കയറാൻ താൽപ്പര്യപ്പെടാതെ ഡോക്യുമെന്ററി സംപ്രേഷണത്തെ പശ്ചാത്തല സംഗീതമാക്കി നല്ലൊരു തിരക്കഥയ്‌ക്കൊപ്പം ആദായനികുതിക്കാർ ആടിയപ്പോൾ, അത്‌ ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കനത്ത ക്ഷതമാണെന്ന്‌ എത്രപേർ മനസ്സിലാക്കുന്നു?

കേന്ദ്രസർക്കാരിനു നേർക്ക്‌ വിരൽ ചൂണ്ടാൻ കഴിയുന്ന ഒരു മാധ്യമവും ഇന്ന്‌ ദേശീയതലത്തിൽ പ്രവർത്തിക്കുന്നില്ല. ആംഗലേയ മാധ്യമങ്ങളെടുത്താൽ കൊൽക്കത്തയിൽ നിന്നിറങ്ങുന്ന ടെലിഗ്രാഫിൽ മാത്രമാണ്‌ അർഥവത്തായ വിമർശങ്ങൾ കാണാറുള്ളത്‌. മിക്കവാറും പത്രങ്ങൾക്കില്ലാത്ത, നഷ്‌ടപ്പെട്ടുപോയ പത്രാധിപർ എന്ന തസ്‌തികയിൽ, രാജഗോപാലൻ എന്ന മലയാളി ഇരിക്കുന്നുണ്ടെന്ന ഒറ്റ കാരണംകൊണ്ടാണ്‌ ടെലിഗ്രാഫിന്റെ ഭാഗധേയം ഇങ്ങനെയായത്‌.

ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാൻ ടൈംസിൽനിന്നും ഔട്ട്‌ലുക്ക്‌ വാരികയിൽനിന്നും പുറത്താക്കപ്പെട്ട പത്രാധിപരായ ബോബി ഘോഷും റൂബൻ ബാനർജിയും കഴിഞ്ഞ ദിവസം ചില കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഓരോ വരിയിലും തങ്ങൾ നേരിട്ട പ്രതിസന്ധിയും അതിലൂടെ ഇന്ത്യൻ മാധ്യമരംഗം അഭിമുഖീകരിക്കുന്ന അനിശ്‌ചിതത്വവും ഇരുവരും വരച്ചുകാട്ടിയിരുന്നു. ബോബി ഘോഷ്‌ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായിരുന്ന സമയത്താണ്‌ "വിദ്വേഷ വീചി' എന്ന തലക്കെട്ടിൽ ഒരു പംക്തി ആരംഭിച്ചത്‌. വെറുപ്പിന്റെ പേരിൽ രാജ്യത്ത്‌ സൃഷ്‌ടിക്കുന്ന സംഭവങ്ങളെ മുൻനിർത്തിയുള്ള കുറിപ്പായിരുന്നു അത്‌. ബിജെപി സർക്കാരിനെ ഇത്‌ എത്രകണ്ട്‌ വിറളിപിടിപ്പിച്ചുവെന്നത്‌ പിന്നീട്‌ പത്രത്തിന്റെ ഉടമ ശോഭന ഭാരതിയയും പ്രധാനമന്ത്രിയും തമ്മിൽ നടന്ന യോഗത്തെക്കുറിച്ച്‌ ചോർന്ന്‌ കിട്ടിയ വിവരങ്ങളിൽനിന്ന്‌ ഏവർക്കും ബോധ്യമായി. മോദി വിളിച്ചുവരുത്തി ബിർലയുടെ പത്രത്തിന്‌ അന്ത്യശാസനം നൽകുകയായിരുന്നു. ഈ കൂടിക്കാഴ്‌ചയ്‌ക്ക്‌ ഏതാനും ദിവസങ്ങൾക്കുശേഷം, 16 മാസത്തെ സേവനം അവസാനിപ്പിച്ച്‌, ബോബി ഘോഷ്‌ പത്രാധിപവേഷം അഴിച്ചുവച്ച്‌ ഹിന്ദുസ്ഥാൻ ടൈംസിൽനിന്ന്‌ പടിയിറങ്ങി. അതോടെ "വിദ്വേഷ വീചി'( hate track)യും അസ്‌തമിച്ചു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ അനാഥമാക്കപ്പെടുകയും അഞ്ച്‌ കോടിയിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ ജന്മദേശത്തിന്റെ പരിരക്ഷ കൊതിച്ച്‌ പലായനം നടത്തുകയുംചെയ്‌തു. അവരുടെ വിണ്ടുകീറിയ കാൽപാദങ്ങളോ നീരുവന്ന കാലുകളോ ഒരു ദേശീയ മാധ്യമത്തിനും വാർത്തയായില്ല. ഗംഗാനദിയിൽ നൂറുകണക്കിന്‌ മൃതശരീരങ്ങൾ ഒഴുകിനടന്നതിനു നേരെ കണ്ണുപൂട്ടിയ മാധ്യമങ്ങൾ പൈങ്കിളി കഥയുമായി ഓരോദിവസവും ഇറങ്ങിയപ്പോൾ മനംനൊന്താണ്‌ ഔട്ട്‌ലുക്ക്‌ വാരികയുടെ പത്രാധിപർ റൂബൻ ബാനർജി ഒരു സാഹസത്തിന്‌ മുതിർന്നത്‌. ഇന്ത്യൻ സർക്കാരിനെ കാണാനില്ലെന്ന കവർപേജോടെ ഔട്ട്‌ലുക്ക്‌ വാരിക പുറത്തിറങ്ങി. ദിവസങ്ങൾക്കുള്ളിൽ റൂബനെ നിർബന്ധിത അവധിയിൽ മുതലാളി രഹേജ അയച്ചു. മാസം പൂർത്തിയാകുന്നതിനുമുമ്പേ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു.

ഉദാരവൽക്കരണത്തോടെ ഇന്ത്യയിലെ മാധ്യമങ്ങളുടെ ഘടന അടിമുടി മാറി. സ്വകാര്യ ഉടമസ്ഥത കോർപറേറ്റ്‌വൽക്കരണത്തിലേക്കും അത്‌ പിന്നീട്‌ ബഹുമുഖ വ്യവസായ സംരംഭത്തിലേക്കും വഴിതിരിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നും ജനാധിപത്യത്തിന്റെതന്നെ മാതാവെന്നുമാണ്‌ ഇന്ത്യയെ പ്രധാനമന്ത്രി നാഴികയ്‌ക്ക്‌ നാൽപ്പതുവട്ടം വിശേഷിപ്പിക്കുന്നത്‌.  സർക്കാർ നിയന്ത്രണത്തിന്‌ അതീതമായി സ്വാതന്ത്ര്യത്തിന്റെ നാരായ വേരുകളുള്ള മാധ്യമങ്ങളുണ്ടെങ്കിൽ മാത്രമേ ഒരു രാജ്യത്ത്‌ ജനാധിപത്യം അർഥപൂർണമാകൂ. എന്തെല്ലാം പരിമിതികളുണ്ടെങ്കിൽപ്പോലും ഇന്ത്യ വ്യതിരിക്തമായി നിലകൊണ്ടതും ലോകത്തിന്റെ ആദരവ്‌ പിടിച്ചുപറ്റിയതും ഇക്കാരണംകൊണ്ടാണ്‌. സൈനിക–- സാമ്പത്തിക ശേഷി ഒരിക്കലും ഒരു രാജ്യത്തിന്റെ ധാർമിക അധികാരത്തിന്‌ വഴിവയ്‌ക്കില്ല. ഉദാരവൽക്കരണത്തോടെ ഇന്ത്യയിലെ മാധ്യമങ്ങളുടെ ഘടന അടിമുടി മാറി. സ്വകാര്യ ഉടമസ്ഥത കോർപറേറ്റ്‌വൽക്കരണത്തിലേക്കും അത്‌ പിന്നീട്‌ ബഹുമുഖ വ്യവസായ സംരംഭത്തിലേക്കും വഴിതിരിഞ്ഞു. അമിതാധികാര പ്രവണതയുള്ള നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ മാധ്യമങ്ങളുടെ സ്വകാര്യ–-കോർപറേറ്റ്‌ ഘടന തന്റെ ഇംഗിതങ്ങൾ അടിച്ചേൽപ്പിക്കാനുള്ള എളുപ്പമാർഗമാണെന്ന്‌ മോദി കണ്ടെത്തി. ഔട്ട്‌ലുക്ക്‌ വാരിക റിയൽ എസ്‌റ്റേറ്റ്‌ ഭീമനായ രഹേജയുടെ പക്കലായതിനാലാണ്‌ റൂബൻ ബാനർജി തെറിച്ചത്‌. ബിർലയുടെ സാമ്രാജ്യത്വത്തിലെ പത്രമാണ്‌ ഹിന്ദുസ്ഥാൻ ടൈംസ്‌ എന്നതിനാലാണ്‌ ബോബി ഘോഷും തിരസ്‌കൃതനായത്‌. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമശൃംഖലയായ ടൈംസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നൂറുകണക്കിന്‌ വ്യവസായ സംരംഭങ്ങളിൽ ഓഹരി ഉടമസ്ഥതയുണ്ട്‌. വാർത്തയല്ല, തങ്ങളുടേത് പരസ്യത്തിന്റെ ബിസിനസ് എന്ന് പരസ്യമായി പറഞ്ഞ വിനീത്‌ ജെയിനാണ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഉടമകളിൽ ഒരാൾ. എങ്കിലും മുഖപ്രസംഗ പേജിൽ അൽപ്പമൊക്കെ ഞാണിൻമേൽക്കളി നടത്താൻ ടൈംസ്‌ ഓഫ്‌ ഇന്ത്യ മുതിർന്നു. വാർത്താ പേജുകൾ മുഴുവൻ മോദിക്ക്‌ അടിയറവച്ചപ്പോൾ, ചെറിയൊരു തുരുത്തിൽ ഇടയ്‌ക്കൊക്കെ വിമർശത്തിന്റെ വെള്ളിരേഖ വരുന്നത്‌ പത്രത്തിന്‌ ഗുണകരമാകുമല്ലോയെന്നാണ്‌ ജെയിൻ സഹോദരൻമാർ വിചാരിച്ചത്‌. എന്നാൽ, ഇത്തിരിയിടംപോലും തങ്ങൾക്ക്‌ പുറം തിരിഞ്ഞുനിൽക്കുന്നത്‌ അനുവദിച്ചു കൊടുക്കാൻ മോദി ഭരണകൂടം ഒരുക്കമായിരുന്നില്ല. അതിന്റെ പരിണതഫലമെന്ന നിലയ്‌ക്കാണ്‌ കഴിഞ്ഞ വർഷം ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനത്ത്‌ കേന്ദ്ര അന്വേഷണ ഏജൻസികൾ കയറി നിരങ്ങിയത്‌. അതോടെ വിമർശത്തിന്റെ ഇത്തിരിവെട്ടവും ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ അസ്‌തമിച്ചു. ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നതിനെക്കുറിച്ചുള്ള ഒരൊറ്റ ചിത്രമാണ്‌ ദെെനിക്‌ ഭാസ്‌കറെന്ന പത്രത്തിന്റെ കഷ്‌ടകാലത്തിന്‌ തുടക്കംകുറിച്ചത്‌. റെയ്‌ഡും കനത്തപിഴയുമായിരുന്നു ബാക്കിപത്രം.

ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്‌തിരിക്കുന്ന പാർലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും സവിശേഷ ഘടകമെന്നത്‌ വിവിധ നെടുംതൂണുകൾക്കിടയിലുള്ള വിനിമയവും പ്രതിരോധവുമാണ്‌. എക്‌സിക്യൂട്ടിവ്‌ (സർക്കാർ) നിയമനിർമാണസഭ (പാർലമെന്റ്‌)യോട്‌ വിധേയപ്പെട്ട്‌ പ്രവർത്തിക്കുക എന്നതാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ കാതൽ. ഇന്ന്‌ ഇന്ത്യൻ പാർലമെന്റ്‌ നിസ്സഹായതയിലും നിഷ്‌ക്രിയത്വത്തിലുമാണ്‌.

ഗൗതം അദാനിയെ മുൻനിർത്തിയുള്ള വലിയ കുംഭകോണം ലോകമെമ്പാടും ചർച്ചചെയ്‌തിട്ടും ബജറ്റ്‌ സമ്മേളനവേദിയായിട്ടുകൂടി പാർലമെന്റിൽ ഉയർന്നുവരാൻ സർക്കാർ അനുവദിച്ചില്ല. നന്ദിപ്രമേയത്തിന്റെയും ബജറ്റ്‌ ചർച്ചയുടെയും വേളയിൽ ഈ വിഷയം പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയപ്പോൾ ആ പരാമർശങ്ങളെല്ലാംതന്നെ രേഖയിൽനിന്ന്‌ നീക്കംചെയ്‌തു. നന്ദിപ്രമേയത്തിനുമേൽ പത്ത്‌ ഭേദഗതിവരെ ഒരംഗത്തിന്‌ രാജ്യസഭയിൽ കൊടുക്കാമെന്നാണ്‌ വ്യവസ്ഥ. അദാനി പ്രശ്‌നവുമായി ബന്ധപ്പെട്ട മൂന്ന്‌ ഭേദഗതിയടക്കം 10 നിർദേശം ഈ ലേഖകൻ സമർപ്പിക്കുകയുണ്ടായി. ഇതിൽ അദാനിയെക്കുറിച്ചുള്ള മൂന്ന്‌ എണ്ണവും ഒരു കാരണവും അറിയിക്കാതെ തിരസ്‌കരിക്കപ്പെട്ടു. സുപ്രീംകോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ സംയുക്ത പാർലമെന്ററി സമിതിയോ അദാനി വിഷയത്തിൽ വേണമെന്നാണ്‌ പ്രതിപക്ഷം പാർലമെന്റിൽ ആവശ്യപ്പെട്ടത്‌. നന്ദിപ്രമേയ ചർച്ചയ്ക്ക്‌ മറുപടി പറയവേ പ്രധാനമന്ത്രി ഇതൊഴിച്ച്‌ സൂര്യനു കീഴിലുള്ള എല്ലാം പരാമർശിച്ചു. എന്നാൽ, സുപ്രീംകോടതി അദാനി സംഭവവും ഓഹരി വിപണിയിലെ തകർച്ചയും ഗൗരവമായി എടുത്തപ്പോൾ കമ്മിറ്റിയോ പുതിയ സംവിധാനമോ രൂപീകരിച്ചുകൊള്ളുവെന്ന്‌ പറയാൻ കോടതിയിൽ സർക്കാർ നിർബന്ധിതമായി. പാർലമെന്റിൽ വായ തുറക്കാത്ത സർക്കാർ സുപ്രീംകോടതിയിൽ ഇങ്ങനെ പ്രതികരിക്കുമ്പോൾ പ്രത്യക്ഷത്തിൽ ആശ്വാസമെന്ന്‌ തോന്നുമെങ്കിലും, അത്‌ ഭരണഘടനയുടെ അന്തസ്സത്ത തന്നെ ഇല്ലാതാക്കുന്നതാണെന്ന്‌ നാം തിരിച്ചറിയണം.

പണ്ടൊക്കെ, പാർലമെന്റ്‌ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ മാധ്യമങ്ങളിൽ അന്വേഷണാത്മക വാർത്തകളുടെ പ്രളയമായിരുന്നു. പാർലമെന്റും മാധ്യമങ്ങളുമെന്ന രണ്ട്‌ നെടുംതൂണിന്റെ ഈ ജുഗൽബന്ദി എക്‌സിക്യൂട്ടിവിന്റെ ഉത്തരവാദിത്വം ഊട്ടിയുറപ്പിക്കാൻ സഹായകരമായിരുന്നു. മാധ്യമങ്ങളിൽ വരുന്ന വെളിപ്പെടുത്തലുകൾ ഇരുസഭയിലും കോലാഹലമുണ്ടാക്കുകയും  സംവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇന്ന്‌, മുൻ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ പറഞ്ഞതുപോലെ, ഇന്ത്യയിൽ അന്വേഷണാത്മക മാധ്യമപ്രവർത്തനം അസ്‌തമിച്ചിരിക്കുന്നു. ഡൽഹിയിലെ മാധ്യമപ്രവർത്തകർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്നത്‌ പ്രധാനമന്ത്രിയുടെ ഓഫീസിലെ മാധ്യമസംവിധാനത്തെക്കുറിച്ചാണ്‌. പിഎംഒയിൽ പ്രവർത്തിക്കുന്ന ഓഫീസ്‌ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായ ഡോ. ഹിരൺ ജോഷിയാണ്‌ യഥാർഥത്തിൽ ഇന്ത്യയുടെ പത്രാധിപർ. അദ്ദേഹത്തിന്റെ ഓഫീസ്‌ അയക്കുന്ന വാട്‌സാപ്‌ സന്ദേശത്തിലൂടെയാണ്‌ അതത്‌ ദിവസത്തെ വാർത്തയും സംഭവങ്ങളും ദേശീയ മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്നത്‌.

പ്രഖ്യാപിത അടിയന്തരാവസ്ഥയിലെ വെല്ലുവിളികളും ചതിക്കുഴികളും തിരിച്ചറിഞ്ഞ്‌ മുന്നോട്ട്‌ പോകാനുള്ള അവബോധം അന്നത്തെ മാധ്യമങ്ങൾക്ക്‌ കരഹസ്‌തമായിരുന്നു. ജനാധിപത്യത്തെ സംരക്ഷിച്ചു നിർത്തേണ്ടത്‌ മാധ്യമങ്ങളുടെ നിലനിൽപ്പിന്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ തിരിച്ചറിഞ്ഞ പത്രാധിപരാണ്‌ അന്നത്തെ പോരാട്ടത്തിന്‌ കുന്തമുനകളായത്‌. ദ്വയാർഥ വാർത്താശകലങ്ങൾമുതൽ ഒഴിച്ചിട്ട പത്രത്താളുകൾവരെ ആയുധങ്ങളായി മാറിയപ്പോൾ വായനക്കാരും പുതിയ ഭാവുകത്വം നുകർന്നു. മാധ്യമങ്ങൾ ഉടമസ്ഥരുടെ പേരിലല്ല, പത്രാധിപരുടെ പേരിലാണ്‌ അന്ന്‌ അറിയപ്പെട്ടിരുന്നത്‌. ഇന്ന്‌ പത്രാധിപൻമാർ വംശനാശം സംഭവിച്ച ഇനമായാണ്‌ അറിയപ്പെടുന്നത്‌. അമിതാധികാരത്തിന്റെ മോദി തേരോട്ടത്തിൽ മാധ്യമങ്ങൾ ഒന്നൊന്നായി കടപുഴകാനുള്ള ഒരുകാരണവും ഇതുകൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top