26 April Friday

അമേരിക്കയുടെ ആഗോളതന്ത്രങ്ങൾ

വി ബി പരമേശ്വരൻUpdated: Saturday Aug 20, 2022

അമേരിക്കൻ കോൺഗ്രസിലേക്ക്‌ നവംബർ എട്ടിനാണ്‌ തെരഞ്ഞെടുപ്പ്‌. അമേരിക്കൻ പ്രസിഡന്റ്‌ ജോ. ബൈഡന്റെ ഡെമോക്രാറ്റിക് പാർടിക്ക്‌ ഈ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ്‌ ഭൂരിപക്ഷം അഭിപ്രായവോട്ടെടുപ്പുകളും സൂചിപ്പിക്കുന്നത്‌. ട്രംപിന്റെ റിപ്പബ്ലിക്കന്മാർക്കാണ്‌ നിലവിൽ മുൻതുക്കം. ജോ ബൈഡൻ ജനങ്ങൾക്ക്‌ നൽകിയ ഭൂരിപക്ഷം തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളും നടപ്പാക്കാൻ അമേരിക്കൻ കോൺഗ്രസിന്റെ പിന്തുണ ആവശ്യമാണ്‌. അതിന്‌ പ്രസിഡന്റിന്റെ പാർടിതന്നെ പാർലമെന്റിലും ഭൂരിപക്ഷം നേടണം. അത്‌ ലഭിക്കാതെ വന്നാൽ അടുത്ത രണ്ട്‌ വർഷം ബൈഡന്റെ ഭരണം അലങ്കോലമാകും.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്താണ്‌ മാർഗം എന്ന ആലോചന സ്വാഭാവികമായും ജോ ബൈഡനും അദ്ദേഹത്തിന്റെ പാർടിയും നടത്തിയിരിക്കും. വിലക്കയറ്റം രൂക്ഷമായി കുതിച്ചുയരവെ ജനങ്ങൾക്ക്‌ ആശ്വാസം നൽകുന്ന നടപടികൾ സ്വീകരിച്ച്‌ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ പാലിച്ച്‌ നഷ്ടപ്പെട്ടുപോയ ജനവിശ്വാസം തിരിച്ചുപിടിക്കാനായിരിക്കും ശ്രമം എന്നായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. എന്നാൽ, അത്തരത്തിലുള്ള നടപടിയല്ല ജോ ബൈഡനിൽനിന്നും അമേരിക്കയിൽനിന്നും ഉണ്ടാകുന്നത്‌. മറിച്ച്‌ മറ്റ്‌ രാജ്യങ്ങളുടെമേൽ കുതിരകയറിയും പേശീബലം കാട്ടിയും ലോകമേധാവിപ്പട്ടം തങ്ങൾക്കുതന്നെയാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടപടികളാണ്‌  ഉണ്ടാകുന്നത്‌.

ആദ്യസംഭവം അഫ്‌ഗാനിസ്ഥാനിലായിരുന്നു. അൽഖായ്‌ദ നേതാവ്‌ അയ്‌മാൻ അൽ സവാഹിരിയെ വധിച്ചുകൊണ്ടായിരുന്നു തുടക്കം. കാബൂളിൽ താലിബാന്റെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞിരുന്ന സവാഹിരിയെ മിസൈൽ ആക്രമണത്തിലൂടെ വധിക്കുകയായിരുന്നു അമേരിക്ക. ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ രണ്ട്‌ ദശാബ്‌ദംമുമ്പ്‌ അഫ്‌ഗാനിസ്ഥാനിൽ ആക്രമണം ആരംഭിച്ച അമേരിക്ക ഭീകരവാദികളെ അധികാരത്തിൽ കുടിയിരുത്തിയാണ്‌ സൈന്യത്തെ പിൻവലിച്ചത്‌. ആ നാണക്കേട്‌ മാറ്റാനുള്ള അവസരമായാണ്‌ സവാഹിരിയുടെ കൊലപാതകത്തെ അവർ ഉപയോഗിച്ചത്‌. അൽഖായ്‌ദ മേധാവിയുടെ വധം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയെ സഹായിക്കുമെന്നാണ്‌ ബൈഡന്റെ കണക്കുകൂട്ടൽ. എന്നാൽ, ഈ വധം അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ പ്രതീക്ഷിച്ച രീതിയിലൊന്നും ചർച്ചാവിഷയമായില്ല. ഈയൊരു ഘട്ടത്തിലാണ്‌ തയ്‌വാൻ വിഷയം കത്തിക്കാൻ അമേരിക്ക തീരുമാനിച്ചത്‌.

ഡെമോക്രാറ്റിക് പാർടിയുടെ സമുന്നത നേതാക്കളിൽ ഒരാളാണ്‌ നാൻസി പെലോസി. പ്രസിഡന്റും വൈസ്‌ പ്രസിഡന്റും കഴിഞ്ഞാൽ ഭരണതലത്തിലെ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത്‌ ജനപ്രതിനിധിസഭയുടെ സ്‌പീക്കറാണ്‌. സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടെ ചൈനാവിരുദ്ധവികാരം ശക്തമാണെന്ന തിരിച്ചറിവ്‌ നാൻസി പെലോസിയെ തയ്‌വാൻ സന്ദർശിക്കാൻ പ്രേരിപ്പിച്ചിരിക്കണം. അടുത്തിടെ നടന്ന ഒരു അഭിപ്രായ സർവേയിൽ 69 ശതമാനം അമേരിക്കക്കാരും ചൈനാവിരുദ്ധ വികാരമുള്ളവരാണത്രെ. ഈ പൊതുജനവികാരം എങ്ങനെ വോട്ടാക്കി മാറ്റാമെന്ന ഗവേഷണത്തിലാണ്‌ ഭരണകക്ഷി ഏർപ്പെട്ടത്‌. അതിന്റെ ഭാഗമായാണ്‌ നാൻസി പെലോസി പ്രത്യേക സൈനികവിമാനത്തിൽ തയ്‌വാനിലെത്തിയത്‌. 


 

ചൈന അവരുടേതെന്ന്‌ അവകാശപ്പെടുന്ന പ്രദേശമാണ്‌ തയ്‌വാൻ. നേരത്തേ ഹോങ്കോങ്ങും മക്കാവുവും  പോലെ ഭാവിയിൽ ചൈനയുടെ ഭാഗമായി മാറേണ്ട പ്രദേശമാണ്‌ തയ്‌വാനെന്നാണ്‌ ചൈനയുടെ പക്ഷം. സമാധാനപരമായ മാർഗത്തിലൂടെ തയ്‌വാനെ ചൈനയോട്‌ ലയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ ബീജിങ്.  അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളും യുഎന്നും മറ്റും അംഗീകരിച്ചതുമാണ്‌ ഈ ഏക ചൈന നയം. അതുകൊണ്ടാണ്‌ പെലോസിയുടെ സന്ദർശനത്തെ അമേരിക്കൻ പ്രസിഡന്റോ പെന്റഗണോ(സൈന്യം) തുടക്കത്തിൽ പിന്തുണയ്‌ക്കാതിരുന്നത്‌. പെലോസിയുടെ സന്ദർശനത്തെ ‘അപകടകരവും നിരുത്തരവാദപരവുമായ’ നീക്കമായാണ്‌ ന്യൂയോർക്ക്‌ ടൈംസ്‌ കോളമിസ്‌റ്റ്‌ തോമസ്‌ എൽ ഫ്രീഡ്‌ മാൻ വിശേഷിപ്പിച്ചത്‌.  സൈനികമായും തന്ത്രപരമായും ചൈനയ്‌ക്ക്‌ മേൽക്കൈ നേടിക്കൊടുക്കാനേ ഈ പ്രകോപനം വഴിവയ്‌ക്കൂവെന്നാണ്‌ പൊതുവിലയിരുത്തൽ. ഒരാഴ്‌ചയോളം തയ്‌വാനെ വലംവച്ച്‌ ചൈന നടത്തിയ സൈനികപരിശീലനം അതുതെളിയിക്കുകയും ചെയ്‌തു.

ഭരണകക്ഷിയുടെയും പെലോസിയുടെയും രാഷ്ട്രീയതാൽപ്പര്യം മാത്രമാണ്‌ സന്ദർശനത്തിന്‌ കാരണമെന്ന വിലയിരുത്തൽ പലഭാഗത്തുനിന്നും ഉയരുന്നുണ്ടെങ്കിലും റഷ്യൻ പ്രസിഡന്റ്‌  വ്‌ലാദിമിർ  പുടിനെപ്പോലുള്ളവർ ഈ വീക്ഷണത്തെ പൂർണമായും അംഗീകരിക്കുന്നില്ല. മേഖലയെ അസ്ഥിരീകരിക്കാൻ അമേരിക്ക നടത്തുന്ന ബോധപൂർവമായ ശ്രമമായി വേണം പെലോസിയുടെ സന്ദർശനത്തെ വായിച്ചെടുക്കാൻ എന്നാണ്‌ പുടിൻ  പ്രതികരിച്ചത്‌.

പെലോസിയുടെ സന്ദർശനത്തിനുശേഷവും അമേരിക്കൻ ജനപ്രതിനിധികൾ പ്രകോപനം തുടരുന്നതിൽനിന്ന്‌ പുടിന്റെ നിരീക്ഷണം തള്ളിക്കളയാനാകില്ലെന്ന്‌ വ്യക്തമാകുന്നു. മസാച്ചുസെറ്റ്‌സിൽനിന്നുള്ള ഡെമോക്രാറ്റിക്‌ പാർടി സെനറ്റർ എഡ്വേർഡ്‌ ജെ മാർക്കേയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പാർലമെന്റ്‌ സംഘം കഴിഞ്ഞ 14ന്‌ തായ്‌പേയിലെത്തിയത്‌ ഇതാണ്‌ തെളിയിക്കുന്നത്‌. തയ്‌വാൻ വിഷയം സജീവമായി നിർത്തുക എന്നത്‌ അമേരിക്കയുടെ താൽപ്പര്യമാണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാകും. ചൈനയെ ശത്രുപക്ഷത്ത്‌ നിർത്തി അമേരിക്ക നടത്തുന്ന തന്ത്രപ്രധാന നീക്കങ്ങൾക്കും സഖ്യങ്ങൾക്കും സാധുത വേണമെങ്കിൽ മേഖലയിൽ അസ്വസ്ഥത പടർത്തണം. എങ്കിൽ മാത്രമേ ജപ്പാനെയും ദക്ഷിണകൊറിയയെയും ഇന്ത്യയെയും മറ്റും കൂടെ നിർത്താനാകൂവെന്ന്‌ അമേരിക്കയ്‌ക്ക്‌ അറിയാം. അതിനാൽ അമേരിക്കൻ പ്രകോപനം ശക്തമായി തുടരുമെന്ന്‌ പ്രതീക്ഷിക്കാം. പ്രത്യേകിച്ചും കോൺഗ്രസ്‌ തെരഞ്ഞെടുപ്പുവരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top