28 March Thursday

ബൈഡൻ തുടങ്ങുന്നത് 
രണ്ടാം ശീതസമരം - ഡോ. ജോസഫ് ആന്റണി എഴുതുന്നു

ഡോ. ജോസഫ് ആന്റണിUpdated: Thursday Feb 18, 2021

അധികാരമേറ്റെടുത്തതിന്റെ ഇരുപത്തൊന്നാംദിനമാണ് ഫോൺവിളിച്ചതെന്നതൊഴിച്ചാൽ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് സംസാരിച്ചതെല്ലാം ട്രംപ് പറഞ്ഞതൊക്കെത്തന്നെയാണ്. ചൈനാ വിരുദ്ധതയുടെ കാര്യത്തിൽ റിപ്പബ്ലിക്കൻ പാർടിക്കാരും ഡെമോക്രാറ്റുകളും പരസ്പരം മത്സരത്തിലേർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിൽനിന്നും വ്യത്യസ്തമായി ഒന്നും പ്രതീക്ഷിക്കാനുമില്ല. എന്നുമാത്രമല്ല, ജോ ബൈഡന്റെ ഇതുവരെയുള്ള പ്രസ്താവനകളും അദ്ദേഹം വിവിധവിഭാഗങ്ങളുടെ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നവരുടെ പ്രഖ്യാപനങ്ങളും ഇരുരാജ്യങ്ങളുടെയുമിടയിൽ സംഘർഷത്തിൽ അയവുണ്ടാകാനുള്ള സാധ്യതയല്ല കാണിക്കുന്നത്.

ജനുവരി 20ന് അധികാരമേറ്റെടുത്തതിനുശേഷം ഫെബ്രുവരി നാലിന് നടത്തിയ ആദ്യത്തെ വിദേശനയപ്രഖ്യാപനത്തിൽത്തന്നെ ചൈനയോട് അമേരിക്ക സ്വീകരിക്കാൻപോകുന്ന നയത്തെക്കുറിച്ച് ബൈഡൻ സൂചനകൾ നൽകിക്കഴിഞ്ഞിരുന്നു. അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചൈനയാണെന്നും തനതായ മാർഗങ്ങളിലൂടെയും സഖ്യകക്ഷികളുടെ സഹായത്തോടെയും ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടുമെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കഴിഞ്ഞ നാലുവർഷം ട്രംപ് ചൈനയ്ക്കെതിരായി ഒറ്റയാൾപ്പട്ടാളമായാണ് പൊരുതിയതെങ്കിൽ, ഇനി കാണാൻപോകുന്നത് അമേരിക്കയും സഖ്യകക്ഷികളുംചേർന്ന് ചൈനയ്ക്കെതിരായി നടത്താൻപോകുന്ന പോരാട്ടമായിരിക്കുമെന്നാണ് വിദേശനയപ്രഖ്യാപനം നൽകുന്ന സൂചനകൾ. കഴിഞ്ഞ നാലുവർഷംകൊണ്ട് അമേരിക്കയെ ഒന്നാമതാക്കാൻ ട്രംപ് പരിശ്രമിച്ചെങ്കിലും ഒന്നാമതാകുന്നതിനുപകരം അമേരിക്ക ഒറ്റപ്പെടുകയാണുണ്ടായതെന്നും സഖ്യരാജ്യങ്ങളുടെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന അമേരിക്കൻ ഭരണവർഗത്തിന്റെ തിരിച്ചറിവുമാണ് ബൈഡന്റെ, "അമേരിക്ക തിരികെയെത്തുന്നു" എന്ന പുതിയ പ്രഖ്യാപനത്തിൽ കാണാൻ കഴിയുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്തുതന്നെ ഏതാണ്ട് ട്രംപിന്റേതിന് സമാനമായ ചൈനാവിരുദ്ധ നിലപാടുതന്നെയായിരുന്നു ബൈഡന്റെതും. ആഗോളമേധാവിത്വം നഷ്ടപ്പെടുന്നത് ചിന്തിക്കാൻപോലുമാകാത്ത അമേരിക്കയിലെ രാഷ്ട്രീയപ്പാർടികൾക്കും സൈനികനേതൃത്വത്തിനും സമ്പന്നവിഭാഗങ്ങൾക്കും സാമ്പത്തികമായും സൈനികമായും വളർന്ന ചൈനയോടുള്ള ശത്രുത ഇഷ്ടവിഷയംതന്നെയായിരുന്നു. അതിനാൽ ചൈനയെ വിമർശിക്കുന്നതിൽനിന്നും പിന്നോട്ടുപോകാൻ ഒരു സ്ഥാനാർഥിയും തയ്യാറായിരുന്നില്ല. കേവലമായ വിമർശനം മാത്രമല്ല, ചൈനയെ തടയുകയെന്നത് വളരെ വർഷങ്ങളായി അമേരിക്കയുടെ മുഖ്യകാര്യപരിപാടിതന്നെയാണ്.

ചൈനയെ ഏഷ്യ-പസിഫിക് മേഖലയിൽ തടയുന്നതിന് എത്രമാത്രം പ്രാധാന്യം ബൈഡൻ ഭരണകൂടം നൽകുന്നുവെന്നതിന്റെ സൂചനയാണ് വിദേശ-സുരക്ഷാ കാര്യങ്ങളുടെ ചുമതലക്കാരായി അദ്ദേഹം നടത്തിയിട്ടുള്ള നിയമനങ്ങൾ.

വാസ്തവത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ട്രംപിനെക്കാൾമുമ്പുതന്നെ ചൈനയെ ഏഷ്യൻമേഖലയിൽ പ്രതിരോധിക്കാൻ പ്രായോഗികപദ്ധതികൾ അവതരിപ്പിച്ചത് ബരാക് ഒബാമയുടെ ഭരണകൂടമാണ്. വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൺ അവതരിപ്പിച്ച ‘ഏഷ്യൻ അച്ചുതണ്ട്' എന്ന പദ്ധതി രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ചതിൽ ഒരാൾ ബൈഡനുമാണ്. ചൈനയെ ഏഷ്യ-പസിഫിക് മേഖലയിൽ തടയുന്നതിന് എത്രമാത്രം പ്രാധാന്യം ബൈഡൻ ഭരണകൂടം നൽകുന്നുവെന്നതിന്റെ സൂചനയാണ് വിദേശ-സുരക്ഷാ കാര്യങ്ങളുടെ ചുമതലക്കാരായി അദ്ദേഹം നടത്തിയിട്ടുള്ള നിയമനങ്ങൾ.

ഒബാമ ഭരണകാലത്ത് പൂർവേഷ്യ -പസിഫിക് മേഖലയുടെ അസിസ്റ്റന്റ്‌ സെക്രട്ടറിയായിരുന്ന കുർട്ട് കാംബെൽ ആണ് ‘ഏഷ്യൻ അച്ചുതണ്ട്' പദ്ധതിയുടെ മുഖ്യശിൽപ്പി. അതിനെക്കുറിച്ച് അദ്ദേഹം എഴുതിയ ഗ്രന്ഥത്തിന്റെ പേരും "ദ പിവട്ട്" (അച്ചുതണ്ട്) എന്നാണ്. ആ ഗ്രന്ഥത്തിന്റെ, "ഏഷ്യയിലെ അമേരിക്കൻ രാഷ്ട്രതന്ത്രത്തിന്റെ ഭാവി’, എന്ന ഉപശീർഷകം, ഏഷ്യൻ അച്ചുതണ്ട് പദ്ധതിയുടെ യഥാർഥ ലക്ഷ്യം എന്താണെന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ്. ആ നയം ശക്തമായിത്തന്നെ തുടരുന്നതിനായി, അമേരിക്കയുടെ ദേശീയ സുരക്ഷാകൗൺസിലിൽ ഏഷ്യ-–പസിഫിക് മേഖലയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ നയതന്ത്രവൃത്തങ്ങളിൽ "ഏഷ്യൻ സാർ" എന്നുവിളിക്കപ്പെടുന്ന കുർട്ട് കാംബെല്ലിനെയാണ് ബൈഡൻ നിയമിച്ചിരിക്കുന്നത്. അമേരിക്കൻ വിദേശനയത്തെ ഏറെ സ്വാധീനിക്കുന്ന "ഫോറിൻ പോളിസി' മാഗസിൻ കാംബെല്ലിന്റെ നിയമനത്തെ വിശേഷിപ്പിച്ചത്

അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡിനെ ശക്തിപ്പെടുത്തി, ചൈനയെ തടയുകയെന്നത് അമേരിക്കയുടെ പ്രധാന അജൻഡകളിലൊന്നാണെന്ന വാർത്തകളും വരുന്നുണ്ട്.

"ഏഷ്യയിൽ ബൈഡൻ തന്റെ ശക്തമായ നീക്കം നടത്തിയിരിക്കുന്നു" എന്നാണ്. ഏഷ്യൻ അച്ചുതണ്ട് പദ്ധതി പ്രാബല്യത്തിൽകൊണ്ടുവരാൻ ഏറ്റവും ശക്തമായി പ്രവർത്തിച്ച വ്യക്തിയായി, കുർട്ട് കാംബെൽതന്നെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പേരെടുത്തുപറഞ്ഞിട്ടുള്ള വ്യക്തിയാണ് ഇപ്പോൾ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായ ജേയ്‌ക്ക് സള്ളിവാൻ. ‘ക്വാഡ്’ പോലുള്ള തന്ത്രപരമായ കൂട്ടായ്മകളെ ശക്തിപ്പെടുത്തി ചൈനയെ തടയുകയെന്നതുതന്നെയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് സള്ളിവാനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡോ-പസിഫിക്ക് മേഖലയിലെ അമേരിക്കൻ നയരൂപീകരണത്തിന്റെ അടിസ്ഥാനശില 'ക്വാഡ്' ആയിരിക്കുമെന്നും സള്ളിവാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡിനെ ശക്തിപ്പെടുത്തി, ചൈനയെ തടയുകയെന്നത് അമേരിക്കയുടെ പ്രധാന അജൻഡകളിലൊന്നാണെന്ന വാർത്തകളും വരുന്നുണ്ട്. എത്രയുംവേഗം ക്വാഡ് രാഷ്ട്രങ്ങളുടെ ഭരണത്തലവന്മാരുടെ ഒരു ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടാനുള്ള ആലോചനകൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നതായി ‘ജപ്പാൻ ടൈംസ്' ദിനപ്പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ചൈനയുടെ സർവതോമുഖമായ വളർച്ചയെ തങ്ങൾക്ക് ഒറ്റയ്ക്ക് നേരിടാനാകില്ലെന്ന തിരിച്ചറിവിൽനിന്നാണ് സഖ്യരാഷ്ട്രങ്ങളുടെ സഹായത്തോടെ ആഗോളനേതൃത്വത്തിലേക്കു തിരിച്ചുവരാൻ അമേരിക്ക ഇപ്പോൾ ശ്രമിക്കുന്നത്. ഇതൊരു പരസ്യമായ രഹസ്യമാണ്. ചൈനയുടെ വളർച്ചയെ അമേരിക്ക എത്രമാത്രം ഭയപ്പെടുത്തുന്നുവെന്നതിന്റെ തെളിവാണ് ഫെബ്രുവരി പതിനൊന്നിന് അമേരിക്കയിലെ റിപ്പബ്ലിക്കൻ–ഡെമോക്രാറ്റ് സെനറ്റർമാരോട് സംസാരിക്കവെ ജോ ബൈഡൻ നടത്തിയ പരാമർശം. അടിസ്ഥാനസൗകര്യ വികസനത്തിന് മെച്ചപ്പെട്ട രീതിയിൽ തുകകൾ വകയിരുത്തിയില്ലെങ്കിൽ അമേരിക്കയെ ചൈന കീഴടക്കുകതന്നെ ചെയ്യുമെന്നാണ് ബൈഡൻ നൽകിയ മുന്നറിയിപ്പ്.

തായ്‌വാൻ കടലിടുക്കിലൂടെ അമേരിക്കയുടെ യുഎസ്എസ് മക്കെയിൻ എന്ന യുദ്ധക്കപ്പൽ അയക്കാനും ബൈഡൻ തയാറായെന്നത് പരസ്പര സമാധാനമല്ല അമേരിക്കയുടെ ലക്ഷ്യമെന്നതിന്റെ ഏറ്റവുംപുതിയ തെളിവാണ്

ബൈഡനുമായുള്ള ഫോൺ സംഭാഷണവേളയിൽ, അമേരിക്കയുമായി ഏറ്റുമുട്ടലിന്റേതായിരുന്നില്ല ഷി ജിൻപിങ്ങിന്റെ സമീപനം. പക്ഷെ, കോവിഡ് മഹാമാരി, അതുമൂലം ലോകം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധി, പാരിസ് കാലാവസ്ഥാ കരാറിൽ ഒരുമിച്ചുപ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എടുത്തുപറയുകയുണ്ടായെങ്കിലും ചൈനയുടെ ആഭ്യന്തര കാര്യങ്ങളായ ഹോങ്കോങ്, ഷിൻജിയാങ്, മനുഷ്യാവകാശം, ദക്ഷിണ ചൈനാ കടൽ മുതലായ വിഷയങ്ങൾ ഉന്നയിക്കാനായിരുന്നു ബൈഡന് താൽപ്പര്യം. ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നതിന് ഒരാഴ്ചമുമ്പ്, തായ്‌വാൻ കടലിടുക്കിലൂടെ അമേരിക്കയുടെ യുഎസ്എസ് മക്കെയിൻ എന്ന യുദ്ധക്കപ്പൽ അയക്കാനും ബൈഡൻ തയാറായെന്നത് പരസ്പര സമാധാനമല്ല അമേരിക്കയുടെ ലക്ഷ്യമെന്നതിന്റെ ഏറ്റവുംപുതിയ തെളിവാണ്.

തെരഞ്ഞെടുപ്പുറാലികളിലെല്ലാം ചൈനയ്ക്കെതിരായി ആരോപണങ്ങളും വിമർശനങ്ങളുമുന്നയിച്ചിരുന്ന ഡോണൾഡ് ട്രംപ്, 2016ൽ തെരഞ്ഞെടുപ്പുവിജയത്തിനുശേഷം പതിനൊന്നാംദിവസം, അതും പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിനുമുമ്പുതന്നെ, ഷി ജിൻപിങ്ങുമായി ഫോണിൽ ആശയവിനിമയംനടത്തി. ബരാക് ഒബാമ, 2009 ജനുവരിയിൽ അധികാരമേറ്റെടുത്തതിന്റെ പത്താംദിവസം ചൈനയുടെ പ്രസിഡന്റായിരുന്ന ഹു ജിന്റാവോയുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ജോ ബൈഡനായിരുന്നു അന്ന് വൈസ് പ്രസിഡന്റ്. ചൈനയ്ക്കെതിരായി വിമർശനങ്ങളുണ്ടായിരുന്നെങ്കിലും ജോ ബൈഡൻ, ട്രംപിനെപ്പോലെ ഒരു കടുത്ത ചൈനാവിരുദ്ധനായി പരിഗണിക്കപ്പെട്ടിരുന്നില്ല. പക്ഷെ, ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക-സൈനിക ശക്തിയായ, ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാകൗൺസിലിൽ അമേരിക്കയോടൊപ്പംനിന്നുകൊണ്ട്‌ ആഗോളപ്രശ്നങ്ങളിലടപെടേണ്ട ചൈനയുടെ പ്രസിഡന്റിനോട്‌, അധികാരമേറ്റെടുത്ത് മൂന്നാഴ്ചയ്ക്കുശേഷമാണ് ജോ ബൈഡൻ ഫോണിലൂടെ സംസാരിച്ചതെന്നത് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അവിശ്വാസത്തിന്റെയും ശത്രുതയുടെയും കാഠിന്യം വെളിവാക്കുന്നതാണ്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള തീരുമാനങ്ങളും അഭിപ്രായങ്ങളും വിലയിരുത്തുന്ന വിദഗ്ധരും അഭിപ്രായപ്പെടുന്നത്, ട്രംപിൽനിന്നും ഏറെയൊന്നുംവ്യതിചലിക്കാൻ ബൈഡന് ആവില്ലെന്നുതന്നെയാണ്. ഉള്ളടക്കത്തിലെയും ശൈലിയിലെയും ചെറുവ്യത്യാസങ്ങളൊഴിച്ചാൽ റഷ്യ, ചൈന, ഇറാൻ വിഷയങ്ങളിൽ ബൈഡനും ഏതാണ്ട് ട്രംപിന്റെ നയങ്ങൾ തുടരാൻ തന്നെയാകും സാധ്യതയെന്നാണ് നയതന്ത്രവിദഗ്ധനും ചിന്തകനുമായ തൽമീസ് അഹമ്മദ് അഭിപ്രായപ്പെടുന്നത്. ചൈനയുമായുള്ള സാമ്പത്തികബന്ധങ്ങൾ വിച്ഛേദിക്കാനും തുറന്ന സംഘർഷങ്ങളിലേക്കു നീങ്ങാനുമാണ് അമേരിക്ക തയ്യാറാകുന്നതെങ്കിൽ, ലോകത്തിലെ മറ്റുരാജ്യങ്ങൾ ഇരുപക്ഷത്തുമായി തിരിയുകയും അത് സംഘർഷം കൂടുതൽ വഷളാക്കുകയുംചെയ്യുമെന്നാണ്, നയതന്ത്രവിദഗ്ധനും ഓസ്ട്രേലിയയുടെ മുൻപ്രധാനമന്ത്രിയുമായ കെവിൻ റഡ്ഡ് ഈ അടുത്തകാലത്ത് ‘ഫോറിൻ അഫയേഴ്സ്' മാഗസിനിലെഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടത്. ചുരുക്കത്തിൽ, ട്രംപിന്റെ സംഘർഷഭരിതമായ നാലുവർഷത്തെ ഭരണത്തിനുശേഷം, ജോ ബൈഡൻ അമേരിക്കയെ തിരികെക്കൊണ്ടുവരുന്നത് സമാധാനത്തിന്റെ പാതയിലേക്കല്ല, മറിച്ച്, ചൈനയെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുകൊണ്ട്, അമേരിക്കയും സഖ്യകക്ഷികളും ആശങ്കകളുടെ രണ്ടാം ശീതസമരം ആരംഭിക്കുകയാണ്.

(കേരള സർവകലാശാല മാർക്സിയൻ 
പഠനകേന്ദ്രത്തിന്റെ ഡയറക്ടറാണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top