19 April Friday

കരയ്‌ക്കെത്തിച്ച
 കപ്പിത്താൻ

വിജേഷ് ചൂടൽUpdated: Thursday Dec 1, 2022

ടിയാനൻമെൻ സ്ക്വയറിലെ സംഘർഷത്തെ തുടർന്നുള്ള അന്താരാഷ്‌ട്രനീക്കം സൃഷ്ടിച്ച ഒറ്റപ്പെടലിൽനിന്ന് ചൈനയെ ലോകവേദിയിലേക്ക്‌ നയിച്ച നേതാവാണ്‌ ജിയാങ്‌ സെമിൻ. സോവിയറ്റ് യൂണിയന്റെ തകർച്ചയും കിഴക്കൻ യൂറോപ്പിലെ സംഭവവികാസങ്ങളുമെല്ലാം ചെെനയുടെ ഭാവിയെ കുറിച്ച് ഉയർത്തിയ ആശങ്കയുടെ കാർമേഘങ്ങൾക്കിടയിൽ നിന്ന് സമർഥമായി തീരത്തേക്ക് തുഴഞ്ഞ കപ്പിത്താനായിരുന്നു സെമിൻ. പ്രസിഡന്റായിരുന്ന ഒരു ദശാബ്ദം ചൈനയെ വളർച്ചയിലേക്ക് നയിച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌.

1926- ആഗസ്ത്‌ 17നു  ജിയാങ്‌സുവിലെ യാങ്‌സോ നഗരത്തിലാണ് ജിയാങ് സെമിൻ ജനിച്ചത്. യൗവ്വനത്തിൽ ഓട്ടോമൊബൈൽ ഫാക്ടറികളിൽ ഇലക്ട്രിക്കൽ എൻജിനിയറായിരുന്നു. കോളേജ് കാലഘട്ടത്തിൽത്തന്നെ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയിൽ ചേർന്ന അദ്ദേഹം അപാരമായ ആത്മവിശ്വാസത്തിലുറച്ച പ്രവർത്തനമികവു കൊണ്ട്‌ പടിപടിയായി വളർന്നുവന്ന നേതാവാണ്‌. 1985-ൽ 59–-ാം വയസ്സിൽ ജിയാങ്‌ സെമിൻ ഷാങ്ഹായ് മേയറായി. തുടർന്ന് നഗരത്തിലെ സിപിസി ഘടകത്തിന്റെ സെക്രട്ടറിയായി. അക്കാലത്ത്‌ ഷാങ്ഹായ് ചൈനയുടെ പുതിയ സാമ്പത്തികകേന്ദ്രമായി മാറി. കമ്യൂണിസ്റ്റ്‌ പാർടി വിഭാവനംചെയ്ത പുതിയ ചൈനയുടെ പ്രതീകമായിരുന്ന ഷാങ്ഹായിലെ നേതൃസ്ഥാനം 1980കളുടെ അവസാനത്തോടെ ജിയാങ്‌ സെമിന്‌ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വാതിൽ തുറന്നു.

ടിയാനൻമെൻ സ്‌ക്വയർ പ്രതിഷേധത്തിനുശേഷമാണ് ജിയാങ്‌ സെമിൻ സിപിസി നേതൃനിരയിലേക്ക്‌ ഉയരുന്നത്‌. പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ നയിക്കാനുള്ള സാമ്പത്തിക കാഴ്ചപ്പാടും രാഷ്ട്രീയ വൈദഗ്ധ്യവുമൊക്കെ സവിശേഷ പരിഗണനയായപ്പോൾ പാർടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ ഡെങ് സിയാവോപിങ്‌ തന്നെയാണ്‌ ജിയാങ്‌ സെമിനെ നിർദേശിച്ചത്‌. സിപിസിയുടെ ഏറ്റവും ശക്തനായ നേതാവായി മാറിയ ജിയാങ്‌ സെമിൻ മൂന്നു വർഷത്തിനുള്ളിൽ ജനകീയ ചൈനയുടെ പ്രസിഡന്റായി. 1993 മാർച്ച്‌ 27 മുതൽ 2003 മാർച്ച്‌ 15 വരെ അധികാരത്തിലിരുന്ന 10 വർഷം ചൈനയുടെ മുന്നേറ്റത്തിന്‌ ചുക്കാൻപിടിച്ചത്‌ ജിയാങ്‌ സെമിനാണ്‌. 1989 മുതൽ 2002 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായും 1989 മുതൽ 2004 വരെ സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.ഇംഗ്ലീഷും റഷ്യനും ഉൾപ്പെടെ നിരവധി വിദേശ ഭാഷകൾ വശമുണ്ടായിരുന്ന സെമിൻ വിദേശ നേതാക്കളോട്‌ അവരുടെ മാതൃഭാഷയിൽ സംസാരിച്ചിരുന്നു.

ഡെങ് സിയാവോപിങ്ങിന്റെ നയങ്ങളിലും കാലോചിതമായ പരിഷ്‌കാരങ്ങളിലും ഉറച്ചു വിശ്വസിച്ച സെമിൻ, സോഷ്യലിസത്തിൽ അടിയുറച്ചുനിന്ന്‌ ശക്തമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന്‌ ഊന്നൽനൽകുന്ന പരിഷ്‌കരണങ്ങളാണ്‌ നടപ്പാക്കിയത്‌. രാജ്യത്തിനെതിരായ ഗൂഢനീക്കങ്ങൾ നേരിടുന്നതിൽ കർക്കശക്കാരനായിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ്  സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ പൂർണമായും പ്രതിജ്ഞാബദ്ധനായിരുന്നു. മാർക്‌സിസം–-ലെനിനിസത്തെയും മൗ സേ ദൊങ്ങിന്റെ ചിന്തകളെയും ചൈനയുടെ സാമൂഹ്യ–-സാമ്പത്തിക അവസ്ഥയ്‌ക്ക്‌ അനുരൂപമായി സ്വാംശീകരിച്ച്‌ ചൈനീസ്‌ സവിശേഷതകളുള്ള സോഷ്യലിസം എന്നതായിരുന്നു സിപിസി ആവിഷ്കരിച്ച നയം. സാമ്പത്തിക പരിഷ്‌കരണങ്ങൾക്കൊപ്പം പ്രത്യയശാസ്ത്ര പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലായിരുന്നു സെമിന്റെ വലിയ സംഭാവനകളിലൊന്ന്‌. ചൈനയെയും കമ്യൂണിസ്റ്റ്‌ പാർടിയെയും ശക്തമായി നിലനിർത്താനും ഇതിനു വിഘാതമായേക്കാവുന്ന നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കാനും അദ്ദേഹം ജാഗ്രത പുലർത്തി. മാറ്റത്തിനു വിധേയമാകുന്ന സമ്പദ്‌വ്യവസ്ഥയുമായി സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളെ കൂട്ടിയോജിപ്പിക്കാൻ നിരന്തരം ശ്രദ്ധിച്ചു.

സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനും തൊഴിലില്ലായ്മയുടെയും സ്തംഭനാവസ്ഥയുടെയും വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായിരുന്നു പ്രസിഡന്റായ ജിയാങ്‌ സെമിന്റെ പ്രധാന ശ്രദ്ധ. മുൻ ഭരണാധികാരികൾ ഈ ലക്ഷ്യത്തിലേക്ക്‌ നടത്തിയ പരിഷ്കാരങ്ങളെ പ്രായോഗികവൽക്കരിക്കാൻ അദ്ദേഹത്തിനായി. ലോകത്തിന് കൂടുതൽ തുറന്നുകൊടുത്തു മാത്രമേ ചൈനയെ ലോകശക്തിയായി മാറ്റാനാകൂവെന്ന്‌ സെമിൻ വ്യക്തമാക്കി. ചൈനയെ ആഗോള വ്യാപാര-–-വാണിജ്യ ശൃംഖലകളിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ മാത്രമേ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം കരുതി. സെമിന്റെ ഭരണകാലത്താണ്‌ ചൈനീസ് നിർമാണമേഖല ആഗോള പ്രതിഭാസമായി വളർന്നത്. ഇതടക്കമുള്ള പരിഷ്‌കാരങ്ങൾ ചൈനയെ സാമ്പത്തിക വൻശക്തിയാകാനുള്ള പാതയിലേക്ക് നയിച്ചു. 1997-ൽ യുകെയിൽനിന്ന് ഹോങ്കോങ്ങും 1999-ൽ പോർച്ചുഗലിൽനിന്ന് മക്കാവുവും തിരിച്ചുവാങ്ങിയ ചൈന പുറംലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയുംചെയ്തു. വർഷങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം 2001-ൽ ലോക വ്യാപാര സംഘടനയിൽ ചൈനയെ ഉൾപ്പെടുത്തി. 1989-ലെ അനിഷ്ടസംഭവങ്ങളെ തുടർന്നുള്ള അനിശ്ചിതത്വത്തിന്റെയും സാമ്പത്തിക സ്തംഭനാവസ്ഥയുടെയും കാലഘട്ടം അവസാനിപ്പിച്ച് സിപിസിയുടെ 14–--ാം പാർടി കോൺഗ്രസിൽ ജിയാങ് സെമിൻ "സോഷ്യലിസ്റ്റ് വിപണി സമ്പദ്‌വ്യവസ്ഥ’ എന്ന ആശയം അവതരിപ്പിച്ചു. പാർടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന രാഷ്ട്രീയ അടിത്തറയ്ക്ക് അപ്പുറത്തേക്കു നീങ്ങിയ സിപിസി  ബുദ്ധിജീവികളെയും വ്യവസായ സമൂഹത്തെയും ആകർഷിച്ചു.

തികഞ്ഞ പ്രായോഗികവാദിയായിരുന്നു ജിയാങ്‌ സെമിൻ. ആശയപരമായി യാഥാസ്ഥിതികത്വം ഒഴിവാക്കി യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട്‌ നവീകരിക്കപ്പെടുന്ന പാർടിയുടെ പ്രതിച്ഛായ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചൈനയിൽ കാലോചിതമായ പുതിയ തലമുറയെ വളർത്തിയെടുത്തു. 21–--ാം നൂറ്റാണ്ട് പിറക്കുമ്പോൾ ആഗോളവൽക്കരിക്കപ്പെട്ട ലോകത്തിന്റെ ഉൽപ്പാദനകേന്ദ്രമായി മാറുന്ന ചൈനയെയാണ്‌ കാണാനാകുന്നത്‌. സാമ്പത്തിക ശക്തികേന്ദ്രമായ പുതിയ ചൈനയുടെ ആവിർഭാവത്തിന് മേൽനോട്ടം വഹിച്ച നേതാക്കളിൽ ഒരാൾ. 2003-ൽ വിരമിച്ചതിനുശേഷവും അദ്ദേഹം ആദരണീയനായ പാർടി നേതാവായി തുടർന്നു. നിലവിലെ പ്രസിഡന്റ് ഷി ജിൻപിങ്ങിനെ നേതൃത്വത്തിലേക്ക്‌ ഉയർത്തുന്നതിലും ജിയാങ്‌ സെമിൻ നിർണായക പങ്കുവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top