25 April Thursday

പ്രാമുഖ്യം ശാസ്‌ത്രീയ കാഴ്‌ചപ്പാടുകൾക്ക്‌ - ഡോ. വി സുഭാഷ് ചന്ദ്രബോസ് എഴുതുന്നു

ഡോ. വി സുഭാഷ് ചന്ദ്രബോസ്Updated: Thursday Aug 12, 2021

പ്രളയകാലത്തും ഇപ്പോൾ കോവിഡ് പ്രതിരോധത്തിലും നിർണായകസ്ഥാനത്തുനിന്ന് വിപുലമായ പ്രവർത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നത്. പ്രളയവും കോവിഡുമെല്ലാം വന്ന കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങൾ ധാരാളമായി ഉണ്ടാകണം. ഓരോ ഗ്രാമവും പരമാവധി സ്വയംപര്യാപ്തമാകണം. ജനങ്ങളുടെ ക്ഷേമവും സന്തോഷവും അതിജീവന സമൂഹത്തിനുള്ള ആത്മവിശ്വാസവുമാണ് പ്രധാനം. ജനകീയാസൂത്രണത്തിന്‌ 25 വയസ്സ് പൂർത്തിയാകുന്ന സാഹചര്യത്തിൽ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്കാകട്ടെ മുൻതൂക്കം.  

ആസൂത്രണപ്രക്രിയയിൽ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനോടൊപ്പം തികച്ചും കേന്ദ്രീകൃതമായ ശ്രേണീബന്ധമുള്ള ഉദ്യോഗസ്ഥരെ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് കൈമാറിയാൽ ശരിയാകുമോ എന്നൊരു ചിന്ത ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ തുടങ്ങി തദ്ദേശസ്ഥാപനങ്ങളിലേക്ക് വളർന്നപ്പോൾ എല്ലാ ആശങ്കയ്‌ക്കും സംശയങ്ങൾക്കും പ്രായോഗിക പ്രവർത്തനങ്ങളിലൂടെ തന്നെ മറുപടി ലഭിച്ചു. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 40 ശതമാനംവരെ കൈകാര്യം ചെയ്യുന്ന പ്രാദേശിക സർക്കാരുകളായി പഞ്ചായത്തുകൾ മാറി.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ജലസേചനം, മൃഗസംരക്ഷണം, പൊതുമരാമത്ത്, പട്ടികജാതി–-പട്ടികവർഗക്ഷേമം, സാമൂഹ്യക്ഷേമം, വനിതാ ശിശുവികസനം തുടങ്ങിയ നിരവധി വകുപ്പുകളിലെ ഉദ്യോഗസ്ഥ സംവിധാനം ഇന്ന്‌ തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അധികാരവും ധനവും ഉദ്യോഗസ്ഥരുമെല്ലാം ചേർന്ന് തികച്ചും പ്രാദേശിക സർക്കാരായി പ്രവർത്തിക്കാനുള്ള സാഹചര്യവും ജനകീയാസൂത്രണംവഴി നൽകിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇത്രയും വിപുലമായ അധികാരമോ, സാമ്പത്തികമോ, ഉദ്യോഗസ്ഥ വിഭാഗമോ, താഴെത്തലങ്ങളിൽ ഇല്ല. സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകിയതും വേറിട്ട തീരുമാനമായിരുന്നു.

ഗ്രാമസഭകൾ ചേർന്ന് പദ്ധതി രേഖകൾക്കാവശ്യമായ നിർദേശങ്ങൾ നൽകുന്ന രീതിയിൽ പ്രത്യക്ഷ ജനാധിപത്യ ജനപങ്കാളിത്തം നടക്കുന്നുമുണ്ട്. ജനാഭിലാഷങ്ങൾ ഗ്രാമസഭകളിലൂടെ പ്രതിഫലിക്കുന്നു. ഗ്രാമ, വാർഡുസഭകളാണ് ആസൂത്രണത്തിന്റെ അടിസ്ഥാന യൂണിറ്റുകൾ. എല്ലാ ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും വികസനരേഖകൾ തയ്യാറാക്കുന്നുണ്ട്‌. ഇവയുടെ അടിസ്ഥാനത്തിലാണ് വാർഷിക കർമപദ്ധതികളും പ്രോജക്ടുകളും ഏറ്റെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നീർത്തട മാസ്റ്റർ പ്ലാനുകൾ, ജില്ലാ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനുകൾ, പഞ്ചായത്തുകളിൽ വിഭവഭൂപട നിർമാണം തുടങ്ങിയവ നിർമിക്കുന്നു. ആസൂത്രണപ്രക്രിയ സമഗ്രവും ശാസ്ത്രീയവുമാക്കാനുള്ള അടിസ്ഥാന റിപ്പോർട്ടുകളും രേഖകളും തയ്യാറാക്കിയിട്ടുണ്ട്.


 

കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്നതാണ് ആസൂത്രണമെന്ന് ലളിതമായി പറയുമ്പോൾ തന്നെ അവ വിഭവാധിഷ്ഠിതംകൂടിയാകണം. സൂക്ഷ്മതലത്തിൽ ഏറെ വ്യത്യാസമുള്ള കേരളത്തിൽ ഓരോ പ്രദേശത്തെയും പ്രകൃതിഘടകങ്ങളെയും മനുഷ്യവിഭവ സവിശേഷതകളും സമഗ്രമായി വിലയിരുത്തപ്പെടേണ്ടതാണ്. പ്രകൃതിവിഭവങ്ങളുടെ സവിശേഷതകൾ, പരിമിതികൾ, സാധ്യതകൾ, വെല്ലുവിളികൾ, ദുരന്തഘടകങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തുള്ള വിഭവാധിഷ്ഠിത ആസൂത്രണം പ്രധാന വിഷയമായി മാറേണ്ടതുണ്ട്. ആസൂത്രണവും വികസനപ്രവർത്തനങ്ങളും ചെറുതും വലുതുമായ നീർത്തട നദീതട അടിസ്ഥാനത്തിലുള്ളതാക്കി മാറ്റണം. ഓരോ പ്രദേശവും തനത് സവിശേഷതയുള്ളവയാണ്. അവയുടെ പ്രത്യേകതകൾ ആസൂത്രണത്തിൽ ശരിയായി കണക്കിലെടുക്കുകതന്നെ വേണം.

ആദിവാസികൾ, തീരദേശവാസികൾ എന്നിവരുടെ പ്രശ്നങ്ങളും പരിഹാരസാധ്യതകളും വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള പ്രത്യേക പാക്കേജുകൾ ഒന്നിലധികം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കണം. കാലാവസ്ഥാ വ്യതിയാനവും മഴയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലനാട്ടിലും തീരദേശങ്ങളിലുമാണ്. നിലവിൽ സേവന, പശ്ചാത്തല മേഖലകൾക്കാണ് മുൻഗണന ലഭിക്കുന്നത്. എന്നാൽ, ഉൽപ്പാദനമേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയും. കൃഷി, മൃഗസംരക്ഷണം, ചെറുകിട തൊഴിൽസംരംഭങ്ങൾ, മൂല്യവർധിത വസ്തുക്കളുടെ ഉൽപ്പാദന യൂണിറ്റുകൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നനിർമാണം എന്നിവയിലൂടെ പരമാവധി പ്രാദേശിക സാമ്പത്തിക വ്യവസ്ഥയും തൊഴിലും മെച്ചപ്പെട്ടതാകണം. ധാരാളം പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. അവരുടെ സമ്പത്തും മനുഷ്യവിഭവവും പ്രാദേശികതലത്തിൽ ഉപയോഗിച്ചാൽ വലിയ മാറ്റം സാധ്യമാകും. കാർഷികോൽപ്പാദന വിപണനസൗകര്യങ്ങളും ഉൽപ്പന്നനിർമാണ യൂണിറ്റുകളുടെ ആരംഭിക്കലും മുഖ്യ അജൻഡയായി ഏറ്റെടുക്കാവുന്നതാണ്. ഭക്ഷ്യസുരക്ഷ വളരെ പ്രധാന വിഷയമാണ്.

വിപുലമായ ജനപങ്കാളിത്തവും നേതൃത്വവും പ്രാദേശിക വികസനത്തിൽ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. സേവന സംവിധാനങ്ങൾ ഓൺലൈനിലേക്ക് മാറ്റണം. എല്ലാ വാർഡിലും ജനസേവനകേന്ദ്രങ്ങൾ ആരംഭിക്കണം. ഗ്രാമ–-വാർഡ് സഭകൾക്ക് ഓഫീസ് സംവിധാനമുണ്ടാകണം. അവയോടൊപ്പം ഡിജിറ്റൽ ലൈബ്രറി, ജനസേവനസംവിധാനം, റിഫ്രഷ് ഘടകങ്ങൾ എന്നിവ സംയോജിപ്പിക്കണം.

ജലം, പരിസ്ഥിതി, നീർത്തടം, കാലാവസ്ഥ, ആരോഗ്യം, ഭൂമി, നിയമം, സ്ത്രീസൗഹൃദം, ശിശുസൗഹൃദം തുടങ്ങിയ മേഖലകളിൽ സാക്ഷരതാ പരിപാടികളും ബഹുജന വിദ്യാഭ്യാസവും സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതകൂടിയാണ്. ദുരന്തപരിപാലന പ്രതിരോധസംവിധാനം കൂടുതൽ സമഗ്രമാക്കണം. പഞ്ചായത്തുതലങ്ങളിൽ താമസിക്കുന്ന എൻസിസി ഇൻ നാഷണൽ സർവീസ് സ്കീം എസ്‌പി‌സി ഭൂമിത്രസേന, ഹരിത ക്ലബ്ബുകൾ, വനിതാ ക്ലബുകൾ, ലൈബ്രറികൾ, വായനശാലകൾ, സന്നദ്ധസംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, സാക്ഷരതാപ്രവർത്തകർ, ആശാപ്രവർത്തകർ തുടങ്ങി സേവനമേഖലയിലുള്ള എല്ലാവരെയും ചേർത്ത് ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരണം. പ്രാദേശിക പ്രത്യേകതയ്‌ക്ക്‌ അനുസരിച്ചുള്ള സംഘടനാ കമ്മിറ്റികൾക്ക് രൂപംനൽകാവുന്നതാണ്. ഇവരുടെ സഹായത്താൽ എല്ലാ പദ്ധതിയിലും ഒരുഭാഗം സന്നദ്ധസേവനമായി നടപ്പാക്കേണ്ടതാണ്. പദ്ധതികളുടെയും പ്രോജക്ടുകളുടെയും തുടർപരിപാലനത്തിൽ ഇവരുടെ കമ്മിറ്റികളെ വാർഡ്, പഞ്ചായത്തുതലങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്. പദ്ധതികളുടെ ഗുണഭോക്താക്കളിൽനിന്നുള്ള സാമ്പത്തിക സമാഹരണം, സ്പോൺസറിങ് എന്നിവയും സുതാര്യമായി നടപ്പാക്കുന്നതും ചിന്തിക്കാവുന്ന മേഖലയാണ്.

പൊതു ആസ്തികളായ റോഡുകൾ, ഇടവഴികൾ, നദികൾ, തോടുകൾ, ജലാശയങ്ങൾ കുളങ്ങൾ, പൊതുകിണറുകൾ, കെട്ടിടങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രാദേശിക കമ്മിറ്റികൾക്ക് രൂപംനൽകാവുന്നതാണ്. ഗ്രാമ, വാർഡുസഭകൾ ചലനാത്മകമാക്കിയാൽ ഇവയെല്ലാം എളുപ്പത്തിൽ സാധ്യമാകുന്നതാണ്. വിവിധ വിഷയങ്ങൾ ചേർത്തുള്ള ആസൂത്രണവികസന സാക്ഷരത വളരെ പ്രധാനമാണ്.


 

വനിതകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്നവർ തുടങ്ങിയവർക്ക് പ്രത്യേക പദ്ധതികളുണ്ടാകണം. വനിതാസൗഹൃദവും ശിശുസൗഹൃദവുമായ തദ്ദേശസ്ഥാപനങ്ങളാണ്‌ ഇനി നമുക്ക് വേണ്ടത്. കാലാവസ്ഥാമാറ്റത്തിന്‌ അതിനനുസരിച്ചുള്ള പഠനങ്ങളും പ്രവർത്തനങ്ങളും ആവശ്യമാണ്. ജല പഞ്ചായത്തുകളുടെ പരിപാടികൾ നടപ്പാക്കണം. ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും പ്രകൃതി വിഭവസംരക്ഷണവും മാലിന്യസംസ്കരണവും സംയോജിപ്പിക്കുന്നതാണ്. സംയോജിത പദ്ധതികൾക്കാകണം കൂടുതലായി ഊന്നൽനൽകേണ്ടത്. ഭരണസമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും സംയോജിത പദ്ധതികളിലേക്ക് മാറാനുള്ള മനോഭാവവും വളരെ പ്രധാനമാണ്. ലക്ഷ്യത്തിന് കൂടുതൽ ശാസ്ത്രീയതയും വ്യക്തതയും വന്നാൽ പിന്നെ അതനുസരിച്ചുള്ള മാർഗങ്ങളാണ് രൂപപ്പെടുത്തേണ്ടത്.

വിവിധങ്ങളായ സാമൂഹ്യക്ഷേമ പരിപാടികൾ കൂടുതലായി ഉണ്ടാകണം. കോവിഡുകാലം കണക്കാക്കുമ്പോൾ പ്രാദേശിക ടൂറിസത്തിന് വൻ സാധ്യതകളാണുള്ളത്. പൈതൃകസ്ഥലങ്ങൾ, ചരിത്രപ്രധാനമായ ഇടങ്ങൾ, പ്രകൃതിസൗന്ദര്യമുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം കണ്ടെത്തി പ്രാദേശിക ടൂറിസം വികസിപ്പിക്കണം. ഓരോ പ്രദേശത്ത് ധാരാളം മഹത് വ്യക്തികൾ ജീവിച്ചിരുന്നിട്ടുണ്ടാകാം. അവരുടെ സംഭാവനകൾ പുതിയ തലമുറയ്ക്ക് അറിയാനും പഠിക്കാനും കഴിയുന്നനിലയിൽ സ്മാരക ലൈബ്രറികൾ, മ്യൂസിയങ്ങൾ തുടങ്ങിയവയും ആലോചിക്കാവുന്നതാണ്.

നാം ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിലാണ്. ഡിജിറ്റൽ സാക്ഷരതയിലൂടെ പരമാവധിയാളുകളെ കാലഘട്ടത്തിനനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ പ്രാപ്തരാക്കുകയെന്നതും പ്രധാനമാണ്. അടുത്ത പഞ്ചവത്സര പദ്ധതിയിലൂടെ സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളാണ്‌ ഉണ്ടാകേണ്ടത്. നിലവിലെ വികസനരേഖകൾ, പഠന റിപ്പോർട്ടുകൾ എന്നിവയെല്ലാം പുതിയ കാര്യങ്ങൾ കൂട്ടിച്ചേർത്ത് സമഗ്രമാക്കണം. പഞ്ചായത്തുകളിലെ പദ്ധതികൾ നീർത്തടാധിഷ്ഠിതവും നഗരങ്ങളിലെ പദ്ധതികൾ സ്ഥലാധിഷ്ഠിതവുമാക്കി മാറ്റിക്കൊണ്ടുള്ള ആസൂത്രണമാണ് ഇനിയുമുണ്ടാകേണ്ടത്. ഗ്രാമസ്വരാജിന്റെ വാതായനങ്ങൾ തുറന്നിട്ട് ജനകീയാസൂത്രണം കൂടുതൽ സമഗ്രവും ശാസ്ത്രീയവുമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയണം. ജനകീയ നേതൃത്വത്തിന്റെ പുതിയ പാഠങ്ങൾക്കായി നമുക്ക് കാത്തിരിക്കാം, കർമനിരതരാകാം.

(ജലവിഭവ വകുപ്പ് മുൻ ഡയറക്ടറാണ്‌ ലേഖകൻ)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top