09 June Friday
ജനകീയ പ്രതിരോധ ജാഥ സമാപനത്തിലേക്ക്‌

നാടിന്റെ ഹൃദയവായ്പ് - ജാഥാവഴിയിൽ കണ്ടറിഞ്ഞ കേരളത്തിന്റെ നേർക്കാഴ്‌ച ജാഥാംഗങ്ങൾ പങ്കുവയ്‌ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

 

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധതയെ സമൂഹത്തിനു മുന്നിൽ തുറന്നുകാണിച്ചും രാജ്യത്തിന്റെ വിവിധ കോണുകളിൽ അരങ്ങേറുന്ന വർഗീയതയ്‌ക്ക്‌ കേരളത്തിൽ സ്ഥാനം നൽകില്ലെന്ന ഉറച്ച പ്രഖ്യാപനവും ലോകത്തിന്‌ മാതൃകയാകുന്ന കേരള ബദൽ ജനങ്ങളോട്‌ സംവദിച്ചും ജനകീയ പ്രതിരോധ ജാഥ സമാപനത്തിലേക്ക്‌. ജാഥയെ വരവേൽക്കാൻ മലനാടും ഇടനാടും തീരദേശവുമെല്ലാം ഒഴുകിയെത്തി. സർക്കാരിന്റെ കരുതലും ചെങ്കൊടിക്കരുത്തും കണ്ടറിഞ്ഞവർ മനമറിഞ്ഞ്‌ ജാഥയ്‌ക്ക്‌ വരവേൽപ്പ്‌ നൽകി. ജാഥാവഴിയിൽ കണ്ടറിഞ്ഞ കേരളത്തിന്റെ നേർക്കാഴ്‌ച ജാഥാംഗങ്ങൾ ദേശാഭിമാനിയുമായി പങ്കുവയ്‌ക്കുന്നു. 

തയ്യാറാക്കിയത്‌: മിൽജിത്ത് രവീന്ദ്രൻ,സുജിത്‌ ബേബി

 

വേറിട്ട അനുഭവം

സി എസ്‌ സുജാത

ലക്ഷക്കണക്കിന്‌ സ്‌ത്രീകളാണ്‌ ജാഥാസ്വീകരണ വേദികളിലേക്ക്‌ ഒഴുകിയെത്തിയതെന്നും ഇത്രയധികം സ്‌ത്രീകൾ പങ്കെടുത്ത മറ്റൊരു ജാഥ ഉണ്ടാകില്ലെന്നും സി എസ്‌ സുജാത. കേന്ദ്ര സർക്കാർ സ്‌ത്രീകളോടു കാട്ടുന്ന വിവേചനവും സംസ്ഥാന സർക്കാർ സ്‌ത്രീകളെ ചേർത്തുനിർത്തുന്ന നടപടികളും അവർ തിരിച്ചറിയുന്നുണ്ട്‌. അവരുടെ വികാരങ്ങളിൽ പ്രതിഫലിക്കുന്നുമുണ്ട്‌. മത്സ്യത്തൊഴിലാളി സ്‌ത്രീകളുടെയും ആദിവാസി വനിതകളുടെയും സജീവ സാന്നിധ്യവും ശ്രദ്ധേയമായി. സ്‌ത്രീകളുടെയും തൊഴിലാളികളുടെയും ചെറുപ്പക്കാരുടെയും സജീവസാന്നിധ്യം ജാഥ അവരുടെ വിഷയങ്ങളെ സജീവമായി അഭിസംബോധന ചെയ്‌തു എന്ന്‌ തെളിയിക്കുന്നു.

തൊഴിലുറപ്പുപദ്ധതിയെ  കേന്ദ്ര സർക്കാർ തകർക്കാൻ ശ്രമിക്കുമ്പോഴും തൊഴിലാളികളെ ചേർത്തുനിർത്തുന്ന സമീപനമാണ്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്‌. ആ വ്യത്യാസം അവർ തിരിച്ചറിയുന്നുണ്ട്‌. കുടുംബശ്രീയിലെ അടക്കമുള്ള സ്‌ത്രീകളും പുതുതായി സംരംഭങ്ങൾ ആരംഭിച്ച നൂറുകണക്കിന്‌ വനിതകളും തങ്ങളുടെ ഉൽപ്പന്നങ്ങളുമായി ജാഥയെ സ്വീകരിക്കാൻ എത്തിയത്‌ വേറിട്ട അനുഭവമായിരുന്നു. മുടങ്ങാതെ കൈകളിൽ പെൻഷൻ എത്തിക്കുന്ന, ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ ചേർത്തുനിർത്തുന്ന സർക്കാരിന്‌ നേതൃത്വം നൽകുന്ന പാർടിയെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന അവരുടെ പ്രഖ്യാപനമാണ്‌ ജാഥാ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ മുഴങ്ങിയത്‌.

 

ഒറ്റമനസ്സായി 
കേരളം

എം സ്വരാജ്

കേരള ജനത ഒരേ മനസ്സോടെ ജാഥയെ വരവേൽക്കാനെത്തിയ മഹാനുഭവമാണ് ഓരോ മണ്ഡലത്തിലും ഉണ്ടായത്. രാഷ്ട്രീയമായി എതിർക്കുന്നവർ പോലും ജാഥയെ വരവേൽക്കാനും സിപിഐ എമ്മിനൊപ്പം സഞ്ചരിക്കാനും തയ്യാറാകുന്നുവെന്നത് ആവേശകരമാണ്. ഇടുക്കിയിൽ ഐഎൻടിയുസി, കേരള കോൺഗ്രസ് (ജോസഫ്) നേതാക്കളാണ് ഇനിയങ്ങോട്ട് സിപിഐ എമ്മിനൊപ്പം ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി എത്തിയത്.

യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽപ്പോലും ആളുകൾ ജാഥയെ വരവേൽക്കാനെത്തിയത്‌ ആവേശകരമായ അനുഭവമായി. സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഫലം അനുഭവിച്ചവരായിരുന്നു അതിൽ ഭൂരിഭാഗവും. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു സർക്കാരും പാർടിയും ഉണ്ടെന്ന ബോധ്യമാണ്‌ ആരും നിർബന്ധിക്കാതെ തന്നെ ആളുകളെ ജാഥയിലേക്ക്‌ ആകർഷിച്ചത്‌. ലൈഫ്‌, പുനർഗേഹം, ക്ഷേമ പെൻഷനുകൾ തുടങ്ങി സർക്കാരിന്റെ നടപടികളെല്ലാം തങ്ങളുടെ തങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്ന്  അവർ തുറന്നുപറയുന്നു. സർക്കാരും കമ്യൂണിസ്റ്റ്‌ പാർടിയും തങ്ങളിലുണ്ടാക്കിയ മാറ്റത്തിന്‌ നന്ദി പറയാൻകൂടിയാണ്‌ ജനം ജാഥയിലേക്ക്‌ ഒഴുകിയെത്തിയത്‌.
 

 

ഉയർന്നത്‌ 
ജനങ്ങളുടെ ശബ്‌ദം

പി കെ ബിജു

കേന്ദ്ര സർക്കാർ കേരളത്തോട്‌ സ്വീകരിക്കുന്ന തെറ്റായ നയങ്ങളും രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗീയശക്തികളുടെ ഇടപെടലും  കേരളത്തിന്റെ വികസനനേട്ടങ്ങളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചാണ്‌ ജനകീയ പ്രതിരോധജാഥ കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിൽ പര്യടനം നടത്തിയത്‌. കേന്ദ്രം കേരളത്തോട്‌ കാണിക്കുന്ന അവഗണനയെ ജനങ്ങൾ വൈകാരികമായാണ്‌ കാണുന്നത്‌. ഇത്‌ ജാഥയിലുടനീളം പ്രതിഫലിച്ചു. ഓരോ സ്ഥലത്തും ജനങ്ങളുടെ പ്രതികരണം ഇതാണ്‌ തെളിയിക്കുന്നത്‌.

കേരളത്തിന്റെ തനതായ പ്രശ്‌നങ്ങളും ദേശീയതലത്തിൽ അഭിമുഖീകരിക്കുന്ന വിഷയങ്ങളും കൃത്യമായി മുന്നോട്ടുവയ്‌ക്കാൻ ജാഥയ്‌ക്കായി. ഓരോ മുദ്രാവാക്യവും ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചെന്ന്‌ ഉറപ്പിച്ചുപറയാൻ കഴിയും. ഓരോ സ്വീകരണ കേന്ദ്രത്തിലും തിങ്ങിക്കൂടിയ ജനസഞ്ചയമാണ്‌ ഇതിന്‌ തെളിവ്‌.

 

ജനങ്ങളോട്‌ 
സംവദിച്ച്‌

കെ ടി ജലീൽ

പാർടിയുടെ മൂന്നാമത്തെ ജാഥയിലാണ്‌ പങ്കെടുക്കുന്നത്‌. ഓരോ ജാഥ കഴിയുമ്പോഴും ജനബാഹുല്യം വർധിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. മുമ്പ്‌ രണ്ട്‌ ജാഥ തെരഞ്ഞെടുപ്പ്‌ പശ്ചാത്തലത്തിലായിരുന്നു നടന്നത്‌. കാലവും സമൂഹവും പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്‌ ഈ ജാഥയുടെ മുദ്രാവാക്യങ്ങളായി ഉയർത്തിയത്‌.

പാർടി ശക്തികേന്ദ്രങ്ങളിലും അല്ലാത്തിടങ്ങളിലും ജനങ്ങൾ ജാഥയെ സ്വീകരിക്കാൻ ആർത്തലച്ചെത്തി. അധഃസ്ഥിത, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ കമ്യൂണിസ്റ്റ്‌ പാർടിയിൽ വലിയതോതിൽ പ്രതീക്ഷയും വിശ്വാസ്യതയും അർപ്പിക്കുന്നു എന്നതാണ്‌ പിന്നിട്ട വഴികളിലെ കാഴ്‌ചകൾ പ്രതിഫലിപ്പിക്കുന്നത്‌. ജനങ്ങളോട്‌ ഏകപക്ഷീയമായി സംസാരിച്ചല്ല ജാഥാ ക്യാപ്‌റ്റൻ  സ്വീകരണകേന്ദ്രം വിടുന്നത്‌. അവരോട്‌ സംവദിച്ചും സംവേദിച്ചും ചോദ്യങ്ങളുന്നയിച്ചും ഉത്തരം പറയിപ്പിച്ചും രാഷ്ട്രീയ സന്ദേശങ്ങൾ പകർന്നുമാണ്‌ ജാഥയുടെ പ്രയാണം. ദിനേനയുള്ള വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളിൽ ഒരു തടസ്സവുമുണ്ടായില്ല. ജാഥാ ക്യാപ്‌റ്റനും സഹഅംഗങ്ങളും തികഞ്ഞ പ്രോത്സാഹനവും നൽകി. മലപ്പുറമടക്കമുള്ള ജില്ലകളിൽ ജാഥയ്‌ക്ക്‌ ലഭിച്ച വൻ സ്വീകരണം വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ പ്രഖ്യാപനംകൂടിയാണ്‌. മതനിരപേക്ഷ പ്ലാറ്റ്‌ഫോമിൽ അണിനിരന്നാലേ മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാകൂവെന്ന ബോധ്യം പകർന്നുനൽകാനും ജാഥയ്‌ക്കായിട്ടുണ്ട്‌.

 

ആവേശകരം

ജെയ്ക് സി തോമസ്

ജാഥയെ പുറത്തുനിന്നുമാത്രം കണ്ടിട്ടുള്ള അനുഭവത്തിൽനിന്നാണ് ജാഥാംഗം എന്ന അനുഭവത്തിലേക്ക് എത്തുന്നത്. കേരളത്തിലെങ്ങും ആവേശം നിറയ്ക്കുന്ന  കാഴ്ചകളായിരുന്നു ഓരോ സ്വീകരണകേന്ദ്രത്തിലും.സർക്കാരിന്റെ കരുതൽ നേരിട്ടനുഭവിച്ചവരായിരുന്നു ജാഥയെ സ്വീകരിക്കാൻ എത്തിയവരിൽ  ഭൂരിഭാഗവും. പുനർഗേഹം പദ്ധതിയിൽ വീട് ലഭിച്ച 450 കുടുംബങ്ങളാണ് പൊന്നാനിയിൽ ജാഥയെ വരവേൽക്കാനെത്തിയത്. ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായി പ്രത്യേക റിക്രൂട്ട്മെന്റിൽ ജോലി ലഭിച്ച ആദിവാസി വിഭാഗത്തിൽനിന്നുള്ള നൂറോളംപേരാണ് നിലമ്പൂരിൽ എത്തിയത്. അവരാരും രാഷ്ട്രീയ പാരമ്പര്യമുള്ളവരല്ല. പക്ഷേ, തങ്ങളുടെ അവകാശങ്ങൾ സർക്കാർ അനുവദിച്ചുനൽകിയത് തിരിച്ചറിഞ്ഞാണ് അവരെ ജാഥാ കേന്ദ്രത്തിലേക്ക് എത്തിച്ചത്. തൃശൂരിലെ മേരി ടീച്ചറും വറീതും തങ്ങളുടെ സമ്പാദ്യത്തിൽനിന്ന് 20 ലക്ഷം രൂപയാണ് പാവപ്പെട്ടവർക്കായി വീട് വച്ചുനൽകാൻ ജാഥാ ക്യാപ്റ്റനെ ഏൽപ്പിച്ചത്. പാവപ്പെട്ടവരിലേക്ക് സഹായങ്ങൾ എത്തിക്കാൻ ഈ പ്രസ്ഥാനത്തിനേ കഴിയൂവെന്ന തിരിച്ചറിവാണ് ജനങ്ങളെ ഇത്തരം നടപടികൾക്ക് പ്രേരിപ്പിക്കുന്നത്.

ജാഥയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന സ്നേഹം ഓരോ കേന്ദ്രത്തിലും അനുഭവിച്ചു. ഷ്ട്രീയ പ്രവർത്തനത്തിലും ജീവിതത്തിലും ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഈ ജാഥ ബാക്കിവയ്‌ക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top