25 April Thursday

വ്യവസായജില്ലയിലേക്ക്‌ ആവേശത്തോടെ - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

ജനകീയ പ്രതിരോധ ജാഥ പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ ജനലക്ഷങ്ങളോട് സംവദിച്ചാണ് ജാഥ മുന്നോട്ടുപോകുന്നത്. തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി, ജാഥ തിങ്കളാഴ്‌ച എറണാകുളത്തേക്ക് കടന്നു. ജാഥ ഉയർത്തുന്ന മുദ്രാവാക്യങ്ങളെ ജനങ്ങളേറ്റെടുത്തെന്ന പ്രഖ്യാപനമാണ് ഓരോ കേന്ദ്രത്തിലെയും ജനസഞ്ചയം.

തിങ്കൾ രാവിലെ ഇരിങ്ങാലക്കുടയിൽ നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച അക്ഷരാർഥത്തിൽ ജനകീയ സംവാദമായി. പാർടിയും സർക്കാരും ഇടപെട്ട്‌ പരിഹരിക്കാവുന്ന വിഷയങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകും. പുതുക്കാട് മണ്ഡലത്തിലെ നന്തിക്കരയിലെ ആദ്യ സ്വീകരണം മഹാജനമുന്നേറ്റമായിരുന്നു. കോടാലിയിലെ പാഡി അഗ്രോ സംരംഭകർ സ്വീകരണകേന്ദ്രത്തിലെത്തി ഉൽപ്പന്നങ്ങൾ സമ്മാനിച്ചത് നാടിന്റെ കുതിപ്പിന്റെ സൂചകമാണ്.

ചാലക്കുടിയിൽ  സ്വീകരണ കേന്ദ്രവും സമീപ റോഡുകളും നിറഞ്ഞു കവിഞ്ഞായിരുന്നു ജനം ഒഴുകിയെത്തിയത്. ചാലക്കുടിക്കാരനായ നടൻ കലാഭവൻ മണിയുടെ സ്മൃതി മണ്ഡപത്തിൽ പ്രണാമമർപ്പിച്ചാണ് ജാഥ എറണാകുളം ജില്ലയിലേക്ക് കടന്നത്. ഉച്ചയ്‌ക്കുശേഷം കത്തുന്ന വെയിലിനെ വെല്ലുന്ന ആവേശത്തോടെയാണ്‌ വ്യവസായ ജില്ല ജാഥയെ വരവേറ്റത്‌. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം അങ്കമാലി ടൗണിലായിരുന്നെങ്കിലും ജില്ലാ അതിർത്തിയായ പൊങ്ങത്തും ഒരു സ്വീകരണകേന്ദ്രത്തിലെപ്പോലെതന്നെ ജനക്കൂട്ടം ജാഥയെ സ്വീകരിക്കാനെത്തി. അങ്കമാലി ടൗണിൽനിന്ന്‌ സിഎസ്‌എ ഗ്രൗണ്ടിലെ സ്വീകരണവേദിയിലേക്ക്‌ ജാഥയെ ആനയിച്ചത്‌ കർഷകരും തൊഴിലാളികളും സ്‌ത്രീകളും ഉൾപ്പെടെ വൻജനാവലിയാണ്‌. മധ്യകേരളത്തിന്റെ ദീർഘകാല ആവശ്യമായ അങ്കമാലി–-ശബരി റെയിൽപ്പാത പദ്ധതിക്ക്‌ ജീവൻവയ്‌പിച്ച സംസ്ഥാന സർക്കാർ അത്‌ എത്രയുംവേഗം യാഥാർഥ്യമാക്കാനും ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ പാർടി ഏരിയകമ്മിറ്റി നൽകിയ നിവേദനവും സ്വീകരിച്ചു.

1996ൽ അന്നത്തെ എൽഡിഎഫ്‌ സർക്കാർ സമർപ്പിച്ച പദ്ധതി, കേന്ദ്രം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോൾ പകുതി ചെലവ്‌ വഹിക്കാമെന്നേറ്റ്‌ പദ്ധതിക്ക്‌ ജീവൻ വയ്‌പിച്ചത്‌ ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാരാണ്‌. പദ്ധതി എത്രയുംവേഗം യാഥാർഥ്യമാക്കാൻ  പാർടിയും സർക്കാരും എല്ലാ ഇടപെടലും നടത്തും. കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക്‌ നീട്ടണമെന്നും അങ്കമാലി ബൈപാസ്‌ യാഥാർഥ്യമാക്കാനും നിവേദനം ലഭിച്ചു. ആദ്യകാല ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിന്റെ തുടക്കത്തിനു സാക്ഷ്യംവഹിച്ച ആലുവ വ്യവസായ നഗരിയിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ സ്വീകരണം. കർഷകത്തൊഴിലാളികൾക്കൊപ്പം നൂറുകണക്കിന്‌ ഫാക്ടറി തൊഴിലാളികളും അവിടെ ജാഥയെ സ്വീകരിക്കാനെത്തി.

അവിടെ സ്വീകരണത്തിൽ 77 വയസ്സുള്ള കാർത്തു മൂത്തകുറുമ്പനും നാരായണൻ ചേരാമ്പിള്ളിയും തങ്ങൾക്ക് സ്വന്തമായ ഭൂമിയിൽ വിയർപ്പൊഴുക്കി വിളയിച്ച വാഴക്കുലയും കരിക്കിൻക്കുലയും നൽകിയത്‌ മറക്കാനാകില്ല. ശ്രീമൂലനഗരം പട്ടരു കുടിയിലെ (മൂത്താകുറുമ്പൻ കോളനി) സ്വന്തം ഭൂമിക്ക്‌ പട്ടയമില്ലാതെ വിഷമിച്ചിരുന്ന ഇവരുൾപ്പെടെയുള്ള 56 കുടുംബത്തിന്‌  എൽഡിഎഫ്‌ സർക്കാർ പട്ടയം നൽകിയ സന്തോഷം പ്രകടിപ്പിക്കാനെത്തിയവരായിരുന്നു അവർ.

വർഷങ്ങളായി മുടങ്ങിക്കിടന്ന എൻഎച്ച്‌ 66 യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർകൂടി പണം നൽകി ഭൂമി ഏറ്റെടുത്ത്‌ നിർമാണം തുടങ്ങിയത്‌ നേരിട്ട്‌ കാണാവുന്ന പറവൂരിലായിരുന്നു എറണാകുളം ജില്ലയിലെ ആദ്യദിവസത്തെ പര്യടനത്തിന്റെ സമാപനം. ന്യായമായ നഷ്‌ടപരിഹാരം  ലഭിച്ചതോടെ സന്തോഷത്തോടെ പദ്ധതിക്ക്‌ ഭൂമി വിട്ടുനൽകിയ വീട്ടുകാരും സ്വീകരണ കേന്ദ്രത്തിലെത്തിയിരുന്നു. എൽഡിഎഫ്‌ സർക്കാർ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ നവീകരിച്ച എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ ഓപ്പൺ ഹാർട്ട്‌ ശസ്‌ത്രക്രിയക്കു വിധേയനായ പ്രസാദും പറവൂരിലെ സ്വീകരണ കേന്ദ്രത്തിലെത്തി സംസാരിച്ചു. പൊതുആരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തിയ സർക്കാരിനു നന്ദി പറയാനാണ്‌ അദ്ദേഹം എത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top