19 April Friday

കുപ്രചാരകരേ കാണൂ, ഈ ജനകീയ പ്രതിരോധം - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

പാലക്കാടൻ കർഷകമണ്ണിൽനിന്ന്‌ ചെറുതുരുത്തി കൊച്ചിൻപാലത്തിലൂടെയാണ്‌ സാംസ്‌കാരികഭൂമികയിലേക്ക്‌ ജനകീയ പ്രതിരോധ ജാഥ പ്രവേശിച്ചത്‌. ദേശസ്നേഹഗീതികളാൽ മലയാളത്തെ ഉജ്വലിപ്പിച്ച വള്ളത്തോളിന്റെ സ്‌മൃതികൾ തളിർത്തുനിൽക്കുന്ന ചെറുതുരുത്തിയിലായിരുന്നു ആദ്യസ്വീകരണം. കൊച്ചിൻപാലം മുതൽ സ്വീകരണ കേന്ദ്രംവരെ ആബാലവൃദ്ധം അണിനിരന്ന ആനയിക്കൽ. സ്വീകരണ കേന്ദ്രത്തിൽ ഒഴുകിയെത്തിയത്‌ കാർഷിക മണ്ഡലമായ ചേലക്കരയിലെ ജനസഞ്ചയം.

ലൈഫ്‌ പദ്ധതിയുടെ പേരിൽ യുഡിഎഫും ബിജെപിയും നടത്തുന്ന കുപ്രചാരണങ്ങൾക്കുള്ള മറുപടിയായി വടക്കാഞ്ചേരി സ്വീകരണ കേന്ദ്രത്തിലെ മഹാമുന്നേറ്റം. 140 പാവപ്പെട്ട കുടുംബങ്ങൾക്ക്‌ വീട്‌ ലഭിക്കാവുന്ന പദ്ധതിയാണ്‌ കള്ളക്കഥകൾ പ്രചരിപ്പിച്ച്‌ ഇവർ തടസ്സപ്പെടുത്തിയത്‌. പ്രളയത്തിൽ മുങ്ങിയ കേരളത്തിന് 140 വിട് പണിത് നൽകാമെന്ന വാഗ്ദാനവുമായാണ് യുഎഇയിലെ റെഡ് ക്രസന്റ് എത്തിയത്‌. 140 ഭവനങ്ങളുള്ള ഫ്‌ളാറ്റും ആശുപത്രി സമുച്ചയവും നിർമിച്ച്‌ സംസ്ഥാന സർക്കാരിന്‌ കൈമാറാമെന്നും രേഖാമൂലം അറിയിച്ചത്‌. നിർമാണ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും പണമിടപാടുകൾ നടത്തിയതും റെഡ്‌ക്രസന്റായിരുന്നു. സർക്കാരുമായോ ലൈഫ്‌ മിഷനുമായോ പണമിടപാടില്ല. എന്നിട്ടും കള്ളക്കഥ പ്രചാരണം തുടരുകയാണ്‌. എന്നാൽ ജനങ്ങൾ ഇതൊന്നും വിശ്വസിക്കുന്നില്ലെന്നതിന് തെളിവായി വടക്കാഞ്ചേരിയിലെ പങ്കാളിത്തം.
കുന്നംകുളത്തെ സ്വീകരണ കേന്ദ്രത്തിൽ യുവജനപങ്കാളിത്തം എടുത്തുപറയേണ്ടതാണ്‌. അഭ്യസ്‌ത വിദ്യർക്ക്‌ തൊഴിലിന്‌ വഴികാട്ടിയാവുന്ന സംസ്ഥാനത്തെ അസാപ്‌ പാർക്കുകളിൽ ഒന്ന്‌ കുന്നംകുളത്ത്‌ യാഥാർഥ്യമായതിന്റെ സ്‌നേഹവായ്‌പുമായാണ്‌ അവർ വന്നെത്തിയത്‌.


 

കോർപറേറ്റുകൾക്ക്‌ സമുദ്രവും തീറെഴുതുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പോരാട്ടത്തിനുള്ള വലിയ പിന്തുണയാണ്‌ ചാവക്കാട്ടെ മത്സ്യത്തൊഴിലാളികളുടെ വൻ പങ്കാളിത്തം. കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണനയ്‌ക്ക്‌ കേരളത്തിന്റെ ബദലാണ്‌ തീർഥാടന നഗരിയായ ഗുരുവായൂരിൽ ഉയരുന്ന റെയിൽവേ മേൽപ്പാലം. ഈ പദ്ധതി ജനങ്ങളാകെ നെഞ്ചേറ്റുന്ന കാഴ്‌ചയാണ്‌ സ്വീകരണ കേന്ദ്രത്തിലെ പങ്കാളിത്തം.
ചേലക്കരയിൽ സംവിധായൻ എം ജി ശശിയും കുന്നംകുളത്ത്‌ കഥാകൃത്ത്‌ ടി ഡി രാമകൃഷ്‌ണനും നടൻ വി കെ ശ്രീരാമനും ഗാനരചയിതാവ്‌ ബി കെ ഹരിനാരായണനും ചാവക്കാട്ട്‌ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും കൂടാതെ കഥാകൃത്ത് വൈശാഖൻ, കവി കരിവെള്ളൂർ മുരളി, ചിത്രകാരൻ മുരളി ചീരോത്ത് തുടങ്ങിയവർ സ്വീകരിക്കാനെത്തിയത് ആവേശമായി.

തൃശൂർ എന്നു കേൾക്കുമ്പോൾ മനസ്സിൽ വിങ്ങലായി അഴീക്കോടൻ നിറഞ്ഞു നിൽക്കുകയാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ഐക്യമുന്നണി സംസ്ഥാന കൺവീനറുമായിരുന്ന അഴീക്കോടനെ ചെട്ടിയങ്ങാടി തെരുവിലാണ്‌ ഇരുട്ടിന്റെ ശക്തികൾ കുത്തിവീഴ്‌ത്തിയത്‌. സിപിഐ എമ്മിനെ തകർക്കലായിരുന്നു ലക്ഷ്യം. എന്നാൽ അതെല്ലാം അതിജീവിച്ച്‌ പാർടി മുന്നോട്ടുപോവുകയാണ്‌. ഇതേ തൃശൂരിന്റെ മണ്ണിൽനിന്നാണ്‌ ഇ എം എസ്‌ സ്വാതന്ത്ര്യ സമരത്തിലേക്ക്‌ ചുവടുവച്ച്‌ നീങ്ങിയത്‌. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽ പഠിക്കുമ്പോൾ 1931ൽ നിയമലംഘന പ്രക്ഷോഭത്തിൽ അണിചേരാൻ കോഴിക്കോട്ടേക്ക് പോയി അറസ്റ്റ് വരിക്കുകയുമായിരുന്നു. നിശ്‌ചിത സമയത്തിലും വൈകി തൃശൂരിലെ സ്വീകരണകേന്ദ്രത്തിൽ എത്തുമ്പോഴും പൂരംപോലെ ജനപ്രവാഹമായിരുന്നു. കൊടും വെയിലിലും സ്വീകരണത്തിൽ വന്നെത്തുന്ന ജനങ്ങളെ ഉൾക്കൊള്ളാനാവാത്ത വിധം മൈതാനങ്ങൾ നിറയുകയാണ്‌. സിപി ഐ എമ്മിൽ പ്രതീക്ഷയർപ്പിച്ച്‌ വിവിധ മേഖലകളിലുള്ളവർ നിവേദനങ്ങളും കൈമാറുന്നുണ്ട്‌.

യുഡിഎഫും ബിജെപിയും കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും സിപിഐ എമ്മിനേയും മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും കടന്നാക്രമിക്കുകയാണ്. ഈ കള്ള പ്രചാരണങ്ങളെയാകെ ജനങ്ങൾ സ്വയം പ്രതിരോധിക്കുന്ന ബഹുജന മുന്നേറ്റമാണ് ജാഥാ സ്വീകരണങ്ങളിൽ പ്രകടമാകുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top