28 March Thursday

പദമുറച്ച്‌... ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

 

‘കരുത്തെഴും കാലം നടന്നുറച്ചൊരീ
 മണ്ണിൽനിന്നും ചരിത്രത്തിൻ
പാളികൾ വേർപെടുത്താനാകില്ല...’ 

കവി തിരുനല്ലൂർ കരുണാകരൻ പാടിയത് ഓർക്കാതെ കൊല്ലത്തിന്റെ മണ്ണിൽനിന്ന് ജനകീയ പ്രതിരോധജാഥയ്‌ക്ക് വിടപറയാനാകില്ല. ജാതി ഉച്ചനീചത്വങ്ങൾ, തൊഴിലാളികളുടെ അവകാശനിഷേധം തുടങ്ങിയ അനീതികൾക്കെതിരെ വ്യത്യസ്തങ്ങളായ അടരുകളിൽ രേഖപ്പെടുത്തിയിട്ടുള്ള സമരചരിത്രങ്ങളുറങ്ങുന്ന മണ്ഡലങ്ങളിലൂടെയാണ് ജാഥ പര്യടനം നടത്തിയത്. ആവേശത്തിന്റെയും പ്രതീക്ഷകളുടെയും നൂറുപൂക്കൾ വിരിയിച്ച് മൂന്നു കേന്ദ്രത്തിലും ഉജ്വലവരവേൽപ്പ്. വ്യാഴാഴ്‌ച വൈകിട്ട് ജാഥ തിരുവനന്തപുരം ജില്ലയിലേക്ക്‌ പ്രവേശിച്ചു.

സ്വാതന്ത്ര്യസമരചരിത്രത്തിൽ വീരേതിഹാസം രചിച്ച വേലുത്തമ്പി ദളവയുടെ പ്രശസ്തമായ വിളംബരനാട്ടിലായിരുന്നു 25- –-ാം ദിനത്തിലെ ആദ്യ പര്യടനം. കല്ലമാല സമരത്തിന് തുടക്കംകുറിച്ച പെരിനാടിന്റെ പോർവീര്യം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന പിന്മുറക്കാരായ യശോദയും മക്കളും വരവേൽപ്പിന്‌ എത്തിയത് ആവേശാനുഭവമായി. എൺപത്തെട്ടുകാരിയായ യശോദയുടെ  അച്ഛനും അപ്പൂപ്പനും പെരിനാട് സമരത്തിലെ പോരാളികളായിരുന്നു. കുണ്ടറയുടെ വ്യവസായ പെരുമ തിരികെ പിടിക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങൾ തൊഴിലാളികൾക്ക് വലിയ പ്രത്യാശയാണ് നൽകുന്നത്. കുണ്ടറയിൽനിന്ന് അടുത്ത കേന്ദ്രമായ ചാത്തന്നൂരിലേക്കുള്ള യാത്ര കൊട്ടിയത്ത് എത്തി ദേശീയപാത 66ൽ പ്രവേശിച്ചു. തൊട്ടുമുന്നിൽ മുഖംമാറുന്ന നാട്ടുപാതകളുടെ നേർക്കാഴ്ച. എത്ര വേഗത്തിലാണ് നാട്ടിലെ റോഡുകളുടെ  വികസനം. കഴിഞ്ഞദിവസം പുനലൂരിൽ മലയോരപാതയിലൂടെയുള്ള യാത്രാനുഭവവും എടുത്തുപറയേണ്ടതാണ്. ഇച്ഛാശക്തിയുള്ള സർക്കാരാണ് നാടിന്റെ ഈ മുഖംമാറ്റത്തിന് കാരണമെന്ന വസ്തുത ജനങ്ങൾ തിരിച്ചറിയുന്നുവെന്ന് പാതയോരങ്ങളിൽനിന്ന് കൈവീശി അഭിവാദ്യമേകുന്നവരുടെ മുഖത്ത് വ്യക്തം.


 

കൊല്ലത്തിന്റെ ജീവിതം തളിർക്കുന്നതും പൂക്കുന്നതും പരമ്പരാഗത വ്യവസായങ്ങളിലാണ്. കശുവണ്ടി, മത്സ്യം, കയർ എന്നിവ മാത്രമല്ല, കൈത്തറിയുടെ നാട് കൂടിയാണ് കൊല്ലം. തൊഴിലാളികളുടെ കരവിരുതും ഭാവനയും ഒത്തുചേർന്ന് ആധുനികമായ സങ്കേതിക സഹായത്തോടെ പുതിയ മേഖലകളിലേക്ക് വിന്യസിച്ചിരിക്കുകയാണ് കൈത്തറി. കൈത്തറിമേഖലയെ മെച്ചപ്പെടുത്താൻ എൽഡിഎഫ് സർക്കാർ നടത്തുന്ന ഇടപെടലുകൾ ചാത്തന്നൂരിലെ സ്വീകരണത്തിന്‌ എത്തിയ തൊഴിലാളികളുടെ നിറഞ്ഞചിരിയിൽനിന്ന് വായിച്ചെടുക്കാം.

കടയ്‌ക്കൽ വിപ്ലവത്തിന്റെ നാട്ടിലായിരുന്നു സമാപനം. ഉച്ചവെയിൽ താഴുംമുമ്പേ പെയ്ത ചാറ്റൽമഴ ജനസഞ്ചയത്തിന്റെ ആവേശം ഇരട്ടിയാക്കി. ഉജ്വലവിപ്ലവത്തിന്റെ സ്മാരകം ഓരോരുത്തരും സ്വന്തം ഹൃദയത്തിൽത്തന്നെയാണ് പടുത്തുയർത്തിയിട്ടുള്ളതെന്ന് കടയ്ക്കൽ ബസ് സ്റ്റാൻഡ്‌ മൈതാനിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം  തെളിയിച്ചു. പുത്തൻ വികസനപദ്ധതികളിലൂടെ ചടയമംഗലം മണ്ഡലവും വളരുകയാണ്. ചുവന്ന പൂക്കളും തളിരുകളുമായി അവതരിക്കുന്ന വസന്തകാലത്തെ സ്വപ്നം കാണുകയും ചരിത്രത്തെ നെഞ്ചേറ്റുകയും ചെയ്യുന്ന ചടയമംഗലത്തുകാർക്ക് പാർടിയും പോരാട്ടവുമാണ് ജീവിതം.


 

രാവിലെ കൊല്ലത്ത് വിവിധ മേഖലയിലുള്ള പ്രഗത്ഭരുമായി നടന്ന കൂടിക്കാഴ്ചയിൽ പുത്തൻ കാഴ്ചപ്പാടുകളും നിരവധി നിർദേശങ്ങളും ഉയർന്നുവന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ഇതിനായി ഇടപെടണമെന്നുമുള്ള  ആവശ്യം കോളേജ് പ്രിൻസിപ്പൽമാരടക്കമുള്ള വിദഗ്ധർ മുന്നോട്ടുവച്ചു. ഇതുതന്നെയാണ് സർക്കാരിന്റെയും പാർടിയുടെയും നയമെന്ന് അവരോട് വ്യക്തമാക്കി. ചില നിലപാടുകളിൽനിന്ന് ഗവർണർ മാറാൻ തയ്യാറാകണം.

കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നല്ല നിലയിൽ ഇടപെടുന്നു. ഒപ്പം സ്വകാര്യമേഖലയിൽ ഉൾപ്പെടെ എല്ലാ  ഫാക്ടറികളും തുറക്കാനും നടപടിയുണ്ടാകണമെന്നും അഭിപ്രായമുയർന്നു. സർക്കാരിന് ഇക്കാര്യത്തിൽ തുറന്ന മനസ്സാണ്‌ ഉള്ളത്. ഫാക്ടറികൾ പ്രവർത്തിക്കണം. എന്നാൽ, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന തരത്തിൽ ഫാക്ടറി നവീകരിക്കേണ്ടതുണ്ട്. വ്യക്തമായ കാഴ്ചപ്പാടോടെ ശക്തമായ നടപടികൾ കൈക്കൊള്ളാൻ ഇടപെടുമെന്ന് അവർക്ക് ഉറപ്പുനൽകി. കൊല്ലത്തിന്റെ മലയോരവും തീരദേശവും മനംനിറഞ്ഞ് നൽകിയ സ്നേഹവായ്പുകളെ ഹൃദയപൂർവം സ്വീകരിക്കുന്നു. അവിസ്മരണീയമാണ് ഈ അനുഭവം.


 

ജാഥ വൈകിട്ട് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. ജില്ലാതിർത്തിയായ പാരിപ്പള്ളിയിൽ വരവേറ്റു. വർക്കലയിലും ചിറയിൻകീഴ് മണ്ഡലത്തിലെ മംഗലപുരത്തുമായിരുന്നു തുടർന്നുള്ള സ്വീകരണം. ശിവഗിരിക്കുന്നുകളിൽ ജീവിക്കുകയാണ് മാനവമൈത്രിയുടെ ലോകമാതൃക. ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറം വളരുന്ന മാനവികത. ഇത് അർഥവത്താക്കുംവിധം എല്ലാ വിഭാഗക്കാരും ഒത്തുചേർന്ന വർക്കലയുടെ വരവേൽപ്പ് വികാരപരമായി. കയറിന്റെ നാടായ ചിറയിൻകീഴിൽ  രാത്രിയായിരുന്നിട്ടും സ്നേഹവായ്പുമായി ആയിരങ്ങളാണ് അണിനിരന്നത്.  25 ദിനംകൊണ്ട് 13 ജില്ല പിന്നിട്ട്‌ കേരളത്തിന്റെ മനസ്സ്‌ തൊട്ടറിഞ്ഞാണ്‌ തലസ്ഥാനജില്ലയിലേക്ക്‌ പ്രവേശിച്ചത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top