25 April Thursday

കുംഭച്ചൂടിനെ പ്രതിരോധിച്ച്‌ - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2023

കത്തിനിൽക്കുന്ന സൂര്യനു താഴെയാണ് ജനകീയ പ്രതിരോധയാത്ര പ്രയാണം തുടരുന്നത്. ബുധൻ വൈകിട്ടോടെ മലപ്പുറത്തെ പര്യടനം പൂർത്തിയാക്കി പാലക്കാട് ജില്ലയിലേക്ക് കടക്കും. അവിടെ ഇതിലും ചൂടാണെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഈ കടുത്ത വെയിലിനെ അവഗണിച്ച് എത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ സ്നേഹവായ്പിൽ ചൂടിന്റെ കാഠിന്യം അറിയില്ല. ഏതു പ്രതിസന്ധിയിലും കൂടെനിൽക്കുന്ന അവരാണ് ഈ പാർടിയുടെ കരുത്ത്. ജനങ്ങളാണ് അവസാനവാക്ക്. തവനൂർ മണ്ഡലത്തിലെ സ്വീകരണയോഗം സംസ്ഥാനത്തെ ഏക കാർഷിക എൻജിനിയറിങ് കോളേജിനു മുന്നിലായിരുന്നു. പാപ്പിനിക്കാവ് ക്ഷേത്രത്തിന്റെ മൈതാനത്താണ് വിശാലമായ പന്തൽ കെട്ടിയത്. തൊട്ടടുത്തായി മുവാങ്കര ജുമാ മസ്ജിദുണ്ട്. കേരളീയ ഗ്രാമങ്ങളുടെ മതസാഹോദര്യത്തിന്റെ പരിസരം. പ്രത്യേകിച്ച് മലപ്പുറത്തിന്റെ മണ്ണിന് ഇത്തരം സൗഹാർദത്തിന്റെ മാതൃകാപരമായ കുറേ അടയാളപ്പെടുത്തലുകളുണ്ട്. മങ്കട മണ്ഡലത്തിലെ കുറുവ പഞ്ചായത്തിൽ ഖബറിടത്തോട്‌ ചേർന്ന് പൊതുശ്മശാനം തുടങ്ങുന്നതായി വാർത്ത കണ്ടിരുന്നു. ശ്മശാനത്തിന് സൗജന്യമായി സ്ഥലം നൽകിയത് ഒരു ഇസ്ലാം മതവിശ്വാസിയാണ്. മലപ്പുറത്തിന്റെ ഇത്തരം മഹനീയ മാതൃകകളെ അംഗീകരിക്കാതിരിക്കാനാകില്ല. എന്നാൽ, ഈ സൗഹൃദത്തെയും മതനിരപേക്ഷതയെയും തകർക്കാനാണ് വർഗീയവാദികളുടെ ശ്രമം. അതിനെതിരായ ശക്തമായ പ്രതിരോധമുയർത്തുകയെന്നത് ഈ ജാഥയുടെ ലക്ഷ്യമാണ്.


 

തവനൂരിൽ വലിയൊരു ആൽമരത്തിന്റെ ചുവട്ടിലായിരുന്നു സ്വീകരണം. കടുത്ത വെയിലിലും ഇവിടെ ചൂടുകുറയാനുള്ള കാരണമറിയാമോയെന്ന് ഞാൻ അവരോട് ചോദിച്ചു. ആൽമരമുള്ളതുകൊണ്ട് എന്ന മറുപടി വന്നു. മരങ്ങൾ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനാൽ അന്തരീക്ഷത്തിലെ കാർബൺ കുറയും. കെ–- റെയിൽ വന്നാൽ പരിസ്ഥിതിക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് അത് ചോദിച്ചത്. കെ–-റെയിൽ വന്നാൽ റോഡിൽ വാഹനങ്ങൾ കുറയും. അത് കാർബൺ പ്രസരണം കുറയ്ക്കും. അത് പരിസ്ഥിതിക്ക് ഗുണംചെയ്യും.

രാവിലെ തിരൂരിൽ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയുണ്ടായിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തെ സർക്കാർ ചേർത്തുപിടിക്കുന്നതായി ആ വിഭാഗത്തിൽനിന്നുള്ള നേഹ പറഞ്ഞു. ബഡ്സ് സ്കൂളുകളുടെ വികസനവും റിഹാബിലിറ്റേഷൻ സെന്റർ സാർവത്രികമാക്കണമെന്ന ആവശ്യവും ഉയർന്നു. സർക്കാരിന്റെ ഇടപെടൽ വേണ്ടവ ശ്രദ്ധയിൽ കൊണ്ടുവരും. സിപിഐ എം നേതാവായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ പ്രവർത്തന കേന്ദ്രമായിരുന്ന പൊന്നാനിയിലെ സ്വീകരണം ആവേശകരമായിരുന്നു. സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ വീട് ലഭിച്ചവരും പൊന്നാനി പെരുമയുടെ ഭാഗമായി അപ്പങ്ങൾ വീടുകളിൽ ഉണ്ടാക്കി രാജ്യത്തിനു പുറത്തുപോലും വിൽക്കുന്ന സ്ത്രീക്കൂട്ടായ്മയിൽപ്പെട്ടവരും സന്തോഷം അറിയിക്കാൻ വന്നിരുന്നു. പൊന്നാനിയിലെത്തിയപ്പോൾ പാർവതിയെന്ന കുഞ്ഞുവളന്റിയർ നൽകിയ സല്യൂട്ട് ആവേശകരമായ അനുഭവമാണ്.


 

നാടിന്റെ മുഖച്ഛായ മാറുന്ന വികസനപ്രവർത്തനങ്ങൾ കണ്ടുകൊണ്ടായിരുന്നു ഇന്നലെയും യാത്ര. ദേശീയപാത വികസനത്തിന് നല്ല വേഗമുണ്ട്. ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ വൻ പ്രക്ഷോഭമുയർന്ന സ്ഥലമാണ് മലപ്പുറം. എൽഡിഎഫ് വന്നശേഷം അർഹമായ നഷ്ടപരിഹാരം ലഭിച്ചതോടെയാണ് പ്രക്ഷോഭം അവസാനിച്ചത്. ഗെയിൽവാതകം ഉപയോഗിച്ച് വീടുകളിൽ പാചകം തുടങ്ങി. മഞ്ചേരിയിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കി. പൊന്നാനിയും തവനൂരും മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറവും പിന്നിട്ട് രാത്രിയാണ് മഞ്ചേരിയിൽ എത്തിയത്.

മലപ്പുറം ജില്ലയിലെ പര്യടനം ബുധനാഴ്‌ച അവസാനിക്കും. ഓരോ ദിവസം പിന്നിടുന്തോറും കൂടുതൽ കൂടുതൽപേർ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തുന്നതായാണ് അനുഭവം. പ്രത്യേകിച്ച് സ്ത്രീകളുടെ വർധിത പങ്കാളിത്തമാണ്. വർഗീയശക്തികളെ പ്രതിരോധിക്കാൻ മഹാദുർഗമായി അവരുണ്ടാകും എന്നുറപ്പുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top