23 June Sunday

വർഗീയതയ്ക്കെതിരെ നാടൊന്നിച്ച്‌ - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023

നാലുദിവസത്തെ മലപ്പുറം പര്യടനം വൈകാരികമായ അനുഭവമായിരുന്നു. ഉയർന്നുപൊങ്ങിയ മുഷ്ടികളിൽ മാത്രമായിരുന്നില്ല കരുത്ത്. ഒഴുകിയെത്തിയ ആബാലവൃദ്ധം, വർഗീയതയ്ക്കെതിരായ പോരാട്ടത്തിലും നാടിന്റെ വളർച്ചയ്ക്കുവേണ്ടിയും ഒപ്പമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് സാമ്രാജ്യത്വവിരുദ്ധ കർഷക കലാപത്തിന് നേതൃത്വം കൊടുത്തവരുടെ പിന്മുറക്കാർ വിളിച്ചുപറയുന്നത് സംഘപരിവാർ കൂടാരങ്ങളിൽ അലയടിക്കാതിരിക്കില്ല. ഈ പാർടിയിലും സർക്കാരിലും ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഏറെയുള്ള മലപ്പുറത്തിന്റെ മണ്ണ് എത്രമാത്രം പ്രതീക്ഷ അർപ്പിക്കുന്നു എന്ന് കൂടുതൽ വ്യക്തമായ ദിവസങ്ങളാണ് കടന്നുപോയത്.

ഞായറാഴ്ച വൈകിട്ട് കൊണ്ടോട്ടിയിൽ എത്തിയപ്പോൾത്തന്നെ മാറിക്കൊണ്ടിരിക്കുന്ന മലപ്പുറത്തിന്റെ നേർചിത്രം തെളിഞ്ഞു. ദിവസങ്ങൾ പിന്നിടുന്തോറും കൂടുതൽ വ്യക്തമായി. സ്ത്രീകളുടെയും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും വർധിച്ച പങ്കാളിത്തമാണ് മലപ്പുറം അനുഭവം. സഖാവ്‌ കുഞ്ഞാലിയുടെ രക്തസാക്ഷിത്വം കൊണ്ട്‌ ചുവന്ന നിലമ്പൂരിലും ഏറെ ആവേശകരമായിരുന്നു സ്വീകരണം. ബുധനാഴ്‌ച ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നിവിടങ്ങളിൽ ഗോത്രവിഭാഗത്തിൽപ്പെട്ടവരും ഏറെ എത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കപ്പെട്ട ഗോത്രവിഭാഗത്തിൽപ്പെട്ടവർ കാണാൻ വന്നിരുന്നു. അവരുടെ സന്തോഷത്തിന് തേനിന്റെ സ ന്തോഷമുണ്ടായിരുന്നു. കാടിന്റെ ഉള്ളറിയുന്നവർ തന്നെ കാട്‌ കാക്കാൻ ഉണ്ടാകണമെന്നതാണ് സർക്കാരിന്റെ നയം. 500 പേരെയാണ് പിഎസ്‌സി സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ നിയമിച്ചത്. മലപ്പുറം ജില്ലയിൽനിന്ന് 30 പേരുണ്ട്. ഇവർക്ക് പരീക്ഷയെഴുതാൻ പരിശീലനം നൽകിയ കുടുംബശ്രീ ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിന്റെ പ്രവർത്തകരും എക്സൈസും അഭിനന്ദനം അർഹിക്കുന്നു. പൊലീസിലും ഗോത്രവിഭാഗത്തിനുവേണ്ടി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനം ഈ സർക്കാരിന്റെ ലക്ഷ്യമാണ്.


 

ജനകീയ പ്രതിരോധയാത്ര പത്തുദിവസം പിന്നിട്ടു. അഞ്ചു ജില്ലകളിൽ ലക്ഷക്കണക്കിന് ആളുകളുമായി സംവദിച്ചു. ഇന്നലെ മഞ്ചേരിയിൽ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. നാടിന്റെ വികസനത്തിൽ ഒപ്പം നിൽക്കണമെന്ന കാഴ്ചപ്പാടു തന്നെയാണ് എല്ലാവർക്കും. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് വികസനം, പയ്യനാട് സ്റ്റേഡിയം വികസനം തുടങ്ങിയവ ഉയർന്നുവന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് വൻ വിജയമായിരുന്നു. ഈ സ്റ്റേഡിയം വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നിർമിച്ചതാണ്. ഇവിടെ കൂടുതൽ കാണികൾക്ക് കയറാനുള്ള സൗകര്യം ഒരുക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുട്ബോളിന്റെ കളിത്തൊട്ടിലാണ് മലപ്പുറം. അരീക്കോട്ടെ സ്വീകരണത്തിൽ ഫുട്ബോൾ താരങ്ങളായ കുട്ടികൾ ബോൾ സമ്മാനമായി നൽകി. ഒട്ടേറെ പ്രശസ്തരായ ഫുട്ബോൾ താരങ്ങളുടെ നാടാണ് അരീക്കോട്. മെസിയും നെയ്‌മറും റൊണാൾഡോയുമെല്ലാം ഇവിടുത്തുകാർക്ക് ‘അയൽവക്ക’ത്തുള്ളവരാണ്. അത്രമാത്രം കാൽപ്പന്തുകളിയെ ഇവർ സ്നേഹിക്കുന്നു. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ യു ഷറഫലിയെ കേരള സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റായി സർക്കാർ നിശ്ചയിച്ചത് മലപ്പുറത്തിനുള്ള അംഗീകാരമാണ്. സാഹോദര്യത്തിന്റെ സന്ദേശമാണ് കായികരംഗം നൽകുന്നത്. ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറം വളരുന്ന മാനവികത. നമുക്കിതിനെ ഇനിയും പരിപോഷിപ്പിക്കണം. മനുഷ്യമനസ്സുകളെ വിഭജിക്കുന്ന വർഗീയതയ്ക്കെതിരായ ശക്തമായ ചെറുത്തുനിൽപ്പാകും അത്.


 

ഇന്നലെ മലപ്പുറം ജില്ലയിലെ ഓരോ സ്വീകരണകേന്ദ്രവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വികസന വീഥികളിലൂടെ തന്നെയായിരുന്നു യാത്ര. ശരിക്കും ജനങ്ങളുടെ ഒഴുക്കായിരുന്നു. നിലമ്പൂരിൽ ചലച്ചിത്ര–- നാടകനടി നിലമ്പൂർ ആയിഷയുടെ സാന്നിധ്യം ഏറെ ആവേശകരമായി. വണ്ടൂരിൽ സ്വീകരണം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ഒരാൾ ചക്രക്കസേരയിൽ എത്തിയത്. നമ്മുടെ സർക്കാർ വീണ്ടും വരട്ടെ. കരുത്തോടെ മുന്നോട്ട് എന്ന് അദ്ദേഹം പറഞ്ഞു. വാണിയമ്പലം കൂരാട് സ്വദേശി മുക്രിതൊടിക അബ്ദുള്ള മുസ്ലിയാർ ആയിരുന്നു അത്. സ്വന്തം അനുഭവത്തിൽനിന്നുള്ള ഈ വാക്കുകൾ നെഗറ്റീവ് ചിന്താഗതിയുള്ള യുഡിഎഫുകാർ കേൾക്കണം. ഇത് ഈ നാടിന്റെ വികാരമാണ്.

ആശുപത്രികളുടെ നഗരമായ പെരിന്തൽമണ്ണയിലായിരുന്നു മലപ്പുറത്തെ അവസാന സ്വീകരണം. ഇ എം എസിന്റെ ജന്മനാട്‌ ഉൾപ്പെടുന്ന പ്രദേശമാണിത്. അക്ഷരാർഥത്തിൽ ചുവന്നുതുടുത്ത ജനസാഗരമായിരുന്നു നാട്. ഇവിടെ തലമുതിർന്ന പാർടി നേതാവ് പാലോളി മുഹമ്മദ് കുട്ടിയും ഉണ്ടായിരുന്നു. തൂതപാലം കടന്ന് പാലക്കാടു ജില്ലയിലെ പട്ടാമ്പിയിലായിരുന്നു ഇന്നലെത്തെ സമാപനം. ഇനി രണ്ടുനാൾ പാലക്കാട് ജില്ലയിലാണ് പര്യടനം. മലപ്പുറത്തിന്റെ സ്നേഹവായ്പിന് നന്ദി. വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താനാകാത്ത അത്രയും ഉജ്വലമായിരുന്നു മലപ്പുറത്തെ സ്വീകരണങ്ങൾ. സൗഹാർദത്തിന്റെ നൂറുനൂറു പൂക്കൾ വിരിഞ്ഞു. നന്ദി മലപ്പുറം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top