28 March Thursday

കാർഷികമേഖലയുടെ സ്‌നേഹവായ്‌പ്‌ - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

ലക്ഷക്കണക്കിന് ജനങ്ങളോട് സംവദിച്ച് ജനകീയ പ്രതിരോധജാഥ 17–ാം-  ദിനത്തിൽ എറണാകുളം ജില്ലയിലെ കിഴക്കൻ കാർഷികമേഖലയിലായിരുന്നു പര്യടനം. ജില്ലയിൽ കഴിഞ്ഞ രണ്ടുദിവസമായി  തീരമേഖലയിലും കൊച്ചി നഗരത്തിലെയും പര്യടനത്തിനുശേഷമാണ്‌ ബുധനാഴ്‌ച കാർഷികമേഖലയിലേക്ക്‌ എത്തിയത്‌. ജാഥയ്ക്ക് ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന ആവേശകരമായ സ്വീകരണത്തിനു പിന്നിൽ, പരിമിതികൾക്കിടയിലും തങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ട സംസ്ഥാന സർക്കാരിനോടുള്ള ജനങ്ങളുടെ സ്‌നേഹവായ്‌പാണ്‌ പ്രകടമാകുന്നത്‌. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, ഭൂമിക്ക്‌ പട്ടയം  കിട്ടിയവർ വീട്ടിൽ നട്ടുനനച്ചുണ്ടാക്കിയ വിളകളുമായി ജാഥയെ സ്വീകരിക്കാൻ എത്തിയത്‌ മറക്കാനാകില്ല. പൊതുവിദ്യാലയങ്ങളും സർക്കാർ ആശുപത്രിയും ആധുനിക സംവിധാനങ്ങളോടെ മെച്ചപ്പെടുത്തിയതിന്‌ നന്ദിപറയാൻ എത്തിയവരും ഏറെ. രാജ്യത്തുതന്നെ ആദ്യമായി സംസ്ഥാന സർക്കാർ ഭാവിയുടെ പദാർഥമെന്ന്‌ വിശേഷിപ്പിക്കുന്ന ഗ്രഫീൻ ഗവേഷണത്തിന്‌ ഇന്നൊവേഷൻ സെന്ററും പെട്രോ കെമിക്കൽ വ്യവസായങ്ങൾക്ക്‌ പ്രത്യേക വ്യവസായ പാർക്കും സ്ഥാപിക്കുന്ന വ്യവസായ നഗരി ഉൾപ്പെടെ ആവേശകരമായ സ്വീകരണമാണ്‌ കഴിഞ്ഞദിവസം ലഭിച്ചത്‌. 

ബുധനാഴ്‌ച സാർവദേശീയ വനിതാദിനത്തിൽ  ജാഥയിൽ ഓരോ കേന്ദ്രത്തിലും ഞങ്ങൾ കൂടുതൽ സംസാരിച്ചതും സ്‌ത്രീശാക്തീകരണത്തിൽ രാജ്യത്തിനുതന്നെ മാതൃകയായ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചാണ്‌.  ഗാർഹിക ജോലിയുടെ മൂല്യം അംഗീകരിച്ച്‌ വീട്ടമ്മമാർക്ക്‌ പെൻഷൻ പദ്ധതി നടപ്പാക്കാൻ ശ്രമം തുടങ്ങി രാജ്യത്തിനുതന്നെ സംസ്ഥാന സർക്കാർ മാതൃകയാകുന്ന കാര്യം ഓർമിപ്പിക്കുമ്പോൾ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ കൈയടിയോടെയാണ്‌ ആ വാക്കുകൾ സ്വീകരിച്ചത്‌. അതേസമയം, സ്വന്തമായി ഭൂരിപക്ഷം ഉണ്ടായിട്ടും മോദിസർക്കാർ വനിതാസംവരണ ബിൽ പാസാക്കാത്തതിന്റെ രാഷ്‌ട്രീയവും ചർച്ച ചെയ്‌താണ്‌ ജാഥ പര്യടനം നടത്തിയത്‌.


 

തൃപ്പൂണിത്തുറയിൽ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം പിറവത്തായിരുന്നു ആദ്യ സ്വീകരണം.  അവിടെ ലക്ഷംവീട്‌ പദ്ധതിയിലെ ഇരട്ടമുറികളിൽ താമസിച്ച 11 വീട്ടുകാർ ലൈഫ്‌ പദ്ധതിയിൽ വീട്‌ ലഭിക്കുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കാനെത്തി.  ചോറ്റാനിക്കര പഞ്ചായത്ത്‌ ആറാം വാർഡ്‌ വെട്ടിക്കൽ കോളനിയിൽ ഉള്ളവരാണ്‌ എല്ലാവരും. 

തുടർന്ന്‌ കുന്നത്തുനാട്‌ മണ്ഡലത്തിലെ കോലഞ്ചേരിയിൽ ജാഥയ്‌ക്ക്‌ ആവേശകരമായ വരവേൽപ്പ്‌ നൽകി. കത്തുന്ന വെയിലിലും കർഷക തൊഴിലാളികൾ ഉൾപ്പെടെ ആയിരങ്ങളാണ്‌ ഇവിടെയും സ്വീകരണകേന്ദ്രത്തിൽ എത്തിയത്‌. പെരുമ്പാവൂരിലും സ്‌ത്രീകളുടെ  പങ്കാളിത്തംകൊണ്ട്‌ സ്വീകരണം ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി പി കെ വി യുടെ മകൾ ശാരദ മോഹൻ ഉൾപ്പെടെയുള്ളവർ സ്വീകരണകേന്ദ്രത്തിൽ വന്നു.


 

തുടർന്ന്‌ പൈനാപ്പിൾ കാർഷിക മേഖലയായ മൂവാറ്റുപുഴയിലും ആവേശകരമായ സ്വീകരണമായിരുന്നു.  മൂവാറ്റുപുഴ പോത്താനിക്കാട്‌ സ്വദേശി പി എം പൗലോസ്‌ രോഗത്തിന്റെ അവശതകൾ മറന്ന്‌ ഇവിടെ ജാഥയെ സ്വീകരിക്കാനെത്തി.  സിപിഐ എമ്മിന്റെ കനിവ്‌ സേവന പദ്ധതിയിൽ പൗലോസിനും കുടുംബത്തിനും വീട്‌ ലഭിച്ചതിന്റെ സന്തോഷവും അറിയിച്ചു.  പൗലോസിനൊപ്പം  പാർടിയുടെ കനിവ്‌ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി വീട് ലഭിച്ച മറ്റ്‌ 20 കുടുംബങ്ങളും ജാഥയ്‌ക്ക്‌ അഭിവാദ്യം അർപ്പിക്കാൻ എത്തി. 

ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനത്തിനു സമാപനം കുറിച്ച്‌ കോതമംഗലത്തായിരുന്നു ബുധനാഴ്‌ച വൈകിട്ടത്തെ സ്വീകരണം. എൽഡിഎഫ്‌ സർക്കാരിന്റെ ആദിവാസി ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമിയുടെ അവകാശികളാകാൻ കഴിഞ്ഞ കോളനി നിവാസികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ആവേശകരമായ സ്വീകരണമായിരുന്നു ഇവിടെ. വനിതാദിനത്തിൽ 60 വനിതാ റെഡ്‌വളന്റിയർമാർ ജാഥയെ സ്വീകരിക്കാൻ അണിനിരന്നതും ശ്രദ്ധേയമായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top