25 April Thursday

ഇതാ കേൾക്കൂ 
ജനങ്ങളുടെ ശബ്ദം - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 3, 2023

ജനകീയ പ്രതിരോധ ജാഥ ഇപ്പോൾ പര്യടനം നടത്തുന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. ജാഥയുടെ സ്വീകരണകേന്ദ്രങ്ങളിൽ ഒഴുകിയെത്തുന്ന വൻ ജനാവലി ഏത്‌ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്ത്‌ സിപിഐ എമ്മിന്‌ ജനങ്ങൾ നൽകുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാണ്‌. പാലക്കാട്ടും ബുധനാഴ്‌ച പ്രകടമായത്‌ സമാനവികാരമാണ്‌. കലയുടെയും വാദ്യത്തിന്റെയും കേന്ദ്രമായ പാലക്കാട്ട്‌ കലാകാരന്മാരുടെ വലിയ പങ്കാളിത്തം ജാഥയെ വരവേൽക്കാനുണ്ടായി. കേരളത്തിന്റെ അഭിമാനമായ മേള പ്രമാണി മട്ടന്നൂർ ശങ്കരൻകുട്ടിയും വാദ്യപ്രവീണ പുരസ്‌കാരം ലഭിച്ച പനമണ്ണ ശശിയുമടക്കം കലാകേരളത്തിന്റെ പിന്തുണയുമായി നിരവധിപേർ. എ കെ ജിക്കൊപ്പം കർഷകസമരത്തിൽ പങ്കാളിയായ ഐക്കര നാരായണന്റെ സാന്നിധ്യവും ആവേശം പകരുന്നതായി. അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ നിറസാന്നിധ്യമായിരുന്നു മണ്ണാർക്കാട്ടെ സ്വീകരണത്തിന്റെ സവിശേഷത.

പാലക്കാട്‌ ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ ലൈൻ എന്നിവ പൂർത്തിയായ ജില്ലയാണ്‌. പാലക്കാട്‌–- തൃശൂർ ദേശീയപാത വികസനം യാഥാർഥ്യമാക്കാൻ എൽഡിഎഫ്‌ സർക്കാരാണ്‌ ശക്തമായി  ഇടപെട്ടത്‌.  പാലക്കാട്‌–- കോഴിക്കോട്‌ ദേശീയപാത വികസനം പൂർത്തിയാകുന്നു. മുണ്ടൂർ–- തൂത സംസ്ഥാന പാതയും അവസാന ഘട്ടത്തിലാണ്‌. ഗെയിൽ പദ്ധതിയുടെ പ്രകൃതിവാതകം  പൈപ്പ്‌ വഴി  വീടുകളിൽ എത്തിയത്‌ പാലക്കാട്ടാണ്‌. ഇതൊക്കെ പൂർത്തിയാക്കാൻ സഹായകമായത്‌  പിണറായി സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായാണ്‌. ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന ഏത്‌ വികസനപദ്ധതികളോടും ഇതേ നിലപാടാണ്‌ സർക്കാരിനും എൽഡിഎഫിനും.

വികസനത്തിന്‌ രാഷ്ട്രീയം തടസ്സമാകേണ്ട എന്നാണ്‌ എൽഡിഎഫ്‌ നിലപാട്‌. എന്നാൽ, യുഡിഎഫ്‌ രാഷ്ട്രീയം വികസനത്തിന്‌ എതിരാണ്‌. കെ റെയിൽ വേണ്ട, ദേശീയപാത വികസനം വേണ്ട എന്നൊക്കെ പറഞ്ഞ്‌ അവർ സമരം നയിക്കുന്നു. ബിജെപിയും അതിനോടൊപ്പം ചേർന്ന്‌ സർക്കാരിനെതിരെ സമരം നടത്തുന്നു. അവർ തമ്മിൽ അക്കാര്യത്തിൽ അന്തർധാരയുണ്ട്‌.


 

കേരളത്തിന്റെ ആവശ്യങ്ങൾക്ക്‌ വാദിക്കേണ്ടവർ; എൽഡിഎഫിന്‌ ഗുണമുണ്ടാകുമോ എന്ന ഭയത്താൽ മോദി സർക്കാരിന്റെ ക്രൂരമായ അവഗണനയ്‌ക്ക്‌ ചൂട്ടുപിടിക്കുകയാണ്‌. റെയിൽവേ ജനറൽ മാനേജർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ   തിരുവനന്തപുരത്തുനിന്നുള്ള കോൺഗ്രസ്‌ എംപിക്ക്‌ സമയമുണ്ടായിരുന്നില്ല. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയാകട്ടെ സംസ്ഥാനത്തിന്‌ ഒന്നും ലഭിക്കരുതെന്ന പ്രതികാര ബുദ്ധിയോടെയാണ്‌ പ്രവർത്തിക്കുന്നത്‌. 

പ്ലസ്‌ ടു മുതൽ പിജി വരെ പഠനം കഴിഞ്ഞ 29 ലക്ഷം യുവാക്കൾ കേരളത്തിലുണ്ട്‌. അവർക്ക്‌ തൊഴിൽവേണം. തൊഴിൽ പരിശീലനത്തിനുള്ള സംവിധാനം ഒരുക്കുകയാണ്‌. സർക്കാർ ആരംഭിച്ച സംരംഭകവർഷം പദ്ധതിയിൽ ഒന്നരലക്ഷം സംരംഭങ്ങളാകും. ഇതിലൂടെ നാലുമുതൽ അഞ്ചുലക്ഷം പേർക്ക്‌  തൊഴിൽ സാധ്യതയുണ്ട്‌. രാജ്യത്ത്‌ തൊഴിലില്ലായ്‌മ നിരക്ക്‌ കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. 12.5 ശതമാനത്തിൽനിന്ന്‌ 7.5 ആയി കുറഞ്ഞു. അതിൽ ചിലർക്ക്‌ അസ്വസ്ഥതയുണ്ട്‌. എൽഡിഎഫ്‌ പ്രകടനപത്രികയിൽ 20 ലക്ഷം പേർക്ക്‌ തൊഴിൽ വാഗ്ദാനം ചെയ്‌തു. എന്നാൽ, അതിൽ കൂടുതൽ പേർക്ക്‌ തൊഴിൽ ലഭിക്കുകയാണ്‌.


 

പത്തുലക്ഷം പേർക്ക്‌ ക്ഷേമപെൻഷൻ കിട്ടില്ല എന്ന വാർത്ത വന്നപ്പോൾ പാർടി ഇടപെട്ടു. അവർക്ക്‌ പെൻഷൻ കിട്ടാതെയാകുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല.  ഓരോ വീട്ടിലും സർക്കാർ സഹായം എത്തുന്നു എന്ന്‌ പാർടി ഉറപ്പാക്കണമെന്ന്‌ പട്ടാമ്പിയിൽ നടന്ന പൗരപ്രമുഖരുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു. വളരെ നല്ല നിർദേശമാണിത്‌. അതിനാണ്‌ പാർടി വീടുകൾ കയറി അവർക്ക്‌ പറയാനുള്ളത്‌ കേൾക്കാനും പാർടിക്ക്‌ പറയാനുള്ളത്‌ പറയാനും തയ്യാറായത്‌. വ്യാപാരികൾക്ക്‌ ചുവപ്പുനാട പ്രശ്‌നം തടസ്സം സൃഷ്ടിക്കുന്നതായും  ചർച്ച വന്നു. അക്കാര്യം മാറ്റുമെന്ന്‌ മുഖ്യമന്ത്രിതന്നെ ഉറപ്പ്‌ നൽകിയതാണ്‌. കേരളത്തിൽ രാഷ്ട്രീയ അഴിമതി ഇല്ലാതാക്കി. അതുപോലെ ഉദ്യോഗസ്ഥ അഴിമതിയും അവസാനിപ്പിക്കേണ്ടതാണ്‌.

ഈ സർക്കാരിന്റെ കാലത്തുതന്നെ ദേശീയപാത വികസനം പൂർത്തിയാക്കും. എല്ലാവർക്കും ഭൂമിയും വീടും നൽകും. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതുകൊണ്ടുതന്നെ അടുത്ത തവണയും എൽഡിഎഫ്‌ സർക്കാർ കേരളത്തിൽ അധികാരത്തിൽവരും. അതിലുള്ള അസന്തുഷ്ടിയാണ്‌ ഇപ്പോൾ യുഡിഎഫും ബിജെപിയും പ്രകടിപ്പിക്കുന്നത്‌. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായി അവർ സംയുക്തമായി നടത്തുന്ന സമരവും  മാധ്യമങ്ങൾ സർക്കാരിനെതിരെ നടത്തുന്ന കള്ള പ്രചാരണവും  കേരള ജനത തിരിച്ചറിയുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഇത്രയൊക്കെ കോലാഹലങ്ങളുണ്ടാക്കിയിട്ടും തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 28ൽ 15 വാർഡ്‌ ജയിക്കാനും അതിൽ ഒന്ന്‌ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുക്കാനും എൽഡിഎഫിനായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top